Showing posts with label Inspirational Stories (ഉദ്ബോധന കഥകള്‍). Show all posts
Showing posts with label Inspirational Stories (ഉദ്ബോധന കഥകള്‍). Show all posts

Tuesday, 8 July 2014

കുറ്റബോധത്തില്‍ നിന്ന് മോചനം

കുറ്റബോധത്തില്‍ നിന്ന് മോചനം


പലപ്പോഴും കുറ്റബോധം വേട്ടനായയെപ്പോലെ ഓടിക്കുകയാണ്. ഇതില്‍ നിന്നും മോചനമില്ല.
...

സത്യസന്ധനും, ധര്‍മ്മിഷ്ഠനുമായ യ‍ുധിഷ്ഠിരന് നരകം കണേണ്ട ദുര്യോഗമുണ്ടായി. യുധിഷ്ഠിരന് എന്തുകൊണ്ടീ വിധിയുണ്ടായി എന്ന ചോദ്യത്തിന് കുരുക്ഷേത്ര യുദ്ധത്തില്‍ ഗുരുവായ ദ്രോണരോട് കള്ളം പറഞ്ഞതു കൊണ്ടാണെന്ന് ഉത്തരവും ലഭിച്ചു ചോദ്യം തുടര്‍ന്നു.

"ആ കള്ളം പറയാന്‍ യുധിഷ്ഠിരനെ പ്രേരിപ്പിച്ചതാര്?"

"ശ്രീകൃഷ്ണന്‍."

"ശ്രീകൃഷ്ണനെ അനുസരിച്ചു കൊണ്ടാണോ യുധിഷ്ഠിരന് ഈ വിധി ഉണ്ടായത്?"

"അല്ല, താന്‍ കള്ളം പറഞ്ഞു എന്ന കുറ്റബോധം സദാ യുധിഷ്ടിരനെ വേട്ടയാടി. മറിച്ച് ഭഗവാനെ ഉപദേശം താന്‍ സ്വീകരിച്ചതാണ് എന്ന ചിന്തയായിരുന്നു അദ്ദേഹം പുലര്‍ത്തേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ കുറ്റബോധത്തില്‍ നിന്ന് യുധിഷ്ഠിരന് ഒഴിവാകാമായിരുന്നു. മഹത്തുക്കളുടെ ഉപദേശം ചോദ്യം ചെയ്യാതെ തന്നെ സ്വീകരിക്കാം. നിസ്വാത്ഥരായ അവര്‍ നല്ലതേഉപദേശിക്കൂ."

കുറ്റബോധം നമ്മെ ഒരിക്കലും രക്ഷപ്പെടുത്തുകയില്ല. കഴിഞ്ഞതു കഴിഞ്ഞു. ഇനി അതേക്കുറിച്ച് ചിന്തിക്കയേ വേണ്ട. ഈ ദിവസം മുതല്‍ നല്ല ജീവിതം തുടങ്ങുക. അതുമാത്രം മതി. ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് മനസാ ഉറപ്പിക്കുക, സുഖമായി ജീവിക്കുക.

ഭൂതകാല ചിന്തയും കുറ്റബോധവും പേറി ഒടുക്കാനുള്ളതല്ല ഈ മനുഷ്യ ജീവിതം. തെറ്റു പറ്റാത്തവരില്ല. അത് വീണ്ടും ആവര്‍ത്തിക്കാതിരിക്കുന്നതിലാണ് മിടുക്ക്. ആ തീരുമാനമെടുത്താല്‍ ഈശ്വരകൃപ നമ്മിലേയ്ക്ക് ഒഴുകുന്നത് അനുഭവിക്കാന്‍ സാധിക്കും. എന്തും ക്ഷമിക്കാറുള്ള സര്‍വ്വ ശക്തനായ ഈശ്വരനെ ശരണം പ്രാപിച്ചിട്ടും കുറ്റബോധം ചുമക്കേണ്ടവനല്ല ഞാന്‍, എന്ന് ഉറപ്പോടെ അവനവനോടു തന്നെ പറയൂ.

നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ് ഈശ്വരന് സ്വീകാര്യം


നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ് ഈശ്വരന് സ്വീകാര്യം


എനിക്ക് ഈശ്വരകാര്യങ്ങള്‍ നന്നായി ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ പണം തീരെ കുറവ്?
...
തമിഴ് നാട്ടിലെ ശിവഭക്തനായ നയനാര്‍ക്ക് വലിയൊരു ശിവക്ഷേത്രം പണിയണമെന്ന് ആഗ്രഹമായി. പക്ഷേ സാധാരണക്കാരനായ അദ്ദേഹത്തിന് എങ്ങനെ അത് സാധിക്കാനാകും.
തന്റെ നിസ്സാഹായാവസ്ഥ മനസ്സിലാക്കി നയനാര്‍ മനസ്സില്‍ തന്നെ വിശാലമായൊരു ശിവക്ഷേത്രം പണിയാന്‍ തീരുമാനിച്ചു. അങ്ങനെ നിത്യവും മണിക്കൂറുകളോളം മനസ്സിനകത്ത് ക്ഷേത്രം പണിനടക്കുന്നതായി അദ്ദേഹം ഭാവന ചെയ്തു തുടങ്ങി. മാസങ്ങള്‍ക്കഴിഞ്ഞു. നയനാരുടെ മാനസമന്ദിരനിര്‍മ്മാണം പൂര്‍ത്തിയായി. അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ കുംഭാഭിഷേകം നടത്താനും തീരുമാനിച്ചു.


ഈ സമയം പല്ലവരാജാവ് കാഞ്ചീപുരത്ത് വലിയൊരു ശിവമന്ദിരം പണികഴിച്ചു കഴിഞ‍്ഞിരുന്നു. അദ്ദേഹം ആ മന്ദിരത്തിന്റെ കുംഭാഭിഷേകം തീരുമാനിച്ചതും അതേ ദിവസം തന്നെയായിരുന്നു. അന്നു രാത്രി പല്ലവരാജാവ് ശിഷ്യനെ സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഭഗവാന്‍ അരുളി "രാജന്‍, നിന്റെ കുംഭാഭിഷേകം മാറ്റിവെയ്ക്കൂ. അന്ന് തിരുണാവൂരില്‍ നായനാരുടെ മന്ദിര പൂജയില്‍ പങ്കെടുക്കാന്‍ എനിക്കു പോകണം."


രാജാവ് ഉണര്‍ന്നു. അദ്ദേഹം അത്ഭുതപ്പെട്ടു. തന്റെ രാജ്യത്ത് താനറിയാതെ ഒരു മന്ദിര നിര്‍മ്മാണമോ? ഉടന്‍ അന്വേഷണത്തിന് ഉത്തരവായി. ഭടന്മാര്‍ക്ക് ആ സ്ഥലത്ത് മന്ദിരം കണ്ടെത്താനായില്ല. പക്ഷേ നയനാരെ കണ്ടെത്തി. അദ്ദേഹം രാജാവിനോട് തന്റെ ‘മാനസമന്ദിരനിര്‍മ്മാണ’ കഥ വിവരിച്ചു. കഥ കേട്ട് രാജാവ് അത്ഭുതപരതന്ത്രനായി.


ബാഹ്യമോടിയോ പ്രൗഢിയോ അല്ല ഭഗവാനെ സ്വാധീനിക്കുന്നത്, നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ് ഈശ്വരന് സ്വീകാര്യം.

നമുക്കുള്ളിലെ കോപം

നമുക്കുള്ളിലെ കോപം


കോപം പാപം തന്നെ. പക്ഷേ മഹത്തുക്കളില്‍ പലരും കോപിഷ്ഠരായി കാണുന്നുണ്ടല്ലോ?
...

