Tuesday, 14 October 2014

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 16 - വൈകുണ്ഠദ്വാരപാലകന്മാരായ ജയവിജയന്മാരെ സനകാദികൾ ശപിക്കുന്നത്

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 16
വൈകുണ്ഠദ്വാരപാലകന്മാരായ ജയവിജയന്മാരെ സനകാദികൾ ശപിക്കുന്നത്.:-

ബ്രഹ്മദേവൻ പറഞു: "സനകാദിമുനിശ്രേഷ്ഠന്മാരുടെ സ്തുതിയിൽ വൈ‌കു‌ണ്ഠേശ്വരനായ ഭഗവാൻ ഹരി അവരിൽ സമ്പ്രീതനായി".
ശ്രീഭഗവാൻ പറഞു: "ഹേ ഋഷീശ്വരന്മാരേ!, വൈകുണ്ഠദ്വാരപാലകന്മാരായ നമ്മുടെ ഈ പാർശ്വദന്മാർ അജ്ഞാനജമായ അവിവേകം നിമിത്തം നിങളെ അപമാനിച്ചിരിക്കുന്നു. തത്കാരണമായി നിങൾ ഇവർക്ക് വിധിച്ച ശിക്ഷയും ഉചിതം തന്നെ. മുനിമാരേ!, നമ്മെ സംബന്ധിച്ചിടത്തോളം ബ്രഹ്മനിഷ്ഠരായ ബ്രാഹ്മണർ നമ്മുടെ ഹൃദയസ്ഥാനത്ത് വസിക്കുന്നവരാണ്. നമ്മുടെ അനുചരവൃന്ദത്തിൽ നി‌ന്ന് നിങൾക്കുണ്ടായ അപരാധം നാം ചെയ്യുന്ന അപരാധത്തിനുതന്നെ തുല്യമാണ്. ഇവർ നിങളോട് കാട്ടിയ ധിക്കാരം ശരിക്കും നമ്മെത്തന്നെ തെറ്റുകാരനാക്കുകയാണ് ചെയ്തതു. ആയതിനാ‌ൽ നിങളോട് നാം ക്ഷമ യാചിക്കുന്നു. ഒരു ഭൃത്യനാൽ ചെയ്യപ്പെട്ട കുറ്റം സമൂഹത്തിൽ എപ്പോഴും ഉപയോഗിക്കപ്പെടുന്നത് അവന്റെ യജമാനനെ താഴ്ത്തിക്കെട്ടുവാൻ വേണ്ടിയായിരിക്കും. ശരീരത്തിൽ ഒരിടത്തുണ്ടായ വെള്ളപ്പാണ്ഡിന്റെ അടയാളം പതുക്കെ പതുക്കെ ആ ശരീരം മുഴുവൻ വ്യാപിക്കുമെന്നതുപോലെ അത് വസ്തുനിഷ്ഠവുമാണ്. ചണ്ഡാലകുലത്തിൽ പിറന്ന്, നായയുടെ മാംസം വെട്ടി പാകം ചെയ്തു ജീവിക്കുന്നവനാണെ‌ങ്കിൽ പോലും ഒരിക്കൽ നമ്മുടെ മഹിമാശ്രവണമാകുന്ന അമൃതത്തിൽ മുങിനിവർന്നാൽ അവൻ നമ്മുടെ ലോകത്തെ പ്രാപിക്കുന്നു. ഇവിടെ നിങൾ നമ്മെ നിസ്സന്ദേഹമായി അറിഞവരാണെന്നിരിക്കെ നമ്മുടെ സ്വന്തം കരങൾ പോലും നിങൾക്കുവിരുദ്ധമായി നിന്നാൽ നാമതിനെ വെട്ടിവീഴ്ത്തുവാൻ ബാധ്യസ്ഥനാണ്. കാരണം, നാം നമ്മുടെ ഭക്തന്റെ അടിമയാണ്. അവർ സദാസമയം നമ്മുടെ അംഘ്രിപത്മത്തിൽ പൂജചെയ്യുത് നമ്മെ അങേയറ്റം പരിശുദ്ധനാക്കുന്നു. നമുക്ക് കിട്ടിയ ഈ സൗഭാഗ്യത്തെ നെഞ്ചോടുചേർത്ത് ലക്ഷ്മി നമ്മെ അനുസ്യൂതം സേവിക്കുമ്പോൾ, മറ്റുള്ളവർ അവളുടെ അണുവിട കാരുണ്യത്തിനുവേണ്ടി സകലവ്രതങളും നോറ്റ് അവളെ പുകഴ്ത്തിപാടു‌മ്പോൾ, നാമാകട്ടെ, അവളിൽ തികച്ചും നിസ്പൃഹനായിയിരിക്കുന്നു.
യജ്ഞങളനുഷ്ഠിച്ചുകൊണ്ട് അനേകകോടി ജനങൾ നമ്മെ ആരാധിക്കുന്നു. അവർ അഗ്നിയാകുന്ന നമ്മു‌ടെ വക്ത്രത്തിലേക്ക് സ്വാദിഷ്ടമായ പലവക ദ്ര‌വ്യങളും ഹോമിക്കുന്നു. പക്ഷേ അതിൽനിന്ന് യാതൊന്നുംതന്നെ നാം സ്വീകരിക്കുന്നില്ല. എന്നാൽ കറയറ്റ ഭക്തിയോടെ നമ്മുടെ പാദാരവിന്ദത്തെ ആശ്രയിച്ച്, ഫലേച്ഛകൂടാതെ കർമ്മം ചെയ്യുന്ന ബ്രാഹ്മണോത്തമന്മാരുടെ വക്ത്രത്തിലേക്ക് യാതൊന്നു ഹോമിക്കപ്പെടുന്നുവോ, അത് സകലതും നാം ആർത്തിയോടെ സ്വീകരിക്കുകയും ചെയ്യുന്നു. നാം നമ്മുടെ യോഗമായയുടെ ഏകസ്വാമിയാണ്. നമ്മുടെ പാദതീർത്ഥമായ സ്വർഗ്ഗീയഗംഗ താഴേയ്ക്കൊഴുകി മൂന്നുലോകങളും ശുദ്ധമാക്കുന്നു. ഭഗവാൻ മഹാദേവൻ പോലും ആ തീർത്ഥത്തെ തന്റെ ശിരസ്സിൽ ആദരവോടെ വഹിക്കുന്നു. അങനെയുള്ള നമുക്ക് ആ ബ്രാഹ്മണശ്രേഷ്ഠന്മാരുടെ പാദധൂളികൾ മൂർദ്ധനി ചേർക്കാമെങ്കിൽ പിന്നെയാർക്കിണിവിടെ അതിനു കഴിയാത്തത്?.
ബ്രാഹ്മണരും, ഗോക്കളും, മറ്റ് അശരണരായ ജീവികളുമൊക്കെ നമ്മുടെ ശരീരം തന്നെയാണ്. അജ്ഞാനത്താൽ ബുദ്ധിഭ്രംശം ഭവിച്ച അവിവേകികൾ അവരെ നമ്മിൽനിന്നും വേറിട്ടുകാണുന്നു. അങനെയുള്ളവൻ വിഷകാരികളായ ഉഗ്രസ‌ർപ്പത്തെപ്പോലെ സമൂഹത്തിൽ ജീവിക്കുന്നു. എന്നാൽ താമസിയാതെ അവർ കഴുകന്റെ കൊക്കുകൾകൊണ്ടെന്നതുപോലെ യമകിങ്കരന്മാരാൽ പിച്ചിചീന്തിയെറിയപ്പെടുന്നു. നേരേമറിച്ച് സാധുക്കളാകട്ടെ, തങൾക്കുനേരേ ക്രുദ്ധിച്ചടുത്ത് ശപിച്ചിട്ടുപോകുന്ന ബ്രാഹ്മണ‌രോടുപോലും നിന്ദിച്ചു സംസാരിക്കുന്നില്ല. അവർ തങളിലെ നന്മകൊണ്ട് അവരെ ബഹുമാനിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. ഞാനിപ്പോൾ നിങളെ സ്വാന്തനിപ്പിക്കുന്നതുപോലെയോ, അഥവാ ഒരച്ഛനിൽ നിന്നും ശകാരം ഏറ്റുവാങിയ മകൻ അദ്ദേഹത്തിൽ പിതൃഭക്തി വയ്ക്കുന്നതുപോലെയോ, അവർ ബ്രാഹ്മണരെ മധുരമായ വാക്കുകളാൽ പ്രകീർത്തിച്ച് അവരെ സമാശ്വസിപ്പിക്കു‌ന്നു.
ഇവിടെ ഈ ഭൃത്യന്മാർ നമ്മുടെ ഇംഗിതത്തെ അറിയാതെ നിങളെ അപമാനിച്ചിരിക്കുന്നുവെന്നുള്ളത് തികച്ചും സത്യമാണ്. പക്ഷേ ഇവരെ നമ്മിൽനിന്നും കൂടുതൽ കാലമകറ്റിനിറുത്താതെ, തങളുടെ തെറ്റുകൾ തിരുത്തി വേഗം നമ്മുടെ ധാമത്തിലേക്ക് തിരികെ വരുവാൻ അനുഗ്രഹിച്ചാൽ, അത് ഇവരേക്കാൾ കൂടുതൽ നിങൾ നമ്മോടു ചെയ്യുന്ന ഉപകാരമായിരിക്കും".

ബ്രഹ്മാവ് തുടർന്നു: "ഹേ സുരോത്തമന്മാരേ!, ഭഗവാൻ ഹരിയുടെ തിരുവായ്മൊഴിയായി വേദമന്ത്രങൾ പോലെയൊഴുകിയ വചനാമൃതം കേട്ട് ദിവ്യാനുഭൂതിപൂണ്ടുവെങ്കിലും, കോപമാകുന്ന സർപ്പത്താൽ ദംശിക്കപ്പെട്ട സനകാദികുമാരന്മാർ തൃപ്തരായില്ല. ഭഗവാന്റെ വാക്കുകളിലൂടെ ഒഴുകിയ ഗൗരവാവഹമായ ആശയങളും, അവയുടെ തീവ്രമായ അത്ഥങളും കുമാരന്മാർക്ക് വേണ്ടവണ്ണം ഗ്രഹിക്കുവാൻ കഴിഞില്ല. ചെവികൾ തുറന്നുപിടിച്ചു അവരത് ഗ്രഹിക്കുവാൻ ശ്രമിച്ചുവെങ്കിലും ഭഗവാനെന്താണുദ്ദേശ്ശിച്ചതെന്ന് അവർ പ്രഥമബുദ്ധ്യാതന്നെ സംശയിച്ചു. എങ്കിലും ഭഗവാന്റെ വാക്കുകൾ കുമാരന്മാരെ കോൾമയിർ കൊള്ളിച്ചു. അവർ തൊഴുകൈയ്യോടെ ഭഗവാനോട് പ്രാർത്ഥിച്ചു".
സനാകാദികൾ പറഞു: "ഭഗവാനേ!, അങെന്താണ് ഞങളോട് കർത്തവ്യമായി ആജ്ഞാപിക്കുന്നതെന്ന് ഞങൾക്ക് ഗ്രഹിക്കുവാൻ കഴിയുന്നില്ല. സർവ്വലോകങ‌ൾക്കും സ്വാമിയായ അങേയ്ക്ക് ഹിതമായി ഞങൾ എന്തു കർമ്മം ചെയ്തിട്ടാണ് അവിടുന്ന് ഞങളോട് ഇത്ര കാരുണ്യം കലർന്ന് സംസാരിക്കുന്നതെന്നും മനസ്സിലാകന്നില്ല. ഭഗവാനേ!, ബ്രഹ്മണ്യം സ്വയമേവ അങയുടെ ആശ്രിതനാണ്. ബ്രാഹ്മണർ അങേയ്ക്ക് പ്രിയമാണെന്ന അവിടുത്തെ വാക്കുകൾ അങ് ഞങളിൽ പൊഴിക്കുന്ന കാരുണ്യത്തേക്കളധികം സമൂഹത്തിനു നൽകുന്ന ശാസനവുമാണ്. യഥാർത്ഥത്തിൽ അങ് ദേവതകളുടെ മാത്രമല്ല ഞങൾ ബ്രാഹ്മണരുടേയും പൂജ്യനായ സാക്ഷാൽ നാരായണനാണനും രക്ഷകനുമാണെന്ന് ഇതിലൂടെ അടിയങൾക്ക് ബോധ്യമായി.
പ്രപഞ്ചത്തിൽ സർവ്വഭൂതങളുടേയും സ്വധർമ്മമെന്നത്, ഗുഹ്യനും, അവ്യയനും, നിർവ്വികാരനുമായ അങയിൽ മാത്രം നിക്ഷിപ്ത്മായിരിക്കുന്നു. മാത്രമല്ലാ, കാലാന്തരത്തിലുള്ള അങയുടെ പലേ അവതാരങളും ഇവിടെ ധർമ്മത്തെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. യോഗികൾ പോലും അവിടുത്തെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അനിത്യവിഷങളിൽനിന്നകന്ന് അജ്ഞാനാന്തകാരത്തെ മറികടക്കുന്നത്. അങനെയിരിക്കെ സകലഭൂതങൾക്കും സർവ്വേശ്വരനായ അങേയ്ക്കായി ഇവിടെ ആർക്കെന്തുപകാരം ചെയ്യുവാൻ സാധിക്കും?. ഭൗതികസുഖം നേടിയെടുക്കുവാനുള്ള സ്വാർത്ഥതയിൽ കാലാകാലങളിൽ മനുഷ്യർ ലക്ഷ്മീദേവിയെ ആരാധിച്ച്, അവളുടെ പാദരജസ്സുകളെ ശിരസ്സിലേൽക്കുന്നു. എന്നാൽ ആ ഐശ്വര്യദേവതയാകട്ടെ, മധുപരാജൻ അവിടുത്തെ അംഘ്രിയുഗളത്തിൽ ഭക്തന്മാരർച്ചിച്ച തുളസിയിലകളുടെ പരിമളം നുകരുവാൻവേണ്ടി, ആ പൂമാലയിൽ ഒരിടം തേടി അതിനെ ചുറ്റിപറ്റിപ്പറക്കുന്നതുപോലെ, അങയുടെ പരിലാളനങൾക്കായി അങയെ പിരിയാതെ അവൾ സദാസമയം അവിടുത്തെ മാറോടുചേർന്നുകഴിയുന്നു. ഹേ ഭഗവാനേ!, അങ് സദാസമയവും അവിടുത്തെ ഉത്തമ ഭക്തന്മാരുടെ ചേഷ്ടകളിൽ ആനന്ദം കണ്ടു രസിക്കുന്നു. എന്നാലോ, അങയെ അനുസ്യൂതം നിർമ്മലഭക്ത്യാ പരിചരിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്മീദേവിയെ അവിടുന്ന് കണ്ടില്ലെന്നും നടിക്കുന്നു. അങനെ നിത്യനിർമ്മലനായ അങയെ ബ്രാഹ്മണരുടെ പാദരജസ്സാൽ എങനെ പവിത്രമാക്കാനാകും?. അഥാവാ, ശ്രീവസ്തം പോലും അങയെ ഏതുവിധത്തിൽ മഹത്വവത്ക്കരിക്കും എന്ന് അടിയങൾക്ക് മനസ്സിലാകുന്നില്ല പ്രഭോ!.
ധർമ്മത്തിന്റെ മൂർത്തരൂപമായ അങ് കഴിഞ മൂന്ന് യുഗങളിലും അവതരിച്ച് സകലചരാചങളേയും കാത്തുരക്ഷിച്ചു. അല്ലയോ സത്വഗുണസ്വരൂപനായ ഭഗവാനേ!, ഞങൾ ബ്രാഹ്മണരേയും ദേവന്മാരേയും രജസ്തമസാദി ദുർഗ്ഗുണങൾ തീണ്ടാതെ കാത്തുകൊള്ളേണമേ!. ഹേ നാരായണാ!, അങ് ഭക്തോത്തമന്മാരുടെ രക്ഷകനാണ്. അവരുടെ നന്മയെ പരിരക്ഷിക്കേണ്ടത് അങയുടെ കടമയും. അല്ലാത്തപക്ഷം, അവിടുത്തെ പാതയെ പ്രമാണമാക്കി വർത്തിക്കുന്ന സാധാരണജനങൾ കൂട്ടത്തോടെ അധർമ്മത്തിന്റെ പാദയിലേക്ക് വഴുതിവീഴുന്നതാണ്. ഭഗവാനേ!, സത്വഗുണനിധിയായ അങ് ഒരിക്കലും ധർമ്മച്യുതി ആഗ്രഹിക്കുന്നില്ല. മാത്രമല്ലാ, അവിടുത്തെ പരമതേജസ്സാൽ ഈ പ്രപഞ്ചത്തിനുണ്ടാകുന്ന സകല പ്രതികൂലശക്തികളേയും അങ് നിഗ്രഹിക്കുകയും ചെയ്യുന്നു. അതുവഴി സൃഷ്ടിസ്ഥിതിപ്രളയങൾക്ക് ഏകകാരണനായ അവിടുന്ന് അവ്യയവീര്യനായി തന്റെ ലീലകൾ കൊണ്ടാടുന്നു.
ഭഗവാനേ!, ഞങൾ ഈ പാവം ദ്വാരപാലകരെ ശപിച്ചുവെന്നുള്ളത് നേരാണ്. നിരപരാധികളായ ഇവർക്കോ, ഇവരെ ശപിച്ച ഞങൾക്കോ അങ് ഏത് ശിക്ഷ തന്നാലും അത് ഞങളുടെ സൗഭാഗ്യമായി കരുതി ഞങളതിനെ സുമനസാ സ്വീകരിക്കുന്നു".
ശ്രീഭഗവാൻ പറഞു: "ഹേ ബ്രാഹ്മണോത്തമന്മാരേ!, നിങളിൽനിന്നും ഇവർക്കേൽക്കേണ്ടിവന്ന ശിക്ഷ, യഥാർത്ഥത്തിൽ നമ്മിൽനിന്നുതന്നെ ഉണ്ടായതാണ്. തല്ഫലമായി ഇവർ ഒരു അസുരയോനിയിൽ ജന്മമെടുക്കുകയും, അതിലൂടെ നിത്യനിരന്തരമായി നമ്മിൽ ദ്വേഷഭക്തിവയ്ക്കുകയും ചെയ്യും. ഹൃദയത്തിൽ നമ്മെക്കുറിച്ചുള്ള ഭീതിയുൾക്കൊണ്ടുകൊണ്ടു, ഇവർ അനുസ്യൂതം നമ്മെ വിദ്വേഷഭാവത്തിൽ അനുസ്മരിച്ച്, ഒടുവിൽ നമ്മോടുചേരുകയും ചെയ്യും".

