Showing posts with label Sreemad Bhagavatham (ശ്രീമദ്‌ ഭാഗവതം). Show all posts
Showing posts with label Sreemad Bhagavatham (ശ്രീമദ്‌ ഭാഗവതം). Show all posts

Thursday, 3 July 2014

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം - അധ്യായം 10

3.10 വിദുരമൈത്രേയ സം‌വാദം - സൃഷ്ടിയുടെ വിഭജനം.
ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം - അധ്യായം 10
വിദുരന്‍ മൈത്രേയരോട് പറഞു: "ഹേ മഹാമുനേ!, ഭഗവാന്‍ ഹരി മറഞരുളിയതിനുശേഷം, എങനെയായിരുന്നു ബ്രഹ്മദേവന്‍ തന്റെ മനസ്സും ശരീരവുമുപയോഗിച്ച് ഈക്കണ്ട അനന്തകോടി നാമരൂപങളുടെ രചന നിര്‍‌വ്വഹിച്ചത്?. ഹേ പണ്ഡിതശ്രേഷ്ഠാ!, ഞാന്‍ അങയോട് ചോദിച്ച സകല ചോദ്യങള്‍ക്കും ഉത്തരം നല്‍കി എന്റെ സകലസന്ദേഹങളും തീര്‍ത്തുതരുവാന്‍ ഞാനിതാ അങയോട് പ്രാര്‍ത്ഥിക്കുകയാണ്."
സൂതന്‍ പറഞു: "ഹേ ഭൃഗുനന്ദനാ!, മഹാപണ്ഡിതനായ മൈത്രേയമുനി എല്ലാം അറിയുന്നവനായിരുന്നു. വിദുരന്റെ അപേക്ഷയെ മാനിച്ച് അഹ്ലാദചിത്തനായി അദ്ദേഹം വിരുരരുടെ ചോദ്യങള്‍ക്കെല്ലാം ഓരോന്നോരോന്നായി മറുപടിപറഞുതുടങി."
"വിദുരരേ!, ഭഗവാന്റെ അനുജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ട് ബ്രഹ്മദേവന്‍ വീണ്ടും നൂറ് ദിവ്യസം‌വത്സരങളോളം ഭഗവത് പ്രീതിക്കായി തീവ്രമായ തപസ്സനുഷ്ഠിച്ചു. പിന്നീടൊരിക്കല്‍ താനിരിക്കുന്ന താമരപ്പൂവും അതിന്റെ മൂലസ്ഥാനമായ ഭഗവാന്റെ നാഭീസരസ്സും അതിതീഷ്ണമായ ഒരു ചുഴലിയില്‍ അധിധ്രുതം ഉലഞാടുന്നത് ബ്രഹ്മദേവന്‍ മനസ്സിലാക്കി. പക്ഷേ ഒട്ടുംതന്നെ പരിഭ്രമിക്കാതെ തന്റെ ഏറെക്കാലത്തെ തപഃശക്തിയും ആത്മജ്ഞാനവും തന്നിലുണ്ടാക്കിത്തീര്‍ത്ത ആന്തരികമായ കരുത്തുകൊണ്ട് ബ്രഹ്മദേവന്‍ ആ ചുഴലിയെ ജലത്തോടൊപ്പം പാനം ചെയ്തുതീര്‍ത്തു. അനന്തരം, താന്‍ ഉപവിഷ്ടനായിരിക്കുന്ന കമലം പ്രപഞ്ചത്തോളം പരിവ്യാപ്തിയിലെത്തുന്നത് ബ്രഹ്മദേവന്‍ കാണുകയും, തുടര്‍ന്ന് പൂര്‍‌വ്വപ്രളയത്തില്‍ അതേ താമരയില്‍ നിമഗ്നമായിരുന്ന സര്‍‌വ്വലോകങളുടേയും പുനഃരചനയ്ക്കായി അദ്ദേഹം സങ്കല്പ്പം ചെയ്യുകയും ചെയ്തു. വിധാതാവ് ഭഗവദുപാസനയില്‍കൂടി തന്റെ താമരയുടെ കേന്ദ്രമണ്ഡലത്തിലേക്കിറങിച്ചെന്നു. പെട്ടെന്ന് അത് പ്രപഞ്ചം മുഴുവന്‍ പരക്കുന്നതുകണ്ട് ബ്രഹ്മദേവന്‍ അതിനെ ആദ്യം മൂന്നായും, പിന്നീട് പതിനാലായും ഭാഗിച്ചു.
അദ്ധ്യാത്മജ്ഞാനത്താലും ഭഗവത് ഭക്തിയാലും പ്രപഞ്ചത്തില്‍ അതീവതരം ശ്രേഷ്ഠനായ ചതുര്‍മുഖന്‍ ഇവിടെ അനന്തകോടി ജീവജാലങള്‍ക്ക് നിവസിക്കുവാനായി ഈരേഴ് പതിനാല് ലോകങള്‍ തീര്‍ത്തു."
ഇത്രയും കേട്ടപ്പോള്‍ വിദുരന്‍ മൈത്രേയമുനിയോട് ചോദിച്ചു. "അല്ലയോ മഹാപണ്ഡിതനായ മഹാമുനേ!, അത്ഭുതകര്‍മ്മണനായ ഭഗവാന്റെ മറ്റൊരു രൂപമാണല്ലോ അനാദ്യന്തമായ കാലം എന്നത്. എന്താണിതെന്നും, അതിന്റെ ലക്ഷണങളെന്തൊക്കെയെന്നതുംകൂടി ഞങള്‍ക്കവിടുന്ന് പറഞുതരണം."
തുടര്‍ന്ന് മൈത്രേയന്‍ വിദുരരുടെ ഈ ചോദ്യത്തിന് മറുപറിപറഞു: :"വിദുരരേ!, പ്രകൃതിഗുണങളായ സത്വരജസ്തമസ്സദികളുടെ പാരസ്പര്യവൃത്തികളുടെ ഉത്ഭവസ്ഥാനമാണ് അനന്തമായ കാലം. അത് അഭേദ്യമാണ്. പ്രപഞ്ചത്തില്‍ അദ്ധ്യാത്മമഹാലീലകള്‍ കൊണ്ടാടുന്നതിനായി സര്‍‌വ്വശക്തനായ ഭഗവാന്റെ കൈകളില്‍ ഒരുപകരണമായി ഈ കാലം തന്റെ സ്വധര്‍മ്മമാചരിക്കുന്നു.
വിശ്വം ഭഗവാനില്‍ നിന്നും പരിച്ഛിന്നമായി, ഭഗവാന്റെ അവ്യക്തവിശേഷലക്ഷണമായ കാലത്തിന്റെ മായാസ്വരൂപമായി, അവന്റെ മായാശക്തിവിശേഷത്തിന്നധീനമായ പ്രാപഞ്ചികവികാരങളായി നിലകൊള്ളുന്നു. മാത്രമല്ല, ഇന്ന് നാം കാണുന്ന ഈ ജഗത്ത് ഇന്നലെയുണ്ടായിരുന്നതുപോലെതന്നെ ഇനി ഭാവികാലങളില്‍ നിലനില്‍ക്കുകയും ചെയ്യും. ത്രിഗുണാത്മകമായിയുണ്ടാകുന്ന സൃഷ്ടിക്കുപുറമേ, നവവിധസൃഷ്ടികള്‍ വേറെയുമുണ്ട്. അതുപോലെ ഈ ജഗത്ത് കാലദ്രവ്യഗുണാദികളാല്‍ മൂന്ന് തരത്തില്‍ വിലയിക്കുകയും ചെയ്യുന്നു.
ഒന്‍പത് സൃഷ്ടികളില്‍ പ്രഥമം ഭൗതികസമഗ്രമായ മഹത്തത്വത്തിന്റെ സൃഷ്ടിയാണ്. ഇതിലത്രേ ഭഗവാന്റെ സാന്നിധ്യം കൊണ്ട് ഗുണത്രയങളുടെ പരിവര്‍ത്തനങള്‍ സംഭവിക്കുന്നത്. രണ്ടാമതുണ്ടായത് അഹങ്കാരതത്വം. ഇതില്‍ നിന്നും ഭൗതികദ്രവ്യം, ഭൗതികജ്ഞാനം, ഭൗതികകര്‍മ്മം മുതലായ ഉണര്‍ന്നു. മൂന്നാമതായി തന്മാത്രകളുടെ സൃഷ്ടിയിലൂടെ ഭൂതങളുത്പന്നമായി. നാലാമത് ക്രിയാത്മകമായ ജ്ഞാനമുടലെടുത്തു. അഞ്ചാമതായി ഇവിടെ സത്വഗണാതിരേകപരിണാമത്തിന്റെ ഫലമായി മനോമയമായ ഉപദേവതകളുടെ സര്‍ഗ്ഗമുണ്ടായി. തുടര്‍ന്ന് ആറാമത് ജീവികളിലെ അജ്ഞാനാന്തകാരമായ തമസ്സുത്ഭവിച്ചു. തത്ഫലമായി ശ്രേഷ്ഠന്മാര്‍ പോലും മന്ദമതികളായി.
വിദുരരേ!, ഇതുവരെ ഞാന്‍ പറഞതെല്ലം ആ പരമപുരുഷന്റെ മായാശക്തിയാലുണ്ടായ സൃഷ്ടികളെക്കുറിച്ചാണ്. ഇനി ബ്രഹ്മദേവനാലുണ്ടായിട്ടുള്ള സര്‍ഗ്ഗാവലികളെക്കുറിച്ച് കേട്ടുകൊള്ളുക. വിധാതാവ് രജോഗുണസമുത്ഭവനും പ്രാപഞ്ചികസര്‍ഗ്ഗസിദ്ധികളില്‍ ഭഗവാനോളം വൈഭവമുള്ളവനുമാണ്. ഏഴാമതായിയുണ്ടായത് അചരജീവഭൂതങളുടെ സൃഷ്ടിയായിരുന്നു. അവ പൂക്കളില്ലാതെ പഴം തരുന്ന വനസ്പതിമരം, ഔഷധികള്‍, ലതകള്‍, കുഴല്‍ചെടികള്‍, പരാന്നഭുക്കുകളായ ഇത്തിള്‍ലതകള്‍, ധ്രുമം, എന്നിങനെ ആറുവിധമായി ഉടലെടുത്തു. ഊര്‍ദ്ധരൂപികളായി വളര്‍ന്നുനില്‍ക്കുന്ന ഇത്തരം അചരസൃഷ്ടികള്‍ ബോധശൂന്യരാണെങ്കിലും, അവയ്ക്ക് നോവിന്റെ അനുഭൂതിയെ അറിയുവാന്‍ കഴിയുന്നു. അവ വ്യത്യസ്ഥവര്‍ണ്ണാഭമായി നിലകൊള്ളുന്നു.
ഇനി എട്ടാം സര്‍ഗ്ഗം പ്രപഞ്ചത്തിലെ താഴെത്തട്ടിലുള്ള ജീവികളാണ്. അവയാകട്ടെ, ഇരുപത്തിയെട്ട് വിഭാഗങളില്‍ വ്യത്യസ്ഥഗുണഗണങളോടെ ഭൂമുഖത്ത് വര്‍ത്തിക്കുന്നു. തികച്ചും ബോധശൂന്യരായ ഈവിധം താമസ്സസൃഷ്ടികള്‍ തങള്‍ക്കുവേണ്ട വിഭവങളെ മണത്തറിഞ് അനുഭവിക്കുന്നു. ഇവയ്ക്ക് ഒന്നുംതന്നെ ഓര്‍ത്തുവയ്ക്കുവാനോ വിചിന്തനം ചെയ്യുവാനോ സാധ്യമല്ല.
അല്ലയോ വിദുരരേ!, ഇത്തരം മൃഗങളില്‍ പശു, ആട്, പോത്ത്, കൃഷ്ണമാന്‍, സൂകരം, ഗവയം, മാന്‍, ചെമ്മരിയാട്, ഒട്ടകം, മുതലായവകള്‍ക്ക് ഇരുകുളമ്പുകള്‍ പ്രത്യേകതയാണ്. എന്നാല്‍ കുതിര, കോവര്‍കഴുത, കഴുത, കാട്ടുപോത്ത്, മലമ്പോത്ത്, കാട്ടുപശു, എന്നിവ ഒറ്റക്കുളമ്പുള്ള ജീവികളാണ്.
ഇനി അഞ്ച് വിരലുകളുള്ള മറ്റുജീവികളെക്കുറിച്ചു പറയാം. നായ, കുറുനരി, കടുവ, കുറുക്കന്‍, പൂച്ച, മുയല്‍, മുള്ളന്‍പന്നി, സിംഹം, കുരങന്‍, ആന, ആമ, ചീങ്കണ്ണി, ഗോസാപ എന്ന ഒരു പ്രത്യേകതരം പാമ്പ്, ഇവയൊക്കെ കാലില്‍ അഞ്ച് വിരലുകളും, നഖങളുമുണ്ട്. ഇവയെക്കൂടാതെ കൊക്ക്, പരുന്ത്, കൊറ്റി, കഴുകന്‍, ഭാസന്‍, ഭല്ലൂക്കന്‍, മയില്‍, അരയന്നം, സാരസം, ചക്രവാഗം, കാക്ക, മൂങ, മുതലായവകളൊക്കെ ബ്രഹ്മദേവന്റേതായ എട്ടാം സര്‍ഗ്ഗത്തില്‍ പെടുന്നു.
അല്ലയോ പുണ്യവാനായ വിദുരരേ!, അനന്തകോടിജീവജാലസഞ്ചയത്തിലെ ഒരേയൊരു പ്രാണി മാത്രമായ മനുഷ്യന്റെ സൃഷ്ടിയാണ് ഇവിടെ ഒമ്പതാം‌വട്ടമുണ്ടായത്. രജോഗുണം ഇക്കൂട്ടരില്‍ അതികരിച്ചുനില്‍ക്കുന്നു. ദുഃഖത്തിന്റെ ആഴക്കടലില്‍ മുങിത്താണിട്ടും ഇവര്‍ പ്രപഞ്ചസൃഷ്ടിയിലെ അത്യുന്നതശ്രേണിയിലുള്ളവരായും, ഏറ്റവും സന്തോഷവാന്മാരായും തങളെ സ്വയം വിലയിരുത്തുന്നു. ഹേ അനഘാ!, ദേവതകളുടെ സൃഷ്ടിയേയും, മേല്പ്പറഞ അന്ത്യത്തിലെ മൂന്ന് സൃഷ്ടികളേയും വൈകൃതസൃഷ്ടികളെന്നും, മറ്റുള്ളവയെ പ്രാകൃതസൃഷ്ടികളെന്നും പറയപ്പെടുന്നു. പക്ഷേ, ബ്രഹ്മസുതന്മാരായ സനകാദികുമാരന്മാരകട്ടെ, ഈ രണ്ട് ഭാവങളും ചേര്‍ന്നവരാണ്.
ഉപദേവതകള്‍, പിതൃക്കള്‍, അസുരന്മാര്‍, ഗന്ധര്‍‌വ്വാപ്സരസ്സുകള്‍, യക്ഷരക്ഷസ്സുകള്‍, സിദ്ധചാരണവിദ്ധ്യാധരാദികള്‍, ഭൂതപ്രേതപിശാചുക്കള്‍, കിന്നരര്‍, എന്നിങനെ എട്ടായി അന്തരപേറുന്ന ഗുണഗണങളോടെ ഈ സുരസഞ്ചയം വെളിവാകപ്പെട്ടു. ഇതെല്ലാം ജഗത്സൃഷ്ടാവായ ബ്രഹ്മദേവന്റെ രചനകളത്രേ!.
വിദുരരേ!, ഭഗവാന്റെ രജോഗുണസമ്പന്നമായ അവതാരമാണ് സൃഷ്ടികാരണനായ ബ്രഹ്മദേവന്‍. അദ്ദേഹം ഭഗവാന്റെ അനുപമമായ വീര്യത്താല്‍ യുഗങള്‍തോറും, തന്റെ കര്‍ത്തവ്യബോധത്തിലുറച്ചുകൊണ്ട് നിയതധര്‍മ്മം നിര്‍‌വ്വഹിച്ചുകൊണ്ടേയിരിക്കുന്നു. ഇനി ഞാന്‍ ഭവാനോട് പറയാന്‍ പോകുന്നത് യുഗാന്തരങളിലുണ്ടായ മനുക്കളുടെ ശ്രേണിയെക്കുറിച്ചാണ്.
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം പത്താമധ്യായം സമാപിച്ചു