കോപം മൂന്നു വിധം. മഹത്തുക്കളുടെ കോപം ജലരേഖപോലെ, തീര്‍ത്തും ക്ഷണികം. അവരുടെ കോപത്തിനു പിന്നില്‍ എന്തെങ്കിലും നല്ല ഉദ്ദേശ്യം കാണും. കോപത്തിനിരയായവന്‍ പിന്നീട് രക്ഷപ്പെട്ടതായും കാണാം.


രണ്ടാമത്തെ തരം കോപം കടല്‍ത്തീരത്ത് മണലില്‍ വരച്ച രേഖപോലെ സാധാരണ മനുഷ്യരുടെ കോപം ഈ അവസ്ഥയിലാണ്. കുറേക്കാലം അവരുടെ കോപം നീണ്ടു നില്‍ക്കും. ജീവിതാനുഭവങ്ങളാകുന്ന തിരകള്‍ അടിച്ചടിച്ച് കോപമുണ്ടാക്കിയ രേഖകള്‍ ക്രമേണ മങ്ങും;മായും.

ദുഷ്ടരുടെ കോപം ലോഹത്തകിടില്‍ വരച്ച വരപോലെ. അത്ര എളുപ്പമൊന്നും അത് മായുകയില്ല. ഒരു പക്ഷേ ഈ ജീവിതത്തില്‍ തന്നെ അത് പോയെന്നും വരില്ല. ഇത്തരം കോപം, താപവും ശാപവുമായി തീരും. അത് എല്ലാവര്‍ക്കും നാശമേ വിതയ്കൂ." കോപം ഇങ്ങനെ ഓരോ തലത്തിലാണെന്നറിയുക.

ദാനം ആപത്തുകളെ തടയും





ദാനം ആപത്തുകളെ തടയും


ശ്രീരാമകൃഷ്ണ പരമഹംസര്‍ കാശീപുരോദ്യാനത്തില്‍ താമസിക്കുന്ന കാലം. അവസാനനാളുകളായിരുന്നു അത്. കടുത്തരോഗം. പക്ഷേ അദ്ദേഹമാകട്ടെ നിറഞ്ഞ ആനന്ദത്തിലും.
...
ഡോ. സര്‍ക്കാര്‍ പരിശോധന കഴിഞ്ഞിട്ട് പരമഹംസരോട് പറഞ്ഞു "എനിക്കെല്ലാമുണ്ട്, ധര്‍മ്മം, കീര്‍ത്തി, ഭാര്യ, മക്കള്‍, ആരോഗ്യം. പക്ഷേ മനഃസുഖം മാത്രമില്ല. ഞാനെന്തു ചെയ്യണം?

ശ്രീരാമകൃഷ്ണദേവന്‍ അരുളിയതിങ്ങനെ, "കുഞ്ഞേ നീ സമ്പാദിക്കുന്നത് മറ്റുള്ളവരുടെ രോഗത്തില്‍ നിന്നാണ്. നിര്‍ദ്ധനരായ രോഗികള്‍ക്ക് വേണ്ടി കുറച്ചു ധനം ചിലവഴിക്കൂ. അവരെ‍ കഴിയും വിധം സൗജന്യമായി സേവിക്കൂ. ഇങ്ങനെ ചെയ്താല്‍, ഒരു സംശയവും വേണ്ട, ശാന്തിയും, സമാധാനവും എന്തിന് ഐശ്വര്യവും നാള്‍ക്കുനാള്‍ നിനക്ക് വര്‍ദ്ധിക്കും."
കുറച്ചുനാള്‍ക്കുശേഷം ഡോക്ടര്‍ പറഞ്ഞു, "അങ്ങയുടെ’സേവന മന്ത്രം’വളരെ ശക്തിയേറിയതു തന്നെ. ഞാനിപ്പോള്‍ ശാന്തിയും, സുഖവും അറിയുന്നു."

ദാനം ആപത്തുകളെ തടയും , കൊടുക്കുന്നവനേ ഈശ്വരന്‍ കലവറയില്ലാതെ കൊടുക്കൂ.

ആഹാരവും ,മനസ്സും, രോഗവും

ആഹാരവും ,മനസ്സും, രോഗവും


ചികിത്സയില്‍ ചില ഡോക്ടര്‍മാര്‍ ഉപവാസം നിര്‍ദ്ദേശിക്കുന്നു. എന്താണ് കാരണം?
...

അസുഖം പിടിപ്പെട്ട നായയെ ശ്രദ്ധിച്ചിട്ടുണ്ടോ? അത് ഭക്ഷണം കഴിക്കില്ല. ഉപവാസത്തിലൂടെ അവ രോഗമകറ്റുന്നു. പക്ഷിമൃഗാദികളില്‍ ഇത് വൃക്തമാണ്.


മനുഷ്യനാകട്ടെ, ഡോക്ടര്‍ വിലക്കിയാല്‍ പോലും ആഹാരനിയന്ത്രണം അവഗണിക്കുന്നു. വിശക്കാതെ തന്നെ ഭക്ഷണം കഴിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്. മാത്രമല്ല പ്രകൃതി നല്കുന്ന ഭക്ഷണം പാചകത്തിനു വിധേയമാക്കി, അരുതാത്തതെല്ലാം ചേര്‍ത്ത് കഴിക്കുന്നതും നാം തന്നെ ഇങ്ങനെ രോഗത്തിനുള്ള വഴി അവന്‍ സ്വയം ഒരുക്കുന്നു.


മനസ്സും ആഹാരവും രോഗവും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. അതുകൊണ്ട് ആഹാരം പാചകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും മനസ് പ്രസന്നമായിരിക്കണം. അതിനായി സാധാരണ വിറ്റാമിനുകളുടെ കൂട്ടത്തില്‍ ‘ജി’ കൂടി കരുതുന്നത് നന്ന്.

ജി എന്നാല്‍ ഗോഡ്-ഈശ്വരന്‍. ഈശ്വരചിന്തയോടെ കഴിക്കുന്ന ഭക്ഷണം മനസില്‍ ചെലുത്തുന്ന സ്വാധീനം അനുഭവിച്ചറിയാം. കുറച്ചുകാലം പരീക്ഷിച്ചു നോക്കൂ. ശാരികമായും മാനസികമായും അനുഷ്ഠിക്കുന്ന ഉപവാസം ശരീരമനസുകളെ ഒരു പോലെ പുഷ്ടിപ്പെടുത്തും.

മരണത്തെ ഭയപ്പെടുന്നതില്‍ അര്‍ത്ഥമുണ്ടോ?

മരണത്തെ ഭയപ്പെടുന്നതില്‍ അര്‍ത്ഥമുണ്ടോ?

പഴയൊരു അറേബ്യന്‍ കഥ കേട്ടോളൂ.

...
ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വേലക്കാരന്‍ പരിഭ്രമിച്ച് ഓടി വരുന്നത് കണ്ട് മുതലാളി കാര്യം തിരക്കി.


അയാള്‍ പറഞ്ഞു."ബാഗ്ദാദിലെ തിരക്കുള്ള വീഥിയില്‍വച്ച് ഞാന്‍ മരണത്തെ കണ്ടു. മരണം എന്നെ സൂക്ഷിച്ച് നോക്കി. മരണം എന്നെ കൊണ്ടുപോയാലോ എന്നു ഭയന്ന് ഓടിപ്പോന്നതാ."

"എങ്കില്‍ നീ ഉടന്‍ സഹാറയിലേക്ക് പൊയ്ക്കോ. ഏറ്റവും വേഗതയുള്ള കുതിരയെ തന്നെ എടുത്തോളൂ."

അങ്ങനെ അയാള്‍ മരണത്തില്‍ നിന്ന് ഒളിക്കാനായി സഹാറാ മരുഭൂമിയിലേക്ക് കുതിച്ചു.