ബ്രഹ്മദേവൻ തുടർന്നു: "ദേവന്മാരേ!, അങനെ അത്യപൂർവ്വമായ ഈ സംഭവത്തിനുശേഷം, ഭഗവാൻ ഹരിയെ ദർശിച്ച് സനകാദികുമാരന്മാർ സ്വയംപ്രഭാപൂരിതമായ ആ പരംധാമത്തിൽനിന്നും വിടവാങാൻ തീരുമാനിച്ചു. ഭഗവാനെ വലംവച്ച് നമസ്ക്കരിച്ചുകൊണ്ട്, ആ കാരുണ്യവാൻ നൽകിയ അദ്ധ്യാത്മജ്ഞാനവും ഹൃദയത്തിലേറ്റി, ഭക്തനും ഭഗവാനും രണ്ടല്ലെന്നറിഞ അതിരറ്റ ആനന്ദത്തോടുകൂടി അവർ വൈകുണ്ഠലോകം പിൻവാങി.
തുടർന്ന് ഭഗവാൻ തന്റെ പാർശ്വദന്മാരോടായിക്കൊണ്ട് പറഞു: "ഹേ ജയവിജന്മാരേ!, നിങൾ നിർഭയരായി പൊയ്ക്കൊള്ളുക. നിങൾക്ക് സർവ്വമംഗളങളും നേരുന്നു. ഇന്ന് നിങൾക്കുവന്നുഭവിച്ച ബ്രാഹ്മണശാപത്തെ വ്യർത്ഥമാക്കുവാൻ നമുക്ക് കഴിയുമെങ്കിലും നാം അതിനു തുനിയുന്നില്ല. കാരണം നമ്മുടെ സമ്മതത്തോടുതന്നെയാണ് നിങൾക്ക് ആ ശാപമേൽക്കേണ്ടിവന്നത്. ലക്ഷ്മീദേവിയും ഇതിനെ മുമ്പൊരിക്കൽ ശരിവച്ചിരുന്നു. അതിനും കാരണമുണ്ട്. സദാകാലവും നമ്മുടെ ശക്തിയായി അരികിൽ വർത്തിച്ച് നമ്മുടെ പാദാരവിന്ദത്തെ പൂജിച്ചുകഴിഞിരുന്ന അവളേയും ഒരിക്കൽ നിങൾ നാം നിദ്രയിലായിരിക്കെ തടഞുനിറുത്തിയിരുന്നു. നാം നിങൾക്കുറപ്പുതരുകയാണ്, നമ്മിൽ വിദ്വേഷഭക്തിവച്ചുകൊണ്ട്, അതിൽനിന്നുണ്ടാകുന്ന നിത്യനിരന്തരമായ അദ്ധ്യാത്മയോഗസാധനയിലൂടെ ഹൃദയം ശുദ്ധമായി, ബ്രാഹ്മണനിന്ദയിൽനിന്നും നിങൾക്കുണ്ടായ ഈ ശാപം തീർന്ന്, വളരെ വേഗംതന്നെ നിങൾ നമ്മെ പ്രാപിക്കുന്നതാണ്".
ബ്രഹ്മദേവൻ പറഞു: "വൈകുണ്ഠദ്വാരത്തിൽ വച്ച് ജയവിജയന്മാരോട് ഇങനെ ഉപദേശിച്ചുകൊണ്ട്, ഭഗവാൻ ലക്ഷ്മീസമേതനായി വിമാനശ്രേണിവിഭുഷണവും, അത്യതിശയകരവുമായ തന്റെ പരമധാമത്തിലേക്കുമടങി. പക്ഷേ, ജയവിജന്മാർ എന്ന ഗീർവ്വാണഋഷഭന്മാർ സനകാദികളുടെ ശാപത്തിനിരയായതുകാരണം, അവർ സർവ്വൈശ്വര്യങളും നഷ്ടപ്പെട്ട്, ഹതശ്രിയരായി, ദുർമുഖരായി, വൈകുണ്ഠലോകത്തിൽനിന്നും താഴേയ്ക്ക് നിലംപൊത്തി. പുത്രന്മാരേ!, ജയവിജയന്മാർ പുണ്യം ക്ഷയിച്ച് നിലം പൊത്തിയസമയം വൈകുണ്ഠത്തിൽ ഉഗ്രവിമാനങളിലിരിക്കുന്ന ദേവതകൾ തങൾക്കുണ്ടായ നിരാശയെ കാട്ടുവാനായി "ഹാഹാകാരം" മുഴക്കി.
ദേവതകളേ!, ശാപബാധിതരായ ആ വൈകുണ്ഠദ്വാരപാലകന്മാർ അതീവവീര്യമാർന്ന കശ്യപരുടെ ബീജത്തിലൂളെ ദിതിയുടെ ഗർഭത്തിൽ പ്രവേശിച്ചു. പിറക്കാനിരിക്കുന്ന ആ അസുരജന്മങളുടെ തേജസ്സാണ് നിങളെ ഉപദ്രവിക്കുന്നതും, നിങളുടെ ശക്തിയെ ക്ഷയിപ്പിച്ചിരിക്കുന്നതും. നാം നിങളുടെ രക്ഷാർത്ഥം അശക്തനാണ്. ഭഗവാൻ ഹരിക്കുമാത്രമേ ഇനി നമ്മളെ ഈ ദുഃഖത്തിൽനിന്നും രക്ഷിക്കാനാകൂ. കാരണം ഇതെല്ലം അവന്റെ ലീലകളത്രേ!.
പുത്രന്മാരേ!, ഭഗവാൻ വിഷ്ണു തന്നെയാണ് സത്വരജസ്തമസ്സാദി ത്രിഗുണങളുടെ ഈശ്വരൻ. അവൻ തന്നെയാണ് സൃഷ്ടിസ്ഥിതിസംഹാരത്തിന് മൂലഹേതുവും. മഹായോഗികൾക്കുപോലും അവന്റെ യോഗമായയെ ഉള്ളവണ്ണമറിയാൻ കഴിഞിട്ടില്ല. ആദിപുരുഷനായ അവൻ തന്നെ നമ്മെ രക്ഷിക്കട്ടെ!. നമ്മൾ ഈ കാര്യത്തിൽ അശക്തരാണെന്നറിയുക.
ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം പതിനാറാമധ്യായം സമാപിച്ചു.

ശ്രീമദ്ഭാഗവതം തൃതീയസ്കന്ദം - അധ്യായം - 15 - വൈകുണ്ഠലോകവർണ്ണനം

ശ്രീമദ്ഭാഗവതം തൃതീയസ്കന്ദം - അധ്യായം - 15
വൈകുണ്ഠലോകവർണ്ണനം
മൈത്രേയമുനി പറഞു: "പ്രീയവിദുരരേ!, തനിക്ക് പിറക്കാൻ പോകുന്ന പുത്രന്മാർ സാധുജനങൾക്ക് തീരാവ്യധയായി മാറു‌മെന്ന് ക‌ശ്യപരിൽനിന്നും മനസ്സിലാക്കിയ ദിതി തന്റെ ഗർഭത്തെ ഒരു നൂറ് വർഷക്കാലം തന്നിൽതന്നെ ത‌ന്റെ ജഠരത്ഥിൽ അടക്കിവച്ചു. അവളുടെ ഗർഭത്തിൽ നിന്നും വമിക്കുന്ന ഘോരാന്ത‌കാരത്തിന്റെ ദുഃഷ്‌പ്രഭാവം സൂര്യചന്ദ്രന്മാരുടെ അ‌തുജ്ജ്വലപ്രകാശത്തെപ്പോലും മറയ്ക്കുവാൻ തുടങി. ആ സമയം സർവ്വലോകങളിലുമുള്ള ദേ‌വതകൾ വിധാതാവിനെ സമീപിച്ച് സ‌ങ്കടമുണർ‌ത്തിച്ചു".
ദേവതകൾ പറഞു: "ഹേ ബ്രഹ്മദേവാ!, എന്താണീ സംഭവിക്കു‌ന്നത്? ഈരേഴുപതിനാലുലോകങളേയും ഘോരമായ അന്തകാരത്തിലാ‌ഴ്‌ത്തുന്ന ഈ ഇരുട്ട് എവിടെനിന്നുവരുന്നു?. ഹേ ഭഗവൻ!, ത്രികാലജ്ഞനായ അങറിയാതെ ഇവിടെന്തു സംഭവിക്കാൻ?. പ്രപഞ്ചസർവ്വത്തെ ഇങനെ അതിഘോരമായ ഇരുട്ടിലാഴ്ത്തിവിടുന്ന ഈ മറയുടെ കാരണത്തെക്കുറിച്ചറിയുവാൻ ഞങൾ അങയോട് പ്രാർത്ഥിക്കുകയാണ്. ഹേ ദേവാദിദേവാ!, ലോകനാഥാ!, ശിഖാമണേ!, അങ് സകലജീവഭൂതങളുടേയും മനോവ്യാപാരത്തെ അറിയുന്നവ‌നാണ്. വിജ്ഞാനവീര്യനായ അവിടു‌ത്തേക്ക് നമോവാകം. ഭഗവാൻ വിഷ്ണുവിന്റെ മായാശക്തിയാൽ അവ്യക്തയോനി‌യിൽ ജ‌ന്മമെടുത്ത രജോഗുണപ്രദാനനായ അങേയ്ക്ക് ഞങളുടെ നമസ്ക്കാരം".
"ഹേ ദേവാ!, സകലലോകങളും അങയിൽ സ്ഥിതിചെ‌യ്യുന്നു. അങിൽനിന്ന് സകലഭൂതങൾക്കും ജന്മമെടുത്തിരിക്കുന്നു. അതുകൊണ്ട് അങത്രേ ഈ പ്രപഞ്ചത്തിനുമുഴുവൻ കാരണശരീരനായി നിലകൊള്ളുന്നതും. അങയെ അചഞ്ചലമായ ഭക്തിയോടെ ധ്യാനിക്കുന്ന യാതൊരു പുരുഷ‌ന്റേയും ഹൃദയം ഹരിഭക്തിയാൽ നിറഞൊഴുകുന്നു. അവിടുത്തെ കാരുണ്യം നിമിത്തമായി യാതൊരുവനാണോ പ്രാണായാമാദി മോക്ഷമാർഗ്ഗങളിലൂ‌ടെ മനസ്സിനേയും ഇന്ദ്രിയങളേയും നിയന്ത്രിച്ച്, പക്വമായ യോഗാഭ്യാസം അനുഷ്ഠിക്കുന്നത്, അവന് ഭൗതികലോകത്തിലായാൽപ്പോലും‌ ഒരു കാര്യത്തിലും തോൽവി സംഭവിക്കുന്നില്ല. ഋഷഭം മൂക്കുകയറാൽ നിയന്ത്രിതമെന്നപോലെ‌ ജീവഭൂതങൾ അങയുടെ വേദശാസനങളാ‌ൽ നിയന്ത്രിതമാണ്. ആർക്കും അങയുടെ വൈദികനിയമങൾക്ക് നേരേ മുഖം തിരിക്കുവാൻ സാധ്യമല്ല. സകലഭൂതങൾക്കും ജീവിതാധാരമായ മഹത്ഗ്രന്ഥങൾ നിർമ്മിച്ച അങേയ്ക്ക് ഞങളുടേ നമോവാകം".
"ഹേ ബ്രഹ്മദേവാ!, ഞങളിപ്പോൾ ദുഃഖകടലിലാഴ്ന്നിരിക്കുകയാണ്. നാലുപാടുനിന്നും പ്രപഞ്ചസർവ്വത്തെ മറയ്ക്കുന്ന അതിഘോരമായ ഈ അന്തകാരത്തിൽ കാഴ്ചമറഞ ഞങൾ തീർത്തും നിഷ്ക്രിയരായിരിക്കുകയാണ്. അവിടുത്തെ കാരുണ്യം മാത്രമാണിനി ഞങൾക്ക് ശരണം. ഇന്ധനം അഗിക്കുമുകളിലൂടെ നിറഞൊഴുകുമ്പോലെ കശ്യപപ്രജാപതിയുടെ വീര്യത്താൽ ദിതിയിലുണ്ടായിരിക്കുന്ന ഈ ഗർഭപിണ്ഡം‌ ലോകം മുഴുവൻ ഇരുട്ട് കോരിനിറയ്‌ക്കുകയാണ്. അവിടുന്ന് ഞങളേയും ഈ ലോകത്തേയും രക്ഷിച്ചാലും".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ബ്രഹ്മദേവൻ ദേവന്മാരുടെ പ്രാർത്ഥനയിലൂടെ അവരുടെ മനോവ്യഥ മനസ്സിലാക്കി".
ബ്രഹ്മാവ് പറഞു: "ഹേ ദേവതകളെ!, നിങളുടെ ദുഃസ്ഥിതി നാം മനസ്സിലാക്കുന്നു. പ്രപഞ്ചത്തെ മറച്ചുകൊണ്ടിരിക്കുന്ന ഈ ഘോരാന്തകാരത്തിന്റെ രഹസ്യം നാം പറയാം. നിങൾക്ക് മുൻ‌ഗാമിയായി നമുക്ക് സനകൻ, സനാതനൻ, സനന്ദനൻ, സനത്കുമാരൻ എന്നിങനെ നാലുപുത്രന്മാർ കൂടിയുണ്ടായിരുന്നു. അവർ സകലലോകങളിലും സദാ നിസ്പൃഹരായി സഞ്ചരിച്ചുകൊണ്ടേയിരുന്നു. പ്രപഞ്ചപര്യടനത്തിനിടയി‌ൽ ഒരിക്കൽ അവർ വിഷ്ണുലോകത്തിലുമെത്തി. അവിടമായിരുന്നു ഭഗവാൻ ഹരിയുടേയും അവന്റെ ഭക്തോത്തമന്മാരുടേയും സ്വധാമമായ വൈകുണ്ഠലോ‌കം. ആ ദിവ്യലോകത്തെയത്രേ ഭൂലോകമടക്കം ഈരേഴുപതിനാലുലോകങളിലുമുള്ള നിവാസികൾ ആരാധിക്കുന്നതും എത്തപ്പെടാൻ ആഗ്രഹിക്കുന്നതും.
വൈകുണ്ഠവാസികളെല്ലാം പ്രകൃത്യാ ഭഗവത്സ്വരൂപികളാണ്. അവർ സദാസമയ‌വും നിഷ്കാമികളായി ഭഗവാൻ ഹരിയുടെ പാദ‌സേവചെയ്തുകഴിയുന്നു. ആദ്യനും വേദവേദ്യനുമായ വിഷ്ണുഭഗവാൻ സ്വധാമത്തിലിരുന്നുകൊണ്ട്, സമ്പൂർണ്ണസത്വഗുണപ്രധാനനായി, രജസ്തമസ്സുകളിൽ നിന്ന് പൂർണ്ണമായി അകന്ന്, തന്റെ ഭക്തന്മാർക്ക് ധർമ്മം പ്രദാനം ചെയ്യുന്നു. അവിടെ ധാരാളം വനങളുണ്ടു. ആ വനങളിലുള്ള വൃക്ഷങളെല്ലാം കല്പതരുക്കളാണ്. എല്ലാ ഋതുക്കളിലും അവ പൂത്തുതളിർത്ത് ഫലങളോടും പൂക്കളോടും കൂടി സമൃദ്ധമായിരിക്കുന്നു. കാരണം, അവിടെയുള്ള സകലതും കൈവല്ല്യത്തിന്റെ മൂർത്തിമദ് ഭാവങളാണ്. അവിടെയുള്ളവൻ മംഗളസ്വരൂപനായ ഭഗവാന്റെ മഹിമകളെ വാഴ്ത്തി, തങളുടെ പരിവാരങളോടൊപ്പം പ്രത്യേകം പ്രത്യേകം സ്വർണ്ണവിമാനങളിൽ സഞ്ചരിക്കുന്നു. ബ്രഹ്മാനന്ദം അലതല്ലുന്ന ഇത്തരം വേളകളിൽ മണവും തേനുമൂറുന്ന മാധവീപുഷ്പങളെപ്പോലും ആ ഭഗവത്സ്വരൂപികൾ പുച്ഛിച്ചുതള്ളുന്നു. ഉച്ഛസ്വരത്തിൽ മധുരമായി പാടിക്കൊണ്ടിരിക്കുന്ന ഭ്രമരങളും, സദാ ചിലച്ചുകൊണ്ടിരിക്കുന്ന പ്രാവുകളും, കുയിലുകളും, കൊക്കുകളും, ചക്രവാഗങളും, അരയന്നങളും, തത്തകളും, തിത്തിരിപക്ഷികളും, മയിലുക‌ളും, മറ്റെല്ലാ ദിവ്യപറവകളും തങളുടെ പാട്ടും കൂത്തും നിറുത്തി, ഭഗവാൻ ഹരിയുടെ ഭക്തന്മാരുടെ തിരുമുഖകമലങളിൽകൂടിയൊഴുകുന്ന അവന്റെ മഹിമാഗാനങളെ കേട്ട് നിർവൃതിയടയുന്നു.
സുഗന്ധപുഷ്പങളായ മന്ദാരവും, കുന്ദവും, കുരബകവും, ഉത്പലവും, ചമ്പകവും, അർണ്ണവും, പുന്നാഗവും, നാഗകേശരവും, ബകുലവും, ആമ്പലും, പാരിജാതവുമെല്ലാം തുളസിക്കതിരുകളെനോക്കി അസൂയകൊള്ളുന്നു. എന്തെന്നാൽ, ഭഗവാൻ അവളെ വനമാലയിൽ കോർത്ത് തന്റെ നിർമ്മലവിരിമാറിലണിയുന്നുവത്രേ!.
വൈകുണ്ഠവാസികളുടെ വിമാനങൾ, ഇന്ദ്രനീലം, മരതകം മുതലായ രത്നങളാലും, സ്വർണ്ണത്താലും നിർമ്മിതമാണ്. അവർ തങളുടെ ഭാര്യമാരോടൊപ്പമാണ് യാത്രചെയ്യുന്നതെ‌ങ്കിലും, അവരുടെ മാംസളശരീരഭാഗങളെ നോക്കി അതിൽ ആസക്തരാകുകയോ, അഥവാ സൗന്ദര്യം കവിഞൊഴുകുന്ന മുഖകമലങളെക്കണ്ട് രജോഗുണയുക്തരാകുകയോ ചെയ്യുന്നില്ല. വൈകുണ്ഠവാസികളായ നാരി‌മാർ ല‌ക്ഷ്മീദേവിക്കു തത്തുല്ല്യം സുന്ദരിമാരാണ്. സർവ്വാഭരണവിഭൂഷിതകളായ ആ നാരിമാർ ഭഗവത് ഭക്തിയിൽ മതിമറന്ന് വൈകുണ്ഠത്തിലെ രത്നം പതിപ്പിച്ച തൂണുകളും ചുമരുകളും തുടച്ചുവൃത്തിയാക്കുന്നതിൽ സ്വയമേവ വ്യാപൃത‌രായിരുന്നു.
മുത്തുകളും പവിഴങളും പാകിയ കുളക്കരയിലിരുന്നുകൊണ്ട് ഐശ്വര്യദേവതയായ ലക്ഷ്മീദേവി ചിലപ്പോൾ ഭഗവത് പാദാരവിന്ദങളിൽ തുളസിക്കതിർ കൊണ്ട് അർച്ചന ചെയ്യുന്നതുകാണാം. ചിലസമയങളിൽ അവൾ ജലത്തിലേക്കുനോക്കി, ഭഗവാന്റെ ചുംബനമേറ്റ് മനോഹരമായ തന്റെ തിരുമുഖത്തിന്റെ പ്രതിച്ഛായകണ്ട് അലൗകികമായ അദ്ധ്യാത്മനിർവൃതിയടയുന്നതും കാണാൻ സാധിക്കും.
നിർഭാഗ്യകരമെന്നു പറയട്ടെ!, അവിവേകികളായ മനുഷ്യർ തുച്ഛമായതും, ഒരുവന്റെ ബുദ്ധിയെ ഭ്രമിപ്പിക്കുന്നതുമായ ഭൗതികവിഷ‌യങളുടെ അല്പസുഖത്തിൽ മുങി, അതിൽ അത്യന്തം ആസക്തി‌പൂണ്ട്, അദ്ധ്യാത്മികവും, അനന്താനന്ദവും നിറഞൊഴുകുന്ന വൈകുണ്ഠലോകത്തെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. നിത്യവും ശുദ്ധവുമായ ബ്രഹ്മസത്യത്തെ നിരാകരിച്ച്, അനിത്യവും അശുദ്ധവുമായ ഭൗതികവസ്തുക്കളിൽ രമിക്കുന്ന ജീവന്മാർ അജ്ഞാനതിമിരാന്തകൂപത്തിലേക്കെടുത്തെറിയപ്പെ‌ടുന്നു. ദേവതകളേ!, നമ്മുടെ കോടാനുകോടി സൃഷ്ടികളുള്ളതിൽ അത്യന്തം മഹത്തരമാണ് മനുഷ്യജന്മം. നമ്മൾ ദേവന്മാർപോലും കാമിക്കുന്ന ജീവിതാവസ്ഥയാണ് അവരുടേത്. കാരണം, ദേവന്മാരടക്കം മറ്റേത് ജന്മങളേയുമപേക്ഷിച്ച് മനുഷ്യജന്മത്തിലൂടെ ഒരു ജീവന് ധർമ്മത്തേയും, ജ്ഞാനത്തേയും, അതുവഴി ആദ്യന്തരഹിതമായ ബ്രഹ്മസത്യത്തേയും ആർജ്ജിക്കുവാൻ സാധിക്കുന്നു. അങനെയുള്ള മനുഷ്യജന്മം നേടിയിട്ടും ഒരുവൻ ഭഗവാനെക്കുറിച്ചോ, അവന്റെ ധാമത്തെക്കുറിച്ചോ ചിന്തിക്കാത്തപക്ഷം, അവൻ വളരെ ക്രൂരമായി ഭൗതികവിഷങളുടെ പിടിയിലകപ്പെട്ടു എന്നാണ് നാം മനസ്സിലാക്കേണ്ടത്.
ഭഗവത് മഹിമകളെ ശ്രവിക്കുന്ന മാത്രയിൽ യാതൊരുവന്റെ ശരീരഭാവങളാണോ താനറിയാതെ മാറിമറയുന്നത്, യാതൊരുവന്റെ ശ്വാസനിശ്വാസഗതികളാണോ ഉച്ഛത്തിലാകുന്നത്, യാതൊരുവന്റെ ശരീരമാണോ വിയർപ്പിൽ കുളിക്കുന്നത്, അവൻ വൈകുണ്ഠപ്രാപ്തിക്കു പാത്രമാകുന്നു. ധ്യാനം, യോഗം തുടങിയ മാർഗ്ഗങളൊന്നും കൂടാതെതന്നെ നാം ദേവതകൾ പോലും നോക്കിനിൽക്കെ അങനെയുള്ള പരമഭക്തന്മാർ ഊർദ്ദ്വലോകത്തിലേക്ക് പറന്നുയരുന്നു.

