Tuesday 2 December 2014

ഭഗവദ്ഗീത ജയന്തി - മഹാഭാരതവും ഭഗവദ്ഗീതയും

ഭഗവദ്ഗീത ജയന്തി - മഹാഭാരതവും ഭഗവദ്ഗീതയും
മഹാഭാരതവും വ്യാസനും.
സനാതന പ്രമാണങ്ങളിൽ നിന്നു കരുപ്പിടിപ്പിചെടുത്ത ഒരു ജീവിത ശാസ്ത്രത്തെ ആസ്പദമാക്കി പൂർവ നിർണീതമായ ചട്ടക്കൂടിന്മേൽ, ത്രികാലജ്ഞാനത്തിന്റെ ദിവ്യാനുഭൂതി ശീലമായിത്തീർന്നൊരു മഹാദാർശനികൻ കെട്ടിപ്പടുത്തുയർത്തിയിരിക്കുന്ന ഇതിഹാസകാവ്യമാണ് മഹാഭാരതം. വ്യാസൻ ആജന്മ തപസ്വിയാണ്, വേദങ്ങളെ ക്രോഡീകരിച്ച ബ്രഹ്മജ്ഞനാണ്, എല്ലാ ഉപനിഷദ് തത്വങ്ങളെയും ഇണക്കി അടുക്കി ഒതുക്കി വിശ്വ മഹാ ദർശനമായ ഭഗവദ് ഗീതയ്ക്കു രൂപം കൊടുത്ത വരേണ്യ ദാർശനികനാണ്, സുഖ ദുഖാദികളായ സർവ്വ ദ്വാന്ദ്വങ്ങളെയും മറികടന്ന വരിഷ്ഠയോഗിയാണ്, കലാകാരന്മാരായ കലാകാരന്മാരെല്ലാം ചെന്ന് അവിടത്തെ കലാസിദ്ധികളുടെ മാഹാത്മ്യമോർത്ത് നിറകണ്ണുകളോടെ ത്രുച്ചേവടികളിൽ പ്രണമിച്ചു കലാവിദ്യയുടെ അക്ഷരമാല പഠിക്കേണ്ടുന്ന അപ്രതിമനായ കലാകാരൻ. 
മഹാഭാരതം ഒരു ദാർശനിക ഇതിഹാസം ആയിരിക്കുന്നതോടൊപ്പം പ്രായോഗിക രാഷ്ട്രീയത്തിന്റെ ഇതിഹാസവുമാണ്. അത് രാഷ്ട്ര നേതാക്കളുടെയും ഭരണ കർത്താക്കളുടെയും മഹാകഥയാണ് . രാഷ്ട്രീയമായ പ്രശ്നങ്ങളുടെ ആശാവഹമായ പരിഹാരങ്ങൾക്ക് ഇന്നും അവലംബിക്കാവുന്ന സംശോധനീയമായ ഗ്രന്ഥമാണത്. 
ഇന്നത്തെ നമ്മുടെ രാഷ്ട്രീയത്തിൽ സ്വന്തം കൈപ്പിടിയിൽ നിന്ന് അധികാരം വഴുതി പോകാതിരിക്കാൻ പരസ്പരം കൊലവിളി നടത്തുന്ന ഭരണ നേതാക്കന്മാർക്കിടയിൽ ദുര്യോധനനും ദുശ്ശാസ്സനനുമല്ലാതെ , ഒരു ധർമപുത്രരില്ലെന്നതാണ് ചരിത്രത്തിന്റെ വന്ധ്യത. വിചാരത്തെയും കർമത്തെയും നിയന്ത്രിക്കുന്ന രണ്ടു മുഖ്യമായ പ്രവണതകളാണ് സത്വ ഗുണവും തമോഗുണവും. സത്വ ഗുണത്തിന്റെ പ്രകടീഭാവമാണ് പ്രകാശം അഥവാ ജ്ഞാനം . പ്രകാശിക്കുന്നത് കൊണ്ട് ദേവൻ . അപ്രകാശത അന്തകാരം അറിവില്ലായ്മ ഇതൊക്കെയാണ് തമസ്സ് അതിന്റെ ബിംബമാണ് ദുര്യോധനൻ .