പിന്നീട് സാധനങ്ങള്‍ വാങ്ങാനായി മുതലാളി ബാഗ്ദാദിലേക്ക് യാത്രയായി. അവിടെവച്ച് അദ്ദേഹം മരണത്തെ കണ്ടു. മുതലാളി മരണത്തോട് ചോദിച്ചു:

"അങ്ങ് എന്തിനാണ് എന്റെ ജോലിക്കാരനെ ഭയപ്പെടുത്തിയത്?"  മരണം പറഞ്ഞു, "ഹേയ്, ഞാന്‍ ഭയപ്പെടുത്തിയതല്ല. അയാളെ കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി."

"ഉം… അതെന്താ?" ആകാംക്ഷയോടെ മുതലാളി തിരക്കി.

"ഇന്നു വൈകുന്നേരം അയാളെ എനിക്ക് സഹാറയില്‍വച്ച് പിടികൂടാനുള്ളതാണ്. അങ്ങനെയുള്ള ഒരാള്‍ ഇവിടെ നില്ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി."

മരണത്തില്‍ നിന്ന് ഒളിച്ചോടാനല്ല ശ്രമിക്കേണ്ടത്, അത് വിഫലം. ധീരതയോടെ മരണത്തെ നേരിടുവാന്‍ കഴിയണം. ഉറച്ച ഈശ്വര വിശ്വാസം അതിനുള്ള കരുത്തു നല്കും.

വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് കാര്യമില്ല

വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് കാര്യമില്ല


എന്റെ മക്കള്‍ എന്നെ സ്നേഹിക്കാന്‍ ഞാനെന്തു ചെയ്യണം ?
...

അച്ഛന് പ്രായമേറെയായി. കിടപ്പിലുമാണിപ്പോള്‍. മക്കള്‍ക്ക് ഭാരവും തോന്നിത്തുടങ്ങി. അക്കാര്യം പിതാവിനും അറിയാം. പക്ഷേ എന്തുചെയ്യാനാണ്? അദ്ദേഹം മൗനം പൂണ്ടു കിടന്നു.
രണ്ട് ആണ്‍മക്കളാണുള്ളത്. അവര്‍ അച്ഛന്റെ കാര്യത്തെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ചു. ഒടുവില്‍ മക്കള്‍ രണ്ടും ഒരു തീരുമാനത്തിലെത്തി. ഗംഗാസ്നാനത്തിനെന്നും പറഞ്ഞ് അച്ഛനെ കെണ്ടുപോകുക. നല്ല ഒഴുക്കുള്ള ദിക്കില്‍ മുക്കുക, എന്നിട്ട് പിടിവിടുക. അങ്ങനെ പുണ്യമായ ഗംഗയില്‍ അച്ഛന്‍ ലയിച്ചു ചേര്‍ന്നു കൊള്ളും. ശുഭമായ അന്ത്യം.

മൂത്തമകന്‍ പിതാവിനോട് ചോദിച്ചു:

"അച്ഛാ, നമുക്ക് ഗംഗാസ്നാനത്തിന് പോയാലോ?"

രണ്ടാമത്തെ മകന്‍ ഗംഗാസ്നത്തിന്റെ മേന്മകള്‍ വര്‍ണിച്ചു. അദ്ദേഹത്തിന് മക്കളുടെ ഉദ്ദേശ്യം മനസ്സിലായി. പക്ഷേ ഒന്നും മിണ്ടിയില്ല. ഗംഗാസ്നാനത്തിന് പോകാമെന്ന് സമ്മതിച്ചു. പിറ്റേ ദിവസം മക്കള്‍ പിതാവിനേയും എടുത്തു കൊണ്ട് ഗംഗാതീരത്തെത്തി. നല്ല ഒഴുക്കുള്ള ഭാഗത്ത് അവര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പിതാവ് പറഞ്ഞു.


 "മക്കളെ കുറിച്ചു കൂടി മുകളിലേക്ക് പോയാല്‍ നല്ലതായിരിക്കും.അവിടെ ഇതിനേക്കള്‍ നല്ല ഒഴുക്കുണ്ട്."

അച്ഛന് തങ്ങളുടെ പദ്ധതി മനസ്സിലായോ എന്ന അന്ധാളിപ്പോടെ അവര്‍ അച്ഛന്റെ മുഖത്തോക്ക് നോക്കി. അപ്പോള്‍ അദ്ദേഹം നിര്‍വികാരത്തോടെ പറഞ്ഞു, "അവിടെയാ ഞാന്‍ എന്റെ അച്ഛനെ വയസ്സുകാലത്ത് ഗംഗാസ്നാനത്തിന് കൊണ്ടുവന്നത്."


നാം നമുടെ മാതാപിതാക്കള്‍ക്ക് കൊടുക്കുന്നതേ, നമ്മുടെ മക്കളും നമുക്ക് നല്കൂ. നാം വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് എന്ത് കാര്യം ?
നമ്മുടെ മക്കള്‍ നമ്മെ അനുസരിക്കണമെങ്കില്‍, പരിചരിക്കണമെങ്കില്‍ അതിന് നാം അര്‍ഹതനേടണം. ആ അര്‍ഹത നാം നമ്മുടെ പിതാക്കളെ സ്നേഹിക്കുന്നതിലൂടെ, പരിചരിക്കുന്നതിലൂടെ മാത്രമേ നേടാനാകൂ.

ഉത്തമമായ ദാനം

ഉത്തമമായ ദാനം


ദാനം കൊടുക്കുമ്പോള്‍ നാം സ്വീകരിക്കേണ്ട മാനദണ്ഡം എന്ത്?
...

ധനികന്‍ കാറില്‍ കയറുമ്പോഴാണ് ആ ദയനീയ രംഗം കണ്ടത്. ഒരു വൃദ്ധനും വൃദ്ധയും വഴി അരുകില്‍ ഇരുന്ന് പുല്ലു പറിച്ച് തിന്നുന്നു. ധനികന്‍ സമീപം ചെന്ന് കാരണം തിരക്കി. വിശപ്പടക്കാനാണെന്ന് ഉത്തരവും കിട്ടി. "വരൂ… എന്റെ കാറിലേക്ക് കയറൂ" ധനികന്‍ സ്നേഹപൂര്‍വ്വം സഹതാപപൂര്‍വ്വം അവരെ ക്ഷണിച്ചു.


നല്ല ആഹാരം കിട്ടുമല്ലോ എന്ന സന്തോഷത്തില്‍ വൃദ്ധനും വൃദ്ധയും എഴുന്നേറ്റു.

"അപ്പുറത്ത് എന്റെ മക്കളും പുല്ല് തിന്നുന്നുണ്ട് അവരെക്കൂടെ വിളിച്ചോട്ടെ" വൃദ്ധതിരക്കി.

"വലിയ സന്തോഷം, വിളിച്ചുകൊള്ളൂ" ധനികന്‍ പറഞ്ഞു.

അങ്ങനെ ആ കുടുംബത്തേയും കൊണ്ട് ധനികന്‍ കാറില്‍ യാത്രയായി. താമസിയാതെ അവര്‍ ധനികന്റെ ബംഗ്ലാവിലെത്തി.അവരെ കാറില്‍ നിന്നിറക്കി പറമ്പിലേക്ക് ചൂണ്ടി ധനികന്‍ പറഞ്ഞു ,

"നോക്കൂ റോഡിലുള്ളതിനേക്കാള്‍ നീളമുള്ള വലിയ പുല്ലുകള്‍ എന്റെ തൊടിയില്‍ ധാരാളം ഉണ്ട്. ഇഷ്ടം പോലെ കഴിച്ചോളൂ…നാളെയായിരുന്നേല്‍ എല്ലാം വെട്ടിക്കളയുമായിരുന്നു."