അല്ലയോ ദേവന്മാരേ!, അപാരസിദ്ധന്മാരായ സനകാദികൾ വൈകുണ്ഠലോകം പൂകിയതോടെ മുമ്പെങും അനുഭവവേദ്യമാകാതിരുന്ന ഒരുതരം ആനന്ദം അവരിലുളവായി. അവിടം നിറയെ ഭക്തന്മാരാൻ നിയന്ത്രിക്കപ്പെട്ടിരുന്ന അതിമനോഹരമായ വിമാനങൾ അവർ കണ്ടു. അവയിലൊന്നും മനസ്സു പറ്റാതെ അവർ വൈകുണ്ഠ‌പുരിയുടെ ആറ് വാതിലുകളും കടന്ന് ഉള്ളിൽ പ്രവേശിച്ചു. അവിടെ ദിവ്യായുധധാരികളായ രണ്ട് സമപ്രായക്കാർ ശിരസ്സിൽ രത്നകിരീടവും ധരിച്ച്, കൈയ്യിൽ ചെങ്കോലും പിടിച്ച്, സർവ്വാഭരണവിഭൂഷിതരായി, കവാടത്തിന്റെ ഇരുവശങളിലായി നിൽക്കുന്നതവർ കണ്ടു. അവർ അണിഞിരുന്ന പൂമാലയെച്ചുറ്റി വണ്ടുകൾ വട്ടമിട്ടു പറന്നു. വർണ്ണശബളമായ പുതുപുഷ്പങൾ കോർത്തിണക്കിയ ആ ദിവ്യമാലയണിഞിരുന്ന അവരുടെ ശരീരം അത്യന്തം അഴകാർന്നുശോഭിച്ചു. ഉയർന്നുവളഞ പുരികങളോടും, വിറയ്ക്കുന്ന നാസയോടും, ചുവന്നുകലങിയ കണ്ണുകളോടും അവർ ഋഷികുമാരന്മാരെ നോക്കി. ഈ ദ്വാരപാലകന്മാരുടെ ഓരോ അംഗങളിൽനിന്നും ഉപാംഗങളിൽനിന്നും അവരുടെ മനസ്സിലുണ്ടായ അതൃപ്തിയെ കുമാരന്മാർ വ്യക്തമായി കണ്ടു.
സനകാദികൾ മഹായോഗികളായിരുന്നു. ഞാനെന്നോ, എന്റേതെന്നോ, അവന്റേതെന്നോ ഭേദബുദ്ധികളില്ലാത്ത അവർ എപ്രകാരമായിരുന്നുവോ സ്വർണ്ണവും, രത്നങളും കൊണ്ടു നിർമ്മിച്ച മറ്റ് ആറ് വാതിലുകളും തുറന്നു അകത്തുകടന്നത്, അപ്രകാരം തന്നെ ഏഴാമത്തെ രത്നക‌വാടവും തള്ളിതുറന്നു. എന്റെ ആദ്യസൃഷ്ടിക‌ളിൽ പെട്ടവരാണെങ്കിലും സനകാദി മുനികുമാരന്മാർ അഞ്ചുവയസ്സുള്ള ബാലകന്മാരെപ്പോലെ കൗമാരശരീരികളാണ്. ദിഗംബരന്മാരായ ആ അത്ഭുതബാലന്മാർ ശരീരബോധത്തെ മറന്ന ആത്മജ്ഞാനികളായിരുന്നു.
ഹേ ദേവന്മാരേ!, ഏഴാം വാതിൽ തുറന്ന് ഭഗവത് ധാമത്തിലേക്ക് പ്രവേശിക്കുവാൻ തുടങിയ സനാകാദികളെ സുന്ദരരൂപികളായ ആ രണ്ടു ദ്വാരപാലകർ തടഞുനിറുത്തി. നിർഭാഗ്യകരമെന്നല്ലാതെന്തു പറയാൻ!. എല്ലാവരും കാൺകെ, ഭഗവത് ദർശനത്തിനു ഉത്തമാധികാരികളായ തങളെ തടഞുനിറുത്തിയ ദ്വാരപാലകന്മാരെ നോക്കി കുമാരന്മാരുടെ കണ്ണുകൾ കനൽക്കട്ടപോലെ ചുവന്നുവിടർന്നു. തങളുടെ പരമഗുരുവാ‌യ ഭഗവാൻ ഹരിയുടെ പുണ്യദർശനം മുടക്കിയ ദ്വാരപാലകന്മാരിൽ അവർ പ്രകോപിതരായി".
കുമാരന്മാർ പറഞു: "ഹേ ഹരിദാസന്മാരേ!, ആരാണിവർ?. ഇത്രയും അയോഗ്യരായ ഇവർ വൈകുണ്ഠലോകത്തെങനെയെത്തപ്പെട്ടു?. ഒരുപക്ഷേ ഇവർ ദ്വാരപാലകന്മാരാണെങ്കിൽ, ഭഗവാനുസമം സത്ഗുണയുക്തരും ഭഗവത് സ്വരൂപികളുമായിരിക്കേണ്ടവരാണ്. അഹോ! ആശ്ചാര്യമായിരിക്കുന്നു!. ഭഗവാൻ ഹരിക്ക് ശത്രുക്കളോ?. ആ പരമപുരുഷനിൽ ആർക്കാണിവിടെ ശത്രുതവയ്ക്കാൻ കഴിയുക?. ഒരുപക്ഷേ ഇവർ ഉള്ളിൽ കാപട്യം നിറഞവരായിരിക്കണം. അതുകൊണ്ടായിരിക്കണം ഇവർ ഭഗവത് ദർശനം കാംക്ഷിച്ചുവരുന്ന സാധുക്ക‌ളേയും സംശയദൃഷ്ട്യാ കാണുന്നതു. വൈകുണ്ഠലോകത്ത് ഭഗവാനും ഭക്തനുമൊന്നാണ്. അനന്തമായ ആകാശത്തിൽ അല്പാല്പങളായ എത്രയോ വായൂപടലങൾ അന്തരം കൂടാതെ നിലകൊള്ളുന്നു!. അതേവിധമാണിവിടെ ഭഗവാനും ഭക്തനുമായുള്ള ബന്ധം. ആ ഐക്യത്തിന് ഭംഗം വരുത്തുന്നതിനായി ഇവിടെ ഒരു വിത്തും വിളയുവാൻ സാധ്യമല്ല. വൈകുണ്ഠവാസികളുടെ വേഷം പൂണ്ട് ഇവിടുത്തെ ഭക്തന്മാർ അനുഭവിക്കുന്ന ബ്രഹ്മാനന്ദത്തെ ഇല്ലാതാക്കുവാൻ വന്ന് ചാരന്മാരായിരിക്കണം ഇവർ.
ദേവതകളേ!, ഭഗവാന്റെ ധാമമായ വൈകുണ്ഠലോകത്തുവന്ന് ദ്വൈതഭാവം ഉള്ളിൽ വച്ചുകൊണ്ട് ഇവർ ചെയ്ത അപരാധത്തിന് ഉചിതമായ ശിക്ഷ കിട്ടുകതന്നെവേണം. ഇവരെ ഇവിടെന്നും ഭൂലോകത്തിലേക്കയക്കുക. അവിടെ ഇവർ കാമക്രോധമോഹാദികളായ ത്രിവിധശത്രുക്കളാൽ വേട്ടയാടപ്പെട്ടു ജീവിക്കട്ടെ!".
ബ്രഹ്മദേവൻ തുടർന്നു: "അങനെ ഭക്തന്മാരായിരുന്നിട്ടുപോലും അവർക്ക് സനകാദികളുടെ ശാപത്തിനിരയാകേണ്ടിവന്നു. ശാപവചസ്സുകൾ കേട്ട് പേടിച്ചു ഞെട്ടിത്തരിച്ച ദ്വാരപാലകന്മാർ ആ ബ്രാഹ്മണകുമാരന്മാരുടെ പാദങളിൽ വീണ് നമസ്ക്കരിച്ചു. പക്ഷേ ബ്രാഹ്മണശാപത്തെ ഏതായുധം കൊണ്ടു നേരിടാൻ!".
ദ്വാരപാലകന്മാർ പറഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠരേ!, അവിടുത്തേപ്പോലെയുള്ള ബ്രഹ്മർഷികളെ ബഹുമാനി‌ക്കാതിരുന്നത് ഹതഭാഗ്യരായ ഞങൾ ചെയ്ത മഹാപരാധമാണ്. അതിനു ഞങൾക്കു ലഭിച്ച ശിക്ഷയും ഉചിതം തന്നെ. പശ്ചാത്താപത്താൽ വെന്തുനീറുന്ന ഞങൾക്കൊന്നുമാത്രമേ നിങളോട് അപേക്ഷിക്കുവാനുള്ളൂ. നിങളുടെ ശാപത്തിനിരയായി ഭൗതികലോകത്തുചെന്ന് കാമക്രോധമോഹാദികൾക്ക് വശപ്പെട്ടു ഞങൾ ജീവിക്കുവാൻ പോകുകയാണെന്നറിയാം. പക്ഷേ ഒരുവരം മാത്രം നൽകി ഞങളെ അനുഗ്ര‌ഹിക്കുക. മായയിൽ മുങി ഭഗവാൻ ഹരിയുടെ നിർമ്മലപാദത്തെമാത്രം ഞങൾ മറക്കാതിരിക്കുമാറനുഗ്രഹിക്കണം."