Tuesday, 1 July 2014

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം - അധ്യായം 9

3.9 ബ്രഹ്മസ്തുതി.
ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം - അധ്യായം 9
പങ്കജാസനനായി ബ്രഹ്മദേവന്‍ ഭഗവാന്‍ ഹരിയെ സ്തുതിച്ചുതുടങ്ങി.
"ഭഗവാനേ!, എത്രയോ കാലങ്ങളായി ഞാന്‍ തപം ചെയ്തുവെങ്കിലും ഇന്നാണ് അങ്ങയുടെ അദ്ധ്യാത്മികരൂപത്തെ എനിക്ക് ദര്‍ശിക്കുവാന്‍ സാധിച്ചതും, അങ്ങയെ അറിയാന്‍ കഴിഞ്ഞതും. അനേകവിധം ശരീരങ്ങള്‍ ധരിച്ച്, അനന്തകോടിജീവന്‍‌മാര്‍ ഇവിടെ നിന്നെയറിയാതെ കാലം പോക്കുന്നു. എത്ര നിര്‍ഭാഗ്യവാന്‍‌മാരാണവര്‍!.... നാഥാ!, ഏകമായിയറിയേണ്ടത് നിന്നെ മാത്രമാണ്. കാരണം നിന്നെക്കവിഞ്ഞൊരു ശക്തി ഇവിടെ ഇല്ലതന്നെ. അവിടുത്തേക്കാള്‍ പരമമായ ഒരു ശക്തി എങ്ങനെയുണ്ടാകാനാണ്? ത്രിഗുണങ്ങളുടേയും മായയുടേയും വികാരഭാവത്തെ പ്രദര്‍ശിപ്പിച്ചുകൊണ്ട് നീ മാത്രമാണ് ഇവിടെ പരമസത്യമായി നിലകൊള്ളുന്നത്.
ഭഗവാനേ!, അങ്ങയുടെ അലൗകികമായ രൂപത്തെയാണ് ഞാനീക്കാണുന്നത്. ഈ ദിവ്യരൂപം തന്റെ ഭക്തര്‍ക്ക് ആവബോധരസമാകുന്ന നിന്റെ പരമകാരുണ്യത്തെ പ്രദാനം ചെയ്യുന്നു. ഈ ബൃഹത് രൂപത്തില്‍നിന്നാണ് അവിടുത്തെ മറ്റെല്ലാ അവതാരങളും പിറവിയെടുത്തിരിക്കുന്നത്. ഞാനും ഇതാ അവിടുത്തെ നാഭീപങ്കജത്തില്‍ അധിവസിച്ചുകൊണ്ട് അങ്ങയില്‍ തന്നെ ശരണം പ്രാപിച്ചിരിക്കുന്നു.
ഭഗവാനേ!, ഇതില്പരം അദ്ധ്യാത്മികമായും ആത്മജ്ഞാനപ്രദായകവുമായ ഒരു രൂപം ഞാന്‍ വേറെ കാണുന്നില്ല. അവിടുത്തെ ഈ കളേബരം പരമാനന്ദമാത്രവും, അവ്യയവും, നിര്‍‌വ്വികാരവുമാണ്. ഞാനാകട്ടെ എന്റെ ശരീരേന്ദ്രിയാദികളില്‍ അഭിമാനം കൊള്ളുമ്പോള്‍, അവിടുന്ന് ഈ സമസ്തപ്രപഞ്ചവും അവിടുത്തെ യോഗമായകൊണ്ട് നിര്‍മ്മിച്ച്, സര്‍‌വ്വത്തിനും കാരണമായി നിലകൊള്ളുന്നു. അതേസമയം തന്നെ അങ്ങ് ഇവയില്‍നിന്നൊക്കെയകന്ന് സര്‍‌വ്വസ്വതന്ത്രനായി നിലകൊള്ളുകയും ചെയ്യുന്നു.
അങ്ങനെയുള്ള അവിടുത്തേക്കെന്റെ പ്രണാമം.
ഭഗവാനേ!, ഞാനീക്കാണുന്ന രൂപമായിക്കോട്ടെ, അഥവാ യുഗങ്ങള്‍തോറുമുണ്ടാകുന്ന അങ്ങയുടെ ഏതവതാരഭാവവുമായിക്കോട്ടെ, അവ ഓരോന്നും ഈ പ്രപഞ്ചത്തിന് എക്കാലവും ശുഭമേകുന്നു. ഭക്തന്മാര്‍ നിത്യനിരന്തരമായി ഉപാസിക്കുന്ന അങ്ങയുടെ ഈ രൂപത്തിനുമുന്നില്‍ എന്റെ നമസ്കാരം. അവിടുത്തെ മായയില്‍ മുങ്ങി., ഘോരമായ നരകങ്ങളില്‍ പതിക്കുവാന്‍ വിധിച്ചിട്ടുള്ളവര്‍ അവിടുത്തെ ഈ അദ്ധ്യാത്മികരൂപത്തിനുനേരേ മുഖം തിരിക്കുന്നു. കാരണം, അവര്‍ ലൗകികവിഷങളില്‍ അത്യന്തം ആസക്തരാണ്. എന്നാല്‍ ഭക്തന്മാരാകട്ടെ, വേദമന്ത്രങ്ങളിലൂടെ പ്രകീര്‍ത്തിക്കപ്പെടുന്ന അവിടുത്തെ തൃപ്പാദമാഹാത്മ്യങ്ങളെ ശ്രോത്രേന്ദ്രിയങ്ങളിലൂടെ ഹൃദയത്തിലേറ്റി അങ്ങയില്‍ ഭക്തി ചെയ്യുന്നു. അവര്‍ അങ്ങയെ തങ്ങളുടെ ഹൃദ്ക്കമലങളില്‍ ഇളകാതെ വച്ചാരധിക്കുന്നു.
ഹേ ദേവദേവാ!, ലൗകികാസക്തിയില്‍ ഈ ലോകത്തിലെ മനുഷ്യരെല്ലാം സദാ ആശങ്കപ്പെട്ടിരിക്കുകയാണ്. അവര്‍ സദാസമയവും ധനത്തെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചും, സ്വന്തം ശരീരാദികളെക്കുറിച്ചുമൊക്കെ ആവലാതിപൂണ്ട് അവയെ സംരക്ഷിക്കുന്നതിലേക്കുള്ള തത്രപ്പാടിലാണ് കഴിയുന്നത്. അവരുടെ ഹൃദയത്തിലാകട്ടെ, എപ്പോഴും അനാവശ്യമായ ആഗ്രഹങ്ങളാലുണ്ടാകുന്ന സങ്കടം നിറഞ്ഞുതുളുമ്പിക്കൊണ്ടേയിരിക്കുന്നു. ഞാനെന്നും, എന്റേതെന്നുമുള്ള മിഥ്യാബോധത്താല്‍ അവരുടെ ബുദ്ധി ഭ്രമിച്ച് നശിച്ചിരിക്കുന്നു. എന്തായിരുന്നാലും ഈവക ദുഃഖങ്ങളില്‍ നിന്ന് മോചനമുണ്ടാകണമെങ്കില്‍ അവര്‍ക്കും അവിടുത്തെ തൃപ്പാദപത്മങളില്‍ ഭക്തിയുണ്ടാകേണ്ടത് അനിവാര്യമാണ്.
ഭഗവാനേ!, ഈശ്വരഭജനം കൂടാതെ അനാത്മീയമായി, അശുഭചിന്തകളെ കൂടെക്കൊണ്ടുനടക്കുന്ന ഈ മനുഷ്യരുടെ ബുദ്ധിയും അശുഭമായിഭവിക്കുന്നു. ഇങ്ങനെയുള്ളവര്‍ കുറച്ചുകാലത്തെ കാമവാഞ്ചക്കായി അശുഭവൃത്തികളില്‍പെട്ട് കാലം പോക്കുന്നു.
ഹേ ഉരുക്രമനായ ഭഗവാനേ!, ഈ മനുഷ്യരെല്ലാം ക്ഷുത്തൃഡാദികള്‍ക്കും, ശീതോഷ്ണങള്‍ മുതലായ ദ്വന്ദങ്ങളള്‍ക്കും അടിപ്പെട്ട് ജീവിതം കഴിക്കുന്നു. ഇവരുടെ ശരീരാന്തര്‍ഭാഗത്തുനിന്നുമുള്ള പിത്തരസം വമിച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവിച്ച് ദുഃഖിക്കുന്നു. ചുമച്ചും, കുരച്ചും, ഇവര്‍ രോഗാതുരരായിക്കഴിയുന്നു. മഴയോ, വെയിലോ, ഒന്നുംതന്നെ ഇവര്‍ക്ക് സഹനീയമല്ല. എന്നിട്ടും, കാമാഗ്നികൊണ്ടും, അടക്കാനാകാത്ത കോപം കൊണ്ടും, ഇവരുടെ വിവേകം മുച്ചൂടും നശിച്ചിരിക്കുന്നു. ഇവരുടെ ഈ ദുഃസ്സഹമായ അവസ്ഥയില്‍ ഞാനും അതീവദുഃഖിതനാണ്. ഭഗവാനേ!, ലൗകികദുരിതങ്ങള്‍ ഈ ജീവാത്മാക്കളുടെ യഥാര്‍ത്ഥസ്വരൂപത്തെ ഒരിക്കലും ബാധിക്കുകയില്ലെങ്കിലും, എന്നുവരെ അവര്‍ ഈ ശരീരത്തെ, അങ്ങയുടെ മായാവലയത്തില്‍പെട്ടു, ലൗകികഭോഗങ്ങള്‍ക്കായി വിട്ടുകൊടുത്തിരിക്കുന്നുവോ, അന്നുവരെ ഇത്തരം ദുരിതങ്ങള്‍ അവരെ വിട്ടൊഴിയാതെ നിഷ്ക്കരുണം പിന്തുടരുന്നു.
ഇങ്ങനെയുള്ള മനുഷ്യര്‍ പകല്‍ മുഴുവന്‍ അത്യാര്‍ത്തിയോടെ ബഹുവിധവിഷയങളില്‍ തങ്ങളുടെ മനസ്സും ഇന്ദ്രിയങ്ങളും വ്യാപൃതമാക്കുന്നു. തത്ഫലമായി രാത്രികാലങളില്‍ ഉറക്കമില്ലതെ കിടക്കയില്‍ കിടന്നുരുളുന്നു. കാരണം, അവരുടെ മനസ്സ് പകല്‍ മുഴുവന്‍ രചിച്ചുണ്ടാക്കിയ ഭാവനകളില്‍പെട്ടുഴലുമ്പോള്‍, ബുദ്ധി ഇടക്കിടെ അവരുടെ നിദ്രയ്ക്ക് ഭംഗം വരുത്തുന്നു. പ്രകൃതിശക്തികള്‍ക്കധീതമായ മാനസീകസങ്കല്പ്പങ്ങള്‍ ഓരോന്നായി കടപുഴകിവീഴുമ്പോള്‍, അവരുടെ ബുദ്ധിയുടെ സമനിലയും തെറ്റിപ്പോകുന്നു. ഋഷികളായാല്‍പോലും, അങ്ങയില്‍ പ്രസംഗവിമുഖരായാല്‍ തത്ഫലമായി അവര്‍ അലഞ്ഞുതിരിയേണ്ട അവസ്ഥാവിശേഷത്തിലേക്ക് എത്തിച്ചേരുന്നു.
ഭഗവാനേ!, അവിടുത്തെ മാഹാത്മ്യങ്ങള്‍ക്ക് ചെവി നല്കുന്ന മാത്രയില്‍ ഭക്തന്മാരുടെ ഹൃദയം പവിത്രമാകുന്നു. അങ്ങയുടെ കഥാശ്രവണത്താല്‍ തീര്‍ത്ഥീകൃതമാകുന്ന അവരുടെ മനസ്സുകളില്‍ അവിടുന്ന് പെട്ടെന്നുതന്നെ കുടിയേറിപാര്‍ക്കുകയും ചെയ്യുന്നു. യാതൊരു രൂപത്തില്‍ അവര്‍ നിന്നെ ഹൃദയത്തിലേറ്റുന്നുവോ, അതേ രൂപത്തില്‍ തന്നെ നീ അവര്‍ക്ക് ദര്‍ശനം നല്കി നിന്റെ കാരുണ്യവര്‍ഷം പൊഴിക്കുന്നു. നാരായണാ!, ബദ്ധകാമന്മാരായി പലേവിധം ഉപചാരങ്ങളോടുകൂടി നിന്നെ ആരാധിക്കുന്ന ദേവഗണങ്ങളില്‍പോലും നീ ഇത്രകണ്ട് സമ്പ്രീതനാകുന്നില്ല. പക്ഷേ, നിന്നില്‍ അകമഴിഞ്ഞ് ഭക്തിയെ നിറയ്ക്കുന്ന സാധുക്കളില്‍ ദയാകടാക്ഷം ചൊരിഞ്ഞുകൊണ്ട് അവരുടെ ഹൃദയപങ്കജത്തില്‍ നീ ആത്മസ്വരൂപനായി നിറഞ്ഞുപ്രകാശിക്കുന്നു. അതേസമയം, ഈശ്വരനില്‍ ദ്വേഷം വച്ചുപുലര്‍ത്തുന്നവര്‍ക്ക് നീ അപ്രാപ്യമായി നിലകൊള്ളുകയും ചെയ്യുന്നു. പക്ഷേ, മനുഷ്യന്‍ അവരവരുടെ സ്വധര്‍മ്മകര്‍മ്മങ്ങളെ ഭഗവാങ്കലര്‍പ്പിക്കുകയും, വേദാചരണങ്ങളിലൂടെയും, ദാനം തപസ്സ് തുടങ്ങിയവയുടെ അനുഷ്ഠാനത്തിലൂടെയും നിന്നെ ആരാധിക്കുകയും ചെയ്യുന്നതുവഴി അവര്‍ നന്മയുടെ പാതയിലേക്ക് നയിക്കപ്പെടുന്നു.
ശാശ്വതസ്വരൂപനായ അവിടുത്തേക്ക് എന്റെ നമോവാകം!. അവിടുത്തെ ഈ നിര്‍മ്മലരൂപം ധ്യാനിച്ച് ജീവന്മാര്‍ ആത്മസാക്ഷാത്ക്കാരം നേടുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, ലയിപ്പിക്കുന്ന പരമാനന്ദമൂര്‍ത്തിയായ അങ്ങയുടെ താമരപ്പാദങ്ങളില്‍ അടിയന്റെ പ്രണാമം!. യുഗങ്ങള്‍ തോറും പലവിധ രൂപഭാവങ്ങളിലവതരിച്ച്, നിസ്തുലഗുണങ്ങളോടുകൂടി, തന്റെ അദ്ധ്യാത്മലീലകളാടുന്ന അവിടുത്തെ പാദങ്ങളില്‍ ഞാനിതാ അഭയം തേടുന്നു. യാതൊരുവന്‍ തന്റെ മരണാഗമസമയത്ത് ബോധപൂര്‍‌വ്വമായാലും അല്ലെങ്കിലും, അവിടുത്തെ തിരുനാമം ഉച്ഛരിക്കുന്നുവോ, അവന്റെ ജന്മജന്മാന്തരപാപങ്ങള്‍ സകലതുമകന്ന് അവന്‍ നിന്നിലേക്കെത്തിച്ചേരുന്നു. അങ്ങിനെയുള്ള അവിടുത്തെ തൃപ്പാദങ്ങളില്‍ അടിയന്റെ നിത്യപ്രണാമം!.
ഈ പ്രാപഞ്ചികസര്‍ഗ്ഗതത്വത്തിന്റെ മൂലകാരണതത്വമായി അങ് നിലകൊള്ളുന്നു. ആ തത്വത്തിന്റെ ചില്ലകളായി ഞങളും. ഭഗവാനേ!, അങ്ങ് സ്വയം പരിപാലിക്കുന്ന ഈ പ്രപഞ്ചത്തെ ഞാന്‍ രചിക്കുകയും, ഗിരീശന്‍ അതിനെ സംഹരിച്ചു നിന്നിലടക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള നിന്നെ ഞാനിതാ നമസ്ക്കരിക്കുന്നു. ലോകം നിന്നിലേക്കുള്ള വഴിമറന്ന്, തങ്ങളുടെ ശരീരത്തെ സുഖിപ്പിക്കുന്നതിനും, നിലനിറുത്തുന്നതിനും വേണ്ടി, പലതരം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് പ്രവര്ത്തിക്കുന്നു. ഈ പ്രവര്‍ത്തികളില്‍ എത്രകാലം അവര്‍ വ്യാപൃതരായിരിക്കുമോ, അത്രകാലം അവരുടെ ഈ അശ്രാന്തപരിശ്രമം തികച്ചും ഛിന്നഭിന്നമായി പോകുന്നു. സത്യത്തില്‍ അവരറിയാത്ത അവരുടെ അഭയസ്ഥാനമായ അവിടുത്തെ തൃപ്പാദങ്ങളില്‍ എന്റെ നമസ്ക്കാരം.