സഹായം, ദാനം സ്വീകരിക്കുന്നവന്റെ സൗകര്യവും സുഖവും സന്തോഷവുമാണ് പ്രധാനം, ദാനം കൊടുക്കുന്നവന്റെ സൗകര്യവും സുഖവുമല്ല. ആദ്യത്തേതു മാത്രമാണ് ഉത്തമമായ ദാനം. പ്രവാചകന്‍ അരുളിയതു പോലെ അത്തരം ദാനം നമുക്കു വരാനുള്ള ആപത്തുകളെ തടയുക തന്നെ ചെയ്യും.

ഈശ്വരന്‍ ഉണ്ടോ ? തെളിവെന്ത് ?





ഈശ്വരന്‍ ഉണ്ടോ ? തെളിവെന്ത് ?


ശിഷ്യര്‍ തിരക്കി. "ഗുരുദേവാ എനിക്ക് ഈശ്വരനെക്കുറിച്ചൊന്ന് പറഞ്ഞു തരാമോ?" ഗുരു നിശ്ശബ്ദനായി ചിരിച്ചു. പിന്നീട് ഒരുനുള്ള് പഞ്ചസാര എടുത്ത് ശിഷ്യന്റെ നാവിലിട്ടു കൊടുത്തു. കുറച്ചു കഴിഞ്ഞ് ഗുരു ചോദിച്ചു.
...
"എങ്ങനെയുണ്ട്?"

"നല്ല മധുരം"

"മധുരം എന്നുവച്ചാല്‍ എന്താ?"

ശിഷ്യന്‍ എന്തോ പറയാന്‍ ശ്രമിച്ചു. പിന്നീട് മൗനം പൂണ്ടു. അപ്പോള്‍ ഗുരുദേവന്‍ പറഞ്ഞു. "മധുരം എന്തെന്ന് പറയാനാവില്ല അല്ലേ അനുഭവിക്കാനേ കഴിയൂ… അനുഭവിച്ചവന് അതറിയുകയും ചെയ്യാം. അതു പോലെതന്നെയാണ് ഈശ്വരാനുഭവവും.


നല്ല ഉറക്കത്തിന്റെ തെളിവ് ഉണ‍രുമ്പോഴുള്ള ഉന്മേഷമാണ്.


രാത്രി മഴ പെയ്തതിന്റെ തെളിവ് മുറ്റത്തെ നനവാണ്.

ഈശ്വാരാനുഭവത്തിന്റെ ഫലം നിരന്തരമായ ശാന്തിയും സമാധാനവുമാണ്.

അതുകൊണ്ട് ഈശ്വരനെ അറിഞ്ഞവനെ അറിയാന്‍ നമുക്കു കഴിയും.

അവന്റെ ശാന്തിപൂര്‍ണ്ണമായ മുഖവും, പെരുമാറ്റവും തന്നെ അതിനുള്ള തെളിവ്."

എന്താണ് ശരിയായ സേവനം?

എന്താണ് ശരിയായ സേവനം?

സേവനരംഗത്ത് പ്രവര്‍ത്തിക്കാന്‍ മോഹം. എങ്ങനെയായിരിക്കണം ഞാന്‍ രംഗത്തിറങ്ങേണ്ടത്?

...
രാത്രി. കനത്തമഴ. കൊച്ചു വീട്ടിന്റെ കതകില്‍ ആരോ തട്ടുന്ന ശബ്ദം. ആരോ മഴ നനഞ്ഞു വരുന്നതാ, തുറക്കണ്ട നമുക്ക് രണ്ടു പേര്‍ക്ക് കിടക്കാനല്ലേ ഇതിലിടമുള്ളു ശബ്ദം കേട്ട് ഭാര്യ പറഞ്ഞു.


 "സാരമില്ല തുറക്കൂ മൂന്നുപേര്‍ക്ക് ഇരിക്കാന്‍ ഇതില്‍ ഇടമുണ്ടല്ലോ." ഭാര്യ വാതില്‍ തുറന്നു. നന‍ഞ്ഞ് കുളിച്ച് ഒരു ചെറുപ്പക്കാരന്‍. അയാള്‍ അകത്തു കയറി‌. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കതകിലാരോ മുട്ടുന്ന ശബ്ദം.

"ഇനി തുറക്കണ്ട, നമുക്ക് മൂന്നു പേര്‍‍ക്കിരിക്കാനല്ലേ ഇതിലിടമുള്ളൂ" ചെറുപ്പക്കാരന്‍ ഓര്‍മിപ്പിച്ചു.

"അത് സാരമില്ല. നമ്മുക്ക് നാലുപേര്‍ ഇതില്‍ നില്‍ക്കാന്‍ കഴിയുമല്ലോ."ഗൃസ്ഥന്‍ പറഞ്ഞു. അയാള്‍ വാതില്‍ തുറന്നു. ഒരു വൃദ്ധന്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു. ഗൃഹസ്ഥന്റെ അനുവാതത്തോടെ അയാള്‍ അകത്തു കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കതകിലാരോ മുട്ടി.


 "യ്യോ… തുറക്കല്ലേ, ഇതിനുള്ളില്‍ കയറാന്‍ പോലും ഇനിയാര്‍ക്കും ഇടമില്ല." ഒടുവില്‍ കയറിയ വൃദ്ധന്‍ പറഞ്ഞു.

"സാരമില്ല കതകു തുറക്കൂ" ഗൃഹസ്ഥന്‍ പറഞ്ഞു കതക് തുറന്നു. ഒരാള്‍ നനഞ്ഞ് വിറയ്ക്കുന്നു വീട്ടുടമ പറഞ്ഞു.

"സുഹൃത്തേ, ഇനി ഇതിനുള്ളില്‍ ഒരാള്‍ക്ക് നില്ക്കാന്‍ പോലും ഇടമില്ല. വിഷമിക്കണ്ട. ഞാനിത്രനേരം മഴനനയാതെ ഇതിനകത്തിരുന്നല്ലോ. ഇനിതാങ്കള്‍ ഇവിടെയിരിക്കൂ. ഞാന്‍ പുറത്തു നില്‍ക്കാം."

ഒരാളെ സഹായിക്കാന്‍ ഒരു കാരണമെങ്കിലും കണ്ടെത്തുന്നതാണ്, സഹായിക്കാതിരിക്കാന്‍ ആയിരം തടസ്സങ്ങള്‍ കണ്ടേത്തുന്നതിനേക്കാള്‍ നന്ന്. അതാണ്. ശരിയായ സേവനം.

അറിയാതെ ചെയ്യുന്ന തെറ്റുകള്‍

അറിയാതെ ചെയ്യുന്ന തെറ്റുകള്‍

പലപ്പോഴും മനഃപൂര്‍വ്വമല്ലാതെ തെറ്റുകള്‍ ചെയ്തു പോകുന്നു. എന്തുചെയ്യും?

...
സ്കൂള്‍ തുറന്ന ദിവസം.

അദ്ധ്യാപകര്‍ കുട്ടികളെ ഓരോരുത്തരേയും പരിചയപ്പെട്ടു. അതിനിടയില്‍ ഒരു കുട്ടി ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നത് അദ്ധ്യാപകന്റെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹം ആ പുസ്തകം തരാന്‍ ആവശ്യപ്പെട്ടു. കുട്ടി ഉടന്‍ തന്നെ ഇടതുകൈകൊണ്ട് പുസ്തകമെടുത്തു നീട്ടി.

അദ്ധ്യാപകന് രസിച്ചില്ല.

"ധിക്കാരി ഇങ്ങനെയാണോടാ വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത്.
ഉം… വലതുകൈകൊണ്ട് പുസ്തം തരിക." അദ്ദേഹം രോക്ഷത്തോടെ പറഞ്ഞു. കുട്ടി അദ്ധ്യാപകനെ കണ്ണിമയ്ക്കാതെ നോക്കി. പിന്നെ പെട്ടെന്നിരുന്നു.