ഭഗവദ് ഗീതയിലെ യജ്ഞം എന്തിനെകുറിക്കുന്നു?. അന്നത്തിൽനിന്നു ജീവികളും , മഴയിൽ നിന്നും അന്നവും ഉണ്ടാകുന്നു. മഴയ്ക്ക് കാരണം യജ്ഞമാണ്. യജ്ഞത്തിനു കാരണം കര്മവും. കര്മം പ്രകൃതിയ്ൽ നിന്നും പ്രകൃതി ബ്രഹ്മത്തിൽനിന്നും. അതുകൊണ്ട് എങ്ങും വ്യാപിച്ചു സ്ഥിതിചെയ്യുന്ന ബ്രഹ്മം കർമ്മത്തിൽ പ്രതിഷ്ടിതമാണ്. ചാക്രികമായ ഈ ധര്മ വ്യവസ്ഥയെ അനുസരിച്ച് ജീവിക്കണം. നിരുപാധികമായ മോചനം പൂര്ണമായ മുക്തി ഇതാണ് വ്യാസന്റെ യജ്ഞ ദര്ശനം. അല്ലാതെ , ഉപഭോഗക്ഷമമായ ദ്രവ്യങ്ങൾ ഹോമിക്കുന്നതല്ല. യജ്ഞത്തെ സ്വർഗകാമന്മാരുടെ ഹോമാപ്പന്തലുകളുടെ സ്വാർത്ഥതാ പരിധിയില്നിന്നു നിഷ്കാമന്മാരായ ലോക പ്രേമികൾ ചെയ്യുന്ന ത്യാഗ കർമങ്ങളുടെ ബ്രഹ്മാണ്ഡ വിശാലതയിലേക്ക്‌ പരിവര്തിചിരിക്കുകയാണ് വ്യാസൻ. ലോക ദാര്ശനിക ചരിത്രത്തിലെ തന്നെ വിപ്ലവകരമായ കരമ ദർശനമാണ്. ലോകത്തെ സർവ ജീവി സാഹോദര്യത്തിന്റെ ഏകാത്മ ദർശനത്തിലേക്ക് നയിച്ച്‌ ശാന്തിയും സമാധാനവും പ്രധാനം ചെയ്യാൻ, ചിന്താപരമായ യുക്തിദക്ഷതയുള്ള ഒരേയൊരു തത്വ സംഹിതയാണു് മഹാഭാരതത്തിലെ യജ്ഞ ദര്ശനം.
സനാതന ധർമത്തിന്റെ പ്രതിഷ്ഠ ശൂദ്രനിൽ - മഹാഭാരതത്തിൽ സത്യ ധർമങ്ങളിൽ നിന്ന് അണുവിട ചലിക്കാതെ ജീവിതായോധനം സാധിക്കുന്ന ഒരു ശൂദ്രനെ വ്യാസൻ ഉയർത്തിക്കാണിക്കുന്നുണ്ട് ...വിദുരർ , സത്യ മൂർതിയായി , ധർമാത്മാവായി , ജ്ഞാനശീലൻ എന്നാണ് അർഥം . ജ്ഞാനം ശീലമായിട്ടുള്ളവൻ. , അറിഞ്ഞ ധർമത്തെ വഴിപോലെ അനുഷ്ടിക്കുന്നവൻ.
കൌശിക ബ്രാഹ്മണന് ധര്മോപദേശം ചെയ്യുന്ന ഇറച്ചി വെട്ടുകാരൻ, ജാജിലിബ്രാഹ്മണന് ഉപദേശം നല്കുന്ന തുലാധാരൻ എന്ന കച്ചവടക്കാരൻ, വിശ്വാമിത്രനുമായി ധര്മ ചർച്ചയിൽ ഏർപ്പെടുന്ന ചണ്ഡാലൻ.ചാതുർവർണ്യം എന്നാൽ ചതുർ വർണം. ചാതുർവർണ്യമെന്നത് മുഴു പ്രപഞ്ചമാണ്. അല്ലാതെ നാലായി വിഭജിച്ച സമൂഹമല്ല. ബ്രാഹ്മണൻ എന്ന പ്രതീകം കൊണ്ട് ജ്ഞാന രൂപമായ ആവിഷ്ക്കാരത്തെയും, ക്ഷത്രിയൻ നിർവഹണതത്ത്വവും, വൈശ്യൻ ആനന്ദ തത്ത്വവും , ശൂദ്രൻ ക്രിയാ തത്ത്വവുമാണ്. ഗുണം കൊണ്ട് ശൂദ്രൻ ബ്രാഹ്മണനും ബ്രാഹ്മണൻ ശൂദ്രനും ആകുമായിരുന്നു. അതായത് സത്ത്വം വളർത്തി ശൂദ്രൻ ബ്രാഹ്മണനാകാനും സത്ത്വക്ഷയത്താൽ ബ്രാഹ്മണൻ ശൂദ്രനുമാകുമായിരുന്നു. ഇന്ന് നടക്കുന്നത് ശുദ്ധ വൈകൃതം ! ഈ വ്യവസ്ഥിതിയെ തകർത്ത് മുന്നേറണം.