അവിടുന്ന് സകലയജ്ഞങ്ങളുടേയും ഭോക്താവാണ്. അനന്തമായ കാലമാകുന്ന അവിടുത്തെ തൃപ്പാദങ്ങളില്‍ അടിയന്റെ നമോവാകം. അവിടുത്തെ കരുണയാല്‍ ദ്വിപരാന്തത്തോളം ഇവിടെ ഞാന്‍ നിലനില്‍ക്കുമെന്നെനിക്കറിയാം. പ്രപഞ്ചത്തിലെ മറ്റുപല ലോകങ്ങളുടേയും നായകനാണ് ഞാനെന്നെനിക്കറിയാം. അങ്ങയെ പ്രാപിക്കുവാന്‍ വേണ്ടി അനേകവര്‍ഷം ഘോരതപമനുഷ്ഠിച്ചവാനാണ് ഞാനെന്നെനിക്കറിയാം. എന്നാലും അവിടുന്നല്ലാതെ മറ്റൊരുഗതി ഞാന്‍ കാണുന്നില്ല. അതുകൊണ്ട് അവിടുത്തെ പാദാരവിന്ദങ്ങളില്‍ ഞാന്‍ ശരണം പ്രാപിക്കുകയാണ്.
ഭഗവാനേ!, അങ്ങ് യാതൊരു ഭേദവും കൂടാതെ ദേവന്മാര്‍ക്കിടയിലും, അന്യ ജീവജന്തുക്കള്‍ക്കിടയിലും ഒരുപോലെ അവതരിച്ച് അവിടുത്തെ ലീലകള്‍ കൊണ്ടാടുന്നു. ത്രിഗുണാധീതനായി, നിസ്പൃഹനായി, ധര്‍മ്മപരിപാലനാര്‍ത്ഥം യുഗാന്തരങ്ങളില്‍ ഈവിധം വിവിധവേഷധാരിയായി പ്രത്യക്ഷനാകുന്ന അങ്ങയെ ഞാനിതാ നമസ്ക്കരിക്കുന്നു.
ഭഗവാനേ!, ഭീമാകാരമായ പ്രളയജലധിയില്‍ അനന്തനുമേല്‍ പള്ളികൊണ്ട്, തത്വവിദുക്കള്‍ക്ക് അങ്ങ് അവിടുത്തെ യോഗനിദ്രയെ കാട്ടിക്കൊടുക്കുന്നു. ആ സമയം, പ്രപഞ്ചത്തിലെ സകലലോകങ്ങളും അവിടുത്തെ മഹാജഠരത്തില്‍ അഭയം കൊണ്ടുകഴിയുന്നു. ഹേ നാരായണാ!, അങ്ങയുടെ നാഭീപങ്കജത്തെ ഞാനിതാ എന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. അവിടുത്തെ അപാരകരുണയില്‍ ഞാന്‍ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍മ്മം ഏറ്റെടുത്തിരിക്കുന്നു. അഞ്ഞ്യോഗനിദ്രകൊള്ളുമ്പോള്‍ സകലലോകങളും ആ മഹോദരത്തില്‍ കേന്ദ്രീകൃതമായിരിക്കുന്നു. ഇപ്പോഴിതാ ഉഷസ്സില്‍ വിരിഞ്ഞ താമരപോലെ അങ്ങയുടെ നയനങളും തുറന്നുപ്രകാശിക്കുന്നു."
ബ്രഹ്മദേവന്റെ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. "ഇങ്ങനെയുള്ള അവന്‍ എന്നില്‍ കനിയുമാറാകണം. അവന്‍ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങള്‍ക്കും ഏകബന്ധുവും, ഏകാത്മാവുമാണ്. ആ ആദിനാരായണന്‍ സര്‍‌വ്വതിനേയും തന്റെ സര്‍‌വ്വൈശ്വര്യങ്ങളാല്‍ പരിപാലനം ചെയ്ത് ജഗത്ത്സര്‍‌വ്വത്തിന്റെ ക്ഷേമം കാത്തുസൂക്ഷിക്കുന്നു. മുന്നേപോലെയുള്ള അവന്റെ കാരുണ്യവര്‍ഷാനുഭൂതിയുടെ പ്രേമച്ഛായയില്‍ നിന്നുകൊണ്ട് എന്റെ നിയതമായ കര്‍മ്മാനുചരണത്തിനായി ഞാന്‍ അവന്റെ അനുഗ്രഹം തേടുകയാണ്. കാരണം ഞാനും അവന് പ്രിയപെട്ടവനും, അവിടുത്തെ തൃപ്പാദങ്ങളില്‍ അഭയം പ്രാപിച്ചവനുമാണ്. അവന്‍ പ്രപന്നാത്മാക്കളുടെ പരിപാലകനാണ്. അവന്‍ തന്റെ ആന്തരികശക്തിസ്രോതസ്സായ ശ്രീമഹാലക്ഷ്മിയിലൂടെ തന്റെ ധര്‍മ്മം ആചരിക്കുന്നു. എനിക്കുവേണ്ടത് ഈ ഭൗതികസൃഷ്ടിയുടെ സര്‍‌വ്വമംഗളത്തിനായി അവന്റെ അനുഗ്രഹം മാത്രം. കര്‍മ്മബന്ധത്താല്‍ തളയ്ക്കപ്പെടാതിരിക്കുവാനായി അവന്റെ കാരുണ്യം മാത്രം. അതുവഴി എന്നില്‍ കര്‍ത്തൃത്വബോധവുമോ, അഹങ്കാരമോ ഉണ്ടാകാതിരിക്കട്ടെ!.
അവന്റെ മഹിമകള്‍ അവര്‍ണ്ണനീയമാണ്. ആ പരമപുരുഷന്റെ നാഭീസരസ്സില്‍ നിന്നും മൊട്ടിട്ട സരോജത്തില്‍ ഈ പ്രപഞ്ചത്തിന്റെ പൂര്‍ണ്ണശക്തിയുമായി ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍, അവന്‍ പ്രലയജലധിയില്‍ യോഗനിദ്രകൊള്ളുന്നു. ഞാന്‍ അവന്റെ വിഭിന്നമായ മായാശക്തിയെ ഈ പ്രപഞ്ചമാക്കി പരിണമിപ്പിക്കുന്നുവെന്നുമാത്രം. ആയതിനാല്‍ എന്റെ കര്‍മ്മവസനത്തോളം വേദവിധികളുടെ ധര്‍മ്മപാതയില്‍ നിന്നും അണുവിട വ്യതിചലിക്കാതെ കാക്കുവാന്‍ ഞാന്‍ അവനോട് പ്രാര്‍ത്ഥിക്കുകയാണ്. ഏകനും, പരമകാരുണ്യവാനുമായ അവന്‍ മിഴിതുറന്ന് പുഞ്ചിരിതൂകി അടിയനെ ആശീര്‍‌വദിക്കുന്നതിനായി ഞാന്‍ ആ പരമപുരുഷനോട് യാചിക്കുകയാണ്. അവന്റെ ഹൃദയസ്പര്‍ശിയായ തെല്ല് വാക്കുകള്‍കൊണ്ടുമാത്രം ഈ പ്രപഞ്ചം സകലകുണ്ഠിതങ്ങളുമകന്ന്, ഉദ്ധരിക്കപ്പെടുന്നു."
മത്രേയമുനി തുടര്‍ന്നു: "വിദുരരേ!, ഇങ്ങനെ ബ്രഹ്മദേവന്‍ തന്റെ അസ്ഥിത്വകാരണമായ ഭഗവാനെ ദര്‍ശിച്ചറിഞ്ഞതിനുശേഷം, മനസ്സാവാചാ തന്നാലാകും‌വിധം ഭഗവാനെ പ്രകീര്‍ത്തിച്ചു. തുടര്‍ന്ന് തന്റെ തപജപധ്യാനംകൊണ്ട് തളര്‍ന്നമട്ടില്‍ ബ്രഹ്മാവ് പെട്ടെന്ന് നിശബ്ദനായി. വിധാതാവ് തന്റെ സ്വധര്‍മ്മമായ സൃഷ്ടികര്‍ത്തവ്യത്തെക്കുറിച്ച് അത്യന്തം ഉത്കണ്ഠിതനാണെന്നും, കൂടാതെ പ്രലയജലത്തെക്കണ്ട് നന്നേ വിഷണ്ണഭാവത്തിലിക്കുകയാണെന്നും ഭഗവാന്‍ മനസ്സിലാക്കി. അവിടുന്ന് ബ്രഹ്മാവിന്റെ മനഃശ്ചാഞ്ചല്യത്തെക്കുറിച്ചറിഞ്ഞുകഴിഞ്ഞിരിന്നു. ഭഗവാന്‍ അങ്ങേയറ്റം ഗുഹ്യമായ തന്റെ ഉപദേശത്തെ നല്‍കിക്കൊണ്ട് ബ്രഹ്മദേവന്റെ സകല മായാഭ്രമങ്ങളും മറച്ചരുളി.
ഭഗവാന്‍ ഹരി അരുളിചെയ്തു: "അല്ലയോ വേദഗര്‍ഭാ!, ഭവാന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഒന്നുകൊണ്ടും ഇന്ന് വ്യാകുലപ്പെടേണ്ടതില്ല. അവിടുത്തെ പ്രാത്ഥനയില്‍ നാം അതീവസന്തുഷ്ടനാണ്. ഹേ ബ്രഹ്മദേവാ!, നമ്മുടെ അനുഗ്രഹത്തിനായി ഇനിയും അങ്ങേയ്ക്ക് തപം ചെയ്യേണ്ടതുണ്ട്. അതിലൂടെ നാം അങ്ങേയ്ക്ക് സകലതും കാട്ടിത്തരുന്നതുണ്ട്. വിധാതാവേ!, ഭക്തിയുക്തസമാശ്രിതനായി അങ്ങ് തപസ്സിലൂടെ നമ്മെ സ്മരിക്കുമ്പോള്‍, അങ്ങയുടെ ഹൃദയത്തിലും അതുപോലെ സകലചരാചരങ്ങളിലും നമ്മുടെ സാന്നിധ്യം അങ്ങേയ്ക്ക് ദര്‍ശിച്ചറിയുവാന്‍ സാധിക്കും. അതുപോലെതന്നെ ഭവാനോടൊപ്പം ഈ പ്രപഞ്ചത്തേയും അതിലെ സകലചരാചരങ്ങളേയും അങ്ങ് നമ്മിലും കണ്ടറിയും. വിറകില്‍ അഗ്നിയെന്നതുപോലെ, സമസ്തപ്രപഞ്ചവും നമ്മില്‍ അധിവസിക്കുന്നത് ഭവാന്‍ നേരില്‍ കണ്ടനുഭവിക്കും. ആ അദ്ധ്യാത്മികാനുഭൂതിയില്‍ സകലകല്‍മഷങ്ങളുമകന്ന് ഭവാന്‍ മുക്തനാകും. ത്രിഗുണങ്ങളുടെ പിടിയില്‍നിന്നുമകന്ന് സ്ഥൂലസൂക്ഷ്മസങ്കല്പ്പങ്ങള്‍ക്കധീതനായി സംശുദ്ധനാകുന്നസമയം, നമ്മുടെ കാരുണ്യത്താല്‍ അങ്ങേയ്ക്ക് അവിടുത്തെ സ്വരൂപം തെളിഞുകിട്ടും. ആ അവസ്ഥയില്‍ ഭവാന്‍ തികച്ചും പരമാത്മബോധത്തില്‍ അന്തര്‍ലീനമായിരിക്കുകയും ചെയ്യും.
നമ്മുടെ കൃപാവര്‍ഷം അങ്ങയില്‍ സദാ നിറഞ്ഞുകൊണ്ടേയിരിക്കും. ആയതിനാല്‍ നാനാകര്‍മ്മങ്ങളില്‍ തല്പ്പരനും പ്രജാവര്‍ദ്ധനപരിതുഷ്ടനുമായ അങ്ങേയ്ക്ക് ഒരിക്കലും ആ ഉദ്യോഗത്തില്‍നിന്നും ഭ്രഷ്ടനാകേണ്ടിവരുകയില്ല.
ഹേ പ്രഥമഋഷേ!, ഭവാന്‍ എപ്പോഴും നമ്മില്‍ മനസ്സൂന്നിയവനാകയാല്‍, നാനാസന്തതിപരമ്പരകളുടെ സൃഷ്ടിയില്‍ മുഴുകിയിരുന്നാലും, വിട്ടുവീഴ്ച്ചാഭാവമില്ലാത്ത രജോഗുണത്താല്‍ അങ്ങ് ബദ്ധനാകുകയില്ല. ജീവികള്‍ക്ക് എളുപ്പത്തില്‍ ജ്ഞേയമല്ലാത്ത നമ്മെ അങ്ങ് അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. നാം ഭൂതേന്ദ്രിയഗുണാഹങ്കാരാദികളാല്‍ ഉത്പിതമല്ലെന്ന പരമാര്‍ത്ഥത്തെ അങ്ങ് ഇതിനകം തപജപധ്യാനങളിലൂടെയറിഞ്ഞിരിക്കുന്നു. ഹേ ബ്രഹ്മദേവാ!, അങ്ങയുടെ ജന്മസ്ഥാനപങ്കജത്തിന്റെ മൂലതത്വത്തെ തേടി ധ്യാനനിരതനായിട്ടും, നമ്മുടെ നാഭീസരസ്സിലേക്കുതിര്‍ന്നിറങ്ങിയിട്ടും, അങ്ങേയ്ക്ക് നമ്മെ കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അങ്ങ് ദര്‍ശിക്കുന്ന നമ്മുടെ ഈ അദ്ധ്യാത്മസ്വരൂപത്തില്‍ നാം സ്വയമേവ അവതരിച്ചുകഴിഞ്ഞിരുന്നു. തീവ്രനിഷ്ഠയോടെ അങ്ങേയ്ക്ക് തപസ്സനുഷ്ഠിക്കുവാന്‍ കഴിഞ്ഞതും, ഹൃദയത്തിന്റെ ഭാഷയില്‍ ഭവാന് നമ്മെ നമ്മുടെ അത്ഭുതമഹിമകളാല്‍ കീര്‍ത്തിക്കുവാന്‍ കഴിഞ്ഞതും, അങ്ങയുടെ ഹൃദയത്തില്‍ നമ്മോടുള്ള അകമഴിഞ്ഞ ഭക്തിയങ്കുരിച്ചതുമെല്ലാം ഒരുതരത്തില്‍ അങ്ങയിലുണ്ടായ നമ്മുടെ കാരുണ്യം മാത്രമാണ്.
ഭവാന്‍ നമ്മെക്കുറിച്ച് വര്‍ണ്ണിച്ചുപുകഴ്ത്തിയ മാഹാത്മ്യങ്ങളെല്ലാം ലൗകികന്മാര്‍ക്ക് ലൗകികമായി തോന്നുമെങ്കിലും, അവയെല്ലാം തികച്ചും നമ്മുടെ അദ്ധ്യാത്മികഗുണഗണങ്ങള്‍ തന്നെയാണ്. അതില്‍ അതീവസന്തുഷ്ടനായ നാം അങ്ങിച്ഛിക്കുന്ന സകലകര്‍മ്മങ്ങളും ഭദ്രമായിഭവിക്കുവാന്‍ സര്‍‌വ്വമംഗളങ്ങളും നേരുന്നു.
യാതൊരു പുമാന്‍ വിധാതാവിനെപ്പോലെ നമ്മെ ഭജിക്കുമ്പോള്‍, സകല അഭീഷ്ടങ്ങളും സിദ്ധിച്ച് സര്‍‌വ്വേശ്വരനായ നമ്മുടെ അനുഗ്രഹാശ്ശിസ്സുകള്‍ക്ക് അവന്‍ പാത്രീഭൂതനാകുന്നു. സകല ധര്‍മ്മാനുവൃത്തികളും, തപസ്സും, യജ്ഞവും, ദാനവും, യോഗവും, സമാധിയുമെല്ലാം കൊണ്ടുള്ള ആത്യന്തികപ്രയോജനം നമ്മുടെ അലൗകികവും അദ്ധ്യാത്മികവുമായ പ്രസാദത്തെ നേടിയെടുക്കുക എന്നുള്ളതാണെന്ന് തത്വവിദുക്കള്‍ ഉദ്ഘോഷിച്ചുകൊണ്ടേയിരിക്കുന്നു. നാം സകലജീവികള്‍ക്കും അന്തരാത്മാവാണ്. നാം നമ്മുടെ ശിഷ്ടജനങ്ങള്‍ക്ക് സര്‍‌വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന സര്‍‌വ്വധാതാവാണ്. ആയതിനാല്‍ ജീവികള്‍ ദേഹാത്മബോധം വിട്ട് അന്തര്‍മുഖരായി നമ്മിലേക്ക് തിരികെയെത്തേണ്ടതാണ്. അതുകൊണ്ട്, വിധാതാവേ!, നമ്മില്‍ നിന്നുത്ഭവിച്ച്, സകലസൃഷ്ടികളുടേയും ഹേതുവായി അങ്ങേയ്ക്ക് സിദ്ധമായ ഈ ദിവ്യശരീരത്താലും, വേദതത്വങ്ങളുടെ പ്രഭാവത്താലും, അങ്ങയുടെ സുനിശ്ചിതധര്‍മ്മം മുന്നേപ്പോലെ തുടര്‍ന്നുകൊണ്ടേയിരിക്കുക."
മത്രേയമുനി പറഞ്ഞു: "ഹേ വിദുരരേ!, അങ്ങനെ, സൃഷ്ടിയുടേ വികാസത്തിനുവേണ്ടി ബ്രഹ്മാവിന് ആത്മോപദേശം നല്‍കിയനുഗ്രഹിച്ച്, ഭഗവാന്‍ നാരായണന്‍ മറഞ്ഞരുളി.
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം ഒമ്പതാമധ്യായം സമാപിച്ചു.