അദ്ധ്യാപകന്‍ കോപമടക്കാതെ അടുത്തേക്കു ചെന്നു. "അനുസരണയും ഇല്ല അല്ലേ… വലതുകൈനീട്ടു…" വടി നീട്ടിക്കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
 
അവന്‍ ഇടതുകൈ കൊണ്ട് വലതു കുപ്പായകൈയിനുള്ളില്‍ തളര്‍ന്നു തൂങ്ങിക്കിടന്ന മെല്ലിച്ച വലതുകൈത്തണ്ട ഉയര്‍ത്തിപ്പിടിച്ചു.
 
ങേ… അദ്ധ്യാപകന്‍ വല്ലാതായി. വടിവഴുതി താഴെപ്പോയി കുട്ടിയുടെ മിഴികളില്‍ നനവ്.
 
പൊടുന്നനേ അവനെ കെട്ടിപ്പിടിച്ചു, വിതുമ്പിക്കൊണ്ട് പറഞ്ഞു. "കുഞ്ഞേ… ക്ഷമിക്കൂ. ഞാനറിഞ്ഞിരുന്നില്ല."
 
കാര്യമറിയാതെ പലപ്പോഴും നാം പലരോടും ക്ഷുഭിതരാകാറുണ്ട്. വാക്കുകള്‍ കൊണ്ട് കുത്തിനോവിക്കാറുണ്ട്, ചിലപ്പോള്‍ ഉപദ്രവിക്കാറുമുണ്ട്. പക്ഷേ സത്യം അറിയുന്ന നിമിഷമെങ്കിലും അത് തിരുത്താന്‍ ഒരുങ്ങരുതോ?
 
ഒരാളുടെ നൊമ്പരം പകരുന്ന ശാപവും ഏറ്റ് ജീവിതം എന്തിന് ദുഃസഹമാക്കണം!
തെറ്റ് ചെയ്തേക്കാം. അതില്‍ നൊമ്പരപ്പെടാനും അത് ആവര്‍ത്തിക്കാതിരിക്കാനും കഴിയണം. അവരോടു ഈശ്വരന്‍ ഇപ്പോഴും ക്ഷമിക്കും

എന്റെ’,'എനിക്ക്’എന്നുള്ള വിചാരം ഒഴിവാക്കുക

‘എന്റെ’,'എനിക്ക്’എന്നുള്ള വിചാരം ഒഴിവാക്കുക


സന്ന്യാസിക്ക് ഒരിക്കലും ഒന്നിനോടും മമത പാടില്ല. അതുണ്ടായാല്‍ നാശത്തിലേക്കായിരിക്കും യാത്ര.

സര്‍വസംഗപരിത്യാഗിയായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അടുത്തകാലം വരെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് ഒരു ഭിഷാപാത്രം മാത്രം. ഒടുവില്‍ അതും വലിച്ചെറിഞ്ഞു. കൈത്തലം കൂട്ടിപ്പിടിച്ചാല്‍ കഴിക്കാനുള്ള പാത്രമായി അത് ഉപയോഗിക്കാം, പിന്നെന്തിന് സ്വന്തമ...ായി ഒരു പാത്രം എന്നായിരുന്ന‌ു ആ ത്യാഗിയുടെ വിശദീകരണം. ഇനി ആകപ്പാടെയുള്ളത് ഒരു കൗപീനം മാത്രം. രാവിലെ ഗ്രാമത്തിലെ കാവിനു മുന്നിലുള്ള അരയാല്‍ ചുവട്ടിലെ ഒരു കല്ലില്‍ അദ്ദേഹം ഇരിക്കും. അന്തിയാവോളം ആ ഇരുപ്പ് തന്നെ, പിന്നെ എഴുന്നേറ്റു പോകും.


അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ യോഗി കാവിനു
മുന്നിലെത്തിയപ്പോള്‍, താന്‍ പതിവായി ഇരുന്ന കല്ലില്‍ മറ്റൊരു സന്യാസി ഇരിക്കുന്നു! ത്യാഗിയുടെ സംയമനം വിട്ടുപോയി. അദ്ദേഹം സന്യാസിയുടെ അടുത്ത് ചെന്ന് പറഞ്ഞു, "ഹും… അതെന്റെ കല്ലാ, മാറിയിരിക്കൂ…. എനിക്കിരിക്കണം."

‘എന്റെ’,'എനിക്ക്’എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ. കൗപീനധാരിക്കും കല്ലിനോട് മമത ഉണ്ടായി. അത് അഹങ്കാരത്തെ ഉത്തേജിപ്പിച്ചു. ത്യാഗികളുടെ അവസ്ഥ ഇതാണെങ്കില്‍ ലൗകികരുടേതോ?


എന്തിലെങ്കിലും ഒന്നില്‍ ഒട്ടി നില്ക്കാതെ സാധാരണ മനുഷ്യര്‍ക്ക് ലോകത്തില്‍ ജീവിക്കുക അസാദ്ധ്യം. അതുകൊണ്ട് നമുക്ക് സ്നേഹിക്കാനും വിശ്വസിക്കാനും പ്രതീക്ഷിക്കാനും സ്വന്തമാക്കാനും എന്തെങ്കിലുമൊന്ന് ഉള്ളത് നന്ന്. പക്ഷേ അത് നിസാരകാര്യങ്ങളിലാകരുത്. മ
 
ഹത്തായ കാര്യങ്ങളില്‍ ഈശ്വരനില്‍ ഒട്ടി നില്ക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. അതിനാല്‍ ശാന്തിയും സമാധാനവും നമുക്ക് സ്വന്തമാകും. ആ സ്വാര്‍ത്ഥത അപകടം വരുത്തുകയില്ല.

ദൈവത്തിനോട് പരാതി പറയും മുമ്പേ…



ദൈവത്തിനോട് പരാതി പറയും മുമ്പേ…

എത്രയോ കാര്യങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിച്ചു;പക്ഷേ ദൈവം
കേള്‍ക്കുന്നില്ല, കാണുന്നില്ല.
...

1. വസിക്കാന്‍ വീടും, ആഹാരം സൂക്ഷിക്കാന്‍ ഫ്രിഡ്ജും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.

2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.

3. രാവിലെ ഉണര്‍ന്ന്, ക്ഷീണത്തെ ഗണിക്കാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ നിങ്ങള്‍ ഭാഗ്യവാന്മാര്‍. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.

4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍ തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. ഏകദേശം 5000 ലക്ഷം പേരാണ് ഈ ദുരന്തങ്ങള്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത 300 കോടി നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.

6. തല ഉയര്‍ത്തിപ്പിടിച്ച്, മന്ദഹാസത്തോടെ ഈ ജീവിതഭാഗ്യം തന്ന ദൈവത്തിന് നന്ദിയും പറഞ്ഞ് നിങ്ങള്‍ ജീവിക്കുന്നെങ്കില്‍, ഭാഗ്യവാന്മാര്‍, കാരണം ഭൂരിഭാഗം ജനങ്ങളും ഈ നന്ദി പ്രകടിപ്പിക്കാറില്ല.

7. ഇന്നലെ ഇന്നും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ. ഈശ്വരനിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തുവോ? എങ്കില്‍ ഭാഗ്യവാന്മാര്‍ വളരെ ചുരുക്കം ചിലരെ ഇതൊക്കെ ചെയ്യാറുള്ളു.

ഈ സന്ദേശം നിങ്ങള്‍ വായിച്ചുവോ. എങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍, ലോകത്ത് 200 കോടി ജനങ്ങള്‍ വായിക്കാനും പരാതി പറയാനും അറിയില്ല.

ഇനി ഈശ്വരനോട് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ ഭാഗ്യം കൂടി ഓര്‍മ്മിക്കണേ. നമുക്കില്ലാത്തതിനെ കുറിച്ചല്ല, ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം ഈശ്വനോടുനന്ദി പറയാന്‍. ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്നവനും ഐസ്ക്രീമിനായി നിലവിളിക്കുന്നവനും തമ്മില്‍ വ്യത്യാസമില്ലേ?