ബ്രഹ്മദേവൻ തുടർന്നു: "ദ്വാരപാലകന്മാർ ഇങനെ സനകാദികൾക്കുമുന്നിൽ ദണ്ഡനമസ്ക്കാരം ചെയ്തുകിടക്കുന്ന സമയം, തന്റെ സേവകന്മാരാൽ, പാമഹംസരായ മാമുനിമാർക്കുണ്ടായ അപമാനത്തെക്കുറിച്ചന്വേഷിക്കുവാനായി അരവിന്ദനാഭനായ ഭഗവാൻ വിഷ്ണു ലക്ഷ്മീഭഗവതിയോടൊപ്പം തന്റെ നിർമ്മലപാദങളാൽ നടകൊണ്ടവിടെയെത്തി. അങനെ, അന്നുവരെ സനകാദികൾ തങളുടെ ഹൃദയകമലത്തിൽ മാത്രം കൊണ്ടുനടന്ന ഹർഷോന്മാദപുളകം കൊള്ളിക്കുന്ന ഭഗവദ്രൂപം അന്നാദ്യമായി അവർ കൺകുളിർക്കെ കണ്ടു. ഭഗവാൻ ഹരി സകലചമയങളോടൊപ്പം സപരിവാരം അവിടെയെഴുന്നള്ളി നിൽക്കുന്ന അദ്ധ്യാത്മികരൂപം അവരുടെ കണ്ണുകൾക്ക് പരമാനന്ദമേകി.
വെൺകൊറ്റക്കുട ചൂടി ഭഗവാൻ സനകാദികളുടെ അടുക്കലേക്ക് നടന്നടുത്തു. അരയന്നങൾക്കുസമമായ രണ്ട് വെഞ്ചാമരങളതാ ഭഗവാനിരുവശങളിലായി നിന്നു വീശുന്നു. അതിലൂടെ വീശുന്ന ഇളംകാറ്റിൽ ഇളകിയാടുന്ന മുത്തുക്കുടയുടെ വെളുത്ത മണിമുത്തുകൾ, കുളിർമ്മയുള്ള ചന്ദ്രനിൽ നിന്നും കൊടുങ്കാറ്റിന്റെ പ്രവാഹത്താൽ അടർന്നുവീഴാൻ വെമ്പുന്ന ഹിമകണങളെപ്പൊലെ മുഖരിതമായി.
ദേവതകളേ!, ഭഗവാൻ സകലൈശ്വര്യങളുടേയും സ്രോതസ്സാണ്. അവന്റെ സാന്നിധ്യം അഖിലർക്കും ഒരു വരദാനവുമാണ്. അവനൊന്നു പുഞ്ചിരിച്ചാലോ, അത് സകലജീവന്റേയും ഹൃദയത്തെ തൊട്ടുണർത്തുന്നു. കാർമേഘവർണ്ണത്തിലുള്ള ആ വിരിമാറിൽ ലക്ഷ്മീഭഗവതി കുടികൊള്ളുന്നു. ആ സുന്ദരൂപത്തെ കണ്ടപ്പോൾ, പ്രപഞ്ചം മുഴുവനും വ്യാപിച്ചുകിടക്കുന്ന പരമമായ അദ്ധ്യത്മചൈതന്യമാണ് തങൾക്കു മുന്നിൽ നിൽക്കുന്നതെന്ന് സനകാദികുമാരന്മാർ മനസ്സിലോർത്തു. മഞപ്പട്ടുടുത്ത ഭഗവാന്റെ അരയ്ക്കുചുറ്റും മണിമയമായ കടിസൂത്രം നിറഞുതെളിഞു. വർണ്ണശബളമായ വനമാലയ്ക്കുചുറ്റും വണ്ടുകൾ മൂടിപ്പറന്നു. കണങ്കൈയ്യിലെ രത്നവളകൾ അവന്റെ ചലനങൾക്കൊത്ത് ആടിക്കളിച്ചു. ഭഗവാൻ തന്റെ ഒരു കരം ഗരുഡന്റെ ചുമലിൽ വച്ചും, മറുകരത്തിൽ ഒരു ഇളംതാമര ചുഴറ്റിയും അവരുടെ മുന്നിൽ വിളങിനിന്നു. ഇളകിയാടുന്ന മകരകുണ്ഡലങൾ ആ തിരുമുഖപങ്കജത്തിന് അഴക് കൂട്ടി. കവിൾത്തടം ആ കുണ്ഡലങളുടെ അത്ഭുതകാന്തിയിൽ ചിന്നിമിന്നി. ഉത്തമമായ തിരുനാസ ആ മുഖകമലത്തിന് മറ്റുകൂട്ടി. നിരനിരായായി രത്നം പതിപ്പിച്ച കിരീടവും, കണ്ഡാഭരണങളും, കൗസ്തുഭവും, ആ കാർമേഘതിരുമേനി അഴകുകൂട്ടി. ഭക്തോത്തമന്മാരുടെ ഭക്തിവൈഭവത്താൽ ഉത്കൃഷ്ടമായ ഭഗവാൻ നാരായണന്റെ സൗന്ദര്യം, ലക്ഷ്മീഭഗവതിയുടെ സൗന്ദര്യധാമമെന്ന സവിശേഷമായ അഹങ്കാരത്തെ ഇല്ലാതെയാക്കി. ഞാനും, മഹാദേവനും, നിങൾ ദേവതകളെല്ലാം തന്നെ പൂജിക്കേണ്ടതായ ആ ദിവ്യരൂപത്തെ, ആ പ്രകാശാതിരേകത്താൽ മുനികുമാരന്മാർക്ക് അപ്പാടെ കാണാൻ കഴിഞില്ല. എങ്കിലും ഭഗവാനെ കാണാൻ സാധിച്ചതിലുള്ള സന്തോഷാധിക്യത്തിൽ അവർ ശിരസ്സുനമിച്ചുകൊണ്ടു ഭഗവാനെ വണങി.
ഭഗവാന്റെ തൃപ്പാദവിരലുകളിൽനിന്നും ഇളം കാറ്റിലൂടെയൊഴുകിയെത്തിയ തുളസീദളപരിമണം സനകാദികളുടെ നാസാരന്ധ്രങളിലൂടെ ഉള്ളിൽ പ്രവേശിച്ചതും മുമ്പെങും അനുഭവിച്ചിട്ടില്ലാത്ത അത്യപൂർവ്വമായ ഒരു ദിവ്യാനുഭൂതി അവരുടെ മനസ്സിലൂടെയും ശരീരത്തിലൂടെയും കടന്നുപോയി. നിത്യനിരന്തരമായ ഭഗവതാനന്ദം ഹൃദയത്തിൽ അനുഭവിക്കുന്നവരാണെങ്കിൽ പോലും ഇങനെ അത്യന്തം ദുർല്ലഭമായി നേടിയെടുത്ത ഈ ഭഗവതനുഭൂതിയിൽ മുനികൾ തങളെത്തന്നെ വിസ്മരിച്ചു.
ഒരു വിടർന്ന താമരപ്പൂവിൽ മുല്ലപ്പൂംനിരകൾ വിരിഞുനിൽക്കുന്നതുപോലെയുള്ള ഭഗവാന്റെ തിരുമുഖകമലത്തിലെ നറും പുഞ്ചിരി അവർ ആസ്വദിച്ചു. പരമപുരുഷന്റെ ആ ദർശനസൗഭാഗ്യത്തിൽ കൊതിപൂണ്ട് വീണ്ടും അടിതൊട്ടുമുടിവരെ കാണുവാനായി അവർ ആ തിരുപദനഖരനിരകളിലേക്ക് നോക്കി. അരുണമണികൾ പോലുള്ള ആ നഖനിരകളിലൂടെ സനകാദിമുനികളുടെ കണ്ണുകൾ മുകളിലേക്ക് കുതിച്ചു. ഭഗവാന്റെ അംഗോപാംഗങളിലൂടെ ചുറ്റിസഞ്ചരിച്ച് ഒടുവിൽ അവർ ആ ദിവ്യരൂപത്തിൽ നിമഗ്നമായി. ഈ സത്യസ്വരൂപത്തെയാണ് യോഗികൾ ധ്യാനമാർഗ്ഗത്തിലൂടെ അനുഭവിക്കുന്നത്. സാധാരണജനങളിൽ നിന്നും വ്യത്യസ്ഥരായി അവർ അണിമാദി എട്ട് യോഗസിദ്ധികളിലൂടെ ഭഗവാന്റെ പൂർണ്ണസ്വരൂപത്തെ ധ്യാനിച്ച് ഹൃദ്കമലത്തിൽ വച്ചാരാധിക്കുന്നു".
സനകാദികൾ പറഞു: "പ്രഭോ!, അങ് സർവ്വഹൃദയങളിലും അന്തര്യാമിയായി കുടികൊള്ളു‌ന്നുവെങ്കിലും അവിവേകികൾക്ക് അവിടുന്ന് അവ്യക്തമായി നിലകൊള്ളുന്നു. എന്നാൽ അവിടുത്തെ ദാസരായ ഞങളാകട്ടെ ഈ തിരുരൂപത്തെ മുഖാമുഖം കാണുകയും ചെയ്യുന്നു. ഭഗവാനേ!, പിതാവിൽ നിന്നും കേട്ടറിഞ അവിടുത്തെ അപാരമഹിമയെ ഞങളിതാ ഈ കാരുണ്യദർശനത്തിലൂടെ സാക്ഷാത്ക്കരിച്ചിരിക്കുന്നു. ഭഗവാനേ!, സത്വഗുണമൂർത്തിമദ് ഭാവത്തോടെ ഞങളുടെ മുന്നിൽ അവതരിച്ച് നിൽക്കുന്ന അങ് സത്യസ്വരൂപനായ പരമാത്മാവാണെന്നും, അവിടുത്തെ കാരുണ്യം കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ സൗഭാഗ്യം സാധ്യമല്ലെന്നും ഞങളറിയുന്നു.
ഹൃദയത്തിൽ അചഞ്ചലമായ ഭക്തിയും ശ്രദ്ധയുമുള്ള യോഗീശ്വരന്മാർക്ക് അവിടുത്തെ അദ്ധ്യാത്മദർശനം സുലഭം. കാരണം അവിടുത്തെ തൃപ്പാദഭക്തിയൊഴിഞ്, മോക്ഷത്തിനുപോലും അവർ കാംക്ഷിക്കുന്നില്ല. പിന്നെയാണോ ഭൗതികവിഷയത്തിൽ അവർക്കാസക്തിയുണ്ടാകുന്നു?. അവർ സദാകാലവും ഉത്തമശ്‌ളോകനായ അങയുടെ മഹിമാകഥനം ചെയ്തുകൊണ്ട് അങയിൽ രമിക്കുന്നു.
ഹരേ നാരായണാ!, ഏതു നരകതുല്യമായ ജീവതം തന്നാലും, അവിടിയെല്ലാം മനസ്സുനിറയെ അവിടുത്തെ തൃപ്പാദഭക്തിയുണ്ടായിരിക്കണം, അവിടെയെല്ലാം നാവുകൾ‌കൊണ്ട് അവിടുത്തെ തിരുനാമം മാത്രം കീർത്തിക്കുമാറാകണം, അവിടെയെല്ലാം കാതുക‌ൾകൊണ്ട് അവിടുത്തെ മഹിമകളെ മാത്രം കേൾക്കുമാറാകണം. തുളസീദളങൾ ഓരോന്നും ആ തൃപ്പാദമലരിൽ വീണ് പവിത്രമാകുന്നതുപോലെ, അടിയങളുടെ ജീവനും ആ പദാരവിന്ദത്തിൽ ലയിക്കുമാറകണം. പ്രഭോ!, നിർഭാഗ്യശാലികളായ അബുധന്മാർക്ക് അപ്രാപ്യവും, അവിടുത്തെ കാരുണ്യംകൊണ്ട് ഞങൾക്കു സിദ്ധിച്ചതുമായ ഈ തിരുരൂപത്തിനുമുന്നിൽ ഞങളിതാ സാഷ്ടാംഗം പ്രണമിക്കുന്നു.
ഓം തത് സത്
ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം പതിനഞ്ചാമധ്യായം സമാപിച്ചു.
 
 

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 14 - സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം:- തുടർച്ച