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം - അധ്യായം 8

3.8 ഗര്‍ഭോദകശായി വിഷ്ണുവില്‍ നിന്നും ബ്രഹ്മദേവന്റെ ഉല്പ്പത്തി.
ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം - അധ്യായം 8
പണ്ഡിതനായ മൈത്രേയമുനി വീണ്ടും വിദുരരോട് ഭഗവാന്റെ അത്ഭുതലീലകളെക്കുറിച്ച് പറഞ്ഞുതുടങ്ങി:
"വിദുരരേ!, പുരുവംശജരായ സകലരാജാക്കന്‍‌മാരും ഭാഗവതോത്തമന്‍‌മാരെ പ്രീതിപ്പെടുത്തുവാന്‍ യോഗ്യരാണ്. കാരണം, അവരെല്ലാം ഭഗവാനില്‍ അടിയുറച്ച ഭക്തിയുള്ളവരാണ്. അങ്ങും ആ പരമ്പരയുടെ ഭാഗമാണല്ലോ!. അങ്ങയുടെ അഭിരുചിയും ഉദ്യമവും കൊണ്ടുതന്നെ അവന്റെ അദ്ധ്യാത്മലീലകള്‍ നിമിഷം തോറും പുതുമയാര്‍ന്നുവരികയാണ്. അതിനാല്‍ ഇനി ഞാന്‍ പുരാണങ്ങളില്‍ അത്യുത്തമമായ ഭാഗവതകഥ പറയുവാന്‍ പോകുകയാണ്. പരമപവിത്രമായ ഈ കഥ ഭഗവാന്‍ സ്വയമേവ പലേ ഋഷികള്‍ക്കും ഉപദേശം ചെയ്തിട്ടുള്ളതാണ്. അല്പ്പസുഖത്തിനുവേണ്ടി ലൗകികവിഷങ്ങളിൽ തീരാദുഃഖം പേറി സംസാരസാഗരത്തിലലയുന്ന മാനുഷര്‍ക്ക്, തങ്ങളുടെ മഹാദുരിതങ്ങളില്‍ നിന്നു കരകയറുവാനുള്ള ഒരേയൊരു ഉപാധിയാണ് ഈ ജ്ഞാനം.
പണ്ട്, കുറേ ഋഷികളോടൊപ്പം, യുവാവായ സനത്കുമാരമുനിമുഖ്യന്‍, അങ്ങിന്നു എന്നോട് ചോദിക്കുന്നതുപോലെ ഭൂലോകവാസിയായ സങ്കര്‍ഷണമൂത്തിയോട് ആ പരമപുരുഷനെക്കുറിച്ചറിയാന്‍ വെമ്പല്‍കൊണ്ടുചോദിച്ചു. ആ സമയം സങ്കര്‍ഷണന്‍ ഭഗവാന്‍ വാസുദേവനില്‍ ലീനനായി ഇരിക്കുകയായിരുന്നു. പക്ഷേ, ആ ഋഷികളുടെ സര്‍‌വ്വമംഗളം കാംക്ഷിച്ചുകൊണ്ട് ഭഗവാന്‍ സങ്കര്‍ഷണന്‍ പാതിതുറന്ന മിഴികളാല്‍ അവരോട് സംസാരിച്ചുതുടങി. ഈ ഋഷികള്‍ അങ്ങ് ഊര്‍ദ്ധലോകത്തില്‍നിന്നുമായിരുന്നു ഇങ്ങ് ഭൂമിയിലേക്കിറങ്ങിവന്നിരുന്നത്. യാത്ര ഗംഗാനദിയിലൂടെയായിരുന്നതിനാല്‍ അവരുടെ ജഡമുടി നന്നേ നനഞ്ഞിരുന്നു. അവര്‍ സങ്കര്‍ഷണമൂര്‍ത്തിയുടെ തൃപ്പാദങ്ങളില്‍ നമസക്കരിച്ചു. പണ്ട് അഹിരാജനാഗകന്യകമാര്‍ മംഗല്യഭാഗ്യത്തിനായി ഈ താമരപ്പാദങ്ങളെയായിരുന്നു കുമ്പിട്ട് പ്രാര്‍ത്ഥിച്ചിരുന്നത്.
ഭഗവന്‍‌മഹിമകളെ അങ്ങേയറ്റം ഹൃദയത്തിലേറ്റിനടക്കുന്നവരായിരുന്നു സനത്കുമാരന്‍‌മാര്‍. അവര്‍ മനോഹരമായ വചനങ്ങളാല്‍ ഭഗവാന്റെ ഗുണഗണങ്ങളെക്കുറിച്ച് വര്‍‌ണ്ണിച്ചുപാടി. ആ സമയം സങ്കര്‍ഷണമൂര്‍ത്തിയുടെ ഉയര്‍ന്നുവിടര്‍ന്നുനിന്നാടുന്ന സഹസ്രഫണങ്ങളില്‍ ചൂടിയിരിന്ന കിരീടമണികള്‍ അത്യുജ്ജ്വലദ്യുതിയിയോടെ മിന്നിത്തിളങ്ങി. സര്‍‌വ്വസംഗപരിത്യാഗിയായി സന്ന്യാസജീവിതം നയിച്ചിരുന്ന സനത്കുമാരമുനിക്ക് ഭഗവാന്‍ സങ്കര്‍ഷണന്‍ ശ്രീമദ്ഭാഗവതം ഉപദേശിച്ചുകൊടുത്തു. പിന്നീട് സങ്കര്‍ഷണനില്‍നിന്നും താന്‍ പഠിച്ച ശ്രീമദ്ഭാഗവതപുരാണം സനത്കുമാരന്‍ സാംഖ്യായനമുനിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിനും പറഞ്ഞുകൊടുത്തു.
വിദുരരേ!, തുടര്‍ന്ന് സന്ന്യാസിമുനിമുഖ്യനായ സാംഖ്യായനന്‍ ഈ അദ്ധ്യാത്മജ്ഞാനത്തിലൂടെ ഭഗവത്മഹിമകള്‍ പാടിക്കൊണ്ടേയിരുന്നു. അങ്ങനെ ഒരിക്കല്‍ പൂജനീയനായ എന്റെ ഗുരുനാഥന്‍ പരാശരനും ഗുരു ബൃഹസ്പതിയും ഈ ചരിതം അദ്ദേഹത്തില്‍നിന്നു കേള്‍ക്കാനിടയുണ്ടായി. പരാശരമുനി തന്റെ ഗുരു പുലസ്ത്യനില്‍ നിന്നും കേട്ടുപഠിച്ച ശ്രീമദ് ഭാഗവതമഹാപുരാണം എനിക്കും ഒരുനാള്‍ പറഞ്ഞുതന്നു. കുഞ്ഞേ!, നീ എന്റെ ഉത്തമനായ അനുവര്‍ത്തിയായതിനാല്‍ നിനക്കും ഞാനിതാ ആ മഹാപുരാണത്തെ എന്റെ ഗുരുക്കന്‍‌മാരില്‍നിന്നും കേട്ടുപഠിച്ചവണ്ണംതന്നെ ഉപദേശം ചെയ്യാന്‍ പോകുന്നു."
"മകനേ!, ആ സമയം, മൂലോകങളും മഹാപ്രലയത്തില്‍ മുങ്ങിപ്പോയിരുന്നു. പക്ഷേ ഭഗവാന്‍ ഗര്‍ഭോദകശായിവിഷ്ണു മാത്രം അനന്തശയ്യമേല്‍ യോഗനിദ്രകൊള്ളുകയായിരുന്നു. ത്രിഗുണാധീതനായ ഭഗവാന്‍ അപ്പോഴും ഗുണാത്മകനെപ്പോലെ പാതിതുറന്ന മിഴികളാല്‍ ഉറങ്ങിക്കിടക്കുന്നവനെപ്പോലെ കാണപ്പെട്ടു. അവന്‍ വിറകിലെ അഗ്നിയെന്നപോലെ സകലചരാചരങ്ങളേയും അതാതിന്റെ സൂക്ഷ്മശരീരങ്ങളോടൊപ്പംതന്നെ തന്നില്‍ അടക്കിവച്ചുകൊണ്ട് ആ പ്രലയജലധിയില്‍ സ്വയം യോഗനിദ്രയിലാണ്ടു. ആ പരമപുരുഷന്‍ കാലമാകുന്ന തന്റെ യോഗമായയില്‍ നിദ്രാവശനായി. നാലുയുഗസഹസ്രാന്തത്തോളം ഭഗവാന്‍ ജലത്തില്‍ സ്വയമേവ തന്റെ നിദ്രാവസ്ഥതുടര്‍ന്നു. പിന്നീട് കാലശക്തിയാല്‍ ജീവൗഘങള്‍ തങ്ങളുടെ സുനിശ്ചിതങ്ങളായ കര്‍മ്മാചരണത്തിനായി പുറത്തേക്കുവന്നസമയം, അവന്‍ തന്റെ അദ്ധ്യാത്മികശരീരം നീലനിറത്തില്‍ ദര്‍ശിച്ചറിഞ്ഞു. തുടര്‍ന്ന് സൃഷ്ടിക്കുവേണ്ടിയുള്ള സൂക്ഷമാര്‍ത്ഥങ്ങള്‍ക്കുമേല്‍ ഭഗവാന്റെ ദൃഷ്ടി പരന്നു. പൊടുന്നനെ അവ പ്രകൃതിയുടെ രജോഗുണത്താലിളകിമറിഞ്ഞ് ഭഗവാന്റെ നാഭീസ്ഥലത്തിലൂടെ ഉതിര്‍ന്നുവന്നു. അങ്ങനെ അവന്റെ പൊക്കിള്‍ചുഴിയിലൂടെ ഉയര്‍ന്നുപൊങ്ങിയ ഈ കാമ്യകര്‍മ്മസര്‍‌വ്വം ഒരു താമരമൊട്ടുപോലെ കാണപ്പെട്ടു. പിന്നീട് ഭഗവതിച്ഛയാല്‍ സൂര്യാദിസമസ്തചരാചരങ്ങളെ ആ സരോജമുകുളം പ്രകാശിപ്പിക്കുകയും, അനന്തരം പ്രളയജലധി വറ്റിവരണ്ടുപോകുകയും ചെയ്തു. ആ പ്രപഞ്ചപങ്കജത്തിലേക്ക് ഭഗവാന്‍ സ്വയം പരമാത്മാവായി പ്രവേശിച്ചു. അതില്‍ സര്‍‌വ്വഗുണാത്മകമായി, വേദരൂപമായി, ഭഗവതംശം, സ്വയംഭൂ എന്ന നാമത്തില്‍ അവതീര്‍ണ്ണനായി. അതത്രേ വിധാതാവായ ബ്രഹ്മദേവന്‍.
സാരസസംഭവനായ ബ്രഹ്മാവിന് ആ താമരകര്‍ണ്ണികയിലിരുന്ന് പ്രപഞ്ചത്തെ കാണുവാനോ, അറിയുവാനോ സാധിച്ചില്ല. ആയതിനാല്‍ അദ്ദേഹം ആകാശത്തിന്റെ അനന്തശൂന്യതയില്‍ നാലുദിക്കിലും ചുറ്റിത്തിരിഞ്ഞു. അതോടെ ബ്രഹ്മാവിന് നാലുശിരസ്സുകള്‍ നാലുദിക്കുകള്‍ക്കുമഭിമുഖമായിയുണ്ടായി. ആ സമയത്ത് ബ്രഹ്മാവിന് തന്നെക്കുറിച്ചോ, താനിരിക്കുന്ന താമരയെക്കുറിച്ചോ, ബൃഹത്തായ ഈ സൃഷ്ടിയെക്കുറിച്ചോ ഒന്നുംതന്നെയറിയുവാന്‍ പ്രാപ്തിയുണ്ടായിരുന്നില്ല. പിന്നീട് അന്നൊരിക്കല്‍ യുഗാന്തത്തിലുണ്ടായ പ്രളയത്തിന്റെ കൊടുംകാറ്റില്‍ ബ്രഹ്മാവിരിക്കുന്ന പങ്കജം അതിവേഗം ആടിയുലഞ്ഞു. തികച്ചും അജ്ഞാനാന്തകാരത്തിലാണ്ടുപോയ വിധാതാവ് പങ്കജസ്ഥിതനായി ചിന്തിച്ചുതുടങ്ങി. ആരാണ് ഞാന്‍?... എന്തിനുവേണ്ടിയാണ് ഞാനീ സരസിജാസനത്തിലിരിക്കുന്നത്?... ഈ പുഷ്പം എവിടെനിന്നായിരിക്കണം ഉത്ഭവിച്ചിട്ടുള്ളത്?... ഇവിടെ ഇതിനടിയില്‍ മഹത്തരമായി എന്തോ ഉണ്ടായിരിക്കണം... അതില്‍നിന്നുമായിരിക്കണം ഈ പങ്കജം ഉണ്ടായിവിരിഞ്ഞതും, ഞാന്‍ ഇത് എന്റെ ഇരിപ്പിടമാക്കിയതും... ഒരുപക്ഷേ അവിടമാകെ ജലമായിരിക്കണം... ഇങ്ങനെ മനനം ചെയ്തുകൊണ്ട് ബ്രഹ്മാവ് താനിരിക്കുന്ന താമരയുടെ തണ്ടിലൂടെ താഴെ അത് നിമഗ്നമായിരിക്കുന്ന മഹാജലത്തിലേക്കുതിര്‍ന്നിറങ്ങാന്‍ ശ്രമിച്ചു. ഭഗവാന്റെ നാഭീദേശത്തിലേക്ക് എത്രകണ്ടടുത്തിട്ടും വിധാതാവിന് തന്റെ ആസനപത്മത്തിന്റെ ഉത്ഭവസ്ഥാനം കണ്ടുപിടിക്കാന്‍
കഴിഞ്ഞില്ല.
അല്ലയോ വിദുരരേ!, ഇങ്ങനെ ബ്രഹ്മദേവന്‍ തന്റെ അസ്ഥിത്വമന്വേഷിച്ച് ഭഗവത് കാലചക്രമാകുന്ന തന്റെ ആയുസ്സിന്റെ നൂറുവര്‍ഷക്കാലം അലഞ്ഞുതിരിഞ്ഞു. ഈ കാലചക്രത്തെയാണ് ജീവികള്‍ മൃത്യുവിനെയെന്നവണ്ണം ഭയക്കുന്നത്. അനന്തരം, അശ്രാന്തപരിശ്രമം ചെയ്തിട്ടും ഉദ്ദിഷ്ടഫലം ലഭ്യമാകാത്തതില്‍ പരിതപ്തമാനസനായി ബ്രഹ്മാവ് തന്റെ സകല സം‌രംഭങ്ങളുമുപേക്ഷിച്ച് ഭഗവത്സ്മരണയിലാണ്ടു. അങ്ങനെ നൂറ് ബ്രഹ്മവത്സരങള്‍ കടന്നുപോയി. ബ്രഹ്മാവ് തന്റെ തപസ്സ് പൂര്‍ത്തിയാക്കി. തത്ഫലമായി ചതുര്‍മുഖനായ ബ്രഹ്മാവിന്റെ ഹൃദയത്തില്‍ അദ്ധ്യാത്മികബോധമുദിച്ചു. ഈ ബോധത്തെ നേടുവാന്‍ താന്‍ മുന്‍പ് ചെയ്ത സകലപരിശ്രമങ്ങളും അപര്യാപ്തമണെന്ന സത്യത്തെയും അദ്ദേഹം മനസ്സിലാക്കി.
തനിക്കുതാഴെ, അങ്ങ് ക്ഷീരസാഗരത്തില്‍ താമരതണ്ടുപോലെ കോമളമായ ശേഷനാഗം ചുരുണ്ടുകൂടിനിര്‍മ്മിച്ചിട്ടുള്ള മഹാതല്പത്തില്‍ ഭഗവാന്‍ ഹരി ഏകനായി ശയിക്കുന്ന കാഴ്ചയെ ബ്രഹ്മദേവന്‍ തനിക്കുലഭിച്ച അദ്ധ്യാത്മികബോധത്താല്‍ കണ്ടറിഞ്ഞു. ആദിശേഷന്റെ ശിരോമകുടത്തിലെ രത്നനിരകളില്‍നിന്നുമുത്ഭൂതമായി നാലുപാടും പരക്കുന്ന ആ അത്യുജ്ജ്വലപ്രകാശവലയത്താല്‍ തത്സ്ഥാനാന്തകാരം മാറ്റി അവിടമാകെ ആ ഉജ്ജ്വലപ്രഭയില്‍ മിന്നിത്തിളങ്ങുന്നത് വിധാതാവ് കണ്ടു.
പവിഴമലകളുടെ കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയെ വിഡംബനം ചെയ്തുകൊണ്ട് ഭഗവാന്റെ കളേബരം ഉജ്ജ്വലമായി തിളങ്ങി. പവിഴക്കുന്നുകള്‍ സന്ധ്യാകാശം സമ്മാനിച്ച കുങ്കുമപട്ടുടുത്ത് മനോഹരിയായിനിന്നു. പക്ഷേ ഭഗവാന്റെ പീതവസനം ആ കുങ്കുമവസ്ത്രത്തെ പരിഹസിച്ചുകൊണ്ട് കാറ്റില്‍ അലകളുണ്ടാക്കി. അവിടെ ആ പവിഴമലകളില്‍ സ്വര്‍ണ്ണശേഖരങ്ങളുണ്ടായിരുന്നു. എന്നാല്‍ അവയൊക്കെ ഭഗവാന്റെ കീരിടത്തില്‍ അണിനിരന്നുശോഭിച്ച രത്നനിരകളുടെ പ്രകാശത്തില്‍ മങ്ങിപ്പോയി. ആ മലകളിലെ വെള്ളച്ചാട്ടവും, ഔഷധിചെടികളും, വൃക്ഷങ്ങളും, പൂക്കളും, നിരനിരയായിനിന്നുള്ള വിശാലമായ കാഴ്ചകളെല്ലാംകൂടിച്ചേര്‍ന്ന് ഒരു ബൃഹത്തായ പൂമാലപോലെ ശോഭിച്ചു. പക്ഷേ, മുത്തുകളും, രത്നങ്ങളും, തുളസിയിലകളും, പൂക്കളും, വനമാലയുമൊക്കെച്ചേര്‍ന്നലങ്കരിക്കപെട്ട അതിബൃഹത്തായ തിരുവുടലും, പാദങ്ങളും, ബാഹുക്കളും ഒക്കെച്ചേര്‍ന്ന ഭഗവത്ശരീരം പവിഴമലകളുടെ ആ അത്ഭുതശോഭയേയും ഇല്ലാതെയാക്കി. നീളത്തിലും വീതിയിലും അനന്തമായ ആ പരമ്പുരുഷന്റെ ദിവ്യശരീരം മൂന്നുലോകങ്ങളും വ്യാപിച്ചുകിടന്നു. മഞ്ഞപ്പട്ടും, നാനാ ആഭരണങ്ങളുമണിഞ് അത്യന്തം വിചിത്രമായും, അനുപമമായും ആ കളേബരം സ്വയം ഉജ്ജ്വലിച്ചുപരിശോഭിക്കുന്നത് ബ്രഹ്മാവ് കണ്ടു.
ഭഗവാന്‍ തന്റെ താമരതൃപ്പാദങ്ങളുയര്‍ത്തി ബ്രഹ്മദേവന് കാട്ടിക്കൊടുത്തു. അലൗകികമായി കറയറ്റ ഭഗവത്പ്രേമത്തില്‍ അവനെ ആരാധിക്കുന്ന ഭക്ത്ന്മാര്‍ക്ക് സകല അഭീഷ്ടങ്ങളും പ്രദാനംചെയ്യുന്നത് പരമമായ ആ താമരപ്പാദമത്രേ!. അവനില്‍ അചഞ്ചലഭക്തിയുള്ളവര്‍ക്കുമാത്രം ലഭ്യമാകുന്ന അസുലഭസമ്പത്താണത്. അവന്റെ കരചരണങ്ങളിലെ ചന്ദ്രസമാനമായ തിരുനഖരങ്ങളില്‍നിന്നുമുതിര്‍ക്കുന്ന അദ്ധ്യാത്മകിരണങ്ങളുടെ ഉജ്ജ്വലപ്രഭ പൂവിതളുകള്‍പോലെ പ്രശോഭിച്ചു. ഭഗവാന്‍ തന്റെ പുഞ്ചിരിമാത്രം കൊണ്ട് ഭക്തന്‍‌മാരുടെ സകലദുഃഖങ്ങളും ഹരിച്ചുകൊണ്ട് എന്നെന്നും അവര്‍ക്ക് തുണയായി നില്‍ക്കുന്നു. കനകകുണ്ഡലങ്ങള്‍ പരിശോഭിക്കുന്ന അവന്റെ തിരുമുഖകമലപ്രസാദം അത്യന്തം മനോഹരമായിരുന്നു. കാരണം, ആ അധരത്തില്‍നിന്നും ചിന്നിത്തെറിക്കുന്ന മന്ദസ്മിതകിരണങ്ങളുടെ പ്രഭയും, നാസാശോഭയും, പുരികകാന്തിയുമെല്ലാം ആ തിരുമുഖത്തിന്റെ അപാരസൗന്ദര്യത്തിന്റെ മാറ്റുകൂട്ടി.
പ്രീയവിദുരരേ!, കദംബപുഷ്പത്തിലെ പൂമ്പൊടിപോലെയ തോന്നിക്കുന്ന മഞ്ഞപ്പട്ട് ധരിച്ച ഭഗവാന്റെ അരക്കെട്ട് അത്യന്തം അഴകാര്‍ന്നുകണ്ടു. മുത്തുകളും രത്നങ്ങളും അഴകില്‍ പതിപ്പിച്ചിട്ടുള്ള പൊന്നരഞ്ഞാണം ആ പീതവസനത്തിന് അലങ്കാരമായി. അമൂല്യരത്നങ്ങള്‍ അഴകില്‍ പതിപ്പിച്ച കഴുത്താരമാലയും ശ്രീവത്സവും ഒത്തുചേര്‍ന്ന് അവന്റെ ഗളത്തില്‍ മിന്നിത്തിളങ്ങി. പരിമളം പരത്തുന്ന പുഷ്പങ്ങളോടും ചില്ലകളോടും കൂടി ഒരു ചന്ദനമരം എങ്ങനെ പ്രശോഭിക്കുമോ, അങ്ങനെ ഭഗവത്കളേബരം അമൂല്യമായ മണിമുത്തുരത്നങ്ങള്‍ പതിപ്പിച്ച കേയൂരങ്ങളാല്‍ അലങ്കരിക്കപെട്ടിരുന്നു. അവന്‍ സ്വയമേവ സകലലോകങ്ങളുടേയും നാഥനാണ്. ചന്ദനമരം സര്‍‌പ്പങ്ങളാല്‍ ചുറ്റപ്പെട്ട് ശോഭിക്കുന്നതുപോലെ ഭഗവാന്‍ ഹരി അനന്തന്റെ ഫണങ്ങളാല്‍ ചുറ്റപെട്ട് മനോഹരമായി കാണപ്പെട്ടു. ഒരു മഹീന്ദ്രനെപ്പോലെ ആ പരമപുരുഷന്‍ സകലചരാചരങ്ങള്‍ക്കും വാസസ്ഥാനമായി നിലകൊള്ളുന്നു. അഹീന്ദ്രനായ അനന്തന്‍ തനിക്ക് സുഹൃത്തായതിനാല്‍ ഭഗവാന്‍ സ്വയം സകലനാഗങ്ങള്‍ക്കും സദാ ഉറ്റതോഴനായി വര്‍ത്തിക്കുന്നു. കൊടുമുടികള്‍ക്ക് ആയിരക്കണക്കിന് സുവര്‍ണ്ണശൃംഗങ്ങളുള്ളതുപോലെ ഭഗവാന്‍ സഹസ്രഫണങ്ങളുള്ള അനന്തനോടൊപ്പം അത്യന്തം ശോഭിച്ചുകണ്ടു. പര്‍‌വ്വതങ്ങള്‍ രത്നങ്ങളാല്‍ അഴകാര്‍ന്നുകണ്ടപ്പോള്‍, ഭഗവാനാകട്ടെ, അമൂല്യമായ അനേകം മണിമുത്തുരത്നങ്ങളുടെ മറ്റിയന്നുവിളങ്ങി. കൂടാതെ, ഈ അചലങ്ങള്‍ ചിലസന്ദര്‍ഭങ്ങളില്‍ സമുദ്രത്തില്‍ നിമഗ്നമായിരിക്കുന്നതുപോലെ, ഭഗവാന്റെ അദ്ധ്യാത്മികശരീരം പ്രളയജലധിയില്‍ ചിലനേരം ഉപഗൂഢമായിക്കാണപ്പെട്ടു.
വിദുരരേ!, ഇങ്ങനെ അതിമനോഹരമായി, പര്‍‌വ്വതസമാനമായി അനന്തതല്പത്തില്‍ ശയിക്കുന്ന ഭഗവത്‌വിഗ്രഹം കണ്ടതും, അത് ഭഗവാന്‍ ഹരിതന്നെയെന്ന് ബ്രഹ്മദേവന്‍ തന്റെ ഹൃദയത്തിലുറപ്പിച്ചു. ആ കരുണാമയന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നുകിടക്കുന്ന വനമാല അത്യപൂര്‍‌വ്വഗാനങ്ങളിലൂടെ വേദതത്വങ്ങളെ ആലാപനം ചെയ്ത് അവനെ വാഴ്ത്തുന്നത് ബ്രഹ്മാവ് കണ്ടു, അതില്‍ അദ്ദേഹം അനുഭൂതികൊണ്ടു. അവന്റെ വിരല്‍തുമ്പില്‍ പ്രശോഭിക്കുന്ന കാലമാകുന്ന സുദര്‍ശനചക്രം അവന് തുണയായിരിക്കുന്ന സത്യത്തെ വിധാതാവ് കണ്ടറിഞ്ഞു. എന്തിനുപറയാന്‍, സൂര്യചന്ദ്രാനിലാഗ്നികള്‍പോലും അവനെ ഒന്നുസ്പര്‍ശിക്കാന്‍ വെമ്പല്‍കൊള്ളുന്നത് ബ്രഹ്മാവ് ശ്രദ്ധിച്ചു. സകലസൃഷ്ടിക്കുമേലും ആ ആദിനാരായണന്റെ കടക്കണ്‍നോട്ടം വിധാതാവ് നോക്കികണ്ടു. ഭഗവാന്‍ ഹരിയുടെ നാഭീസ്ഥലത്തിലെ സരസ്സും, അതില്‍നിന്നുയര്‍ന്നുപൊങ്ങിയ പങ്കജവും, പ്രളയജലവും, വരളുന്ന വായുവും, ആകാശവും, എല്ലാം ബ്രഹ്മദേവന്‍ വളരെ വ്യക്തമായി കണ്ടറിഞു.
ഇങ്ങനെ അദ്ധ്യാത്മികജ്ഞാനത്താല്‍ അനുഗ്രഹീതനായ ബ്രഹ്മാവില്‍ സര്‍‌ഗ്ഗസൃഷ്ടിയുടെ പ്രവണതയുണ്ടായി. തുടര്‍ന്ന് ഭഗവാനാല്‍ വ്യക്തമാക്കപ്പെട്ട പഞ്ചഭൂതാതിസൃഷ്ട്യര്‍ത്ഥങ്ങള്‍ കണ്ടതോടെ ഭക്തിപരവശനായി, തന്റെ ജന്‍‌മസാഫല്യവിജയത്തിനായി ബ്രഹ്മദേവന്‍ ആ പരമ്പുരുഷനെ സ്തുതിച്ചുതുടങി.
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം എട്ടാമധ്യായം സമാപിച്ചു.