സനതനധർമം + ചരിത്രം + കഥ = ഇതിഹാസം
ധർമാർത്ഥകാമമോക്ഷങ്ങളുടെ പ്രയോഗതത്വങ്ങൾ ചരിത്രവും കഥയുമാക്കി അവതരിപ്പിക്കുന്നതാണ് ഇതിഹാസം. സനാതനധർമം ശാശ്വത സത്യങ്ങളാണ്. കാലത്തിനും ദേശത്തിനും നിമിത്തത്തിനും വ്യക്തിക്കും അതീതമായി നിലകൊള്ളുന്നത്. ഉദാ :- മനുഷ്യൻ അഹിംസ പാലിക്കണം എന്ന ഉപദേശം എല്ലാ കാലത്തേക്കും ഉള്ളതാണ് , എല്ലാ ദേശത്തിനും വേണ്ടിയുള്ളതാണ് , ഏതു കാരണത്താലും നിമിത്തത്താലും പാലിക്കപെടെണ്ടതാണ്, എല്ലാ വ്യക്ത്തികളെയും ഉദ്ദേശിച്ചുള്ളതാണ് , മനുഷ്യന്റെ ഭൌതിക വിജ്ഞാനത്തിന് അതീതമായി നില്ക്കുന്നതുമാണ്.
ജീവികളിൽ മനുഷ്യന് മാത്രമാണ് വിവേകം . അതുകൊണ്ട് ഈ തത്വം പാലിക്കാനുള്ള ധാർമിക ഉത്തരവാദിത്വം അവനുതന്നെ. തത്വം പ്രയോഗത്തിൽ വരുത്തുന്നതാണ് ധർമം. മനുഷ്യൻ മനുഷ്യരോടും മൃഗങ്ങളോടും സസ്യങ്ങളോടും എല്ലാം എങ്ങനെ പെരുമാറണമെന്ന്, മേൽ പറഞ്ഞ തത്വത്തെ ആസ്പദമാക്കി , സർവകാല പ്രസക്തമായി ഉപദേശിക്കുന്നതാണ് ഇതിഹാസം . ചരിത്ര സംഭവങ്ങളും കൽപിത സംഭവങ്ങളും കലാപരമായി സമന്വയിച്ച് താത്വാനുകൂലികളും തത്വവിരുദ്ധരുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച്, ആഖ്യാനോപാഖ്യാനങ്ങളോടുകൂടി ഒരു ദാർശനിക കഥ വിരചിക്കുമ്പോഴാണ് അത് ഇതിഹാസമാകുന്നത്. വേദമന്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രപഞ്ച ശാസ്ത്രതത്വത്തിന്റെ ഇതിഹാസ നിഷ്ഠമായ ഉപദേശം കൂടിയാണ് അത്. ഇത്തരം സർവപ്രപഞ്ച ശാശ്ത്ര തത്ത്വങ്ങളും ഉത്തമവും മഹത്വ പൂർണവും ആനന്ദകവുമായ ജീവിതത്തിന്റെ നിർവഹണത്തിന് വേണ്ടി അനുശാസിച്ചിരിക്കുന്ന ഇതിഹാസങ്ങളാണ് മഹാഭാരതവും രാമായണവും .