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 14
സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം:-
***************************************(തുടർച്ച)
മൈത്രേയമുനി പറഞു: "വിദുരരേ!, ഭർത്താവിന്റെ ഉപദേശവചനങളൊന്നും ദിതി ചെവിക്കൊണ്ടില്ല. കാരണം പുത്രലാഭത്തിനായി തീവ്രമായി കൊതിക്കുന്ന അവളുടെ മനസ്സിനെ കാമദേവൻ ഇതി‌നകം കരസ്ഥ‌മാക്കിക്കഴിഞിരുന്നു. അവ‌ൾ ഒരു തെരുവ് വേശ്യയെപ്പോലെ ആ ബ്രാഹ്മണശ്രേ‌ഷ്ഠന്റെ കാഷായവസ്ത്രങൾ വലിച്ചുരിഞു. തന്റെ കാമദാഹം തീർക്കുവാനായി അദ്ദേഹത്തോട് യാചിച്ചു. ഒടുവിൽ അസാധാരണമായ അവളുടെ നിർബന്ധത്തിന് കശ്യപപ്രജാപതിക്ക് വഴങേണ്ടതായിവന്നു. അനന്തരം, കുളിക‌ഴി‌ഞ് ആ ബ്രാഹ്മണോത്തമൻ തന്റെ പ്രാണനേയും, വാക്കിനേയും സംയമനം ചെയ്ത്, ഗായത്രിമന്ത്രോച്ഛാരണത്തോടുകൂടി ബ്രഹ്മത്തെ ധ്യാനിക്കുവാൻ തുടങി.
ഹേ ഭാര‌താ!, കുറെ ദിവസങൾ കഴിഞു. പശ്ചാത്താപത്താൽ ദിതിയു‌ടെ മനസ്സ് പ്രക്ഷുപ്തമായി. ആ സമയം ഭർത്താവിന്റെ സാന്നിധ്യം അവൾക്കാവശ്യമായി തോന്നി. കുറ്റബോധത്താൽ താഴ്ന്ന ശിരസ്സുമായി ദിതി കശ്യപരെ സമീപിച്ചു".
ദിതി പറഞു: "പ്രീയബ്രാഹ്മണാ!, ഞാൻ അന്ന് അങയോട് കാട്ടിയത് ഘോരമായ അപരാധമായിരുന്നു. മഹാദേവനെ ധിക്കരിച്ച് അന്ന് ഞാൻ അങയോട് അത്തരം കാട്ടിയിട്ടും, സർവ്വഭൂതങൾക്കും നായകാനായ ശ്രീപരമേശ്വരൻ നമ്മുടെ ഗർഭസ്ഥശിശുക്കളെ നശിപ്പിച്ചില്ല. അതുകൊണ്ട്, ക്ഷിപ്രകോപിയാണെ‌ങ്കിലും സേവിക്കുന്നവർക്ക് സകല ഐ‌ശ്വര്യങളും പ്രദാനം ചെയ്യുന്ന ആ ഭഗവാനെ ഞാൻ നമിക്കുക്കയാണ്. എന്റെ സഹോദരീഭർത്താവായ ശ്രീമഹാദേവൻ നിരാലംബരായ സകല സ്ത്രീകൾക്കും ഈശ്വരനാണ്. അതുകൊണ്ട് എന്നിലും ആ ഭഗവാൻ തന്റെ കാരുണ്യവർഷം പൊഴിച്ചിരിക്കുന്നു."
മൈത്രേയൻ പറഞു: "വിദുരരേ!, അവൾ കണ്ണീരൊഴിക്കിക്കൊണ്ട്, വേപധുഗാത്രയായി കശ്യപരെ നോക്കിനിന്നു. സന്ധ്യാവന്ദനം പോലും പൂർണ്ണമായി നിർവ്വഹിക്കുവാൻ കാത്തുനിൽക്കാതെ കേവലം പുത്രലാഭത്തിനും, കാമാപൂർത്തിക്കും വേണ്ടി ത‌ന്റെ ഭർത്താവിനെ ധർമ്മാചരണത്തിൽനിന്നും പിന്തിരിപ്പിച്ച ദിതിയിൽ കുറ്റബോധവും പശ്ചാത്താപവും കൊടുമ്പിരിക്കൊണ്ടു".
കശ്യപൻ പറഞു: "ദേവീ!, നിനക്ക് അമംഗളം വന്നുഭവി‌ച്ചിരിക്കുന്നു. നിന്റെ മനസ്സ് ആ സമയം തീർത്തും കളങ്കപ്പെട്ടുപോയിരുന്നു. എന്റെ നിർദ്ദേശങളെ നീ തൃണതുല്യം നിരാകരിച്ചു. സർവ്വോപരി നീ ദേവതകളിൽ തികച്ചും ഉദാസീനയായിരുന്നു. ഇനി നാം പറയാൻ പോകുന്നത് നിന്നിൽ തി‌കച്ചും അതൃപ്തിയുളവാക്കുന്ന വസ്തുതയാണ്. എങ്കിലും നീ ആ സത്യ‌ത്തെ കേട്ടുകൊള്ളുക. അമംഗളമായ ആ പാപകർമ്മ‌ത്തിന്റെ ഫലമായി ധിക്കാരിയായ നിന്റെ പാപപങ്കിലമായ ഈ ഗർ‌ഭത്തിൽ വളരുന്ന ശിശുക്കൾ അധമന്മാരായ രണ്ട് പുത്രന്മാരായി പിറക്കും. നിർഭാഗ്യവതിയായ നിന്റെ ഈ കുപുത്രന്മാർ സർവ്വലോക‌ത്തിനും തീരാദുഃഖമായി മാറും. അവർ നിരപരാധികളും, പാവങളുമായ ജീവികളെ കൊല്ലുകയും, പുണ്യാ‌ത്മാക്കളെ പ്രകോപിപ്പിക്കുകയും ചെയ്യും. ആ സമയം സർ‌വ്വലോകാധാരനായ ഭഗവാൻ ഹരി അവിടെ അവതരിക്കുകയും, ഇന്ദ്രൻ തന്റെ ഇടിമിന്നലുകൾകൊണ്ട് പർവ്വതനിരകളെ ഇടിച്ചുതകർ‌ക്കുമ്പോലെ നിന്റെ ഈ ദുഷ്ടപുത്രന്മാരെ ഇല്ലാതാക്കുകയും ചെയ്യും".
ദിതി പറഞു: "ഹേ പ്രാണനാഥാ!, അങയുടെ ഈ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ ശീതള‌മാക്കിയിരിക്കുന്നു. എന്റെ മക്കൾ ഭഗവാൻ ഹരിയുടെ സുദർശനചക്രത്താൽ വധിക്കപ്പെടുമെന്നുള്ളതിൽ ഞാൻ സാന്ത്വനിക്കുകയാണ്. അതിൽപരമൊരു ഭാഗ്യം അവർക്കിനി കിട്ടാനില്ല. അവർ ജ്ഞാനികളായ ബ്രാഹ്മണരുടെ ശാപത്തിനിര‌യാകാതെ മരിക്കേണമേ എന്നായിരുന്നു ഞാൻ ആ കരുണാമയനോട് പ്രാർത്ഥിച്ചിരുന്നത്. കാരണം, ബ്രാഹ്മണശാപത്തിനിരയായവനോ, സഹജീവികളിൽ കാരുണ്യമില്ലാത്തവനോ, അവരെ സദാ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നവനോ ആയ ഒരു ജീവനെ, തന്നെപ്പോലെ നരകവാസികളായതോ, ഇനി തന്റെ വംശജരായവരോ പോലും സ്നേഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുകയില്ല".
കശ്യപൻ പറഞു: "ദേവീ!, നിന്റെ ഈ കണ്ണീരിന്റേയും, പശ്ചാതാപത്തിന്റേയും, സത്ബുദ്ധിയുടേയും ഫലമായി, ഭഗവാൻ ഹരിയിൽ നിനക്കുള്ള അചഞ്ചലമായ ഭക്തിയുടേയും വിശ്വാസത്തിന്റേയും ഫലമായി, നിനക്ക് ഭഗവാൻ രുദ്രനിലും നമ്മിലുമുള്ള ഭയഭക്തിയുടേയും ഫലമായി, നിന്റെ പുത്രന്മാരൊരുവനിൽ (ഹിരണ്യകശിപുവിൽ) ഭഗവാൻ ഹരിയുടെ ഉത്തമഭക്തനായ ഒരു മഹാത്മാവ് ജനി‌ക്കും. ലോകത്തിൽ അവന്റെ (പ്രഹ്‌ളാദന്റെ) കീർത്തി ഭഗവാൻ ഹരിയോളം തന്നെ വാഴ്ത്തപ്പെടുകയും ചെയ്യും. മാറ്റ് കുറഞ സ്വർണ്ണം തരം തിരിക്കപ്പെടുന്നതുപോലെ, പവിത്രമായ ജീവന്മാർ ചിത്തശുദ്ധിക്കും ഈശ്വരപ്രാപ്തിക്കും വേണ്ടി ആ ഭക്തോത്തമന്റെ പാദത്തെ സദാ പിന്തുടരുകയും ചെയ്യും. അങനെയുള്ള ഭക്തന്മാർ ഭഗവത്സായൂജ്യമല്ലാതെ മറ്റൊന്നും ഈശ്വരനോട് ആവശ്യപ്പെടുകയില്ല. അവർ എപ്പോഴും സന്തുഷ്ടരായി പരമാനന്ദം നുകർന്നുകഴി‌യുന്നു. അങനെ നി‌ന‌ക്കുണ്ടാകാൻ പോകുന്ന ആ പൗത്രൻ തികഞ വിവേകിയും ബുദ്ധിശാലിയുമായിരിക്കും. അവൻ സർവ്വാത്മാ‌ക്കളിൽ വച്ച് പരിശുദ്ധനും മുക്തനുമായിരിക്കും. പക്വമായ അവന്റെ ഭക്തിവൈഭവം കൊണ്ട് അവൻ സദാ ആത്മാനന്ദത്തിൽ ലീനനായിരിക്കുകയും ചെയ്യും. ദേഹാവസാനത്തിൽ വൈകുണ്ഠപ്രാപ്തിയും ആ ജീവന് കൈവരുന്നതായിരിക്കും. സർവ്വഗുണസമ്പന്നനായ ആ ഭക്തോത്തമന് അന്യരുടെ സുഖദുഃഖങളിൽ തന്മയീഭാവ‌മുണ്ടാകുകയും, അവൻ ലോക‌ത്തിന്റെ മുഴുവൻ സങ്കടങളെ ഇല്ലാതാക്കുകയും ചെയ്യും. ഉച്ഛസ്ഥസൂര്യൻ മറയുമ്പോഴുണ്ടാകുന്ന ഹൃദ്യമായ പൂർണ്ണചന്ദ്രനെപ്പോലെ ആ പുണ്യാത്മാവ് സകല ജീവനിലും കുളിർമ്മയേകും. മാത്രമല്ലാ, സകലഭൂതങളുടേയും ഇച്ഛാനുസരണം‌തന്നെ തന്റെ അദ്ധ്യാത്മദർശനമരുളുന്ന ലക്ഷ്മീപതിയായ ഭഗവാൻ വിഷ്ണു, സ്ഫുരിക്കുന്ന കനകകുണ്ഡലങളിഞ ഭഗവാൻ ഹരി നിന്റെ പൗത്രന്റെ അകവും പുറവും നിറ‌ഞുവാഴുകയും ചെയ്യും".
മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ തനിക്കു പിറക്കാൻ പോകുന്ന പുത്രന്മാരുടെ ഭാവിയും, അവർ ഭഗവാനാൽ വധിക്കപ്പെടുമെന്ന സത്യത്തേയും, തന്റെ പൗത്രൻ ഭഗവാൻ വിഷ്ണുവിന്റെ ഉത്തമഭക്തനായി ജന്മമെടുക്കുമെന്ന വൃത്താന്തവും, തന്റെ ഭർത്താവായ കശ്യപപ്രജാപതിയിൽ നിന്നു കേട്ടറിഞ ദിതി മനഃശ്ചാഞ്ചല്യം നീങി മുക്തയായി.
ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം പതിനാലാമധ്യായം സമാപിച്ചു.

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 14 - സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം:-

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 14
സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം:-
***************************************
ശ്രീശുകൻ പറഞു: "ഹേ രാജൻ!, അങനെ മൈത്രേയമുനിയിൽ നിന്നും ഭഗവാൻ ഹരിയുടെ വരാഹാവതാരമഹിമയെ പാനം ചെയ്ത് ഭക്തിയുടെ പാവനരതിയിൽ മുങിയിട്ടും വിദുരർ സംതൃപ്തനാ‌കാതെ മൈത്രേയമുനിയോട് വീണ്ടും യാചിച്ചു."
വിദുരർ പറഞു: "പ്രഭോ!, ആദിദൈത്യനായ ഹിരണ്യാക്ഷനെ ഭഗവാൻ യജ്ഞവരാഹമൂർത്തിയുടെ രൂപത്തിൽ വന്ന് ഹനിച്ച വൃത്താന്തം ഞാൻ അവിടുത്തെ കൃപയാൽ കേട്ടറിഞു. ഹേ മഹാമുനേ!, ഭഗവാൻ ഭൂമീദേവിയെ സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നും വീണ്ടെടുത്ത് തന്റെ അദ്ധ്യാത്മലീലകളാടുന്നസമയം എന്തിനുവേണ്ടിയായിരുന്നു ഹിരണ്യാക്ഷൻ ഭഗവാനോട് യുദ്ധത്തിനായി പുറപ്പെട്ടുവന്നതെന്ന സന്ദേഹം എന്റെ ബുദ്ധിയെ കാർന്നുതിന്നുകയണ്. അടിയന്റെ ഈ സംശയത്തെ നിവാരണം ചെയ്തനുഗ്രഹിക്കുവാൻ അങയോട് പ്രാർത്ഥിക്കുകയാണ്."
വിദുരരുടെ ശ്രവണവൈഭവത്തിൽ സന്തുഷ്ടനായ മൈത്രേയമുനി തുടർന്ന് ഭഗവത്കഥകളെ പറഞുതുടങി: "ഹേ വീരാ!, ഭവാൻ ചോദിച്ചത് മനുഷ്യൻ എന്നെന്നും അറിയേണ്ട ശാശ്വതമായ ഭഗവത്തത്വം തന്നെയാണ്. അതൊന്നുമാത്രമാണ് ഇവിടെ മർത്യനെ ജനനമരണചക്രത്തിൽനിന്നും എന്നെന്നേയ്ക്കുമായി മോചിപിക്കുന്ന ഏക ഉപാധി. ദേവർഷി നാരദനിൽ നിന്ന് ഈ ബ്രഹ്മതത്വത്തെ ഗ്രഹിച്ചുകൊണ്ടായിരുന്നു ഉത്താനപാദന്റെ പുത്രനായ ധ്രുവൻ മൃത്യുവിന്റെ ശിരസ്സിൽ തന്റെ പാദം വച്ചു‌കൊണ്ട് അവനിൽ വിജയം വരിച്ചതും, ധ്രുവപദം ചേർന്നതും. വിദുരരേ!, ഭഗവാൻ ഹരിയും ഹിരണ്യാക്ഷനുമായുള്ള ഈ യുദ്ധത്തിന്റെ കഥ ഞാൻ കേട്ടത് ഏകദേശം ഒരു വർഷം മുമ്പ് ആദികവിയായ ബ്രഹ്മദേവനിൽ നിന്നുമായിരുന്നു. ദേവതകൾക്ക് അദ്ദേഹം ഇതുപദേശം ചെയ്യുന്നസമയം ഞാനും അവിടെ ഉപസ്ഥിതനായിരുന്നു.
പണ്ട് ദക്ഷപ്രജാപതിയുടെ പുത്രി ദിതി പുത്രലാഭം കാംക്ഷിച്ചുകൊണ്ട് കാമം കത്തുന്ന കണ്ണുകളുമായി തന്റെ ഭ‌ർത്താവും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതിയെ സമീപിച്ച് തന്റെ ആഗ്രഹമുണർത്തിച്ചു. പക്ഷേ അതൊരു സന്ധ്യാവേളയായിരുന്നതിനാൽ കശ്യപ‌ന് അതിൽ വൈമനസ്യമു‌ണ്ടായി. സൂര്യൻ അസ്തമിച്ച ആ യാമത്തിൽ കശ്യപപ്രജാപതി സന്ധ്യാവന്ദനം കഴിഞ് ഭഗവാൻ വിഷ്ണുവിൽ അർത്ഥലീനനായിരിക്കുകയായിരുന്നു. ദിതി കാമപരവശയായി അവിടെയെത്തി കശ്യപരോട് പറഞു: "ഹേ പണ്ഡിതശ്രേഷ്ഠാ!, കാമദേവൻ തന്റെ കൂരമ്പുകൾ കൊണ്ട് എന്റെ മനസ്സിനെയിതാ ഭ്രമിപ്പിച്ചിരിക്കുന്നു. മദമിളകിയ ആന വാഴകൾ കുത്തിമറിക്കുന്നതുപോലെ എന്റെ മനസ്സ് കാമത്തിന് വശഗതമായി പ്രക്ഷുബ്ദമായിക്കൊണ്ടിരിക്കു‌ന്നു. അവിടുത്താലല്ലാതെ ഇതിനൊരു നിവൃത്തി ഞാൻ കാണുന്നില്ല. അങയുടെ മറ്റ് ഭാര്യമാരുടെ ഐശ്വര്യം എന്റെ മനസ്സിനെ വല്ലാതെ അസൂയപ്പെടുത്തുകയാണ്. പുത്രലാഭത്തിനുവേ‌ണ്ടി ഞാൻ മറ്റൊരു വഴി കാണുന്നുമില്ല. എന്റെ ഈ ആഗ്രഹം സഫലമാക്കുന്നതോടെ അങേയ്ക്കും നല്ലതുമാത്രമേ സംഭവി‌ക്കുകയുള്ളൂ. ഒരു സ്ത്രീ ഈ ലോകത്ത് ആദരിക്കപ്പെടുന്നത് അവൾ തന്റെ ഭർത്താവിന്റെ സ്നേഹത്തിന് പാത്രമാകുമ്പോഴാണ്. അതുപോലെ അങും ലോകത്തിൽ വാഴ്ത്തപ്പെടുന്നത് അവിടുത്തെ പുത്രപൗത്രാദികളാലാണ്. അവിടുത്തെ ജന്മത്തിന്റെ ഉദ്ദേശ്യം തന്നെ പ്രജാവർദ്ധനം തന്നെ. പണ്ട്, സംപൂജ്യനായ ഞങളുടെ പിതാവ് ഞങളെ ഓരോരുത്തരേയും അരികിൽ വിളിച്ച് ഭാവിവരനെക്കുറിച്ച് ഞങൾക്കുള്ള സങ്കൽപ്പങളെക്കുറിച്ച് ചോദിക്കുമായിരുന്നു. ഞങളുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് അദ്ദേഹം തന്റെ ഹൃദയത്തോട് ചേർത്തുവളർത്തിയ ഞങൾ പ‌തിമൂന്ന് പെണ്മക്കളെ അങേയ്ക്ക് വിവാഹം ക‌ഴിച്ചുതന്നു. അന്നുമുതൽ ഞങളെല്ലം അങയിൽ ഭക്തിയോടെയും പാതിവൃത്യത്തോ‌ടെയും കൂടിയാണ് ജീവിക്കുന്നതും. അതുകൊണ്ട് ഈയുള്ളവളുടെ ആഗ്രഹപൂർത്തി അങ് നിറവേറ്റണം. ആശ്രിതരെ കൈയൊഴിയുന്നതും അങയെപ്പോലുള്ള മഹാത്മാക്കൾക്ക് ചേർന്നതല്ലെന്നും ഞാൻ മനസ്സിലാക്കുന്നു".
മൈത്രേയൻ തുടർന്നു: "മഹാനായ വിദുരരേ, ഒരു കാമഭ്രാന്തിയെപ്പോലെ കലപിലാ ചിലച്ച് പണ്ഡിതഭാവത്തിൽ സംസാരിച്ചുകൊണ്ട് ദിതി കശ്യപരുടെ ഹൃദയത്തെ ഇളക്കിമറിച്ചു."
കശ്യപൻ ദിതിയോട് പറഞു: "അല്ലയോ ഭവതി!, നിനക്ക് പ്രിയമായ‌തെന്തും സാധിച്ചുതരാൻ നാം ബാധ്യസ്ഥനാണ്. കാരണം, മോക്ഷപ്രാപ്തി കർമ്മാവസാനലക്ഷ്യമായി പ്രയത്നിക്കുന്ന നമ്മെ ത്രൈമാർഗ്ഗികങളായ ധർമ്മാർത്ഥകാമാദികൾക്ക് അനുസൃതമായി ജീവിതം നയിക്കാൻ നീ മാത്രമാണ് നമുക്ക് ഏകാശ്രയമായുള്ളത്. ജലായനങളുടെ സഹായത്താൽ ഒരുവൻ ദുസ്തരമായ സമു‌ദ്രം താണ്ടുന്നതുപോലെ സംസാരിയായ ഒരുവന് വ്യസനാർണ്ണവം കടക്കുന്നതിൽ തന്റെ സഹധർമ്മിണിയുടെ സഹായം അത്യന്താപേക്ഷിതമാണ്. ഹേ മാനിനി!, ഭർത്താവിന്റെ സുഖദുഃഖങളെ തുല്യമായി പകുത്തനുഭവിക്കുന്ന ഒരു ഭാര്യ മാത്രമാണ് അർദ്ധാംഗിനി എന്ന വിശേഷണത്തിനു അനുയോജ്യയാകുന്നത്. ഗൃഹസ്ഥാശ്രമാന്തത്തിൽ തന്റെ സകലതും ഇവളെ വിശ്വസിച്ചേൽപ്പിച്ച് ഒരുവന് മോക്ഷത്തിന്റെ വഴിയിലേക്ക് ഇറ‌ങിപുറപ്പെടാൻ കഴിയും. തുറമുഖം കാക്കുന്ന ഒരു സൈന്യാധിപൻ എത്രകണ്ട് നിസ്സാരമായാണോ നുഴഞുകയറ്റക്കാരായ കടൽകൊള്ളക്കാരെ വകവരുത്തുന്നത്, അത്രകണ്ട് നിസ്സാരമായി ഒരുവൻ ഉത്തമയായ തന്റെ ഭാര്യ‌യുടെ സഹായപരിചരണങളാൽ തന്റെ ഇ‌ന്ദ്രിയങളെ സംയമനം ചെയാൻ സാധിക്കുന്നു. ഇത് മറ്റൊരു ആശ്രമധർമ്മത്തിലും കാണാത്ത ഒന്നാണ്. ഹേ ഗൃഹേശ്വരി!, നിങൾ ഭാര്യമാർ ചെയ്യുന്ന ഈ നിസ്സ്വാർത്ഥസേവ‌നം ഞങൾ പുരുഷ‌ന്മാരാൽ സാധിക്കു‌ന്നതല്ല. അതിനുപകരം വയ്ക്കാനും ഞങളുടെ പക്കൽ യാതൊന്നും തന്നെയില്ല. നിങളോടുള്ള ഈ കടപ്പാട് ഈ ജന്മം കൊണ്ടോ, വരും ജന്മങളിലോ പോലും തീർത്താൽ തീരാത്തതാണ്. ഇനി വ്യക്തിഗതമായ ഗുണഗണങളാൽ സമ്പന്ന‌രായവരാൽ പോലും അ‌ത് അസാധ്യമാണ്. പുത്രന്മാർക്കുവേ‌ണ്ടി പരിതപ്തമായ നിന്റെ മനസ്സിനെ കാമം കീഴ്പ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും നിന്റെ ആഗ്രഹം നാം പൂർത്തിചെയ്യുന്നുണ്ടു. പക്ഷേ ഇത് സ‌ന്ധ്യായാമമാണ്. നിനക്കൽപ്പം കൂടി കാത്തിരിക്കേ‌ണ്ടതുണ്ടു. ഭൂതഗണനാഥനായ ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ ഭൂതഗണങൾക്കൊപ്പം യാത്രചെയ്യുന്ന സമയമാണി‌ത്. ആയതിനാൽ ഈ യാമം നിന്റെ ആഗ്രഹനിവൃത്തിക്ക് തികച്ചും അനുചിതമാണ്. ഋഷഭാരൂഡനായ ഭഗവാ‌നെ നോക്കൂ!. കളങ്കമറ്റ ആ ചുവന്ന ശരീരം കണ്ടില്ലേ?. അതിൽ ചിതാഭസ്മമാണ് പൂശിയിരിക്കുന്നത്. കാറ്റും പൊടിയുമേറ്റ് ആ കേശഭാരം നന്നേ ജടമൂ‌ടിയിരിക്കുന്നത് നോക്കൂ!. ഒരർത്ഥത്തിൽ ഭഗവാൻ മഹാദേവൻ നമ്മുടെ ഇളയ സഹോദരനാണ്. അവന് ബന്ധുവായും ശത്രു‌വായും ഇവിടെ ആ‌രും തന്നെയില്ല. എന്നാൽ സകലതും അവന് സ്വന്തമാണ് താനും. എല്ലാം അവനൊരുപോലെയാണ്. അവൻ പ്രപഞ്ചത്തിൽ പ്രിയത്തോടെയും അ‌പ്രിയത്തോടെയും യാതൊരുവസ്തുവിനേയും കാണുന്നില്ല. ആയതിനാൽ ഞങളെല്ലാം ആ മഹാദേവന്റെ പദധൂളികൾ ശിരസ്സിലേറ്റി അവനെ നമസ്ക്കരിക്കുന്നു. ഞങൾ അവന്റെ ഉച്ചിഷ്ടത്തെ പൂജിക്കുകയും, ആദരവോടെ അവയെ സ്വീകരിക്കുകയും ചെയ്യുന്നു.‌ ഇങനെ അദ്ധ്യാത്മസ്വരൂപനായ ആ ശ്രീപര‌മേ‌ശ്വരനെയാണ് ഇവിടെ സർവ്വഭൂതങളും ഹൃദയത്തിലേറ്റി നടക്കുന്നത്. പക്ഷേ അവനാകട്ടെ, ഒരു പിശാചെന്ന‌പോലെ വർത്തിച്ചുകൊണ്ട് തന്റെ ഭക്തന്മാരെ സംസാരചക്രത്തിൽ നിന്നും മോചിതരാക്കുന്നു. സദാ പരമാത്മാവിൽ ലീനനായി കഴിയുന്ന ആ പരമഗുരുവിനെ നോക്കി വിഢികൾ പരിഹസിക്കുന്നു. അഹോ! കഷ്ടം!, ഈ മടയന്മാർ നായ്ക്കളുടെ ആഹാരമായ ഈ ഭൗതികശരീരത്തിനെ പട്ടുവസ്ത്രവും, പൂമാലയും, ആഭരണങളും‌ കൊണ്ടല‌ങ്കരിച്ച് അതിനെ താനെന്നഭിമാനിക്കുന്നു. സാക്ഷാൽ വി‌രിഞ്ചൻ പോലും തന്റെ സ്വധർമ്മത്തെ ആചരിക്കുന്നത് അവനെ പ്രമാണമാക്കിയാണ്. ഇവിടെ സകലഭൂതങൾക്കും മൂലകാരണമായിരിക്കുന്ന മായാശക്തിയെ നിയന്ത്രിക്കുന്നതും അവൻ തന്നെ. അതുകൊണ്ട് പുറമേ കാണുന്ന അവന്റെ ഉന്മത്തരൂപം കണ്ട് നാം തെറ്റിദ്ധരിക്കേ‌ണ്ടതില്ല. അതിനെ വിഢംബനമണെന്നറിഞുകൊള്ളുക."