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം അധ്യായം - 7

3.7 തുടര്‍ന്നുള്ള വിദുരമൈത്രേയസം‌വാദങള്‍.
ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം അധ്യായം - 7
ശ്രീശുകന്‍ പറഞ്ഞു: "ഹേ പരീക്ഷിത്ത് രാജന്‍!, ഭഗവന്മഹിമകളെപറ്റി അവിരാമം സംസാരിച്ചുകൊണ്ടിരിക്കുന്ന മൈത്രേയമുനിയോട് ശ്രദ്ധയും ഭക്തിയുമുള്‍ക്കൊണ്ടുകൊണ്ട് പണ്ഡിതനും വ്യാസപുത്രനുമായ വിദുരര്‍ ചോദിച്ചു.
"ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ചിന്‍‌മയനും നിര്‍‌വികാരനുമായ നാരായണന്‍ എങ്ങനെയാണ് പ്രകൃതിയും അവയുടെ ത്രിഗുണങളുമായി ബന്ധപ്പെട്ടിരിക്കുന്നത്?. അഥവാ, ഇതെല്ലാം അവന്റെ ലീലകളാണെങ്കില്‍കൂടി പ്രകൃതിഗുണങളെ കൂടാതെ നിര്‍‌വികാരനും നിസ്പൃഹനുമായി എങ്ങനെയായിരിക്കും അവന്‍ ഇവിടെ കര്‍മ്മങ്ങള്‍ ചെയ്യുക?. കുട്ടികള്‍ അത്യുത്സാഹത്തോടെ തങ്ങളുടെ കൂട്ടുകാരുമായിച്ചേര്‍ന്ന് വിവിധതരം ക്രീഡകളില്‍ ഏര്‍പ്പെടുന്നു. പക്ഷേ അതിനൊരുകാരണമുണ്ടു. അവര്‍ അതില്‍ നിരന്തരം ആഗ്രഹങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണ്. എന്നാല്‍, സ്വതതൃപ്തനായ ഭഗവാനില്‍ ആഗ്രഹമുണ്ടാകുക എന്നത് തികച്ചും അസാധ്യമാണ്. പിന്നെയെങ്ങനെയാണ് ഇതെല്ലാം സംഭവിക്കുന്നത്?. ഗുണമയമായ തന്റെ മായാശക്തിയാല്‍ ഈ പ്രപഞ്ചത്തെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. അതേ മായയാല്‍തന്നെ അവന്‍ ഇതിനെ നിലനിര്‍ത്തുകയും സംഹരിക്കുകയും ചെയ്യുന്നു. കാലദേശാവസ്ഥാത്രയ തത്വങ്ങളാല്‍ ഖണ്ഡിക്കപ്പെടാതെ നിത്യനിരന്തമായി നില്‍ക്കുന്ന പരമമായ വസ്തുവാണ് പരമാത്മാവ്. അങ്ങനെയിരിക്കെ അത് എങ്ങനെയാണ് അജ്ഞാനമാകുന്ന അവിദ്യയില്‍ പെട്ടുപോകുന്നത്?. ഭഗവാന്‍ സ്വയമേവ നിത്യനിരന്തരമായി സകലജീവികളുടേയും ഹൃദയകമലത്തില്‍ കുടികൊള്ളുന്നു. എങ്കില്‍പിന്നെ എന്തുകൊണ്ടാണ് അവരുടെ കര്‍മ്മങള്‍ അവര്‍ക്ക് ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്നത്?. ഹേ മഹാപണ്ഡിതാ!, എന്റെ മനസ്സ് ഇങ്ങനെയുള്ള അജ്ഞാനാന്തകാരത്തില്‍ പെട്ടുഴലുകയാണ്. അവിടുന്ന് കനിവരുളി ഈയുള്ളവനെ ഈ ദുഃഖാവസ്ഥയില്‍നിന്നും കരകയറ്റണം."
ശ്രീശുകന്‍ പറഞ്ഞു: "അല്ലയോ രാജന്‍!, വിദുരരുടെ ഈവക ചോദ്യങ്ങള്‍ക്കുമുന്നില്‍ മൈത്രേയമുനി ഒരുനിമിഷം അത്ഭുതപരവശനായി. ആ പാരവശ്യം ദൂരെയാക്കി അദ്ദേഹം വിദുരരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുതുടങ്ങി."
"പ്രിയവിദുരരേ!, ചില പണ്ഡിതന്‍മാര്‍ പറയുന്നു ഭഗവാന്‍ മായാധീതനാണെന്ന്. എന്നാല്‍ മറ്റുചിലരാകട്ടെ, അവനെ ഗുണമയനായി ചിത്രീകരിക്കുന്നു. പക്ഷേ ഇതു തികച്ചും സത്യവിരുദ്ധമാണ്. മനുഷ്യന്‍ തന്റെ അസ്ഥിത്വത്തെക്കുറിച്ച് സദാ വ്യാകുലനാണ്. സ്വപ്നത്തില്‍ തന്റെ ശിരസ്സ് മുറിഞ്ഞുമാറുന്നത് സ്വയം കാണുന്നതുപോലെ അവര്‍ സത്യത്തില്‍നിന്നുമകന്ന് നിലകൊള്ളുന്നു. ഒരു പാത്രത്തില്‍ ജലം നിറച്ച് അതില്‍ കാണുന്ന ചന്ദ്രബിംബം ജലത്തിന്റെ ചലനങ്ങള്‍ക്കൊപ്പം ഇളകുന്നതുപോലെ ദ്രഷ്ടാവിനനുഭവപ്പെടുന്നു. അതുപോലെ വ്യക്തിഗുണങ്ങളുമായി സമ്മേളിക്കപ്പെടുന്ന ജീവന്മാര്‍, അതാത് ഗുണങ്ങളുമായി സംഗമിച്ച് നില്‍ക്കുന്നതുപോലെ കാണപ്പെടുന്നു. പക്ഷേ, ഇത് തീര്‍ത്തും മിഥ്യാബോധമാണ്. അതില്‍നിന്നു പുറത്തുകടക്കുവാന്‍ ഒരേയൊരു ഉപാധിമാത്രമേയുള്ളൂ. തികച്ചും നിസ്സംഗനായി വാസുദേവനില്‍ ശരണം പ്രാപിക്കുക. സകല ഇന്ദ്രിയങ്ങളും പരമാത്മാവിലര്‍പ്പിച്ച്, അവയെ ആ പരമാനന്ദത്താല്‍ സംതൃപതമാക്കിക്കഴിഞ്ഞാല്‍, ക്ഷണത്തില്‍തന്നെ, ഒരുവന്‍ ഉറക്കത്തില്‍നിന്നുണര്‍ന്ന് സകലക്ഷീണവും തീര്‍ന്ന്, പൂര്‍ണ്ണോന്മേഷം വീണ്ടെടുക്കുന്നതുപോലെ, ആ ജീവന്‍ സകലദുഃഖങ്ങളും വിട്ടൊഴിഞ് എന്നെന്നേയ്ക്കുമായി മുക്തനാകുന്നു. ശ്രീകൃഷ്ണപരമാത്മാവിന്റെ തിരുനാമങ്ങളുടേയും തിരുരൂപത്തിന്റേയും ജപധ്യാനങ്ങളിലൂടെ ഒരുവന്റെ സകലദുരിതങ്ങള്‍ക്കും അറുതിവരുന്നു. അങ്ങനെയെങ്കില്‍ അവന്റെ തൃപ്പാദരേണുക്കളില്‍ ആകൃഷ്ടരായ ജീവന്‍‌മാരെക്കുറിച്ചു പറയുവാനുണ്ടോ?"
വിദുരര്‍ തുടര്‍ന്നു: "ഹേ ഭഗവന്‍!, സന്ദേഹമൊഴിഞ്ഞ അങ്ങയുടെ വാക്കുകളാല്‍ ഭഗവാനെക്കുറിച്ചും, ജീവഭൂതങ്ങളെക്കുറിച്ചുമുള്ള എന്റെ സകലസംശയങളും ഇപ്പോള്‍ നീങ്ങിയിരിക്കുന്നു. എന്റെ ഹൃദയമിതാ അവനിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഹേ പണ്ഡിതശ്രേഷ്ഠാ!, അവിടുന്ന് അവനെക്കുറിച്ചു പ്രക്രീത്തിച്ച സകലതും സത്യം തന്നെ. അത് തീര്‍ത്തും അങ്ങനെതന്നെയായിരിക്കണമല്ലോ!. ജീവന്‍‌മാര്‍ മായാധീതനായ അവന്റെ മായയില്‍പെട്ട് ഉഴറേണ്ടവയല്ല. മറിച്ച് അവ അവനില്‍ ശരണാഗതിചെയ്തു ത്രിഗുണങ്ങളുടെ പിടിയില്‍ന്നുന്ന് വിമുക്തമാകേണ്ടവയാണ്. ലോകത്തില്‍ ഒന്നുമറിയാത്ത മന്ദമതികളും എല്ലാമറിയുന്ന ജ്ഞാനികളും സന്തോഷവാന്‍‌മാരായിരിക്കും. എന്നാല്‍ രണ്ടിനും മധ്യേയുള്ള അല്പ്പജ്ഞാനികളാകട്ടെ മായാവലയത്തില്‍ പെട്ട് സദാ അരിഷ്ടതകള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. പ്രഭോ!, ഇക്കാണുന്ന പ്രപഞ്ചം ഭൗതികദൃഷ്ടിയാല്‍ കാണപ്പെടുന്നതുപോലെ യഥാര്‍ത്ഥമല്ലെന്നും, അത് മായയുടെ മഹാവൈഭവമാണെന്നും ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. അതില്‍ ഞാന്‍ അങ്ങയോട് ഏറെ കടപ്പെട്ടവനാണ്. എങ്കിലും എന്നില്‍ ഇനിയും അടിഞ്ഞുകിടക്കുന്ന സന്ദേഹങള്‍ അകലണമെങ്കില്‍ അത് അവിടുത്തെ കൃപ ഒന്നുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.
ഗുരുചരണം പൂജിക്കുന്ന ശിഷ്യര്‍ക്ക് മധുദ്വേഷിയും, സര്‍‌വ്വദുഃഖനിവാരകനുമായ ഭഗവാന്‍ ഹരിയില്‍ തീവ്രമായ ഭക്തിയുണ്ടാകുന്നു. കാരണം അങ്ങനെയുള്ള മാഹാത്മാക്കള്‍ വൈകുണ്ഠപ്രാപ്തിക്കുവേണ്ടി നിത്യോപാസനചെയ്ത് യത്നിക്കുന്നവരാണ്. ബ്രഹ്മചര്യത്തില്‍ തീവ്രമായ നിഷ്ഠയില്ലാത്തവര്‍ക്ക് അവരില്‍ ഭക്തിയുണ്ടാകുക സാധ്യമല്ല. അവരുടെ കടാക്ഷം അത്രകണ്ട് പവിത്രമാണ്. അവര്‍ സദാസമയവും ദേവാദിദേവന്‍, സകലഹൃദിസ്ഥിതന്‍, ഭഗവാന്‍ ഹരിയില്‍ മനസ്സര്‍പ്പിച്ചുകഴിയുന്നു.
മഹത് ആദിയായിട്ടുള്ള തത്വങ്ങളാല്‍, ഇന്ദ്രിയങ്ങളും, ഇന്ദ്രിയാര്‍ത്ഥങ്ങളും സഹിതം, അതിബൃഹത്തായ വിരാട്പുരുഷനെ സൃഷ്ടിച്ചതിനുശേഷം, ഭഗവാന്‍ അതിലേക്കാഴ്ന്നിറങി. ആയിരക്കണക്കിന് തുടകളും, പാദങളും, ബാഹുക്കളുമുള്ള ആ ബൃഹത് രൂപിയെ ആദ്യപുരുഷന്‍ എന്നറിയപ്പെടുന്നു. അവനിലാണ് പ്രപഞ്ചത്തിലെ സമസ്തലോകങ്ങളും തങ്ങളിലുള്ള സകലചരാചരങ്ങള്‍ക്കുമൊപ്പം നിവസിക്കുന്നത്. അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, അത്യുഗ്രമായ ഈ വിരാട്രൂപം ഇന്ദ്രിയങ്ങളും, ഇന്ദ്രിയാത്ഥങ്ങളും, കൂടാതെ ദശപ്രാണശക്തികളും ചേര്‍ന്ന് പ്രകൃതിയുടെ ത്രിഗുണങ്ങള്‍ക്കനുസരിച്ച് ത്രിവിധങളായി നിലകൊള്ളുന്നുവെന്ന് അങ്ങ് മുമ്പേതന്നെ പറഞ്ഞുകഴിഞ്ഞു. ഇനി ഇവയുടെ വ്യത്യസ്ഥങ്ങളായ ശക്തിവിശേഷങ്ങളെക്കുറിച്ചുകൂടി അറിയുവാന്‍ ഈയുള്ളവന് താല്പ്പര്യമുണ്ട്. വിവിധങ്ങളായ അവന്റെ വീര്യം പുത്രന്‍‌മാരും, പൗത്രന്‍‌മാരും, കുടുംബാംഗങ്ങളും, അനേകം തലമുറകളുമൊക്കെയായും ഈ ഉലകം മുഴുവന്‍ സ്വയമേവ വ്യാപിച്ചുകിടക്കുന്നുവെന്നാണ് ഇതിനകം അടിയന് മനസ്സിലാക്കാന്‍ കഴിഞത്.
ഗുരോ!, പ്രജാപതികളും ബ്രഹ്മദേവനും ചേര്‍ന്ന് എങ്ങനെയാണ് ഓരോരോ മന്വന്തരങളില്‍ ഓരോരോ മനുക്കളെ തിരഞെടുക്കുന്നത്?. യുഗങള്‍തോറും സ്ഥാനമേല്‍ക്കുന്ന ഈ മനുക്കളെക്കുറിച്ചും അവരുടെ പരമ്പരകളെക്കുറിച്ചും ഞങളോടരുളിചെയ്യുവാന്‍ അവിടുത്തേക്ക് ദയവുണ്ടാകണം. ഹേ മിത്രതനായാ!, ഭൂമിയുള്‍പ്പെടെയുള്ള ഈരേഴുപതിനാലുലോകങള്‍ അവള്‍ക്ക് മേലും കീഴുമായി നിലകൊള്ളുന്നതെങ്ങനെയെന്നും, അവയോരോന്നിന്റേയും അളവും വ്യാപ്തിയുമൊക്കെ ഉള്ളവണ്ണം അറിയുവാന്‍ ഞാനാഗ്രഹിക്കുകയാണ്. ഹേ ഗുരോ!, പ്രപഞ്ചത്തില്‍ അനേകകോടിജീവജാലങ്ങളുണ്ടല്ലോ!, അവയില്‍ ദേവന്‍‌മാര്‍, മനുഷ്യര്‍, തിര്യക്കുകള്‍, ഉരഗങ്ങള്‍, പക്ഷികള്‍, ഗര്‍ഭപിണ്ഡജങ്ങള്‍, സ്വേദോദകങ്ങള്‍, ഉദ്ഭിജങ്ങള്‍,, തുടങിയ ജീവരാശികളെക്കുറിച്ച് പ്രത്യേകം പ്രത്യേകം അറിയുവാന്‍
അടിയനില്‍ ആഗ്രഹം ജനിക്കുന്നു.
ത്രിഗുണങളുടെളുടെ ആധിപത്യം ഏറ്റെടുത്തുകൊണ്ട് ഇവിടെ അവതരിച്ചിട്ടുള്ള ബ്രഹ്മാദിമൂര്‍ത്തിത്രയങ്ങളെക്കുറിച്ചും, അവര്‍ക്ക് സര്‍‌വ്വനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ഓരോയുഗഞ്ഞളിലുമുണ്ടാകുന്ന ഭഗവതവതാരങ്ങളെക്കുറിച്ചും, ഓരോ അവതാരങളിലും അവന്‍ കാട്ടിയ അത്യന്തം മാഹാത്മ്യമേറുന്ന അത്ഭുതലീലകളെപറ്റിയും കേള്‍ക്കുവാന്‍ ഞങ്ങള്‍ വെമ്പല്‍ കൊള്ളുകയാണ്. മഹാമുനേ!, ഗുണകര്‍മ്മവിഭാഗങ്ങള്‍ക്കനുസരിച്ചുള്ള സാമൂഹികവര്‍ണ്ണാശ്രമങളും, ഋഷീശ്വരന്‍‌മാരുടെ ഉത്ഭവവും, വേദങ്ങളുടെ വിഭജനങ്ങളുമൊക്കെ ഞങ്ങള്‍ക്ക് വിവരിച്ചു തന്നാലും. പ്രഭോ!, യജ്ഞാചരണങ്ങളെക്കുറിച്ചും, യോഗചര്യകളെക്കുറിച്ചും, സാംഖ്യാദിശാസ്ത്രവിധികളെക്കുറിച്ചും, ഭഗവത് ഭക്തിവിശേഷണങളെക്കുറിച്ചും, വിധിയാം‌വണ്ണം ഞങ്ങള്‍ക്ക് പറഞ്ഞുതരിക. ഇവിടെ പാഷണ്ഡികള്‍ ചേര്‍ന്നുണ്ടാക്കിയിട്ടുള്ള വികലമായ ജീവിതവ്യവസ്ഥിതികളെന്തൊക്കെയാണ്?. പ്രകൃതിഗുണഗണങളില്‍ ബന്ധനസ്ഥരായികിടക്കുന്ന ഇത്തരം ജീവികളുടെ ഒടുവിലത്തെ ഗതി എന്തായിരിക്കുമെന്നും ദയവായി ഞങ്ങള്‍ക്ക് പറഞുതന്നാലും. എങ്ങനെയാണിവിടെ ധര്‍മ്മാര്‍ത്ഥകാമമോക്ഷങളും, ദണ്ഡനീതിവ്യവസ്ഥകളും, വേദശാസ്ത്രാദികളുടെ അനുസശാസനങ്ങളുമൊക്കെ സമീകൃതമായ രൂപത്തിലും ഭാവത്തിലും സമൂഹത്തില്‍ നിലകൊള്ളുന്നത്?.
ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഏതുവിധമാണിവിടെ പിതൃക്കള്‍ക്കുള്ള ശ്രാദ്ധങളും മറ്റനുസ്മരണങളും മനുഷ്യന്‍ കൊണ്ടാടുന്നത്?. എങ്ങനെയാണ് ഗ്രഹങളുടേയും, നക്ഷത്രങളുടേയും, അന്യജ്യോതിര്‍ഗോളങളുടേയുമൊക്കെ കാലാധിഷ്ഠിതമായ ഭ്രമണപദ്ധതികളുമൊക്കെ ആവിഷ്ക്കരിച്ചിരിക്കുന്നത്?. ബ്രാഹ്മണോത്തമാ!, ദാനം കൊണ്ടും, തപസ്സുകൊണ്ടും അഥവാ, ദാഹജലസംഭരണിക്കുവേണ്ടിയുള്ള തീവ്രയത്നം മുതലായ സാമൂഹികവൃത്തികള്‍കൊണ്ടും എന്താണൊരുവന്‍ ഇച്ചിക്കുന്നത്?. സ്വഗൃഹത്തില്‍നിന്നകന്നുനില്‍ക്കുന്നവന്റേയും, ആപത്ക്കരമായ ഘട്ടങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവന്റേയും സ്ഥിതിവിശേഷങ്ങളെന്തൊക്കെയായിരിക്കും?. ഹേ അനഘാ!, ധര്‍മ്മയോനിയായ ഭഗവാനാണ് സകലചരാചരങളുടേയും അധിപതി. അതിനാലത്രേ അവനെ ജനാര്‍ദ്ധനന്‍ എന്നുവിളിക്കുന്നത്!. അങ്ങനെയുള്ള ആ പരമപുരുഷനെ എങ്ങനെയാണ് ഒരുവന്‍ സമ്പ്രീതനാക്കേണ്ടത്?. ഗുരുക്കന്‍‌മാര്‍ ദീനവത്സലരാണ്. തങ്ങളുടെ അനുവര്‍ത്തികളെ, അത് ശിഷ്യഗണങ്ങളാകട്ടെ, പുത്രന്‍‌മാരാകട്ടെ, മറ്റാരുമാകട്ടെ,ഗുരുക്കന്‍‌മാര്‍ അവരുടെ ഇംഗിതത്ത
സ്വയമേവ കണ്ടറിഞ് അവരെ ജ്ഞാനോപദേശം
നല്‍കിയനുഗ്രഹിക്കുന്നു.
ഹേ ബ്രാഹ്മണോത്തമാ!, മഹത് മുതാലായ തത്വങ്ങള്‍ക്ക് എത്രവിധം പ്രതിസംക്രമണങ്ങളുണ്ട്? ഇവയുടെ ഓരോ മഹാപ്രളയത്തിലും ആരാണിവിടെ യോഗനിദ്രയിലായിരിക്കുന്ന ഭഗവാനെ ആരാധിച്ച് ശിഷ്ടഭാവത്തിലുണ്ടായിരിക്കുന്നത്?. ജീവാത്മപരമാത്മാക്കളുടെ ഉണ്മയെന്താണ്? അവയുടെ സ്വരൂപമെന്താണ്?. വേദോപനിഷത്തുക്കളുടെ മാഹാത്മ്യമെന്താണ്?. ഗുരുശിഷ്യബന്ധംകൊണ്ട് ഇവിടെ എന്താണ് അര്‍ത്ഥമാക്കുന്നത്?. ഇവിടെ ഭക്തോത്തമന്മാര്‍ കളങ്കമറ്റ് അദ്ധ്യാത്മജ്ഞാനം പ്രഘോഷിച്ചുകൊണ്ട് തീര്‍ത്ഥാടനം ചെയ്യുന്നു. എങ്കിലും ഒരുവന്‍ പരപ്രേരണകൂടാതെ എങ്ങനെയാണ് ഭക്തിജ്ഞാനവൈരാഗ്യാദികള്‍ നേടിയെടുക്കുന്നത്?.
പ്രിയഗുരോ!, ഭഗവാന്‍ ഹരിയുടെ ലീലകളെക്കുറിച്ച് ഞാന്‍ അങ്ങയോട് ചോദിച്ച സകലചോദ്യങ്ങള്‍ക്കും മറുപടി നല്‍കി, സര്‍‌വ്വമിത്രമായ അവിടുന്ന് അജ്ഞനായ എന്നെയും, ലോകത്തില്‍ നഷ്ടചക്ഷുസ്സുകളായി അലഞ്ഞുതിരിയുന്ന ജീവകോടികള്‍ക്കും അനുഗ്രഹം ചൊരിയുമാറാകണം. ഹേ അനഘാ!, എന്റെ ചോദ്യങ്ങള്‍ക്ക് അങ്ങ് നല്‍കാന്‍ പോകുന്ന ഉത്തരങ്ങള്‍ ഇഹത്തിലെ സകലദുഃഖങളുമകറ്റുന്ന അമൃതമായിരിക്കും. ഇങ്ങനെ അങ്ങ് ചെയ്യുന്ന ഈ ജ്ഞാനദാനം വേദയജ്ഞതപദാനങ്ങള്‍ക്കും മേലെ പവിത്രമായ മഹാദാനമായിരിക്കുമെന്നതില്‍ യാതൊരു സന്ദേഹവുമില്ല.
ശുകദേവന്‍ പറഞ്ഞു: "ഹേ പരീക്ഷിത്ത് രാജന്‍!, ഇങ്ങനെ വിദുരര്‍ ഭഗവത് മഹിമകളെക്കുറിച്ച് മൈത്രേയരോട് വാതോരാതെ ചോദിച്ചുകൊണ്ടേയിരുന്നു. അവയോരോന്നും കേട്ട് മൈത്രേയന്‍ വിദുരരില്‍ സമ്പ്രീതനയി. അദ്ദേഹത്തിന്റെ മുഖം പുഞ്ചിരിയാല്‍ പ്രസന്നമായി. മൈത്രേയന്‍ പരമഭാഗവതനാണ്. ഭഗവദ് മഹിമകളില്‍ അതീവരുചിയുള്ള അദ്ദേഹം വീണ്ടും ആ പരംപുരുഷന്റെ അത്ഭുതചരിത്രങള്‍ വര്‍ണ്ണിക്കുവാന്‍ തുടങ്ങി."
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം ഏഴാമധ്യായം സമാപിച്ചു