ശാന്തി നേടാന്‍ ഒരുവഴി പറഞ്ഞു തരുമോ?


ശാന്തി നേടാന്‍ ഒരുവഴി പറഞ്ഞു തരുമോ?


ശ്രീബുദ്ധനെ തടഞ്ഞു കൊണ്ട് അനുയായികള്‍ പറഞ്ഞു, "ഇനിയങ്ങോട്ട് പോകരുത്, അവിടെയാണ് അംഗുലീമാലയുടെ താവളം. "ശ്രീ ബുദ്ധന്‍ മന്ദഹസിച്ചു. വിലക്കുവകവെയ്ക്കാതെ ഒറ്റയ്ക്ക് മുന്നോട്ടു നീങ്ങി. കൊടും ഭീകരനാണ് അംഗുലീമാല. അയാള്‍, താന്‍ കൊന്ന മനുഷ്യരുടെ വിരലുകള്‍ (അംഗുലി) കോര്‍ത്ത് മാലയുണ്ടാക്കി അണിഞ്ഞിരുന്നു. അങ്ങനെയാണ് അംഗുലീമാല എന്നു പേരുതന്നെ ഉണ്ടായത്. ത...ന്റെ താവളത്തിലൂടെ, നിര്‍ഭയനായി നടക്കുന്ന ശ്രീബുദ്ധനെ അംഗുലീമാല കണ്ടു. "നില്ക്കൂ" അയാള്‍ ഗര്‍ജ്ജിച്ചു.


ശ്രീബുദ്ധന്‍, നിന്നില്ല, ശ്രദ്ധിക്കാതെ മുന്നോട്ടു തന്നെ നീങ്ങി. ഉണര്‍ത്തിയ അരിവാളുമായി ആ ഭീകരന്‍ പുറകെ പാഞ്ഞു. ബുദ്ധന്റെ മുന്നില്‍ കടന്നു ചെന്ന് അംഗുലീമാല അലറി. "നില്ക്കാന്‍." വശ്യമായ പുഞ്ചിരിയോടെ, വാത്സല്യമൂറുന്ന മിഴികള്‍ അംഗുമാലയുടെ മിഴികളിലൂന്നി ബുദ്ധന്‍ അരുളി കുഞ്ഞേ ഞാന്‍ നില്ക്കുകയാണ്, ഓടുന്നത്… നീയല്ലേ…" "ങേ…" അംഗുലീമാല തരിച്ചുപോയി. നടന്നുകൊണ്ടിരിക്കുന്ന ഒരാള്‍ നില്ക്കുകയാണെന്ന് പറയുന്നു. അതേ സമയം തന്നെ തെല്ലും ഭയക്കുന്നുമില്ല. ബുദ്ധന്‍ അരുളി.
"അതേ… നിന്റെ മനസ്സ് എപ്പോഴെങ്കിലും സ്വസ്ഥമായിരുന്നിട്ടുണ്ടോ. മനസിന്റെ ഓട്ടമാണ് ഓട്ടം. ശരീരത്തിന്റെ ചലനമല്ല. എന്റെ മനമോ സദാ നിശ്ചലമാണ്."

അംഗുലീമാലയില്‍ പരിവര്‍ത്തനം അവിടം മുതല്‍ തുടങ്ങി എന്നാണ് ചരിത്രം. പിന്നീട് വലിയ തപസ്വിയായി തീര്‍ന്നു അദ്ദേഹം.
മനസാണ് യഥാര്‍ത്ഥ ഓട്ടക്കാരന്‍. അവന്‍ ശാന്തമായാല്‍ നമുക്കു ശാന്തമാകാന്‍ കഴിയും. അതിന് വേണ്ടത് സജ്ജന സമ്പര്‍ക്കം.

നിഴലുകളോട് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല

നിഴലുകളോട് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല


കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുകയാണ്. അദ്ദേഹം പിന്‍സീറ്റിലിരിക്കുന്ന തടിയന്റെ സമീപം ചെന്നു. യാത്ര എങ്ങോട്ടെന്നു തിരക്കി. ഗൗരവത്തില്‍ അയാള്‍ പറ‍ഞ്ഞു "എനിക്ക് വേണ്ട…"

കണ്ടക്റ്റര്‍ തിരിച്ചു പോയി. കാര്യമെന്തെന്ന് ചോദിക്കാന്‍ ഉള്ളിലൊരു ഭയം. തടിയന്‍ കൈവീശി ഒന്നു തന്നാല്‍ എന്റെ പണികഴിഞ്ഞതു തന്നെ. അയാള്‍ക്ക് ടിക്കറ്റ് കൊടുക്കാതെ തന്റെ ജാള്യം ഒ...ളിപ്പിച്ച് കണ്ടക്ടര്‍ മറ്റ് യാത്രികര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങി.

പിറ്റേദിവസവും തടിയന്‍ അതേബസ്സില്‍ കയറി… കണ്ടക്ടര്‍ അടുത്തു അടുത്തു വന്നപ്പോഴേയ്ക്കും അയാള്‍ പറഞ്ഞു, "എനിക്ക് ടിക്കറ്റ് വേണ്ട…" പലദിവസവും ഇത് ആവര്‍ത്തിക്കപ്പെട്ടു. ദിവസങ്ങള്‍ ചെന്നപ്പോള്‍ കണ്ടക്ടറുടെ ഭയം, കോപമായി മാറി. ആ തടിയനെ ഒരു പാഠ‍ം പഠിപ്പിക്കണം. അയാളെ നേരിടാനായി കണ്ടക്ടര്‍ മനകരുത്ത് വളര്‍ത്തി, ശരീരശക്തിക്കായി ‘ജിമ്മില്‍’ ചേര്‍ന്നു.


അങ്ങനെ മാനസികവും ശാരീരികവുമായി ഏതാണ്ട് ഒരുങ്ങി കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ തടിയനെ നേരിടാന്‍ ഉറച്ചു. അന്നും തടിയന്‍ വണ്ടിയില്‍ കയറി. കണ്ടക്ടര്‍ സമീപം ചെന്നു.


 "എനിക്ക് ടിക്കറ്റ് വേണട" തടിയന്റെ ശൗര്യമുള്ള ശബ്ദം.
 

"എന്തു കൊണ്ട് വേണ്ട…?!" കണ്ടക്ടര്‍ സഗൗരവം ചോദിച്ചു.
 

"എന്റെ കൈയില്‍ ബസ് പാസുണ്ട്…" തടിയന്റെ മറുപടി.
 

"എന്തുകൊണ്ട് ഇക്കാര്യം ഇന്നലെയൊന്നും പറഞ്ഞില്ല." കണ്ടര്‍.
 

"ഇന്നലവരെ താന്‍ ചോദിച്ചില്ല."

ഇല്ലാത്ത ശത്രുവിനെ ഭയന്ന്, അതിനെ നേരിടാന്‍ പോരടിക്കാന്‍ മനഃശക്തി ചോര്‍ത്തുന്നവരാണ് നമ്മില്‍ പലരും. കാര്യമറിഞ്ഞിട്ട് വാളൂരിയാല്‍ പോരേ…

പലപ്പോഴും നമ്മുടെ യുദ്ധം നിഴലുകളോടാണ്.

നാടിന്‍റെ പുരോഗതിക്ക് എന്തു വേണം?

നാടിന്‍റെ പുരോഗതിക്ക് എന്തു വേണം?


ചേട്ടനനുജന്മാര്‍ നാലുപേര്‍. അവര്‍ക്കൊരു പൂച്ചയുണ്ട്. സ്വത്ത് ഭാഗിച്ചപ്പോള്‍ അവര്‍ പൂച്ചയേയും ഭാഗിച്ചു. ഓരോകാല് ഓരോരുത്തര്‍ത്തര്‍ക്ക്.