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 13 വരാഹാവതാരം - ( തുടർച്ച )

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 13 വരാഹാവതാരം
( തുടർച്ച )
മൈത്രേയമുനി തുടര്‍ന്നു: "അല്ലയോ വിദുരരേ!, ഇങനെ ഭൂമിയെ ഗര്‍ഭോദകത്തില്‍നിന്നും വീണ്ടെടുക്കുവാനായി ബ്രഹ്മദേവന്‍ ദീര്‍ഘകാലം ചിന്താധീനനായി. താന്‍ സൃഷ്ടികര്‍മ്മം നിര്‍‌വ്വഹിക്കുന്നവേളയില്‍ ഭൂമി പ്രളായാധിക്യത്തില്‍ സമുദ്രത്തിന്റെ അഗാധതയിലേക്ക് ആണ്ടുപോയതും, സൃഷ്ടികര്‍മ്മത്തിലേര്‍പ്പെട്ട തനിക്ക് ഭഗവാനല്ലാതെ ഇതിനായി മറ്റൊരു ശക്തി തന്നെ തുണയ്ക്കുവാനില്ലെന്നും ബ്രഹ്മദേവന്‍ ഓര്‍ത്തു. ബ്രഹ്മദേവന്‍ ഇങനെ ചിന്തിച്ചിരിക്കവേ പെട്ടെന്ന് അദ്ദേഹത്തിന്റെ നാസാരന്ധ്രത്തിലൂടെ തള്ളവിരലിന്റെ മേല്‍ഭാഗത്തോളം വരുന്ന ഒരു ചെറിയ വരാഹരൂപം പുറത്തേക്ക് വന്നു. പിറന്നയുടന്‍ തന്നെ ആകാശത്തില്‍ അത്ഭുതകരമാംവണ്ണം ഭീമാകാരമായ ഒരു ഗജം കണക്ക് ആ രൂപം വളര്‍ന്നുയര്‍ന്നു. അതികായനായ ആ സൂകരരൂപത്തെക്കണ്ട് വിസ്മയം പൂണ്ട് ബ്രഹ്മദേവനും, മനുവും, മരീചി, സനകാദികൾ തുടങിയ മുനിമാരും ചേർന്ന് ആ അത്ഭുതരൂപത്തെ ചൊല്ലി വാദപ്രതിവാദങളിലേർപ്പെട്ടു.
ബ്രഹ്മാവ്‌ പറഞ്ഞു : "വരാഹരൂപത്തിൽ വന്ന ഈ രൂപം വളരെ ആശ്ചര്യമായിരിക്കുന്നു. അതും എന്റെ നാസാരന്ധ്രങളിലൂടെ. അഹോ! അത്യാശ്ചര്യം തന്നെ. ഒരു തള്ളവിരലിന്റെ പാതിയോളം വലിപ്പത്തിൽ പിറന്ന ഈ രൂപം അടുത്ത ക്ഷണത്തിൽ വളർന്ന് ഒരു കൂറ്റൻ പാറപോലെ ബൃഹത്തായിരിക്കുന്നു. നാം ഈ രൂപത്തെക്കണ്ട് ഭ്രമിച്ചുപോകുകയണ്. ഇനി ഭഗവാൻ ഹരി തന്ന വരാഹമൂർത്തിയായി അവതരിച്ചതായിരിക്കുമോ എന്ന് നാം സംശയിക്കുകയാണ്".
മൈത്രേയൻ പറഞ്ഞു : "ബ്രഹമദേവൻ ഇങനെ ഈ അത്ഭുതരൂപത്തെപറ്റി തന്റെ പുത്രന്മാാരുമായി സസൂക്ഷ്മം ചർച്ചചെയ്യുന്നതിനിടയിൽ വരാഹമൂർത്തിയായ ഭഗവാൻ നാരായണൻ ഒരു മഹാപർവ്വതമെന്നപോലെ അത്യുച്ഛത്തിൽ അലറി. അസാധാരണമയ ആ അദ്ധ്യാത്മധ്വനിയിൽ ബ്രഹ്മദേവനും, അവിടെയുണ്ടായിരുന്ന മറ്റ് ബ്രാഹ്മണന്മാരും നന്നേ ആഹ്ളാദിച്ചു. ആ ശബ്ദം നാനാദിക്കുകളിലും മാറ്റൊലികൊള്ളകയും, ശുഭോദർക്കമായ ആ മംഗളനാദം കേട്ട് ജനലോകത്തിലും, തപോലോകത്തിലും, സത്യലോകത്തിലുമുള്ള പണ്ഡിതന്മാരും ഋഷികളും വേദോക്തങളായ ഭഗവന്മഹാചരിതങളെ പാടിക്കൊണ്ട് വരാഹമൂത്തിയെ സ്തുതിച്ചതുടങി.
ഭക്തോത്തമന്മാരായ അവരുടെ പ്രാർത്ഥനയെ ഹൃദയത്തിലേറ്റി അതിലുണ്ടായ ആനന്ദാതിരേകസൂചകമായ ഗർജ്ജനത്തോടെ ഒരു ജഗവീരൻ ജലത്തിൽ ക്രീഡ ചെയ്യുമ്പോലെ ഭഗവാൻ ആ മഹാജലധിയിലേക്ക് മുങിത്താണു. ഭൂമിയെ ആ മഹാസമുദ്രത്തിൽനിന്ന് വീണ്ടെടുക്കുന്നതിനുമുൻപായി സൂകരമൂർത്തി ജലത്തിൽനിന്നും ആകാശത്തിലേക്ക് കുതിച്ചുയരുകയും, തന്റെ വാൽ ശൂന്യാകാശത്തിൽ ചുഴറ്റിയടിക്കുകയും ചെയ്തു. ഇടതൂർന്ന രോമരാജികൾ വായുവിൽ ആടിയുലഞു. പരമചൈതന്യവത്തായ ആ മഹാരൂപം അനന്താകാശത്തിലെ കാർമേഘങൾ അവന്റെ കുളമ്പുകളേറ്റും കൊമ്പുകളേറ്റും നാലുപാടും ചിന്നിചിതറി. അധമമെന്ന് അജ്ഞാനികൾ കരുതുന്ന സൂകരവേഷം പൂണ്ടുവന്ന അദ്ധ്യാത്മസ്വരൂപനായ ഭഗവാന്റെ മായാലീലകൾ അപാരം തന്നെ. ജലത്തിന്റെ അടിത്തട്ടിലെത്തി ഭഗവാൻ ഭൂമീദേവിയെ അവിടെമാകെ മണത്തന്വേഷിച്ചു. ഭയാനകമായ തന്റെ അദ്ധ്യാത്മരൂപത്തെ നോക്കി സ്തുതിഗീതങളിലൂടെ തന്റെ ലീലകളെ വാഴ്ത്തിനിൽക്കുന്ന ആ ബ്രാഹ്മണരേയും ഋഷികളേയും ഭഗവാൻ തന്റെ അപാരമായ കരുണയോടെ ഒന്നു നോക്കിക്കൊണ്ട് സമുദ്രത്തിലേക്കെടുത്തുചാടി. അവൻ ഒരു മഹാപർവ്വതമെന്നതുപോലെ ജലത്തിൽ നീർക്കുഴിയിട്ട് സഞ്ചരിച്ചു. തനിക്കുനേരേ വന്നടുത്ത രണ്ട് കൂറ്റൻ തിരമാലകളെ ഭഗവാൻ അത്യുഗ്രവേഗത്തിൽ തച്ചുടച്ചു. ആ തിരമാലകൾ സമുദ്രദേവതയുടെ കൈകൾ പോലെ തോന്നിച്ചു.
ആ തിരമാലകൾ ഭഗവാനോട് പ്രാർത്ഥിച്ചു. "ഹേ കാരുണ്യമൂർത്തേ!, ഞങളെ രണ്ടായി ഛേദിക്കാതിരിക്കുക. ഞങളിതാ അവിടുത്തെ ചരണാരവിന്ദത്തിൽ അഭയം പ്രാപിക്കുന്നു".
മൈത്രേയൻ തുടർന്നു: "ഭഗവാൻ തന്റെ കൊമ്പുകൾകൊണ്ട് ജലത്തെ കീറിമുറിച്ചുകൊണ്ട് കൂരമ്പുപോലെ സമുദ്രത്തിന്റെ അഗാധതയിലേക്ക് താഴ്ന്നിറങി. അനന്തമായ ആ അർണ്ണവത്തിന്റെ അതിർവരമ്പുകളിലൂടെ സഞ്ചരിച്ച് ഒടുവിൽ സർവ്വ ഭൂതങൾക്കും നിവാസസ്ഥലമായ ഭൂമീദേവിയെ ഭഗവാൻ കണ്ടെടുത്തു. അവൾ സൃഷ്ടിയുടെ ആദിയിലെന്നവണ്ണം സമുദ്രത്തിന്റെ അടിത്തട്ടിൽ നിമഗ്നയായി കിടക്കുകയായിരുന്നു. ഭഗവാൻ വരാഹമൂർത്തി അവളെ നി‌ഷ്‌പ്രയാസം തന്റെ തേറ്റമേലേറ്റി അവിടെനിന്നും മുകളിലേക്കുയർത്തി. അദ്ധ്യാത്മചൈതന്യം നിറഞ ഭീകരമായ ആ മുഖത്ത് കോപം സുദർശനമെന്നപോലെ ജ്വലിച്ചുനിന്നു. കാലങളോളം നീണ്ട അതിഘോരമായ യുദ്ധത്തിനുശേഷം ഭഗവാന്റെ വരാഹരൂപം ആദിദൈത്യനായ ഹിരണ്യാക്ഷനെന്ന ആ മഹാസുരനെ വധിച്ചു ഭൂമീദേവിയെ വീണ്ടെടുത്തു. മൃഗേന്ദ്രൻ ആനയെയെന്നതുപോലെ ഭഗവാൻ ഹിരണ്യാക്ഷനെ പിച്ചിചീന്തിയെറിഞു. ആന ചെമ്മണ്ണിൽ തന്റെ കൂറ്റൻ കൊമ്പുകൾ കുത്തിയിറക്കിയാലെന്നപോലെ, വരാഹമൂർത്തിയുടെ ചുണ്ടും, നാക്കും, കുളമ്പുകളുമെല്ലാം ചോരപുരണ്ട് ചുവന്നിരുന്നു. വെളുത്തുവളഞ തന്റെ തേറ്റമേലേറ്റി ഭൂമിയെ മുകളിലെത്തിച്ച വരാഹം നീലനിറത്തിൽ തിളങിനിന്നു. ബ്രഹ്മാദിദേവതകൾ ആ ഭഗവാന്റെ ശിരസ്സാ നമിച്ചുകൊണ്ട് സ്തുതിഗീതങൾ പാടി.
ദേവതകൾ വാഴ്ത്തി: "ആരാലും പരാജിതനാകാത്ത, സർവ്വയജ്ഞഭുക്കായ, ഹരേ നാരായണാ!, അവിടുന്നു ധന്യനാണ്. അവിടുന്ന് എന്നെന്നും വിജയിക്കുമാറാകട്ടെ!. ഹേ വേദരൂപനായ ഭഗവാനേ!, അങയുടെ രോമകൂപങളിലൂടെ ഈ സമുദ്രജലം ഒഴുകിലയിക്കുന്നു. ഇന്ന് ഭൂമീദേവിയെ ഈ മഹോദധിയിൽനിന്നും കരകയറ്റുവാനായി മാത്രം നീയിതാ ഞങളുടെമുന്നിൽ വരാഹമൂർത്തിയായി അവതാരമെടുത്തുനിൽക്കുന്നു. ഹേ ദേവാ!, യജ്ഞപൂജ്യനായ അങയെ നാസ്തികരായ ജീവന്മാർക്ക് വ്യക്തമാകുന്നില്ല. സകല വേദമന്ത്രങളും, ഗായത്രിമന്ത്രങളുമെല്ലാം അങയുടെ സ്പർശനകാരുണ്യത്തെക്കുറിച്ചുമാത്രം കീർത്തിക്കുന്നു. ദർഭപ്പുല്ലുകൾ അവിടുത്തെ തനുരുഹങളും, കണ്ണുകൾ പരിശുദ്ധമായ നറുംവെണ്ണപോലെയും, ചതുർഹോത്രങൾ അങയുടെ നാലുപാദങളായും നിലകൊള്ളുന്നു. ഹേ നാരായണാ!, അങയുടെ നാവും, നാസയും, ഉദരവും, കർണ്ണരന്ധ്രങളും, വായും, തൊണ്ടയും, എല്ലാം യജ്ഞോപാധികളായ താലങളാണ്. അങ് ചവച്ചിറക്കുന്ന നാനാദ്രവ്യങൾ അഗ്നിഹോത്രവുമാകുന്നു. അവിടുത്തെ ഓരോ അംഗങളും ലോകത്തിൽ നാനാവിധ ഐശ്വര്യങൾക്കും കാരണമായി നിലകൊള്ളുന്നു. കർമ്മത്തിനും, ബന്ധത്തിനും, മോക്ഷത്തിനുമെല്ലാം നീ തന്നെ കാരണമാകുന്നു. കാലാകാലങളിൽ കൈക്കൊള്ളുന്ന അവിടുത്തെ ഓരോ അവതാരങളും ലോകത്തിന്റെ സർവ്വമംഗളത്തിനായ്ക്കൊണ്ട് ഭവിക്കുന്നു. ഹേ ഭഗവാനേ!, ജ്ഞാനികൾ അവിടുത്തെ വീര്യത്തെ സോമയജ്ഞമെന്ന് ഉദ്ഘോഷിക്കുന്നു. അവിടുത്തെ ത്വക്കും, സ്പർശരസങളുമെല്ലാം അഗ്നിസ്തോമത്തിന്റെ സാമഗ്രികളായി അവർ കണക്കാക്കുന്നു. അവിടുത്തെ അംഗസന്ധികളെല്ലാം ദിനംതോറും ആചരിക്കപ്പെടുന്ന നാനായാഗങളുടേയും യജ്ഞങളുടേയും പ്രതീകങളായി ഇവിടെ അറിയപ്പെടുന്നു. ചുരുക്കത്തിൽ അവിടുത്തെ ഈ അദ്ധ്യാത്മികശരീരം സോമാസോമാദി മഹായജ്ഞങളുടെ സാധനസാമഗ്രികളായി നിലകൊള്ളുന്നു. ഹേ ദേവാ!, ഈ പ്രപഞ്ചം മുഴുവൻ വേദമന്ത്രങളാ‌ലും, യാഗയജ്ഞാദികളാലും, കീർത്തനങളാലും, വാഴ്ത്തിസ്തുതി‌ക്കപ്പെടുന്ന സാക്ഷാൽ പരബ്രഹ്മമായി ഞങളറിയുന്നു. വ്യക്താവ്യക്തങളായ സകല പ്രാപഞ്ചിക വസ്തുവിഷങളിൽ നിസ്പൃഹരായ ജീവന്മാർക്കുമാത്രവേ അങ് വേദ്യമാകുന്നുള്ളൂ. അതുകൊണ്ട് അഖിലത്തിനും ഗുരുവായും, അദ്ധ്യാത്മസ്വരൂപനായും വർത്തിക്കുന്ന നിന്നെ ഞങളിതാ പ്രണമി‌ക്കുന്നു. ഭൂമീദേവിയുടെ സങ്കടം തീർത്ത ഹേ നാരായണാ!, ജലത്തി‌ൽനിന്ന് നീ ഉയർത്തിയെടുത്ത പർവ്വതനിബിഢമായ ഈ ധരിത്രി, മദോന്മത്തനായ ഒരു ആനയുടെ മസ്തകത്തിലിരിക്കുന്ന ഇലകളോടുകൂടിയ താമരപ്പൂപോലെ, നിന്റെ തേറ്റമേൽ ശോഭിക്കുന്നു. അവളിൽ നിരനിരയായിനിൽക്കുന്ന കൊടുമുടികളുടെ അഗ്രഭാഗം മേഘപടലങളോടൊപ്പം