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം അധ്യായം - 6

3.6 വിരാട്പുരുഷന്റെ ഉത്ഭവം.
ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം അധ്യായം - 6
ശ്രദ്ധാഭക്തിസമന്വിതം തന്നെ കേട്ടുകൊണ്ടിരിക്കുന്ന വിദുരരോട് മൈത്രേയമുനി ഭഗവാന്റെ മായാമഹിമകളെക്കുറിച്ച് തുടര്‍ന്നു പറഞ്ഞുതുടങ്ങി.
"വിദുരരേ!, അങ്ങനെ മഹത് മുതലായ തത്വങ്ങള്‍ പരസ്പരം സംസക്തമല്ലായ്കയാല്‍, പ്രസുപ്തമായിക്കിടന്ന അപൂര്‍ണ്ണസൃഷ്ടിയെക്കുറിച്ച് ഭഗവാന്‍ ഹരി ഒരുനിമിഷം ചിന്തിച്ചു. വ്യത്യസ്ഥതത്വങ്ങളെ കൂട്ടിയിണക്കാന്‍തക്ക പ്രാപ്തയും, മായാസ്വരൂപിണിയുമായ കാലീദേവിയെ കൈപിടിച്ച് ഭഗവാന്‍ തന്റെ ഇരുപത്തിമൂന്ന് തത്വങ്ങളിലേക്കുമിറങ്ങിച്ചെന്നു. അവന്‍ ആ തത്വങളിലേക്ക് പ്രവേശിച്ചതും, മനുഷ്യന്‍ ഉറക്കമുണര്‍ന്ന് അവരവരുടെ കര്‍മ്മങ്ങളില്‍ വ്യാപൃതരാകുന്നതുപോലെ, അതിനുള്ളിലുറങ്ങിക്കിടന്ന ജീവജാലങ്ങളെല്ലാം പൊടുന്നനെ ചൈതന്യവത്താകുകയും, കര്‍മ്മോത്സുകരാകുകയും ചെയ്തു. അങ്ങനെ അവന്റെ സ്വന്തം ഇച്ഛയാല്‍ ഇരുപത്തിമൂന്ന് തത്വങ്ങളും പ്രവര്‍ത്തനോന്മുഖമായപ്പോള്‍ അതിബൃഹത്തായ തന്റെ വിരാട്പുരുഷരൂപം പ്രത്യക്ഷമായി. ഭഗവാന്‍ ആത്മമായയാല്‍ തന്റെ അംശം ഈ തത്വങ്ങളിലേക്ക് പ്രവേശിപ്പിച്ചമാത്രയില്‍തന്നെ അവയെല്ലം അന്യോന്യം പരിണമിച്ച് സകലചരാചരങളും ഗ്രഹയൂഥങ്ങളുമടങ്ങുന്ന മഹാപ്രപഞ്ചം നിലവില്‍ വന്നു.
ഹിരണ്മയനായ വിരാട്പുരുഷന്‍, ഗര്‍ഭോദകശായിവിഷ്ണുവായി ആയിരം പരിവത്സരം അണ്ഡകോശമായ കാരണസമുദ്രത്തില്‍ സകലജീവജാലങ്ങള്‍ക്കുമൊപ്പം ശയിച്ചു. വിരാട്പുരുഷനാകുന്ന പൂര്‍ണ്ണമഹതത്വശക്തി സ്വേച്ഛയാ ഒന്നായ ബോധമായി പരിണമിച്ചു. ഈ ബോധം വീണ്ടും ഉപഖണ്ഡിച്ച് മൂന്നും പത്തുമായിമാറി. അതിബൃഹത്തായ ഈ വിരാട്പുരുഷാവതാരം ശ്രീമഹാവിഷ്ണുവാകുന്ന ആ പരമാത്മാവിന്റെ ധന്യാംശം മാത്രമാണ്. അനന്തകോടി ജീവജാലങളുടെ ആത്മാവായ ആ ഭവവാങ്കലത്രേ സമസ്തസൃഷ്ടികളും നിലകൊള്ളുന്നതു. അങ്ങനെ മൂന്നും, പത്തും, ഒന്നുമായി പരിണമിച്ചുണ്ടായ തത്വങള്‍ ചേര്‍ന്ന് വിരാട്പുരുഷനെ പ്രതിനിധീകരിക്കുന്നു. മൂന്നെന്നത് ശരീരമാനസേന്ദ്രിയാദികളും, പത്തെന്നത് ചലനാത്മകമായ പ്രാണശക്തികളും, ഒന്നെന്നെന്നത് സര്‍‌വ്വാധാരവും, അഖണ്ഡവുമായ ഹൃദയസ്ഥനവുമാണ്. പ്രപഞ്ചത്തിലെ ഓരോ സ്ഥാനവും അലങ്കരിക്കുന്ന ഉപദേവതകളുടെയെല്ലാം ആത്മാവാണ് ഭഗവാന്‍ ഹരി. അവരുടെ പ്രാര്‍ത്ഥനയില്‍ സം‌പ്രീതനായ ഭഗവാന്‍ അവരുടെ ജ്ഞാനത്തിനായ്ക്കൊണ്ട് ഈ പ്രപഞ്ചത്തെ ഉജ്ജ്വലിപ്പിച്ച് അവര്‍ക്ക് കാട്ടിക്കൊടുത്തു."
മൈത്രേയന്‍ തുടര്‍ന്നു: "ഇനി ഞാന്‍ പറയുവാന്‍ പോകുന്ന കാര്യം, ലോകനാഥനായ ഭഗവാന്‍ പ്രപഞ്ചസൃഷ്ടിക്കുശേഷം അതിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന ഉപദേവതകളെ ഏതുവിധം സൃഷ്ടിച്ചുവെന്നതിനെക്കുറിച്ചാണ്. ലോകപാലകന്മാരില്‍ ഒന്നായ അഗ്നിദേവന്‍ ആ പ്രപഞ്ചപുരുഷന്റെ വക്ത്രത്തില്‍ നിന്നുമുടലെടുത്തു. അഗ്നിദേവന്‍ തന്റെ ശക്തിയായ ജിഹ്വയുമായി സ്ഥാനാരോഹണം ചെയ്തു. ഈ ജിഹ്വയാലത്രേ ജീവികള്‍ ശബ്ദോച്ഛാരണം നടത്തുന്നതു. തുടര്‍ന്ന്, താലുകം രൂപാന്തരപ്പെട്ടപ്പോള്‍ വരുണന്‍ അതിന്റെ അധിപനായി ജന്‍‌മം കൊണ്ടു. താലുകത്തിലൂടെ ജീവികള്‍ രുചിയറിയുന്നു. പിന്നീട് ഭഗവാന്‍ നാസാരന്ധ്രങള്‍ സൃഷ്ടിക്കുകയും, അതിന്നധിപതിയായി അശ്വിനികുമാരന്മാരെ വാഴിക്കുകയും ചെയ്തു. അങ്ങനെ ജീവജാലങള്‍ മണക്കാന്‍ തുടങ്ങി. അതിനുശേഷം വിരാട്പുരുഷന്റെ ഇരുനയനങളും വ്യക്തമായി. അതിന്റെ പാലകന്‍‌ സൂര്യദേവനായി അവതരിച്ചു. അതിലൂടെ ജീവികള്‍ക്ക് ദൃശ്യാനുഭവമുണ്ടായിത്തുടങ്ങി. ആ പരമപുരുഷന്റെ ത്വക്ക് രൂപം കൊണ്ട മാത്രയില്‍ അതിന്റെ പാലകന്‍ അനിലനായിവന്ന് ശ്വസനശക്തിയോടുകൂടി സ്ഥാനമേറ്റു. അതുമുതലാണ് ജീവികള്‍ സ്പര്‍ശനാനുഭൂതി തിരിച്ചറിഞ്ഞുതുടങ്ങിയത്. തുടര്‍ന്ന്, ശ്രോത്രത്തെ അതിന്റെ പാലകരായ ദിക്ക്‌ദേവതകളോടൊപ്പം സൃഷ്ടമാക്കി. ഇവരുടെ ശക്തിയായ കേള്‍‌വിയിലൂടെ ജീവഗണങ്ങള്‍ ശബ്ദത്തെ അനുഭവിച്ചുതുടങ്ങി. തതനന്തരം, തനുരുഹങ്ങള്‍ രൂപം കൊണ്ടപ്പോള്‍ അതിന്നധിപതിയും അവതരിച്ചു. അന്നുമുതല്‍ ജീവൗഘങ്ങള്‍ സ്പര്‍ശനാനുഭൂതിരസം നുകരാന്‍ ആരംഭിച്ചു. തുടര്‍ന്നാണ് വിരാട്രൂപത്തില്‍ ജനനേന്ദ്രിങ്ങള്‍ പ്രത്യക്ഷമായത്. പ്രജാപതി വീര്യശക്തിയോടൊപ്പം അതിന്റെ പാലകനായി സ്ഥാനാരോഹണം ചെയ്തു. അങ്ങനെ ജീവസമൂഹങ്ങള്‍ ഇണചേര്‍ച്ചയെ ആസ്വദിച്ചുതുടങ്ങി. ഗുദം സൃഷ്ടമായ അവസ്ഥയില്‍ മിത്രന്‍ അതിന്നധിപതിയായി തന്റെ ശക്തിയോടൊപ്പം സ്ഥാനമേല്‍ക്കുകയും, ജീവികളുടെ വിസര്‍ജ്ജനശീലത്തിനുകാരണമാകുകയും ചെയ്തു.
ആ വിശ്വപുരുഷന്റെ ബാഹുദ്വയങ്ങള്‍ ഉണ്ടായതോടെ സ്വര്‍ഗ്ഗാദിപതിയായ ഇന്ദ്രന്‍ തത്സ്ഥാനത്തിരുന്ന് തന്റെ കര്‍മ്മങ്ങളനുഷ്ഠിച്ചുതുടങി. തന്മൂലം ജീവൗഘങ്ങള്‍ തങ്ങളുടെ സ്വധര്‍മ്മത്തെ ആചരിക്കാന്‍ പഠിച്ചു. അനന്തരം, ഭഗവാന്റെ പാദങ്ങള്‍ വിന്യസിക്കപ്പെട്ടു. വിഷ്ണുവെന്ന നാമധേയത്തോടുകൂടി അതിന്റെ ഉപദേവത തത്സ്ഥാനത്തിരുന്ന് അതിനെ പാലനം ചെയ്തു. അങ്ങനെ ജീവികള്‍ ചലനശീലരായിമാറി. പ്രപഞ്ചപുരുഷന്റെ ബുദ്ധി സൃഷ്ടമായ വേളയില്‍ വേദാധിപതിയായ ബ്രഹ്മദേവന്‍ തന്റെ ഗ്രഹണശക്തിയുമായി അതില്‍ സ്ഥാനാരോഹണം നടത്തി. അങ്ങനെ ജീവികള്‍ വിവേകശീലരായി ചിന്തിച്ചുതുടങ്ങി. പിന്നീട് ഹൃദയമുണ്ടാകുകയും, ഇതിലേക്ക് ചന്ദ്രന്‍ മനസ്സുമായി രംഗപ്രവേശം ചെയ്യുകയും ചെയ്തു. അന്നുമുതലത്രേ ജീവികള്‍ സ്വമനസ്സിനെ അറിയാന്‍ തുടങ്ങിയത്. തുടര്‍ന്ന്, വിരാടരൂപത്തില്‍ അഹങ്കാരം ഉടലെടുത്തു. രുദ്രന്‍ അതിന്നധിപതിയായി സ്ഥാനമേറ്റു. അങ്ങനെ ജീവജാലങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച് ചിന്തിച്ചറിയാന്‍ തുടങ്ങി. അതിനുശേഷം ബോധം ഉത്ഭവിക്കുകയും, അതിലേക്ക് മഹത് തത്വം സശക്തം പ്രവേശിക്കുകയും ചെയ്തു. അതിനാല്‍ ജീവഗണങ്ങള്‍ ജ്ഞാനം സായത്തമാക്കിത്തുടങ്ങി. വിരാട്പുരുഷന്റെ ശിരസ്സില്‍നിന്നും സ്വര്‍ല്ലോകങ്ങളും, പാദങളില്‍നിന്ന് ഭൂലോകങ്ങളും, ഉദരത്തില്‍ നിന്നും ആകാശവും, വെവ്വേറെയുടലെടുത്തു. അനന്തരം, ഇതിനുടെ പാലകരായ ഉപദേവതകളും മറ്റും ത്രിഗുണങ്ങളാല്‍ ജന്യമാകുകയും ചെയ്തു.
സത്വജമായി അതിമഹത്വമാര്‍ന്ന ദേവതകള്‍ സ്വര്‍ല്ലോകത്തിലും, രജോഗുണോത്ഭൂതങ്ങളായ മാനുഷര്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ അന്യജീവികള്‍ക്കൊപ്പം ഭൂലോകത്തിലും വാണു. തമോഗുണോത്പ്പന്നമായ രുദ്രാനുചാരികള്‍ ആകാശത്തില്‍ ഭൂലോകത്തിനും സ്വര്‍ല്ലോകത്തിനും മധ്യേയുള്ള വ്യോമഭാഗങ്ങളില്‍ സ്ഥിതരായി. ഹേ കുരൂദ്വഹാ!, പ്രപഞ്ചപുരുഷന്റെ തിരുമുഖത്തുനിന്നും വേദങ്ങളുണ്ടായി. അതില്‍ അഭിരുചികൊള്ളുന്നവരെ ബ്രാഹ്മണരെന്നു വിളിക്കാന്‍ തുടങ്ങി. അവരത്രേ സമൂഹത്തില്‍ ആത്മീയാചാര്യന്മാരായി മനുഷ്യര്‍ക്ക് ജ്ഞാനം പ്രദാനം ചെയ്തുനടക്കുന്നത്. അതിനുശേഷം വിരാട്രൂപന്റെ ബാഹുക്കളില്‍നിന്നും ക്ഷത്രം ഉടലെടുത്തു. അതിന്നാധിപത്യം സ്ഥാപിച്ചുകൊണ്ട് ക്ഷത്രിയർ ജന്മം കൊണ്ടു. അവര്‍ സമൂഹത്തിന്റെ രക്ഷിതാക്കളായി സ്വധര്‍മ്മമനുഷ്ഠിച്ചു. ദുര്‍മ്മാര്‍ഗ്ഗികളാലും കള്ളന്മാരാലും സമൂഹത്തിലുണ്ടാകുന്ന ദുരവസ്ഥകളില്‍നിന്നും ജനങ്ങളെ ഇവര്‍ കാത്തുസൂക്ഷിക്കുന്നു. തുടര്‍ന്ന്, സമൂഹത്തിലെ ഉപജീവനമാര്‍ഗ്ഗങ്ങളായ സാധനസാമഗ്രികളുടെ ഉത്ഭവവും, ജനങ്ങളിലേക്കുള്ള അവയുടെ വിതരണവും ആ ബൃഹദ്രൂപിയുടെ തുടകളില്‍ നിന്നുണ്ടായി. ധാര്‍മ്മികമായ ചുമതലയേറ്റുകൊണ്ട് അതിനെ പരിപാലിക്കുന്നതിനായി വൈശ്യജനസമൂഹം ഉടലെടുത്തു. അനന്തരം, സേവനം അവന്റെ പാദങ്ങളില്‍നിന്നും ജന്യമായി. അവയുടെ ആധിപത്യം ശൂദ്രസമൂഹങ്ങളേറ്റെടുത്തു പരിപാലനം ചെയ്തു. ധര്‍മ്മപരിപൂത്തിയുടെ അവസാനഭാഗമായി അവര്‍ അതിലൂടെ ഭഗവാന്‍ ഹരിയെ സന്തുഷ്ടനാക്കി.
ഈ നാലുവര്‍ണ്ണങ്ങളും തങ്ങളുടെ ഗുണഗണങ്ങള്‍ക്കനുസരിച്ച് ആവിരാടരൂപനില്‍നിന്നുണ്ടായതാണ്.ആയതിനാല്‍ധാര്‍മ്മികമായ ജീവിതാനുഷ്ഠാനങ്ങള്‍ ആചരിക്കുവാനും, ഒടുവില്‍ പരമമായ ഗതിയെ പ്രാപിക്കുവാനുംഇവര്‍ക്കേവര്‍ക്കും ആ പരമപുരുഷനെഅനന്യമായി ആശ്രയിക്കേണ്ടിവന്നു.
അല്ലയോ വിദുരരേ!, ഭഗവാന്‍ ഹരി തന്റെ മായാശക്തിയാല്‍ സൃഷ്ടിക്കപ്പെട്ട ബൃഹത്തായ ഈ വിരാട്പുമാന്റെ കാല-കര്‍മ്മ-മായാശക്തികളെ ആര്‍ക്കാണ് ഇവിടെ അളക്കുവാനും നിര്‍‌വ്വചിക്കുവാനും കഴിയുന്നത്?. ഹേ അനഘനായ വിദുരരേ!, ഞാന്‍ കേട്ടിടത്തോളവും മനസ്സിലാക്കിയിടത്തോളവുമുള്ളത്ര അവന്റെ മായാമഹിമകളെ ഞാനിതാ വീണ്ടും അങ്ങയോട് പറയാന്‍ പോകുന്നു. ആ ദിവ്യലീലകളെക്കുറിച്ചറിയാത്തപക്ഷം തീര്‍ച്ചയായും നമ്മള്‍ കൂരിരിട്ടിലേക്ക് ഊര്‍ന്നുപോകുകയേയുള്ളൂ. കാരണം മനുഷ്യജന്മത്തിന്റെ യഥാര്‍ത്ഥലക്‌ഷ്യം അവന്റെ അത്ഭുതചരിതങളും മഹിമകളും പാടി അവനെ സ്തുതിക്കുക എന്നുള്ളതാണ്. ഈ ദിവ്യലീലകളെ ജ്ഞാനികള്‍ വളരെമനോഹരമായ ഗ്രന്ഥങ്ങളാക്കി മനുഷ്യനു നല്‍കിയിരിക്കുന്നു. അവയുടെ ശ്രവണമാത്രയില്‍തന്നെ മനുഷ്യന്റെ ശ്രോത്രേന്ദ്രിയങ്ങളുടെ ഉപയോഗം സാധൂകരിക്കപ്പെടുന്നു.
മകനേ!, ആദ്യകവിയായ ബ്രഹ്മദേവന്‍പോലും ആയിരം വര്‍ഷത്തെ കഠിനതപസ്സിനുശേഷം മനസ്സിലാക്കിയത് അവന്റെ ആദ്യന്തരഹിതമായ ലീലകള്‍ ബുദ്ധിക്ക് അഗ്രാഹ്യമാണെന്ന സത്യത്തെയാണ്. ഭഗവാന്‍ ഹരിയുടെ മായാലീലകള്‍ ഇന്ദ്രജാലക്കാരെക്കൂടി ഭ്രമിപ്പിക്കുന്നു. ആത്മവര്‍ത്മനായ ഭഗവാന്‍ സ്വയമേവപോലും തന്റെ ആദ്യന്തരഹിതവും, അനന്തവുമായ ശക്തിവൈഭവത്തെ അറിയുന്നില്ല പോല്‍. പിന്നെ മറ്റുള്ളവരുടെ വിശേഷം പറയാനെന്തിരിക്കുന്നു?. വാക്കിനോ, മനസ്സിനോ, അഹങ്കാരത്തിനോ, തന്റെ ഉപദേവതകള്‍ക്കൊപ്പം കിണഞ്ഞുപരിശ്രമിച്ചിട്ടും അവനെ അറിയുവാന്‍ കഴിഞ്ഞില്ലത്രേ!. അതുകൊണ്ട് വിവേകത്തിനഗ്രാഹ്യമായ ഭഗവാന്‍ ഹരിയെ ഹൃദയംകൊണ്ട് നമിക്കുവാന്‍ മാത്രമേ മനുഷ്യനു സാധിക്കുകയുള്ളൂ.
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം ആറാമധ്യായം സമാപിച്ചു.