കുലധർമവും നിയമവും പാരമ്പര്യവുമനുശരിച്ച് ദുര്യോധനൻ രാജ്യത്തിന് അവകാശിയല്ല. അത് ദുര്യോധനനും ധൃതരാഷ്ട്രരും ഗാന്ധാരിയും സകലരും സമ്മതിക്കുന്നു. അവർ എല്ലാവരും അത് തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. കുലധര്മാത്തെയും പാരമ്പര്യത്തെയും നിയമത്തെയും പാടെ നിരാകരിച്ചുകൊണ്ട് , ജനാഭിപ്രായത്തിന്റെ മാറിൽ ഒരു തൊഴിയും കൊടുത്തീട്ട്, സ്വന്തം ഇച്ഛ സാധിച്ചെടുക്കാൻ ദുര്യോധനൻ പ്രകടിപ്പിച്ച അധികാര നിർലജ്ജതയുടെ ബീഭത്സമായ രാക്ഷസാകാരമാണ് അരക്കില്ലം. അത് ആഗ്നേയവസ്തുക്കൾക്കൊണ്ട് നിർമ്മിച്ച യഥാർത്ഥഗൃഹംമാത്രമല്ല. അധികാര നിർലജ്ജതയുടെ കാവ്യബിംബമാണ്. അനർഹന്മാരുടെ അധികാരാസക്തിക്കെതിരെ നിതാന്തജാഗ്രത പുലർത്താൻ ജനങ്ങളെ അനുസ്മരിപ്പിക്കുന്ന നിത്യ തമോ ഗോപുരമായി അതിന്നും ലോക സംസ്ക്കാരത്തിൽ നിലനില്ക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും സാരസ്വതക്ഷേത്രമാകേണ്ടിയുരുന്ന ആ ലോക ചരിത്രത്തെ ശത്രു നിഗ്രഹത്തിന്റെ ഒളിത്താവളവും, കൊടും ചതികളുടെ പ്രയോഗശാലയും, തുറന്ന യുദ്ധത്തിന്റെ കൊലക്കളവുമാക്കി മാറ്റിയ അധികാര രതിയുടെ അനശ്വരമായ പ്രതീകമാണ് അരക്കില്ലം. ചരിത്ര സംഭവങ്ങളുടെ മൂല്യം നിർണ്ണയിക്കാനുള്ള തുലാമാനമായി ഈ പ്രതീകത്തെ ഉപയോഗിക്കാവുന്നതാണ്.
ധർമ ബോധവും സംഹാരശക്തിയും പ്രജാരക്ഷണത്വരയും പുരാവൃതത്തിന്റെ കാവ്യബിംബങ്ങൾക്കൊണ്ട് ധ്വനിപ്പിക്കുന്ന സർഗ്ഗപ്രതിഭയുടെ കലാവിദ്യയാണ്. ധർമദേവൻ, വായു, ഇന്ദ്രൻ, അശ്വനിദേവകൾ എന്നിവരെ സ്തുതിക്കുന്ന ഋഗ്വേദമന്ത്രങ്ങളിൽ നിന്നാണ് പാണ്ഡവരുടെ വ്യക്തിത്വം സ്വഭാവം എന്നിവ രൂപപ്പെടുത്തിയീട്ടുള്ളത്. ധർമവും ശക്തിയും പരിപാലനവും മനുഷ്യജീവിതത്തെ താങ്ങി നിർത്തുന്ന സാമൂഹിക തത്വങ്ങളാണ് ഇവയുടെ മൂർത്തികളാണ് പാണ്ഡവർ.
ഗീതയുടെ 14 ആം അദ്ധ്യായത്തിലെ 19 ശ്ലോകങ്ങൾ ആസുരീസമ്പത്ത് വിശദീകരിക്കാൻ വിനിയോഗിചിരിക്കുകയാണ് ഭഗവാൻ ...................
ഇതേ അധ്യായത്തിൽ ഭൗതികവാദത്തിന്റെ നരകത്തീയിൽ വാർത്തെടുത്ത തിന്മകളെ സംബന്ധിച്ച് കൃഷ്ണൻ പ്രവചിച്ച ആശയസംഹിത കലികാലത്തിന്റെ നടുമുറ്റത്ത്, തൊഴിലാളിവർഗപ്രേമത്തിന്റെ മുഖമ്മൂടിയണിഞ്ഞു, പ്രത്യക്ഷപ്പെട്ടത് ലോകത്തിന്റെ ദാർശനിക ചരിത്രത്തിലെ അത്യപൂർവമായ സംഭവമായിരുന്നു. ഒരു ദർശനത്തിനും ഇപ്രകാരമൊരു സാക്ഷാത്ക്കാരം പില്ക്കാലത്ത് ലഭിക്കുകയുണ്ടായിട്ടില്ല. ഭൂത ഭാവികളുടെ യുക്തിയും യുക്ത്യതീതമായ ധ്യാനവും കൈകോർത്തുനിൽക്കുന്ന, ഗണിതശാസ്ത്രപരമായ കൃത്യതയുള്ള ആ പ്രവചനം കണ്ടറിഞാദരിക്കാൻ, വിദേശങ്ങളുടെ ആശയ വിഴുപ്പു ചുമക്കുന്ന ഭാരതത്തിലെ പുരോഗമനവാദികളുടെ അടിമമനസ്സിനു കഴിഞ്ഞില്ലെന്നത് നമ്മുടെ ചിന്താ ചരിത്രത്തിലെ മഹാ ദുരന്തമായി അവശേഷിക്കുന്നു .............