ചേർന്ന് അതിമനോഹരമായിർക്കുന്നു. ഭൂമീദേവിയെ ദംഷ്ട്രമേലേറ്റി നിൽക്കുന്ന അവിടുത്തെ ഈ ദിവ്യകളേബരഭംഗി ഞങളാലവർണ്ണനീയമാണ്. ഹരേ നാരായണാ!, സകലഭൂതങൾക്കും ജനനിയായ ഭീമീദേവിയുടെ സങ്കടതീർത്തുരക്ഷിച്ച നീ അവളുടെ നാഥനാണ്. എപ്രകാരമാണോ പണ്ഡിതനായ ഒരു യജ്ഞാചാര്യൻ അരണിയിൽ അഗ്നിയു‌ണ്ടാക്കുന്നത്, അപ്രകാരം നീ അവളിൽ നിന്റെ ശക്തിയെ വിക്ഷേപിക്കുന്നു. സർവ്വശക്തനായ അവിടുന്നല്ലാതെ മറ്റൊരു ശക്തിക്ക് ഇവളെ ഈ മഹാസങ്കടത്തിൽ നിന്ന് രക്ഷിക്കുവാൻ കഴിയുകയില്ലായിരുന്നു. ഇത്ര മനോഹരവും ബൃഹത്തുമായ ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച അങേയ്ക്ക് ഇച്ചൊന്നതെല്ലാം അല്പകാര്യമാണെന്നറിയാം. അങനെയുള്ള നിന്നിലിതാ ഞങൾ ശരണം പ്രാപിക്കുകയാണ്. ഭഗവാനേ!, ഞങൾ പുണ്യമായ ജനലോകത്തിലും, തപോലോകത്തിലും, സത്യലോകത്തിലും ജീവിക്കുന്നവരാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. എന്നിരുന്നാലും, അവിടുന്ന് ഈ ദിവ്യശരീരം കുടഞപ്പോൾ അവിടുത്തെ രോമങളിൽനിന്നും ചിതറിത്തെറിച്ചുവീണ പുണ്യാഹജലകണങളാൽ ഞങളിതാ പരിശുദ്ധരായിരിക്കുന്നു. ഭഗവാനേ അവിടുത്തെ ലീല‌കളെ അവർണ്ണനീയമായും നിസ്സീമമായും അറിയാത്തവർ വിഢികളാണ്. പ്രപഞ്ചത്തിൽ സർവ്വഭൂതങളും അനന്തമായ അവിടുത്തെ വീര്യത്താൽ സമ്പൂർണ്ണമാണ്. ഞങളിൽ അങനെയുള്ള അവിടുത്തെ കാരുണ്യം പൊഴിയുമാറാകണം."
മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ ബ്രഹ്മാദിദേവതകളാലും, ഋഷീശ്വരന്മാരാലും സ്തുതിക്കപ്പെട്ട സർവ്വഭൂതപാലകനായ ഭഗവാൻ മഹാവിഷ്ണു, വരാഹമൂർത്തിയായി അവതരിച്ച്, ഭൂമിയെ തന്റെ തേറ്റമേലേറ്റി ജലോപരിതലത്തിൽ പ്രതിഷ്ഠിച്ചതിനുശേഷം, ദേവതകളേയും, ഋഷിവര്യന്മാരേയും അനുഗ്രഹിച്ച്, തന്റെ ധാമത്തിലേക്ക് മടങി.
യാതൊരു‌വനാകട്ടെ, ഉത്തമശ്‌ളോകനായ ഭഗവാൻ ഹരിയുടെ, വരാഹാവതാരചരിതം കീർ‌ത്തിക്കുന്നുവോ, അവന്റെ ഹൃദയനിവാസനായ ഭഗവാൻ സദാ അവനിൽ സന്തുഷ്ടനായി പ്രസാദിക്കുന്നു. ആ സന്തുഷ്ടിക്കുമുകളിൽ, ആ പ്രസാദത്തിനുമുകളിൽ, അവന് ഇവിടെ യാതൊന്നും തന്നെ നേടേണ്ടതായി വരുന്നില്ല. കാരണം ഭഗവത്സായൂജ്യമൊഴിഞ് മറ്റെല്ലാം അർത്ഥശൂന്യമാണെന്ന പാരമാർത്ഥികസത്യം അവന് ബോധ്യമാകുന്നു. യാതൊരുവനാണോ കരുണാമൂർത്തിയായ ആ ഭഗവാനിൽ ഭക്തിവയ്ക്കുന്നത്, അന്റെ ഹൃദയാന്തർഭാഗത്തു കുടികൊണ്ടുകൊണ്ട് ആ പരമപുരുഷൻ അവനെ അദ്ധ്യാത്മികതയുടെ ഊർദ്ദ്വലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നു. മനുഷ്യനായിപ്പിറന്നവരാരാണിവിടെ മോക്ഷപ്രാപ്തിക്ക് ഇച്ഛി‌ക്കാത്തത്?. അവന്റെ ലീലാമൃതപാനം ആർക്കാണ് രുചിക്കാത്തത്?. കാരണം, ആ പരമാനന്ദാമൃതം പാനം ചെയ്യൂന്നതോടെ ഒരുവൻ സകല പ്രാപഞ്ചികവിഷയബാധകളിൽനിന്നും രക്ഷനേടി മുക്തനായി വൈകുണ്ഠപ്രാപ്തിക്ക് പാത്രമാകുന്നു.
ശ്രീമദ്ഭാഗവതം, തൃതീയസ്കന്ദം, പതിമൂന്നാമധ്യായം സമാപിച്ചു.

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 13 വരാഹാവതാരം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 13 വരാഹാവതാരം
ശുകാചാര്യര്‍ പരീക്ഷിത്തു മഹാരാജാവിനോട് പറഞു: "ഹേ രാജന്‍!, മൈത്രേയമുനിയില്‍ നിന്നും ഭഗവാന്റെ സത്ചരിത്രങള്‍ ആവോളം കേട്ടിട്ടും വിദുരര്‍ക്ക് തൃപ്തി വന്നില്ല. ആ പരമാത്മാവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനായി അദ്ദേഹം മൈത്രേയമുനിയോട് വീണ്ടും പ്രാര്‍ത്ഥിച്ചു.
വിദുരര്‍ പറഞു: "അല്ലയോ മഹാമുനേ!, ബ്രഹ്മപുത്രനായ സ്വായംഭുവമനു സ്നേഹമയിയായ തന്റെ പ്രിയപത്നി ശതരൂപയെ സ്വീകരിച്ചതിനുശേഷം എന്തൊക്കെയായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മപദ്ധതികള്‍?. ആദിനൃപനായ മനുഭഗവാന്‍ ഹരിയുടെ ഉത്തമദാസനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ശ്രേയസ്സിനെക്കുറിച്ച് കൂടുതുതല്‍ അറിയുവാന്‍ അടിയനിച്ഛിക്കുക്കയാണ്. ഭഗവാന്റെ സത്ചരിത്രങളെ ശ്രദ്ധയോടും ഭക്തിയോടും യഥേഷ്ടം ശ്രവിക്കുവാന്‍ തല്പരരായ ഉത്തമഭക്തന്‍മാര്‍ എപ്പോഴും ആ പരമപുരുഷന്റെ ഭക്തോത്തമന്മാരെ മാത്രമാണ് ആശ്രയിക്കുന്നത്. കാരണം, അത്തരം ഗുരുശ്രേഷ്ഠന്മാര്‍ സദാകാലം മോക്ഷപ്രദായകനായ ആ പരമാത്മാവിന്റെ പദകമലത്തെ ഹൃദയത്തില്‍ വച്ചാരധിക്കുന്നു."
ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, ശ്രീകൃഷ്ണപരമാത്മാവിന്റെ നിര്‍മ്മലപാദങള്‍ തന്റെ മടിയില്‍‌വച്ച് പൂജിച്ച് സ്നേഹിച്ച പരമഭക്തനായിരുന്നു വിദുരര്‍. അതറിയാമായിരുന്ന മൈത്രേയരില്‍ വിദുരരുടെ വാക്കുകള്‍ അത്യന്തം ആനന്ദമുളവാക്കി. തുടര്‍ന്ന് അദ്ദേഹം വിദുരരോട് വീണ്ടും സംസാരിച്ചുതുടങി."
മൈത്രേയമുനി പറഞു: വിദുരരേ!, മനുഷ്യകുലത്തിനുമുഴുവന്‍ പിതാവായി പിറന്ന സ്വായംഭുവമനു സ്വപത്നിയോടൊപ്പം വേദഗര്‍‌ഭനായ ബ്രഹ്മദേവനെ പ്രാജ്ഞലികൂപ്പി വണങിക്കൊണ്ടു പറഞു. "ഹേ ബ്രഹ്മദേവാ!, അവിടുന്ന് ഈ കാണായ ജഗത്തിന്റെയൊക്കെയും പിതാവാണ്. അവയുടെ നിലനില്പ്പിനും പരമഹേതു അങുതന്നെ. ഞങള്‍ അങയെ ഏതുവിധം സേവിക്കണമെന്ന് അരുളിചെയ്താലും. ഹേ ആരാധ്യദേവാ!, അടിയങളുടെ ശക്തിക്കൊത്തവണ്ണം അങയെ സേവിക്കുന്നതിനും, അതുവഴി ഇവിടെ, ഈ ജന്മത്തില്‍ ആവേളം യശ്ശസ്സു നേടുന്നതിനും, അനന്തരം, പരമഗതിയെ പ്രാപിക്കുന്നതിനും വേണ്ടി അവിടുത്തെ അനുഗ്രഹത്തിനായ്ക്കൊണ്ട് അടിയങളിതാ അവിടുത്തോട് പ്രര്‍ത്ഥിക്കുകയാണ്".
മനുവിന്റെ പ്രാർത്ഥനയിൽ പ്രസാദിച്ച വിധാതാവ് അദ്ദേഹത്തോട് പറഞു: "അല്ലയോ പുത്രാ!, നീ ഈ ലോകത്തിന്റെ നാഥനണ്. നിന്റെ പിതൃഭക്തിയില്‍ നാം സന്തുഷ്ടനായിരിക്കുന്നു. മാത്രമല്ലാ, നിനക്കും, നിന്റെ പ്രിയപത്നിക്കും നാം സര്‍‌വ്വനുഗ്രഹവും തന്ന് നാമിതാ അനുഗ്രിഹിക്കുന്നു. കാരണം നീ നിര്‍‌വ്യളീകമായി നമ്മുടെ അനുജ്ഞയ്ക്കായ്ക്കൊണ്ട് നമ്മില്‍ ശരണം പ്രാപിച്ചിരിക്കുന്നു. അല്ലയോ വീരാ!, പിതൃഭക്തിവൈഭവത്തില്‍ നീ എന്നും ഉത്തമോദാഹരണമായിരിക്കും. ഇതത്രേ ഏതൊരു പിതാവും തന്റെ സത്പുത്രനില്‍ നിന്നും കാംക്ഷിക്കുന്നത്. മത്സരബുദ്ധി വെടിഞവനും, വിവേകശീലനുമായ ഒരു പുത്രന്‍ തന്റെ പിതാവിന്റെ ഇംഗിതത്തെ തന്റെ കഴിവിനും ശക്തിക്കുമതീതമായി സാദരം നിറവേറ്റുന്നു. നമ്മുടെ അനുജ്ഞയെ കൈക്കൊള്ളുന്നതില്‍ അതീവതത്പരനായ നീ നിന്റെ പ്രിയപത്നിയോടൊപ്പം ചേര്‍ന്ന് നിന്നോളം ശ്രേഷ്ഠരായ പ്രജകളെ സൃഷ്ടിച്ചുകൊള്ളുക. പരമപുരുഷനായ ഭഗവാന്‍ ഹരിയില്‍ ഹൃദയമര്‍പ്പിച്ചുകൊണ്ട് ഈ ലോകത്തെ പരിപാലിക്കുക. അങനെ യജ്ഞചര്യകളിലൂടെ അവനെ ആരാധിക്കുക. ഹേ നൃപാ!, ഇവിടെ ഈ ഭൗതികലോകത്ത്, നിന്റെ പ്രജകളെ വേണ്ടവണ്ണം സം‌രക്ഷിക്കുവാന്‍ നീ പ്രാപ്തനാകുകയാണെങ്കില്‍ അതുതന്നെയായിരിക്കും നീ നമുക്ക് നല്‍കാവുന്ന ഏറ്റവും ശ്രേഷ്ഠമായ സേവനം. മാത്രമല്ലാ, അതുവഴി ഭഗവാന്‍ നിന്നില്‍ അത്യന്തം പ്രസാദിക്കുകയും ചെയ്യും. ജനാര്‍ദ്ധനനായ ഭഗവാന്‍ മാത്രമാണ് സര്‍‌വ്വയജ്ഞങളുടേയും സ്വീകര്‍ത്താവ്. അവന്‍ ഒരുവനില്‍ അസന്തുഷ്ടനായാല്‍ ഒരുവന്റെ അദ്ധ്യാത്മികപുരോഗതി തികച്ചും വിഫലമായിപ്പോകുന്നു. ആയതിനാല്‍ പരമാത്മാവായ ഭഗവാനെ പ്രസാദിപ്പിക്കാത്തവന്‍ യഥാര്‍ത്ഥത്തില്‍ തന്നില്‍ തന്നെ പ്രതിപത്തിയില്ലാത്തവനെന്ന് സാരം."
ഇങനെ ഭഗവന്മഹിമകളെ വാഴ്ത്തി തന്റെ മുന്നില്‍ നില്‍ക്കുന്ന ബ്രഹ്മാവിനോട് സ്വായംഭുവമനു പറഞു: "ഹേ സര്‍‌വ്വശക്തനും സര്‍‌വ്വപാപഹാരകനുമായ വിധാതാവേ!, അവിടുത്തെ സകല ആജ്ഞകളേയും ഞാനിതാ ശിരസ്സാവഹിക്കുന്നു. ഇപ്പോള്‍ അങ് ദയവായി ഞങള്‍ക്കും, ഞങളുടെ പിറക്കാനിരിക്കുന്ന സന്താനങള്‍ക്കും അധിവസിക്കുവാനുള്ള സ്ഥാനം ഏതെന്നരുളിചെയ്താലും. അല്ലയോ ദേവാദിദേവാ!, ഭൂമീദേവിയിതാ മഹാജലത്തില്‍ മുങിത്താണിരിക്കുന്നു. സകലഭൂതങളുടേയും നിവാസസ്ഥാനമായ അവളെ അങയുടേ പ്രയത്നത്താലും, ഭഗവാന്‍ ഹരിയുടേ പ്രസാദത്താലും മാത്രമേ വീണ്ടെടുക്കുവാന്‍ സാധിക്കൂ. അവിടുന്ന് ദയവായി അവളെ പുനഃരുദ്ധരിപ്പിച്ചാലും."
( തുടരും )