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം അധ്യായം - 5

3.5 വിദുരമൈത്രേയ സംവാദം.
ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം അധ്യായം - 5
ശ്രീശുകന്‍ പറഞ്ഞു:. "രാജന്‍!, ഉദ്ധവരുടെ ഉപദേശപ്രകാരം കുരുശ്രേഷ്ഠനായ വിദുരര്‍ ഗംഗയുടെ തീരത്തെത്തി. അവിടെയാണല്ലോ മാഹാപണ്ഡിതനായ മൈത്രേയമുനി തപം ചെയ്യുന്നത്. സൗമ്യശീലനായ വിദുരര്‍ മൈത്രേയനെ കണ്ടുവണങ്ങി തന്റെ ഇംഗിതം അറിയിച്ചു.
വിദുരര്‍ പറഞ്ഞു: "മഹാമുനേ!, ഈ ലോകത്തില്‍ സര്‍‌വ്വരും കാമ്യകര്‍മ്മങ്ങളുടെ അനുഷ്ഠാനം മാത്രമാണിച്ഛിക്കുന്നത്. മനഃശാന്തിക്കായോ, ദുഃഖോപശാന്തിക്കായോ ഒരുത്തരുംതന്നെ പ്രയത്നിക്കുന്നില്ല. മാത്രമല്ല, ഇത്തരം കര്‍മ്മാനുഷ്ഠാനങ്ങളില്‍ അവര്‍ എന്നെന്നും മുന്നേറുകയുമാണ്. അതിനാല്‍ ആത്മശാന്തിനേടുന്നതിനായി മനുഷ്യര്‍ ഇവിടെ അനുഷ്ഠിക്കേണ്ട ജീവിതം എങ്ങനെയുള്ളതാണെന്നരുളിചെയ്താലും. പ്രഭോ!, ഭഗവത്പാദസ്മരണയില്‍ നിന്നകന്ന്, അനാത്മീയമായ ജീവിതം നയിക്കുന്ന ജീവാത്മാക്കളോടുള്ള കരുണയില്‍, ഇവിടെയുള്ള മഹാത്മാക്കള്‍ ഭഗവത് നാമത്തില്‍ ലോകമംഗളം കാംക്ഷിച്ചുകൊണ്ട് നിത്യേന ഉലകം മുഴുവന്‍ ചരിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ഹേ മഹാത്മന്‍!, ഭഗവാനില്‍ ഭക്തിയുണ്ടാകുവാന്‍ ഞങ്ങളെ അനുഗ്രഹിച്ചാലും. അങ്ങനെയെങ്കില്‍, ആ ഭക്തികൊണ്ട്, സര്‍വ്വാന്തര്യാമിയായ അവന്റെ തത്വം ഞങ്ങളിലും തെളിയാന്‍ വഴിയുണ്ട്. മഹാമുനേ!, സര്‍‌വ്വസ്വതന്ത്രനും, കാമരഹിതനുമായ ആ നാരായണന്‍ ഇവിടെ എങ്ങനെ വിവിധ അവതാരങ്ങളെടുക്കുന്നുവെന്നും, ഏതുവിധം അവന്‍ ഇവിടെ ഇക്കണ്ട സൃഷ്ടികളെല്ലാം ചെയ്ത് അവയെ പരിപാലിച്ച് വിളങ്ങുന്നുവെന്നുമറിയാന്‍ ഞങ്ങള്‍ക്കതിയായ ആഗ്രഹമുണ്ട്
അവന്‍ തന്റെ ഹൃദയമാകുന്ന ക്ഷീരസാഗരത്തില്‍ സദാ യോഗനിദ്രകൊള്ളുന്നു. തന്റെ സകലസൃഷ്ടിയും അതില്‍ വ്യാപരിപ്പിച്ച്, ഇന്നു നാം കാണുന്ന അനേകകോടി ജീവജാലങ്ങളായി സ്വയം മാറുകയും ചെയ്യുന്നു. അവയെ നിലനിറുത്തുന്നതിലേക്ക് അവന് യാതൊന്നുംതന്നെ ചെയ്യേണ്ടതായില്ല. അവന്‍ സകലയോഗങ്ങളുടേയും ഈശ്വരനും, സര്‍‌വ്വത്തില്‍ നിന്നും വ്യത്യസ്ഥനുമാണ്. പ്രഭോ!, അവന്‍ പശുക്കള്‍ക്കും, ബ്രാഹ്മണര്‍ക്കും, ദേവകള്‍ക്കും തങ്ങളുടെ സര്‍‌വ്വരക്ഷകനായി നിലകൊള്ളുന്നു. അങ്ങനെയുള്ള അവന്റെ അത്ഭുതചരിതങ്ങള്‍ അവോളം കേട്ടിട്ടും ഞങ്ങള്‍ക്ക് മതിവരുന്നില്ല. ഞങ്ങളുടെ ദാഹമകലുവോളം അവന്റെ മഹിമകള്‍ അങ്ങ് പ്രകീര്‍ത്തിച്ചാലും. സര്‍‌‌വ്വലോകങ്ങളുടേയും നാഥനായ ഭഗവാന്‍ നാനാജീവജാലങ്ങള്‍ക്കധിവസിക്കുന്നതിനായി വിവിധതരം ലോകങ്ങള്‍ സൃഷ്ടിച്ച്, അവയുടെ അധിപന്‍‌മാരേയും ജാതരാക്കി. അല്ലയോ വിപ്രവര്യാ!, ആത്മയോനിയായ നാരായണന്‍ എങ്ങനെയാണ് ഈ ജീവപ്രപഞ്ചത്തെ ഇത്ര വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും നിര്‍മ്മിച്ചിരിക്കുന്നത്?.
പ്രഭോ!, മനുഷ്യസമൂഹത്തിലെ ഉച്ഛനീചത്വങളെക്കുറിച്ച് ഞാന്‍ തൃപ്തിവരുമാറ് വ്യാസഭഗവാനില്‍ നിന്നും യഥേഷ്ടം കേട്ടിരിക്കുന്നു. പക്ഷേ കൃഷ്ണകഥാമൃതത്തെക്കുറിച്ച് കൂടുതലായൊന്നുംതെന്നെ അവര്‍ പറഞ്ഞിട്ടില്ല. അവനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ഏതുമനുഷ്യനാണ് ഈ സമൂഹത്തില്‍ ആത്മസംതൃപ്തി കൈവന്നിട്ടുള്ളത്? അവന്റെ തൃപ്പാദങ്ങളാകട്ടെ സകലതീര്‍ത്ഥങ്ങളുടേയും ആകെത്തുകയാണ്. ആ പുണ്യപാദത്തെയാണ് മഹാത്മാക്കള്‍ നിത്യേന പൂജ ചെയ്യുന്നത്. അവന്റെ കഥാമൃതം ശ്രോത്രേന്ദിയങ്ങളിലൂടെ ഒരുവന്റെ ഉള്ളിലേക്ക് കടക്കുന്നമാത്രയില്‍ അവന് പുത്രമിത്രകളത്രാദി സമ്പത്തുകളുടെ നിജസ്ഥിതി ഗ്രാഹ്യമാകുകയും, അവയില്‍ ക്രമേണ വിരക്തിയുണ്ടാകുകയും ചെയ്യുന്നു..
പ്രഭോ!, അങ്ങയുടെ സഖന്‍ കൃഷ്ണദ്വൈപായനന്‍ ഭഗവാന്റെ ദിവ്യലീലകളെക്കുറിച്ച് മഹാഭാരതഗ്രന്ഥത്തില്‍ ധാരാളം പ്രതിപാദിച്ചിട്ടുണ്ട്. ഐഹികമായ വിവിധവിഷയങ്ങളിലൂടെ സാധാരണജനങ്ങളുടെ ശ്രദ്ധയെ ആകര്‍ഷിച്ച് വ്യാസന്‍ ഇതെല്ലാം പറഞ്ഞുവച്ചത് ഭഗവാന്റെ അദ്ധ്യാത്മഗീതയെ ജനങ്ങളിലെത്തിക്കുവാന്‍ വേണ്ടിയായിരുന്നു. കൃഷ്ണകഥ നിരന്തരം കേള്‍ക്കുന്നവരുടെ ഹൃദയത്തില്‍ മറ്റുള്ളവിഷയങളെ സംബന്ധിച്ച് വൈരഗ്യാഭാവം വന്നുഭവിക്കുന്നു. നിത്യനിരന്തരമായുള്ള ഭഗവത് സ്മൃതിയിലൂടെ ഒരുവന്റെ ജന്മജന്മാന്തര ദുഃഖങ്ങളും ദുരിതങ്ങളും അവനെ വിട്ടൊഴിയുന്നു.
അല്ലയോ മുനേ!, മനുഷ്യര്‍ ഭഗവാനില്‍ നിന്നകന്ന് പാപങള്‍ ചെയ്തുകൂട്ടി, തത്വചിന്താപരവും, കാല്പ്പനികവും, അനുഷ്ഠാനപരവുമായ വകകളില്‍ ബുദ്ധിയെ വ്യാപരിപ്പിച്ച്, തങ്ങളുടെ ആയുസ്സ് നിഷ്ഫലമാക്കുന്ന ദയനീയമായ അവസ്ഥകണ്ട് എനിക്ക് അവരോട് അനുകമ്പ തോന്നുകയാണ്. ദീനവത്സലനായ മത്രേയമുനേ!, ഭഗവാന്റെ മഹിമകള്‍ മാത്രമാണ് സകലലോകങ്ങളിലും സര്‍‌വ്വാധാരമായുള്ളത്. അതുകൊണ്ട്, മധുപന്‍ പുഷ്പങളില്‍നിന്നും മധുകണം ഊറിയെടുക്കുന്നതുപോലെ, ആ പരമപുരുഷന്റെ കഥാമൃതരസം കടഞ്ഞെടുത്ത് ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. ഇവിടെ സര്‍‌വ്വശക്തനായി, സകലൈശ്വര്യങ്ങളോടൊപ്പം, പൂര്‍ണ്ണാവതാരം കൈക്കൊണ്ട്, പ്രപഞ്ചത്തിനെ പരിപാലിച്ചുപോരുന്ന ഭഗവാന്റെ അത്യത്ഭുതവും, അതിമാനുഷികവുമായ മഹിമകള്‍ കേള്‍ക്കന്‍ ഞങ്ങള്‍ വെമ്പല്‍ പൂണ്ടിരിക്കുകയാണ്
ശ്രീശുകന്‍ പറഞ്ഞു: മുനിമാരേ!, വിദുരരുടെ പ്രാര്‍ത്ഥനയില്‍ സന്തുഷ്ടനായ മൈതേയമുനി ഉപചാരപൂര്‍‌വ്വം ലോകമംഗളത്തിനായിക്കൊണ്ട് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു. "വിദുരരേ!, അങ്ങ് ധന്യനാണ്. ഹൃദയംഗമമായ വസ്തുതകാളാണ് അങ്ങ് ചോദിച്ചതെല്ലാം. സദാ ബ്രഹ്മാനന്ദത്തില്‍ മുഴുകി ജീവിക്കുന്ന അങ്ങ് ഈയുള്ളവനോടും ഈ ലോകത്തോടുതന്നെയും കരുണയുള്ളവനാണ്. വ്യാസപുത്രനായ അങ്ങ് അനന്യഭാവത്തില്‍ ഭഗവാനെ സേവിക്കുന്നു. ഹേ ഭഗവന്‍!, അങ്ങ് പണ്ട് യമരാജനായിരുന്നുവെന്നും, പിന്നീട് മാണ്ഡവ്യമുനിയുടെ ശാപത്താല്‍ സത്യവതീപുത്രനായ വേദവ്യാസഭഗവാന് മകനായിപിറന്ന വിദുരരാണെന്നും ഞാന്‍ അറിയുന്നു. കൂടാതെ അങ്ങ് ഭഗവാന്റെ നിത്യോപാസകനാണ്. അങ്ങേയ്ക്കുവേണ്ടിയായിരുന്നു ഭഗവാന്‍ ഈ നരലോകം ത്യജിച്ച് തിരിച്ചുപോകുമ്പോള്‍ തന്റെ തത്വത്തെ എനിക്കുപദേശം ചെയ്തിരുന്നതെന്നും ഞാന്‍ അറിയുന്നു. അതുകൊണ്ടിതാ അവന്റെ അപാരമഹിമയെ ഞാന്‍ അങ്ങേയ്ക്കുമുന്നില്‍ വര്‍ണ്ണിക്കാന്‍ തുടങ്ങുകയാണ്.
ദിവ്യമായ മഹിമകളിലൂടെ അവന്‍ ഈ മായാപ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരപ്രക്രിയകള്‍ കൊണ്ടാടുന്നു. ഇവിടെ സൃഷ്ടിക്കുമുമ്പ് സകലജീവനാഥനായ ആ പരമാത്മാവ് മാത്രമായിരുന്നു ഏകനായിയുണ്ടായിരുന്നത്. അവന്‍ പരമകാരണമായി ഇവിടെ സൃഷ്ടിസ്ഥിതിലയം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അവന്‍ യുഗങ്ങള്‍തോറും പല രൂപത്തിലും ഭാവത്തിലും ഇവിടെ അവതീര്‍ണ്ണനായി തന്റെ ധര്‍മ്മം പരിപാലിക്കുന്നു. അവന്‍ മാത്രമായിരുന്നു പ്രപഞ്ചസകലത്തിന്റേയും ദ്രഷ്ടാവ്. ആ സമയം ഇക്കാണുന്ന പ്രപഞ്ചം ഇവിടെയുണ്ടായിരുന്നില്ല. ഈ അപൂര്‍ണ്ണതയില്‍ അവന്‍ അസന്തുഷ്ടനായി. പ്രകൃതി ഉറങ്ങിക്കിടന്നിരുന്ന ആ സമയം പുരുഷന്‍ ഉണര്‍ന്നിരുന്നു. ഈശ്വരന്‍ ദ്രഷ്ടാവും, അവന്റെ ബാഹ്യശക്തി ദൃശ്യവുമാണ്. ഈ ദൃശ്യം പ്രപഞ്ചോത്പ്പത്തിയില്‍ കര്യകാരണങളായി പ്രവര്‍ത്തിക്കുന്നു.
അല്ലയോ ഭാഗ്യവാനായ വിദുരരേ!, ഈ ബാഹ്യശക്തിപ്രതിഭാസത്തെ നാം മായ എന്നുവിളിക്കുന്നു. അവളാകട്ടെ, തന്റെ പരിവാരങ്ങളോടൊപ്പം ചേര്‍ന്ന് ഈ പ്രപഞ്ചത്തിന്റെ രചനചെയ്യുന്നു. അധോക്ഷജനായ ഭഗവാന്‍ പുരുഷനായിയവതരിച്ച് ത്രിഗുണാത്മികയായ മൂലപ്രകൃതിയില്‍ തന്റെ വീര്യം കടത്തുന്നു. തുടര്‍ന്ന് കാലത്തിന്റെ പ്രഭാവത്താല്‍ ഇവിടെ ജീവകണങള്‍ ഉത്ഭവിക്കുന്നു. ഭഗവാന്റെ പുരുഷാവതാരത്തിനുശേഷം കാലപ്രഭാവത്താല്‍ മഹത് തത്വമുണ്ടാകുകയും, ഈ മഹത് തത്വത്തില്‍ തന്റെ ശരീരത്തിലുള്ള വിത്തുകള്‍ പാകുകയും, അങ്ങനെ പ്രപഞ്ചം ആവിര്‍ഭവിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, മഹത് തത്വം സ്വയം പലതായിപ്പിരിഞ്ഞ് പിറക്കാനിരിക്കുന്ന ജീവജാലങ്ങളുടെ ഭണ്ഡാരമായി മാറുകയും ചെയ്യുന്നു. തമോഗുണമയമായ ഈ മഹത് തത്വം സ്വാഭാവികമായി അഹങ്കാരതത്വത്തിനെ ജനിപ്പിക്കുന്നു. എങ്കിലും മഹത് എന്നത് കാലബോധാദികളടങുന്ന ഭഗവതംശങള്‍ തന്നെയാണ്. ഈ മഹത് തത്വം കാര്യം, കാരണം, കര്‍ത്താവ്, എന്നിങനെ മൂന്ന് തരത്തിലുള്ള അഹങ്കാരങളായി പരിണമിക്കുന്നു. പഞ്ചഭൂതാധിഷ്ഠിതമായ ഇവയെല്ലാം മാനസേന്ദ്രിയാദി തലങളിലുള്ള പരിവര്‍ത്തനങ്ങളാണ്. മഹത്തില്‍ നിന്നും ഉടലെടുക്കുന്ന ഈ അഹങ്കാരതത്വങള്‍ പ്രകൃതിയുടെ സാത്വികരാജസികതാമസികഗുണങ്ങളില്‍ പ്രതിനിധീഭവിച്ചിരിക്കുന്നു.
അഹങ്കാരതത്വം സത്വഗുണവുമായി കൂടിച്ചേര്‍ന്ന് മനസ്സായി ഭവിക്കുന്നു. സകലലോകാധിപതിദേവതകളും ഈ തത്വത്തിന്റെ പരിണിതഫലങളാണ്. രജസ്സ് അഹങ്കാരവുമായി പാരസ്പര്യത്തിലേര്‍പ്പെടുമ്പോള്‍ ഇന്ദ്രിയങ്ങളുണ്ടാകുന്നു. തുടര്‍ന്ന് ജ്ഞാനവും, കര്‍മ്മവും രജസ്സില്‍നിന്നുത്ഭവിക്കുന്നു. എന്നാല്‍ തമോഗുണവുമായി അഹങ്കാരതത്വം കൂടിച്ചേരുമ്പോള്‍ ഭഗവത്സ്വരൂപമായ ആകാശം രൂപം കൊള്ളുന്നു. ഭഗവാന്‍ നാരായണന്‍ ഈ അനന്താകാശത്തിലേക്ക് തൃക്കണ്‍പാര്‍ക്കുമ്പോള്‍ തന്റെ കാലത്തിന്റേയും മായയുടേയും വൈഭവത്തോടുകൂടി സ്പര്‍ശം ഉണ്ടാകുന്നു. അനന്തരം സ്പര്‍ശത്തില്‍നിന്നും വായു ഉടലെടുക്കുന്നു. ഉരുബലാന്വിതമായ അനിലല്‍ ആകാശവുമായി കൂടിച്ചേര്‍ന്ന് ഇന്ദ്രിയ തന്മാത്രകളുണ്ടായി. തുടര്‍ന്ന് ഈ തന്മാത്രകള്‍ വീണ്ടും പരിണമിച്ച് പ്രപഞ്ചദൃശ്യാനുഭവം വ്യക്തമാക്കുന്ന ജ്യോതിസ്സായി മാറി. പിന്നീട് ആ ജോതിസ്സ് വായുവുമായി ഇഴുകിച്ചേര്‍ന്നതോടെ ഭഗവാന്‍ തന്റെ തൃക്കണ്ണുകള്‍കൊണ്ട് അവയെ ഒന്നു നോക്കി. അനന്തരം, കാലവും മായയും സം‌യുക്തമായി ജലവും രുചിയുമുണ്ടായി. ഈ ജലത്തിനെ ഭഗവാന്‍ തന്റെ കാലവും മായയും സമന്വയിപ്പിച്ചുകൊണ്ട് വീണ്ടും കണ്ടു. അങ്ങനെ ഗന്ധത്തോടുകൂടി ഭൂമിയും ഉടലെടുത്തു.
ഹേ ഭഗവന്‍!, അങ്ങ് അനന്താകാശത്തില്‍നിന്നുമുടലെടുത്ത് ഭൂമിയിലേക്ക് നിപതിക്കുന്ന സകലഭൂതങ്ങളും, അഥവാ മേന്മയേറിയതും കുറഞ്ഞതുമായ സകലഗുണഗണങ്ങളും, ആ ആദിനാരായണന്‍ തന്റെ തൃക്കണ്‍നോട്ടമെറിയാതെ അസംഭവ്യമാണ്. ഈ പറഞ്ഞ സകലഭൂതങ്ങളുടേയും അധിപതികാളായ ദേവതകളൊക്കെയും ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന്റെ ശക്തിമത്തായ സൃഷ്ടിവൈഭവങളാണ്. അവരുടെ രൂപങ്ങളത്രയും അവന്റെ കാലവും മായാശക്തിയും ചേര്‍ന്നുണ്ടായ ഭഗവത് അംശങള്‍ മാത്രമാണ്. അവരാകട്ടെ, തങ്ങള്‍ക്ക് വിധിച്ചിട്ടുള്ള കര്‍ത്തവ്യങ്ങളെ നിറവേറ്റുവാന്‍ കഴിയാതെവന്ന അവസരങളില്‍ തങ്ങളുടെ ഹൃദയം കൊണ്ട് ഭഗവാനെ വിളിച്ചുപ്രാര്‍ത്ഥിച്ചു"
അവര്‍ പറഞ്ഞു: "ദേവാ!, നിന്നില്‍ ശരണാഗതരായവര്‍ക്ക് അവിടുത്തെ പാദാരവിന്ദം അവരുടെ താപമകറ്റിക്കൊണ്ട് അവര്‍ക്കുമുകളില്‍ വിടര്‍ന്നുനില്‍ക്കുന്ന ഒരു ആതപത്രമാണ്. ജ്ഞാനികളായ ഋഷികളാകട്ടെ, ആ ആതപത്രത്തെ മാത്രം ആശ്രയിച്ചുകൊണ്ട് തങ്ങളുടെ സംസാരദുഃഖങ്ങളെ ഒന്നൊഴിയാതെ അകറ്റിക്കളയുന്നു. അതിനാല്‍ ഞങ്ങളുമിതാ ആ പാദപങ്കജത്തെ നമിക്കുകയാണ്. ഭഗവാനേ!, ഇവിടെ ആദിഭൗതികവും, ആദിദൈവികവും, അദ്ധ്യാത്മികവുമായ ത്രിദോഷങളില്‍പെട്ട് ഉഴലുന്നവരായ ജീവഭൂതസംസാരികള്‍ക്ക് എങ്ങനെ സന്തോഷവും, സമാധാനവും ഉണ്ടാകാന്‍ പോകുന്നു?. അവര്‍ അതിനായി എന്നെന്നും അവിടുത്തെ ചരണാരവിന്ദച്ഛായയെ തങ്ങളുടെ ഏകാശ്രയമായി കണക്കാക്കുന്നു. അതുപോലെ, ദേവാദിദേവാ!, ജ്ഞാനസര്‍‌വ്വാര്‍ത്ഥമായ അവിടുത്തെ തൃപ്പാദപങ്കജങ്ങളെ ഞങ്ങളുമിതാ വന്ദിക്കുന്നു. ആ പൊന്‍പാദപങ്കജങ്ങള്‍ സകലതീര്‍ത്ഥങ്ങളുടേയും അഭയസ്ഥാനമാണ്. ശ്രുതികളെ ചിറകുകളാക്കിയ നിസ്സംശയരായ മുനികള്‍പോലും അവിടുത്തെ തിരുമുഖകമലം തേടി സദാ അലഞുതിരിയുന്നു. അവരില്‍ ചിലരാകട്ടെ, പാപനാശിനിയായ ഗംഗയെ ആശ്രയമാക്കി അവിടുത്തെ പാദപത്മത്തില്‍ അടിപണിയുന്നു. ആ അംഘ്രിപത്മത്തെക്കുറിച്ച് ശ്രദ്ധയോടെ കേള്‍ക്കുന്ന മാത്രയില്‍, അഥവാ, അവയെ ഭക്തിയോടെ ഹൃദയത്തില്‍ സ്മരിക്കുന്ന മാത്രയില്‍ ഒരുവന്‍ വൈരാഗ്യത്താല്‍ പാപവിമുക്തനാകുകയും, അവനില്‍ ക്രമേണ അദ്ധ്യാത്മജ്ഞാനം തെളിയുകയും ചെയ്യുന്നു. ആയതിനാല്‍ ഞങ്ങളിതാ ആ പാദാരവിന്ദത്തില്‍ അഭയം പ്രാപിക്കുകയാണ്.
ഭഗവാനേ!, അവിടുന്ന് ഈ പ്രപഞ്ചത്തില്‍ സൃഷ്ടിസ്ഥിതിലയങ്ങള്‍ക്കായി പലേ അവതാരങ്ങളെടുക്കുന്നു. അങ്ങയുടെ പാദാരവിന്ദത്തില്‍ ശരണം പ്രാപിക്കുന്നതോടെ അവിടുത്തെ ഭക്തന്‍മാര്‍ക്ക് തങ്ങളുടെ സര്‍‌വ്വഭയങ്ങളുമകന്ന് അങ്ങയെ എന്നെന്നും ഓര്‍ക്കുവാന്‍ സാധിക്കുന്നു. ദേവാ!, ദേഹഗേഹാദികളിലുള്ള ഒടുങ്ങാത്ത ദുരാഗ്രഹവുമായി അനുബന്ധപ്പെട്ട്, ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തില്‍ ജീവിതത്തെ നയിക്കുന്നവര്‍ക്ക്, നിന്റെ തൃപ്പാദദര്‍ശനം തീര്‍ത്തും അസാധ്യമത്രേ!. അങ്ങ് സദാ അവരുടെ ഹൃദയകമലത്തിലിരുന്നരുളുമ്പോഴും അവര്‍ അതറിയാതെപോകുന്നു. പക്ഷേ ഭഗവാനേ!, ഞങ്ങളിതാ അങയുടെ ചരണാംബുജത്തില്‍ അഭയം പ്രാപിക്കുന്നു. നാരായണാ!, അസതായ വൃത്തികളില്‍‌പെട്ട് ഉള്‍ക്കാഴ്ച നഷ്ടമായ മാനുഷര്‍ക്ക് അങ്ങയുടെ ചരണാരവിന്ദം ദര്‍ശിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ നിന്റെ ഭക്തന്മാരാകട്ടെ, അതിനെ എപ്പോഴും ഇമവെട്ടാതെ കണ്ടുകൊണ്ടേയിരിക്കുന്നു. കാരണം ഭഗവത് ഭക്ത്ന്മാരുടെ പരമമായ ലക്‌ഷ്യം എപ്പോഴും അവിടുത്തെ അത്ഭുതലീലകള്‍ മാത്രമാണ്.
ഭഗവാനേ!, അങ്ങയുടെ കഥാമൃതത്തെ പാനം ചെയ്യുന്നവര്‍ അങ്ങയില്‍ പ്രവൃദ്ധമായ ഭക്തിനേടി, പൂര്‍ണ്ണവൈരാഗ്യാവസ്ഥയിലെത്തി, അവിടെനിന്നും ജ്ഞാനം നേടി വൈകുണ്ഡത്തെ പ്രാപിക്കുന്നു. മറ്റുചിലര്‍, ആത്മസമാധിയോഗത്തിലൂടെ ധീരന്‍‌മാരായി, അദ്ധ്യാത്മജ്ഞാനം കൊണ്ട് പ്രകൃതിഗുണങ്ങള്‍ക്കധീതരായി, നിന്നിലേക്കെത്തിച്ചേരുന്നു. പക്ഷേ, അവര്‍ക്ക് ഇതിലേക്ക് അത്യന്തം പ്രയത്നിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഭക്തിയോഗംകൊണ്ട് യാതൊരുവിധപരിശ്രമവും കൂടാതെ നിന്റെ ഭക്തന്മാര്‍ നിന്നിലെത്തിച്ചേരുന്നു. ഹേ ആദ്യനായ ഭഗവാനേ!, ഞങ്ങള്‍ അങ്ങയുടെ സൃഷ്ടിയാണ്. പക്ഷേ, പ്രകൃതിയുടെ ഗുണപരിണാമങ്ങള്‍ക്കടിമപ്പെട്ട് ഞങ്ങള്‍ ഒന്നിനുപുറകേ മറ്റൊന്നായി അനേകം യോനികളില്‍ ജന്മം കൊള്ളുന്നു. ഇക്കാരണംകൊണ്ടുതന്നെ ഞങ്ങള്‍ ഇപ്പോഴും ഇതരകര്‍മ്മങ്ങളിലേപ്പെട്ടിരിക്കുന്നു. അതിനാല്‍ അങ്ങയുടെ പരമകാരുണ്യത്തിനുവേണ്ടി ഞങ്ങള്‍ക്കിതിനകം ഒന്നുംതന്നെ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല
ഹേ അജനായ ഭഗവാനേ!, ഇവിടെ മറ്റുള്ള ജീവജാലങളും നിലനില്‍ക്കേണ്ടതുണ്ട്. ആയതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ അന്നത്തെ പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്. തതര്‍ത്ഥം അങ്ങയെ ഏതുകാലത്ത്, ഏതുവിധം പ്രീതിപ്പെടുത്തണമെന്ന് ഞങ്ങളെ അറിയിച്ചാലും. കാരണം അങ്ങയുടെ സന്തോഷത്താലും അനുഗ്രഹത്താലും ഞങ്ങള്‍ക്കും ഈ പ്രപഞ്ചത്തിലെ സകലമാനജീവഗണങ്ങള്‍ക്കും തങ്ങള്‍ക്ക് വിധിച്ചിട്ടുള്ള അന്നത്തെ ദുഃഖങ്ങളൊഴിഞ് ഭുജിക്കുമാറാകട്ടെ!. ഭഗവാനേ!, കൂടസ്ഥനും പുരാണനുമായ അങ്ങാണ് ഈ പ്രപഞ്ചത്തിലെ നാനാനിരകളിലുമുള്ള ദേവതകളുടേയും പിതാവ്. അജനായ നീ നിന്റെ മായാശക്തിയെ രേതസ്സോടൊപ്പം സകല ജീവജാലങ്ങളിലും നിറച്ചിരിക്കുന്നു. ഹേ പരമാത്മാവേ!, അങ്ങയുടെ മഹത് തത്വത്തില്‍നിന്നും ആദിയിലുളവായ ഞങ്ങള്‍ക്ക് എന്തുകര്‍മ്മമാണ് അങ്ങയുടെ പ്രീതിക്കുവേണ്ടി അനുഷ്ഠിക്കുവാനുള്ളത്. അവിടുത്തെ ഇംഗിതങ്ങളെ വകയാം‌വണ്ണം നിറവേറ്റുവാനുള്ള കരുത്തും ആത്മവിശ്വാസവും ഞങ്ങള്‍ക്ക് ദയവായി അരുളുമാറാകണം.
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം അഞ്ചാ മധ്യായം സമാപിച്ചു