ഒരിക്കല്‍ പൂച്ചയൊന്നു വീണു. ഒരുകാല് ഒടിഞ്ഞു. മൂത്ത സഹോദരന്റേതായിരുന്നു ആ കാല്. അയാള്‍ കുഴമ്പു പുരട്ടി തുണികൊണ്ടു തുന്നിക്കെട്ടി. പൂച്ച അതുമായി അടുപ്പിന്‍ ചുവട്ടില്‍ വിശ്രമിക്കാന്‍ കിടന്നു. എങ്ങനെയോ തുണിയില്‍ തീ പി...ടിച്ചു. പൂച്ച അതുമായി പരിഭ്രമത്തേടെ ഓടി. എന്തിനധികം വിടിന് തീ പിടിച്ചെന്ന് ചുരുക്കം. എല്ലാം കത്തി നശിച്ചു.
 
സഹോദരന്മാര്‍ നാലു പേരും ഒത്തുകൂടി. പ്രശ്നം ചര്‍ച്ച ചെയ്തു. ഇളയവര്‍ മൂന്നും ഒത്തുചേര്‍ന്ന് പറഞ്ഞു. "ചേട്ടന്റെ ഉടമസ്ഥതയില്‍ ഉള്ള കാലിനാണ് തീ പിടിച്ചത് ആ തീയാണ് ഇവിടം മുഴുവനും അഗ്നി പടര്‍ത്തിയതും. അതിനാല്‍ ഞങ്ങള്‍ക്ക് നഷ്ടം തരിക."
 
മൂത്തസഹോദരന്‍ വിട്ടുകൊടുത്തില്ല.

 "സുഖമില്ലാത്ത ആ കാലിനെ ഇവിടം മുഴുവന്‍ കൊണ്ട് നടന്നത് മറ്റേ മൂന്നു കാലുകളാണ്. അതിനാല്‍ അപകടത്തിന് കാരണം ആ മൂന്ന് കാലുകള്‍ ആയതുകൊണ്ട് നിങ്ങള്‍ എനിക്ക് നഷ്ടപരിഹാരം തരണം."
ഇങ്ങനെയാണ് ഇന്നത്തെ അവസ്ഥ. ഒന്നിന്റെയും ഉത്തരവാദിത്തം ആരും ഏറ്റെടുക്കാന്‍ തയ്യാറല്ല, മറ്റൊരാളുടെ ചുമലില്‍ വെച്ച് തടി ഒഴിയുക. ഈ നിലപാട് നമ്മെ ഒരിക്കലും പുരോഗതിയിലേക്ക് നയിക്കില്ല.

അന്ധമായ അനുകരണം അപകടകരമാണ്


അന്ധമായ അനുകരണം അപകടകരമാണ്


എങ്ങിനെയാണ് ഒരു ഉത്തമ ശിഷ്യനാകാന്‍ കഴിയുക?
...

ശ്രീശങ്കരാചാര്യരുടെ ജീവിതചരിതത്തിലെ ഒരു സംഭവം.


ഒരിക്കല്‍ ആചാര്യരുടെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ ഗുരുവിനെ അന്ധമായി അനുകരിക്കാന്‍ തുടങ്ങി . ഗുരുവിന്റെ നടപ്പും വേഷവും, സംസാരവും, വസ്ത്രവും എല്ലാം ശിഷ്യന്‍ അതേവിധം അനുകരിച്ചു.
 
ഗുരുവിന് ശിഷ്യന്റെ ‘രോഗം’ മനസ്സിലായി. ഒരു ദിവസം ആചാര്യരും ഈ ശിഷ്യനുംകൂടി യാത്ര പോകുന്ന സമയം. ഗുരുവിന്റെ പ്രവര്‍ത്തികളെല്ലാം ശിഷ്യനും അതേപടി പകര്‍ത്തി. ഉച്ചസമയം കത്തിക്കാളുന്നവെയില്‍
‘നല്ല ദാഹം’ ഗുരു പറഞ്ഞു. ‘അതേ എന്ക്കും കടുത്ത ദാഹം’ ശിഷ്യന്‍ ഉടന്‍ പറ‍ഞ്ഞു "നമുക്കൊരു വഴി കാണാതിരിക്കില്ല’ഇങ്ങനെ പറഞ്ഞുകൊണ്ട് ആചാര്യര്‍ ചുറ്റിനും നോക്കി. സമീപം ഒരു കുടില്‍. നേരേ അങ്ങോട്ടു ചെന്നു . ഓട്ടു പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഗൃഹം. അവിടെ ഒരു ദിക്കില്‍ വാര്‍ക്കാനുള്ള ഓട് തിളച്ചു മറിയുന്നു. ആചാര്യനേരെ അതിനു സമീപം ചെന്നു. പുറകെ ശിഷ്യനും.
 
ആചാര്യര്‍ ഉരുകി തിളച്ചു മറിയുന്ന ദ്രാവകം ഒരു മൊന്തയിലെടുത്തു, കുടിച്ചു. പിന്നീട് ശിഷ്യന്റെ നേര്‍ക്ക് മൊന്ത നീട്ടിതതക്കൊണ്ടു പറഞ്ഞു, കുടിച്ചോളൂ… ദാഹം മാറും…"
 
ശിഷ്യന്‍ ഞെട്ടി.ഭയന്ന് വിറച്ചുകൊണ്ട് അയാള്‍ പറഞ്ഞു, "ക്ഷമിക്കണേ ഗുരുദേവാ… ഇതു കുടിച്ചാല്‍ ദാഹം മാത്രമല്ല, ഞാനും ദഹിച്ചു പോകും…"

"അന്ധമായ അനുകരണം അപകടകരമാണ് കുഞ്ഞേ." ആചാര്യര്‍ മന്ദഹാസത്തോടെ പറഞ്ഞു.

മഹത്തുക്കളെ ബാഹ്യമായി അനുകരിക്കാന്‍ ആര്‍ക്കുമാകും. അതുപോര, അവരുടെ ജീവിതസന്ദേശം സ്വജീവിതത്തില്‍ പകര്‍ത്തണം. അപ്പോഴേ യഥാര്‍ത്ഥ അനുയായിയാകൂ.

പ്രാര്‍ത്ഥനയുടെ ഉത്തരം കിട്ടുന്നത് എങ്ങനെ അറിയാനാകും?

പ്രാര്‍ത്ഥനയുടെ ഉത്തരം കിട്ടുന്നത് എങ്ങനെ അറിയാനാകും?


ഒരു സംഭവകഥ:
...

പൊടുന്നനേയായിരുന്നു ഗൃഹനാഥന്റെ മരണം. വീട്ടില്‍ യുവതിയായ ഭാര്യയും രണ്ടു വയസ്സായ മോളും ഒറ്റയ്ക്കായി. ഉണ്ടായിരുന്ന പണം ശവസംസ്കാര ചടങ്ങുകളോടെ തീര്‍ന്നു.
 
ദിവസങ്ങള്‍ കഴിഞ്ഞു. അപ്പോഴാണ് ഒരു സ്വകാര്യ ബാങ്കില്‍ നിന്നും കുടിശ്ശിക ഉടന്‍ അടയ്ക്കണമെന്ന അറിയിപ്പു വന്നത്. വലിയ തുകയുണ്ട്. അവര്‍ പരിഭ്രമിച്ചു. ആ ബാങ്കിലെ കടം തീര്‍ന്നതായി കുറേദിവസം മുമ്പ് ഭര്‍ത്താവു പറഞ്ഞത് അവര്‍ ഓര്‍മ്മിച്ചു. പക്ഷേ പണമടച്ച രസീത് ഇല്ലാതെ എങ്ങനെ ഇക്കാര്യം ബാങ്കുകാരോട് പറയും.?