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം പന്ത്രണ്ടാമധ്യായം

ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം പന്ത്രണ്ടാമധ്യായം
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
സനകാദികള്‍ തുടങ്ങിയ മുനിമുഖ്യന്മാരുടെ ഉല്പത്തി.
( തുടർച്ച )
"ഒരിക്കല്‍ ബ്രഹ്മദേവന്‍ കഴിഞയുഗങളിലേതുപോലെ ഒരു സമ്പൂര്‍ണ്ണസൃഷ്ടിയെക്കുറിച്ചു മനനം ചെയ്യുകയായിരുന്നു. ആ സമയം അദ്ദേഹത്തിന്റെ നാല് തിരുമുഖങളില്‍നിന്നും വ്യത്യസ്ഥവിജ്ഞാനനിധികളായ നാല് വേദങളുത്ഭവിച്ചു. അതോടൊപ്പംതന്നെ യജ്ഞസാമഗ്രികളായ നാല് ഹോത്രങള്‍ - യജ്ഞകര്‍ത്താവ്, യജ്ഞസമര്‍പ്പകന്‍, യജ്ഞാഗ്നി, യജ്ഞദ്രവ്യം - എന്നിവയും, കൂടാതെ, ധര്‍മ്മത്തിന്റെ നാല് പാദങളായ സത്യം, തപസ്സ്, കരുണ, ശുചി എന്നിവയും ഉല്പന്നമായി."
വിദുരന്‍ പറഞു: "ഹേ തപോധനനായ മൈത്രേയമുനേ!, ബ്രഹ്മദേവന്റെ നാല് മുഖങളില്‍നിന്നായി നാല് വേദങള്‍ ഉത്ഭവിച്ചുവെന്നങ് പറഞുവല്ലോ, എന്നാല്‍ എങനെയാണ്?, ആരുടെ സഹായത്താലാണ് അദ്ദേഹം ഈ നാല് നിഗമതത്വങളെ ഇവിടെ പ്രചരിപ്പിച്ചത്?"
മത്രേയമുനി തുടര്‍ന്നു: "വിദുരരേ!, കേട്ടുകൊള്ളുക. ഇവിടെ ആദ്യമായി ഋക്, യജുര്‍, സാമം, അത്ഥര്‍‌വ്വം എന്നീ നാല് വേദങളായിരുന്നു ഉണ്ടായത്. തുടര്‍ന്ന് വിവിധ ശാസ്ത്രങളും, അനേകവിധ ആചാരങളും, എണ്ണമറ്റ സ്തുതിസ്തോമങളും, പ്രായഃശ്ചിത്തങളുമൊക്കെ ഒന്നിനുപിറകേ മറ്റൊന്നായി നിലവില്‍ വന്നുകൊണ്ടേയിരുന്നു. ഇതിനുപുറമേ ആയുര്‍‌വേദം, ധനുര്‍‌വേദം, ഗാന്ധര്‍‌വ്വം, തച്ചുശാസ്‌ത്രം മുതലായവയും ബ്രഹ്മദേവനില്‍ നിന്ന് വേദശാഖകളായി ഉടലെടുത്തു. സര്‍‌വ്വദര്‍ശനനായ വിധാതാവിന്റെ തിരുമുഖത്തുനിന്നും പിന്നീട് അഞ്ചാം‌വേധമായ പുരാണേതിഹാസങളും ആവിര്‍ഭവിച്ചു. അനന്തരം, ഷോഡഷീ, ഉക്തം, പുരീഷി, അഗ്നിസ്തോമം, ആപ്തോര്യമ, അതിരാത്രം, വാജപേയം, ഗോസവം എന്നീ വിവിധ യജ്ഞരൂപങളും വിരിഞ്ചന്റെ പൂര്‍‌വ്വവക്ത്രത്തില്‍നിന്നും രൂപം കൊണ്ടു. വിദ്യ, ദാനം, തപസ്സ്, സത്യം, എന്നിവയെ ധര്‍മ്മത്തിന്റെ നാല് പാദങളായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയുടെ അധ്യയനത്തിനും, ആചരണത്തിനുമായി ബ്രഹ്മദേവന്‍ വളരെയധികം അടുക്കും ചിട്ടയോടും കൂടി നാല് വര്‍ണ്ണാശ്രമവിധികളും രൂപകല്പനചെയ്തു.
തുടര്‍ന്ന് ബ്രഹ്മചാരിബ്രാഹ്മണര്‍ക്കുവേണ്ടിയുള്ള സാവിത്രകര്‍മ്മങളുണ്ടായി. അതിന്റെ അനുശാസനത്തിലൂടെ ഒരു ബ്രഹ്മചാരി വേദാധ്യായനം തുടങുന്നതുമുതല്‍ ഏറ്റവും കുറഞത് ഒരുവര്‍ഷക്കാലമെങ്കിലും മൈഥുനവിഷയകങളായ കാര്യങളില്‍നിന്നും വിട്ടുനില്‍ക്കണം, ജീവിതവ്യവഹാരങളില്‍ വേദാനുശാസനങള്‍ പൂര്‍ണ്ണമായും സര്‍‌വ്വപ്രധാനമായിരിക്കണം, ഗൃഹസ്ഥാശ്രമസംബന്ധിയായ സകലവിഷയങളിലും പ്രത്യേകനിയന്ത്രണം പാലിക്കണം, ചോദിക്കാതെ, ആരാലും ഉപേക്ഷിക്കപ്പെട്ട അന്നത്താല്‍ ജീവിതം നയിക്കണം, എന്നിങനെയുള്ള വിവിധ അനുഷ്ഠാനനിയമങള്‍ നിലവില്‍ വന്നു. വ്യാവഹാരികജീവിതത്തില്‍നിന്നും വിരമിച്ച് ഏകാന്തജീവിതം നയിക്കുന്നവരെ വൈഖാനസര്‍, വാലഖില്യര്‍, ഔദുംബരര്‍, ഫേനവാസര്‍ ഇന്നിങനെ വിവിധനാമങളില്‍ അറിയപ്പെടുന്നു. അതുപോലെ, സന്യാസദീക്ഷ സ്വീകരിച്ചവരാകട്ടെ, കുടീചകര്‍, ബഹവോദര്‍, ഹംസര്‍, നിഷ്ക്രിയര്‍ എന്നീ നാലുവിധത്തിലും അറിയപ്പെടുന്നു. ഇവരെല്ലാം ബ്രഹ്മമുഖത്തുനിന്നും ഉത്ഭവിച്ചവരാണ്.
അന്വീഷികി, ത്രയീ (അഥവാ ധര്‍മ്മം, സമ്പത്ത്, മോക്ഷം എന്നീ വേദോക്തപുരുഷാര്‍ത്ഥങള്‍), ആഗ്രഹപൂര്‍ത്തി, നീതിന്യായവ്യവസ്ഥിതികള്‍, ഭൂഃ, ഭുവഃ, സ്വഃ എന്നീ വേദമന്ത്രങള്‍ തുടങിയവയും ബ്രഹ്മമുഖത്തുനിന്നും ജന്യമായി. എന്നാല്‍ ഓം എന്ന പ്രണവമന്ത്രമാകട്ടെ, വിരിഞ്ചന്റെ ഹൃദയത്തില്‍നിന്നുമാണുണര്‍ന്നുയര്‍ന്നത്. അനന്തരം, അദ്ദേഹത്തിന്റെ രോമത്തില്‍നിന്നും, ഉഷ്ണിക്, ത്വചയില്‍നിന്ന് ഗായത്രി, മാംസത്തില്‍നിന്ന് ത്രിഷ്ടുപ്പ്, നാഡിയിനിന്ന് അനുഷ്ഠുപ്പ്, അസ്ഥിയില്‍ നിന്ന് ജഗതി, മജ്ജയില്‍നിന്ന് പംക്തി, പ്രാണനില്‍നിന്ന് ബ്രഹതി തുടങിയ വിവിധരസപ്രധാനങളായ പദ്യസാങ്കേതികത്വങളുമുണ്ടായി. തുടര്‍ന്ന്, അദ്ദേഹത്തിന്റെ ജീവനില്‍നിന്ന് സ്പര്‍ശാക്ഷരങളും, ഉടലില്‍നിന്ന് സ്വരാക്ഷരങളും, ഇന്ദ്രിയജന്യമായി ഊഷ്മാക്കളും, വീര്യോത്പന്നമായി യ, ര, ല, വ, തുടങിയ അന്തസ്താക്ഷരങളും, വിഹാരജമായി സപ്തസ്വരങളും ആവിര്‍ഭവിച്ചു. ശബ്ദബ്രഹ്മമായി ബ്രഹ്മദേവന്‍, ഭഗവാന്‍ ഹരിയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ആയതിനാല്‍ ബ്രഹ്മദേവന്‍ വ്യക്താവ്യക്തസ്വരൂപനായി നിലകൊള്ളുന്നു. ഇങനെ പരമാത്മസ്വരൂപത്തില്‍ നിത്യാനന്ദത്തോടെ വര്‍ത്തിക്കുന്ന ബ്രഹ്മദേവനില്‍ ഭഗവാന്‍ നാരായണന്റെ നാനാവിധശക്തിവിശേഷങളും നിക്ഷിപ്തമായിരിക്കുന്നു.
അങനെ തന്റെ അദ്ധ്യാത്മശരീരം ഉപേക്ഷിച്ച കമലാസനന്‍ ലൗകികമായ ഒരു പുതുശരീരം സ്വീകരിച്ചുകൊണ്ട് വീണ്ടും സൃഷ്ടികര്‍മ്മങളിലേര്‍പ്പെട്ടു. ഹേ കുരുനന്ദനാ!, പ്രബലരായ അനേകം ഋഷിവര്യന്മാരുണ്ടായിരുന്നിട്ടും പ്രജാവര്‍ദ്ധനം വേണ്ടതോതിലുണ്ടാകുന്നില്ല എന്ന കാര്യം ബ്രഹ്മാവ് കണ്ടറിഞു. അദ്ദേഹം ചിന്തിച്ചു: "അഹോ മഹാത്ഭുതം!, ഞാന്‍ എന്റെ സര്‍‌വ്വശക്തികളാലും സദാസമയവും, എല്ലായിടത്തും ഒരുപോലെ വ്യാപിച്ചിട്ടും, ലോകത്തില്‍ പ്രജകള്‍ വേണ്ടതോതിലുണ്ടാകുന്നില്ല. ഇതിന് വിധിയല്ലാതെ മറ്റൊരുകാരണം നാം കാണുന്നുമില്ല." തുടര്‍ന്ന്, ധ്യാനനിമഗ്നനനായി തന്റെ ദിവ്യത്വം അനുഭവിച്ചറിയുന്നതിനിടയില്‍ വിധാതാവില്‍നിന്നും മറ്റു രണ്ട് രൂപങള്‍ ഉടലെടുത്തു. ഒന്ന് സ്ത്രീരൂപത്തിലും, മറ്റൊന്നു പുരുഷരൂപത്തിലും. ഇന്നും ആ രൂപങള്‍ വിരിഞ്ചജന്യം അഥവ "കായം" എന്ന നാമത്തില്‍ കീര്‍ത്തിക്കപ്പെടുന്നു. പുതുതായുണ്ടായ ഈ ശരീരങള്‍ മൈഥുനത്തില്‍ ഒന്നായിച്ചേര്‍ന്നു. അതില്‍ പുരുഷഭാവം പൂണ്ട രൂപത്തെ സ്വായംഭുവമനുവെന്നും, സ്ത്രീഭാവത്തിലുണ്ടായ കായത്തെ ശതരൂപയെന്നും അറിയപ്പെട്ടു. തുടര്‍ന്ന് മൈഥുനത്തിലേര്‍പ്പെട്ട അവര്‍ ഒന്നിനുപിറകേ മറ്റൊന്നായി അനേകം തലമുറകള്‍ക്ക് ജന്മം നല്‍കി.
ഹേ ഭാരതാ!, കാലാന്തരത്തില്‍ സ്വായംഭുവമനുവിനും ശതരൂപയ്ക്കുമായി അഞ്ചുകുട്ടികളുണ്ടായി. പ്രിയവ്രതന്‍, ഉത്താനപാദന്‍, എന്നിങനെ രണ്ടു പുത്രന്മാരും, ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ നാമങളില്‍ മൂന്ന് പുത്രമാരും. അതില്‍ ആകൂതിയെ മഹാഋഷി രുചിക്കും, ദേവഹൂതിയെ കര്‍ദ്ദമപ്രജാപതിയ്ക്കും, പ്രസൂതിയെ ദക്ഷപ്രജാപതിയ്ക്കും വിവാഹം ചെയ്തുകൊടുത്തു.
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം പന്ത്രണ്ടാമധ്യായം സമാപിച്ചു.