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം അധ്യായം - 4

4 വിദുരര്‍ മൈത്രേയമുനിയെ കാണാനെത്തുന്നു.
ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം അധ്യായം - 4
ഉദ്ധവര്‍ തുടര്‍ന്നു: "പ്രഭാസതീര്‍ത്ഥത്തിലെത്തി ബ്രാഹ്മണരെ പൂജിച്ചതിനുശേഷം, വൃഷ്ണികളും ഭോജന്‍‌മാരും തുടര്‍ന്ന് ഈ ബ്രാഹ്മണരുടെ ഉപദേശമനുസരിച്ച് പ്രാസാദം കഴിക്കുകയും, വാരുണിമദ്യം സേവിക്കുകയും ചെയ്തു. തത്ക്കാരണാല്‍ സ്വബോധം നഷ്ടപ്പെട്ട ഇവര്‍ പരുഷമായ വാക്കുകള്‍ പറഞ്ഞ് അന്യോന്യം കലഹിക്കാന്‍ തുടങ്ങി സായംകാലമായപ്പോഴേക്കും, അവരുടെ ബുദ്ധി മദ്യലഹരിയില്‍ അസന്തുലിതമായ അവസ്ഥയിലായി. അത് അവരുടെ സര്‍‌വ്വനാശത്തിന്റെ ആരംഭമായിരുന്നു.
താന്‍ ഇച്ഛിച്ചതുപോലെ തന്റെ വംശത്തിന്റെ സര്‍‌വ്വനാശം മുന്നില്‍ കണ്ട ഭഗവാന്‍ ശ്രീകൃഷ്ണന്‍ താമസിയാതെ സരസ്വതീതീരത്തെത്തി. നദിയിലിറങ്ങി അല്പ്പം ജലം മൊത്തിക്കുടിച്ചു. അനന്തരം ഒരു വൃക്ഷച്ചുവട്ടില്‍ ഉപവിഷ്ടനായി. ശരണാഗതരുടെ സര്‍‌വ്വദുഃഖങ്ങളും തീര്‍ക്കുന്ന ഭഗവാന്‍ യഥുക്കളുടെ വിനാശം മനസ്സില്‍ വിചാരം ചെയ്യുന്ന സമയംതന്നെ എന്നോട് ബദരികാശ്രമത്തിലേക്ക് പോയ്ക്കൊള്ളാന്‍ ആവശ്യപ്പെട്ടു. അല്ലയോ വിദുരരേ!, എനിക്കവന്റെ ആഗ്രഹം നന്നേയറിയാമായിരുന്നു. ആയതിനാല്‍ ആ പാദപങ്കജത്തെപ്പിരിഞ്ഞിരിക്കുവാന്‍ അസാധ്യമെങ്കിലും, അവന്റെ ആജ്ഞയെ ഞാന്‍ ശിരസ്സാവഹിച്ചു. അങ്ങനെ സഞ്ചരിക്കുന്ന വേളയില്‍ ശ്രീനികേതനനായ എന്റെ ഗുരു ഭഗവാന്‍ ശ്രീകൃഷ്ണന്‍ സരസ്വതീനദിയുടെ തീരത്തുള്ള ഒരു വൃക്ഷച്ചുവട്ടില്‍ ചിന്താധീനനായി ഇരിക്കുന്നത് ഞാന്‍ കണ്ടു. കറുപ്പുനിറത്തില്‍ മനോഹരമായിരുന്നു ആ കോമളഗാത്രം. പ്രശാന്തമായ അവന്റെ കണ്ണുകള്‍ ഉദയസൂര്യനെപ്പോലെ ചുവന്നിരുന്നു. മഞ്ഞപ്പട്ടുടുത്ത് നാല് തൃക്കൈകളോടെ മരുവുന്ന ആ പരമപുരുഷനെ തിരിച്ചറിയാന്‍ എനിക്ക് വളരെ പെട്ടെന്ന് കഴിഞ്ഞു. വലത് താമരപ്പാദം ഇടത് തുടയിന്‍‌മേല്‍ കയറ്റിവച്ച്, ശാന്തനായി, ഒരു ചെറിയ ആല്‍മരച്ചുവട്ടിലിരിക്കുന്ന ഭഗവാന്റെ തിരുമുഖം കൂടുതല്‍ പ്രസന്നമായിരുന്നു.
ഈ സമയം അവന്‍ തന്റെ സകല ലൗകികസമ്പത്തുകളും ഉപേക്ഷിച്ചിരുന്നു. അപ്പോഴാണ് ഭഗവാന്റെ ഉത്തമഭക്തനും, വ്യാസഭഗവാന്റെ സുഹൃത്തും അഭുദയകാംക്ഷിയുമായ മൈത്രേയമുനി യദൃച്ഛയാ അവിടേക്ക് വന്നത്. ഭക്തോത്തമനായി മൈത്രേയമുനി നമ്രശിരസ്ക്കനായി അവിടെയിരുന്നുകൊണ്ട് ആ പരം‌പൊരുളിന്റെ വാക്കുകളെ ശ്രവിക്കുകയായിരുന്നു. ആ ആദിനാരായണന്റെ പരമകാരുണ്യമാകുന്ന മന്ദഹാസം എന്നിലും വീണു. അതോടെ ഞാന്‍ അവിടെയിരുന്നു അവനെ സശ്രദ്ധം കേട്ടു."
ശ്രീഭഗവാന്‍ പറഞ്ഞു: "ഹേ വസു!, പണ്ട് നിങ്ങള്‍ വസുക്കളും മറ്റ് ദേവതകളും ചേര്‍ന്ന് വിശ്വസൃഷ്ടിയുടെ പരിവ്യാപ്തിക്കുവേണ്ടി യജ്ഞം നടത്തിയപ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ അലതല്ലിക്കൊണ്ടിരുന്ന ആ ആഗ്രഹം സര്‍‌വ്വാന്തര്യാമിയായ നാം അറിഞ്ഞിരുന്നു. ആയതിനാല്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നമ്മുടെ സാന്നിധ്യം കാംക്ഷിച്ച നിങ്ങള്‍ക്ക് നാം അത് നല്‍കുകയും ചെയ്തിരുന്നു. അല്ലയോ സാധോ!, ഇത് അങ്ങയുടെ അവസാനജന്‍‌മമാണ്. അതുപോലെ അങ്ങയുടേ ഈ ജന്‍‌മം അത്യന്തം മഹത്തരവുമാണ്. കാരണം, അങ്ങേയ്ക്ക് നമ്മുടെ സായൂജ്യം ലഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി അങ്ങേയ്ക്ക് ഈ നരലോകത്തെ ത്യജിച്ച് നമ്മുടെ ആസ്ഥാനമായ വൈകുണ്ഡത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. നമ്മെ കാണാനായി ഇപ്പോള്‍ ഈ ഏകാന്തമായ സ്ഥലത്ത് അങ്ങെത്തിച്ചേര്‍ന്നിരിക്കുന്നത് അങ്ങേയ്ക്ക് നമ്മിലുള്ള അകമഴിഞ ഭക്തിപാരവശ്യം ഒന്നുകൊണ്ട് മാത്രമാണ്. അത് മാത്രമാണ് അങ്ങയുടെ സകല ഐശ്വര്യങ്ങളുടേയും പരമഹേതുവും. അല്ലയോ ഉദ്ധവരേ!, പണ്ട് സൃഷ്ടിക്കുമുമ്പ് നമ്മുടെ നാഭിയില്‍ നിന്നുമുയര്‍ന്നുവിടര്‍ന്ന കമലത്തില്‍ സ്ഥിതനായ ബ്രഹ്മദേവന് നാം നമ്മുടെ തത്വത്തെ ഉപദേശം ചെയ്തിരുന്നു. അതിനെ ജ്ഞാനികള്‍ ശ്രീമദ് ഭാഗവതം എന്നു വിളിക്കുന്നു."
ഉദ്ധവര്‍ പറഞ്ഞു: "ഹേ വിദുരരേ!, അവന്റെ സ്നേഹവാത്സല്യള്‍ എന്നില്‍ പതിഞ്ഞതോടെ എന്റെ വാക്കുകള്‍ കണ്ണീരില്‍ പൊലിഞ്ഞു:പോയി. അംഗങള്‍ തോറും രോമങ്ങള്‍ എഴുന്നുനിന്നു. കണ്ണുനീരൊഴുക്കി, കൂപ്പുകൈകളോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. [ഭഗവാനേ!, അങ്ങയുടെ പാദാംബുജസേവ ചെയ്യുന്ന ഒരു ഭക്തന് ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ വളരെ എളുപ്പത്തില്‍ പ്രാപ്യമാകുന്നു. പക്ഷേ അടിയന് വേണ്ടത് അവിടുത്തെ പാദാരവിന്ദങ്ങളെ പൂജിക്കുവാനുള്ള സൗഭാഗ്യം മാത്രമാണ്. ഭഗവാനേ!, ഇതെന്തൊരത്ഭുതം!, കാമരഹിതനായ അങ്ങ് കാമ്യകര്‍മ്മങള്‍ ചെയ്യുന്നു. അജനായ അങ്ങ് നിരവധി അവതാരങ്ങള്‍ കൈക്കൊള്ളുന്നു. കാലത്തിന്റെ നിയന്താവായ അങ്ങ് ശത്രുക്കളെഭയന്ന് കോട്ടപുക്കൊളിക്കുന്നു. ബ്രഹ്മാനന്ദനിമഗ്നനായിയിരിക്കുമ്പോഴും അവിടുന്ന് ഒരു ഗൃഹസ്ഥാശ്രമിയെപ്പോലെ സ്ത്രീകളാല്‍ ചുറ്റപ്പെട്ട് തൃണസമമായ ജീവിതമാസ്വദിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടും മഹത്തുക്കള്‍ പോലും പരിഭ്രാന്തരായി അമ്പരന്നുനില്‍ക്കുന്നു. പ്രഭോ!, അങ്ങ് കാലാധിതനാണ്. അവിടുത്തെ നിസ്സീമമായ ജ്ഞാനത്തിനുമുന്നില്‍ അടിയന്‍ ആരുമല്ല. എങ്കിലും അവിടുന്ന് ഒരു വിമോഹിതനെന്നവണ്ണം എന്നോട് ഉപദേശം ആരായുന്നു. അങ്ങയുടെ ഇങനെയുള്ള ചെയ്തികളാണ് ഈയുള്ളവനെ മോഹിപ്പിക്കുന്നത്.
ഭഗവാനേ!, അങ്ങയുടെ മഹിമകളാകുന്ന ആ ആത്മജ്ഞാനം സകലദുരിതങ്ങളേയും അകറ്റുന്നതാണ്. അങ്ങ് സൃഷ്ടിക്കുമുമ്പ് ബ്രഹ്മദേവനില്‍ കൊളുത്തിയ ആ ജ്ഞാനദീപം ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവരാണ് ഞങ്ങളെന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടുവെങ്കില്‍ ആ ദീപം ഞങ്ങളില്‍കൂടി പ്രകാശിപ്പിച്ചാലും.
ഉദ്ധവരേ!, ഇങ്ങനെ ഞാന്‍ ഹൃദയം കൊണ്ടവനോട് പ്രാര്‍ത്ഥിച്ചു. എന്നില്‍ പ്രീതനായ ആ താമരക്കണ്ണന്‍ തന്റെ പരമമായ തത്വത്തെ എനിക്ക് പ്രദാനം ചെയ്തു. അവന്റെ പ്രീതിയില്‍ ആ തത്വം ഞാന്‍ പഠിച്ചു. പിന്നീട് ആ തൃപ്പാദങ്ങളില്‍ നമസ്ക്കരിച്ച്, അവനുചുറ്റും പ്രദക്ഷിണം ചെയ്ത്, ഹൃദയത്തിലുരുകുന്ന വിരഹദുഃഖവുമായി ഞാന്‍ ഇവിടെയെത്തി. ഈ സമയം അവനെയോര്‍ത്ത് ഞാന്‍ ദുഃഖിക്കുകയാണ്. മനസ്സിന്റെ തളര്‍ച്ചയൊ അല്പ്പമൊന്ന് കുറയ്ക്കുവാനായി ഞാനിതാ അവന്റെ അനുജ്ഞയാല്‍ ബദരികാശ്രമത്തിലേക്ക് പോകുന്നു. ആവിടെയാണ് ആ പരമാത്മാവിന്റെ അവതാരങ്ങളായ നരനാരായണന്‍‌മാര്‍ കാലാകാലങളായി അഖിലലോകമംഗളത്തിനായ്ക്കൊണ്ട് തപമനുഷ്ഠിക്കുന്നത്."
ശ്രീശുകന്‍ പരീക്ഷിത്തിനോട് പറഞ്ഞു: "ഹേ രാജന്‍!, അങ്ങനെ വിദുരരില്‍ നിന്നും തന്റെ ബന്ധുമിത്രാദികളുടെ സര്‍‌വ്വനാശത്തെക്കുറിച്ച് കേട്ട പണ്ഡിതനായ വിദുരര്‍, തത്ജന്യമായ ദുഃഖത്തെ ജ്ഞാനാഗ്നിയില്‍ എരിച്ച് ഭസ്മമാക്കി. ഒടുവില്‍ ഭക്തോത്തമനായ ഉദ്ധവര്‍ വിദുരരോട് യാത്രപറഞ്ഞ് പോകാനൊരുങുമ്പോള്‍ വിദുരര്‍ അദ്ദേഹത്തോട് ചോദിച്ചു.
ഉദ്ധവരേ!, ഭക്തന്‍‌മാര്‍ എപ്പോഴും ഭഗവാനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരും സംസാരിക്കുന്നവരുമാണ്. അങനെയിരിക്കെ, അവന്‍ നേരിട്ട് തന്റെ ആത്മതത്വത്തെ ബോധിപ്പിച്ച് അനുഗ്രഹിച്ച അങ്ങയില്‍നിന്നും ആ ജ്ഞാനത്തെ മറ്റുള്ളവര്‍ സ്വീകരിക്കുന്നത് തികച്ചും അഭിലഷണീയം തന്നെ."
ഉദ്ധവര്‍ പറഞ്ഞു: "പ്രിയവിദുരരേ!, അതിനൊരു വഴി ഞാന്‍ കാണുന്നുണ്ട്. അവിടുന്ന് പണ്ഡിതനായ മൈത്രേയമുനിയെ ശരണം പ്രാപിക്കുക. ആദരണീയനായ അദ്ദേഹമാണ് ആ അത്മതത്വത്തെക്കുറിച്ച് പറയാന്‍ തികച്ചും ഇവിടെ യോഗ്യനായിയുള്ളത്. കാരണം ഭഗവാന്‍ തന്റെ ധാമത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് മൈത്രേയമുനിക്കാണ് ഈ തത്വത്തെ ഉപദേശം ചെയ്തിരുന്നത്."
ശുകദേവന്‍ പറഞ്ഞു: "രാജന്‍!, ഇങ്ങനെ യമുനാനദിയുടെ തീരത്തുവച്ച് വിദുരരും ഉദ്ധവരും ഭഗവാന്റെ മഹികള്‍ വാതോരാതെ ചര്‍ച്ചചെയ്തു. അവര്‍ കൃഷ്ണനെയോര്‍ത്ത് അവന്റെ വിരഹത്തില്‍ അതീവദുഃഖിതരായി. ആ രാതി ഉദ്ധവര്‍ക്ക് ഒരു നിമിഷം പോലെ കടന്നുപോയി. പിറ്റേദിവസം ഉഷസ്സില്‍ ഉണര്‍ന്ന് അദ്ദേഹം അവിടെനിന്നും യാത്രതിരിച്ചു."
സൂതന്‍ തുടര്‍ന്നു: ഇത്രയും കേട്ടതിനുശേഷം പരീക്ഷിത്ത് രാജാവ് ശ്രീശുകനോട് ചോദിച്ചു. "പ്രഭോ!, തന്റെ അദ്ധ്യാത്മലീലകള്‍ക്ക് വിരാമമിട്ട്, യഥുക്കളേയും ഭോജന്‍‌മാരേയും നാമാവശേഷമാക്കി, മൂന്നുലോകങ്ങളുടേയും നാഥനായ ശ്രീകൃഷ്ണപരമാത്മാവ് സ്വധാമത്തിലേക്ക് പ്രയാണം ചെയ്തതിനുശേഷം, ആരായിരുന്നു ഇവിടെ രാജ്യഭാരം ഏറ്റെടുത്തിരുന്നത്?. എന്തുകൊണ്ടാണ് ഉദ്ധവരെ മാത്രം ഭഗവാന്‍ ബാക്കിവച്ചത്?"
ശ്രീശുകന്‍ പറഞ്ഞു: "ഹേ രാജന്‍!, യഥുക്കള്‍ക്കും, ഭോജന്‍‌മാര്‍ക്കുമുണ്ടായ ബ്രാഹ്മണശാപം തികച്ചും ഒരു പ്രഹസനമായിരുന്നു. ഭൂമുഖത്തുനിന്നും തന്റെ കുലം ആപ്പാടെ ഇല്ലാതാക്കി, തിരിച്ച് വൈകുണ്ഡത്തിലേക്ക് മടങ്ങുവാനുള്ള ഭഗവാന്റെ ഇച്ഛയായിരുന്നു സത്യത്തില്‍ ഇവിടെ സംഭവിച്ചിരുന്നത്. ഈ അവസരത്തില്‍ ഭഗവാന്‍ ചിന്തിച്ചു: [എനിക്ക് സ്വധാമത്തിലേക്ക് മടങ്ങുവാന്‍ സമയമായിരിക്കുന്നു. എന്റെ ഭക്തന്‍‌മാരില്‍ അത്യുത്തമനായ ഉദ്ധവര്‍ മാത്രമാണ് എന്റെ തത്വത്തെ സ്വീകരിക്കാന്‍ ഇവിടെ പ്രാപ്ത്നായുള്ളത്. ഉദ്ധവര്‍ എന്നെക്കാള്‍ ഒട്ടും തന്നെ ചെറിയവനല്ല. കാരണം അദ്ദേഹം ത്രിഗുണാതിതനായ പുണ്യാത്മാവാണ്. അത്കൊണ്ട് എന്റെ അദ്ധ്യാതിമികതത്വത്തെ ഉള്‍ക്കൊണ്ട് ഇവിടെ പ്രചരിപ്പിക്കുവാന്‍ ഉദ്ധവര്‍ ഇവിടെ അവശേഷിക്കേണ്ടിയിരില്‍ക്കുന്നു.]
ശ്രീശുകന്‍ തുടര്‍ന്നു: "അങ്ങനെ മൂലോകഗുരുവായ ഭഗവാന്‍ ശ്രീകൃഷ്ണനില്‍ നിന്നും ഉദ്ധവര്‍ പ്രത്യക്ഷേണ ശ്രീമദ് ഭാഗവതത്വം പഠിച്ച് ഹൃദയത്തിലുറപ്പിച്ചു. അനന്തരം ബദരികാശ്രമത്തിലെത്തി ഭഗവത് പ്രീതിക്കായി ഭഗവതാരാധന തുടങ്ങുകയും ചെയ്തു. ഈ നരലോകത്തില്‍ അവന്‍ അവതരിച്ചതും തിരിച്ചുപോയതുമായ സകലവൃത്താന്തങളും വിദുരര്‍ ഉദ്ധവരില്‍ നിന്നും പഠിച്ചു. ഈ പരമസത്യത്തെ അറിയുവാനാണ് ഋഷീശ്വരന്‍‌മാര്‍ പോലും നിത്യവും അശ്രാന്തപരിശ്രമം കൊണ്ട് പണിപ്പെടുന്നത്. ഭഗവാന്റെ ഭൂലോകത്തിലുണ്ടായ അവതാരങ്ങളും, അവന്റെ അത്ഭുതമഹിമകളും അവന്റെ ഭക്തന്‍‌മാര്‍ക്കല്ലാതെ മറ്റൊരുത്തര്‍ക്കറിയുവാന്‍ സാധ്യമല്ല. അന്യജനാവലികള്‍ക്ക് അവയൊക്കെ കേവലം മനഃക്ലേശമുണ്ടാക്കുന്ന വസ്തുതകളത്രേ!.
ഭഗവാന്‍ വൈകുണ്ഡത്തിലേക്ക് മടങ്ങുന്നതിനുമുമ്പ് തന്നെ ഓര്‍മ്മപ്പെടുത്തിയ കാര്യങള്‍ ഒന്നൊന്നായി ചിന്തിച്ച് ഭഗവാനില്‍ പ്രേമവിഹ്വലനായി വിദുരര്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ട് ദീനദീനം വിലപിച്ചു. അങ്ങനെ കുറച്ചു ദിവസങള്‍ യമുനാതീരത്ത് വസിച്ച് വിദുരര്‍ മൈത്രേയമുനി താമസിക്കുന്ന ഗംഗാതീരത്തെത്തി."
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം നാലാമധ്യായം സമാപിച്