കൃഷ്ണനെ മാറ്റി നിർത്തിയാൽ മഹാഭാരതത്തിലെ ധീരൻ - ധർമപുത്രർ ................
പ്രവർത്തിയിൽ സത്യത്തെ പ്രതിഷ്ടിചിരിക്കുന്ന അദ്ദേഹത്തിൻറെ വ്രതം അഹിംസയാണ്. കർമം പ്രജാപരിപാലനമാണ് . യജ്ഞം സർവ ജീവികളുടേയും ക്ഷേമൈശ്വര്യങ്ങളാണ്, ധര്മാനുഷ്ടാനത്തിനു അദ്ദേഹം എന്തും ത്യജിക്കും. പ്രകൃത്യാ സന്യാസിയും യോഗിയും ആണ് അദ്ദേഹം. ഇതിനു അപാരമായ ധീരത വേണം . അത് ധര്മാപുത്രര്ക്ക് ഉണ്ടുതാനും. ഏതു രംഗത്ത് മഹത്വമാർജിക്കുന്ന ആളിലും സ്വയം സമര്പ്പണത്തിന്റെ ഒരാത്മബലി കാണാം. ഇത് അനായാസമായി ധര്മാപുത്രരിൽ കാണാം. ധർമപുത്രർ ഒഴികെയുള്ള പാണ്ഡവരും പാഞ്ചാലിയും മരണത്തിലേക്ക് പതിച്ചപ്പോഴും യോഗ നിഷ്ടയുടെ ധ്യാന ബിന്ദുവിൽ സമസ്ത പ്രാണങ്ങളും ബന്ധിച്ചു നിരത്തിക്കൊണ്ട് മരിച്ചു വീണ പത്നിയോടും സഹോദരന്മാരോടും ധാർമികമായ കൂർ ഉണ്ടായിരിക്കെ തന്നെ , തിരിഞ്ഞു നോക്കാതെയും വ്യാകുലപ്പെടാതെയും മരണത്തിലേക്ക് ചവിട്ടിക്കയറിയ ധർമപുത്രരാണ് യഥാർത്ഥ ധീരൻ.ഭൌതിക ജീവിത പ്രശ്നങ്ങളെ വെല്ലുകയും പ്രതിസന്തികളെ തരണം ചെയ്യുകയും ചെയ്യുന്നവനല്ല ജീവിത ജേതാവ്. സർവ ഭീകരമായ മരണത്തിന്റെ മസ്തിഷ്കത്തിൽ കാലൂന്നി നിർഭീകനായി മരണത്തെ സ്വീകരിക്കുന്നവനാണ് ജീവിതത്തിലെ യഥാർത്ഥ വിജേതാവ്. സ്വചന്ദമൃത്യുത്വം വരമായി നേടിയ ഭീഷ്മർക്കു പോലും ദുർല്ലഭമായ അവസ്ഥയാണത്. ഉത്തരായനത്തിലെ ശുഭ മുഹൂർത്തത്തിൽ ദേഹം ത്യജിച്ച സത് ഗതി നേടാൻ കാത്ത്, അംബയുടെ പുനർജന്മത്തിലെ പ്രതികാരം തിന്ന് തുപ്പിയ നപുംസക ഭക്ഷണത്തിന്റെ ഉച്ചിഷ്ടമായി ശരശയ്യയിൽ കിടന്ന് , കൃഷ്ണ പ്രസാദ സിദ്ധിയാൽ , ധര്മാപുത്രര്ക്ക് ജ്ഞാന വിജ്ഞാനങ്ങൾ ഉപദേശിച്ചു കൊടുത്ത ഭീഷ്മർക്ക് ഈ അവസ്ഥ കൈവന്നില്ല. മരണത്തിലേക്ക് നേരിട്ട് കയറിചെല്ലുന്നതിൽ കാണുന്ന ധീരത മരണം കാത്തുകിടക്കുന്നതിലില്ല.