അവര്‍ ഹൃദയം നൊന്തു പ്രാര്‍ത്ഥിച്ചു. ‘ദൈവമേ ഒരു വഴി കാണിക്കണേ. അവിടുന്നല്ലാതെ എന്റെ കുട്ടിക്കും എനിക്കും ആരാണ് തുണ.’
ഈ വാക്കുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ അവരുടെ കുട്ടി മുറിക്കകത്തേയ്ക്ക് മെല്ലെ വന്നു അവളുടെ മുന്നില്‍ ഒരു പൂമ്പാറ്റ. കുഞ്ഞ് ആ പൂമ്പാറ്റയെ പിടിക്കാനുള്ള ശ്രമത്തിലാണ്. പൂമ്പാറ്റ പാറിക്കളിച്ച് സോഫയുടെ അടിയിലേക്ക് നീങ്ങി. പൂമ്പാറ്റയെ പിടിക്കാനുള്ള ആവേശത്താല്‍ കുഞ്ഞ് സോഫയുടെ അടിയിലേക്ക് കയറി കുട്ടിയുടെ തല മുട്ടാതിരിക്കാന്‍ അമ്മ സോഫാപതുക്കെ മാറ്റി കൊടുത്തു.
അപ്പോള്‍ ഒരു മഞ്ഞകടലാസ് സോഫയുടെ അടിയില്‍ നിന്നു തെന്നി വീഴുന്നത് വീട്ടമ്മ കണ്ടു. അവര്‍ വേഗം അതെടുത്തു നോക്കി, ‘ഹാവൂ… ദൈവമേ…’ അവന്‍ കൈകൂപ്പിപ്പോയി.

അത്… പണമിടപാട് തീര്‍ത്ത, കാണാതെ പോയ ആ രസീതായിരുന്നു.
ഈശ്വരസാന്നിധ്യം, മാര്‍ഗദര്‍ശനം ഏതു വിധം എപ്പോള്‍ ലഭിക്കും എന്ന് ആര്‍ക്കും പറയാനാവില്ല. രസീതു കാണിക്കാന്‍ വന്നതല്ലേ സത്യത്തില്‍ ആ പൂമ്പാറ്റ.

ഒരു കാര്യം ഉറപ്പ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും പാഴാവില്ല. പക്ഷേ നിശബ്ദമായി ദൈവം സംസാരിക്കുമ്പോള്‍ അത് കേള്‍ക്കാനുള്ള കഴിവ് നാം വളര്‍ത്തിയെടുക്കണം. അതിനായി സത്‌വികാരങ്ങളെ പോഷിപ്പിക്കുക.

പൂര്‍ണ സന്തോഷം ലഭിക്കാന്‍ എന്തു ചെയ്യണം?



പൂര്‍ണ സന്തോഷം ലഭിക്കാന്‍ എന്തു ചെയ്യണം?

ഒരു ഭക്തനുണ്ടായിരുന്നു. ദിവസവും ഒരാള്‍ക്ക് ഭക്ഷണം നല്കിയിട്ടേ അദ്ദേഹം ഊണു കഴിക്കൂ. വര്‍ഷങ്ങളോളം ഈ പതിവു തുടര്‍ന്നു. അന്ന് അയാള്‍ക്ക് അതിഥിയായി കിട്ടിയത് ഒരു പടുവൃദ്ധനെ.

അയാള്‍ വൃദ്ധനെ കൈകാലുകള്‍ കഴികിച്ച് ഊണിനിരുത്തി. ഭക്ഷണം ഇലയില്‍ വിളമ്പിയപാടെ വൃദ്ധന്‍ വലിച്ചുവാരി കഴിക്കാനും തുടങ്ങി. ആതിഥേയന് കലശലായ കോപം വന്നു ഭക്ഷണം കിട്ടിയതി...ന് ഈശ്വരനോട് നന്ദിപോലും പറയാതെ കഴിക്കുന്നുവോ, കഷ്ടം, അയാള്‍ വൃദ്ധനെ കണക്കറ്റ് ശകാരിച്ചു. എന്തിന്, ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതെ പുറത്താക്കുകയും ചെയ്തു. പടുവൃദ്ധന്‍ പൊരിവെയിലത്ത് ഇറങ്ങി നടന്നു.

അന്നുരാത്രി ഭക്തന്‍ ഭഗവാനെ സ്വപ്നം കണ്ടു. ഭഗവാന്‍ അരുളി… "കഷ്ടം… നീ ആ വൃദ്ധനെ എന്തിന് ആട്ടിപ്പായിച്ചു? എന്നെ ഒരിക്കല്‍ പോലും സ്മരിക്കാത്ത അയാളെ ഇത്രയും കാലം ഞാന്‍ ക്ഷമാപൂര്‍വ്വം ഭക്ഷണം കൊടുത്തു പോറ്റിക്കൊണ്ടുവന്നതാണ്. ഇന്ന് ഒരുനേരം പോലും അയാളെ സഹിക്കാന്‍ നിനക്കു കഴി‍ഞ്ഞോ? ഇങ്ങനെയോ ഒരാളെ സ്നേഹിക്കേണ്ടത്?"

അതൃപ്തിയുളവാക്കുന്നവരെയും സ്നേഹിക്കാനുള്ള ശക്തി നേടുക. അതാണ് ആനന്ദത്തിന്റെ മാര്‍ഗം… എല്ലാവരേയും സ്നേഹിക്കുന്നതിലൂടെ മാത്രമേ ആനന്ദം ലഭിക്കൂ.

കാണാത്തതിനെ എങ്ങനെ വിശ്വസിക്കും?

കാണാത്തതിനെ എങ്ങനെ വിശ്വസിക്കും?


ബാലന്റെ പട്ടം അങ്ങ് വിദൂരതയില്‍ എത്തി. ഇപ്പോള്‍ ഒരു പൊട്ടുപോലെ മാത്രം കാണാം. പട്ടം പിന്നെയും ഉയര്‍ന്നു. ഇപ്പോള്‍ തീര്‍ത്തും കാണാനില്ല. അപ്പോഴാണ് ഒരു വൃദ്ധന്റെ വരവ്.

“നീ എന്തെടുക്കുവാ?” വൃദ്ധന്‍ തിരക്കി. “പട്ടം പറപ്പിക്കുവാ…”

ബാലന്റെ മറുപടി കേട്ട് വൃദ്ധന്‍ ആകാശത്തേക്കു നോക്കി. പിന്നീടു പറഞ്ഞു....
“എവിടെ പട്ടം? എനിക്ക് കാണാനാവുന്നില്ല. നീ കള്ളം പറയുന്നു.”



 “അല്ലപ്പൂപ്പാ… സത്യമാണ്. അവിടെ എവിടെയോ ഉണ്ട്. ഇപ്പോള്‍ എനിക്കും കാണാനാവുന്നില്ല. പക്ഷേ ഈ നൂലിന്റെ വലിവ് കണ്ടില്ലേ? ആ വലിവ് പട്ടം അവിടെ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെടുത്തുന്നു. അതുകൊണ്ട് പട്ടം അങ്ങ് മുകളില്‍ത്തന്നെ ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഈ നൂലില്‍ പിടിച്ചുനോക്കൂ. അതിന്റെ വലിവ് ശ്രദ്ധിക്കൂ. അപ്പോള്‍ അങ്ങേക്കും അനുഭവമാകും. അതോടെ പട്ടം അവിടെ ഉണ്ടെന്ന് ഉറപ്പാകുകയും ചെയ്യും.”

ദൃഢവിശ്വാസമാകുന്ന നൂലില്‍ പിടിച്ചു നോക്കൂ. അപ്പോള്‍
അഗോചരമായിത്തോന്നുന്ന ആ മഹാശക്തി അനുഭവപ്പെടും. പക്ഷേ അതിന് ആദ്യം വിശ്വാസമാകുന്ന നൂലില്‍ പിടിക്കുകതന്നെ വേണം.


https://www.facebook.com/photo.php?v=670238863049336&set=vb.596016113804945&type=2&theater