ഒരു പിടി മണ്ണിനും , ഒരു തരി സ്ഥാനത്തിനും , ഒരു നുള്ള് അധികാരത്തിനും, വേണ്ടി സർവ നന്മകളും സമസ്ത മൂല്യങ്ങളും ത്യജിക്കുന്ന മനുഷ്യ കീടങ്ങൾ ഒരു ശ്വാവിനുവേണ്ടി സ്വർഗം ത്യജിക്കാൻ സന്നദ്ധനായ ധര്മപുത്രരുടെ ത്യാഗമഹത്വമോർത്ത് അനേകായിരം തവണ ഞെട്ടണം.
ധര്മ്മത്തിന്റെ സമ്മതി പത്രവും ഔദ്യോഗിക മുദ്രയും കൊണ്ട് പവിത്രീകരിക്കാത്ത ഒരു പ്രവർത്തിയും താൻ ചെയ്യുകയില്ലെന്ന ധര്മ പുത്രരുടെ ദൃഡവ്രതം വെളിപ്പെടുത്താനാണ് ധര്മ ദേവ പുത്രൻ എന്നു സങ്കല്പ്പിചിരിക്കുന്നത്. ധർമപുത്രർ ചൂതുകളിക്ക് സമ്മതിച്ചില്ലെന്നു വക്കുക അതോടെ ദുര്യോധനന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമായിരുന്ന പ്രശ്നങ്ങൾ അസ്തമിക്കുമായിരുന്നൊ ?. ഇല്ല അതുകൊണ്ടാണ് ചൂതുകളിയുടെ സ്വീകാര്യത ധർമമാകുന്നത്. ഒരു രാജാവിനെ മറ്റൊരു രാജാവ് ചൂതിനു വിളിക്കുന്നത് പ്രച്ഛന്ഹമായ പോർ വിളിയാണ്.
ഒരു മഹാരാഷ്ട്രം സർവ വീര പൌരുഷങ്ങളേയും ഹോമിച്ച് ധർമത്തെ വിജയിപ്പിചെടുക്കാൻ നടത്തുന്ന അന്ത്യമായ പോരാട്ടത്തിൽ , വ്യക്തിപരമായ യുദ്ധ മഹത്വം കൊണ്ട് , ആർക്കും നിഹനിക്കാൻ സാധിക്കാതെ , സർവ നാശം വർഷിച്ചുകൊണ്ട് അധർമത്തെ വിജയിപ്പിക്കാൻ യത്നിക്കുന്ന ദ്രോണരെ നിസ്തേജനാക്കി ആയുധം വപ്പിക്കാനുള്ള ഒരേയൊരു ഉപായം എന്ന നിലയിൽ ധർമപുത്രർ പറഞ്ഞ നുണ - ധാർമികമാണ്. ഒരു വ്യക്തിയെ നിഹനിച്ച് രാഷ്ട്രത്തെയും ധർമത്തെയും രക്ഷിക്കുകയായിരുന്നു ആ നുണയുടെ ലക്ഷ്യം. ഇതിന്റെ അർത്ഥം കാര്യലാഭത്തിന് വേണ്ടി തോന്നുമ്പോഴൊക്കെ നുണ പറയാമെന്നല്ല , ലോക രക്ഷക്ക് വേണ്ടി ജീവിതത്തിൽ ഒരേ ഒരിക്കൽ മാത്രം പറഞ്ഞ നുണ അതിനു നുണയെന്നല്ല പേര് - ധർമ സംരക്ഷണമെന്നാണ് 
അചഞ്ചലമായ ധർമനിഷ്ടയുടെ ആദിമ പ്രതീകമാണ് യമധർമൻ. ആരും അടി പതറി വീണുപോകാവുന്ന ലൈംഗിഗ കാമത്തെ അക്ഷോഭ്യമായി നിയന്ത്രിച്ച് , സ്ത്രീയുടെ വശ്യ മോഹനമായ സംഭോഗനാർത്ഥനകളെ ധീരമായി നിരാകരിച്ച ധര്മിഷ്ടനാണ് യമൻ , . ധര്മാധർമങ്ങളുടെ വിവേചനത്തിൽ പിഴവുപറ്റാത്ത ആ യമധർമന്റെ പുത്രനാണ് യുധിഷ്ടിരൻ. ധര്മാത്തിന്റെ പുത്രൻ എന്ന കല്പ്പനയുടെ ദര്ശനം ഇതാണ്.
മഹാഭാരതം ധാർമിക ജീവിതത്തിന്റെ അനുശാസനേതിഹാസമാണ് . ധർമ പുത്രർ മനുഷ്യർക്ക് പ്രായോഗികമായി അനുകരിക്കാവുന്ന ധർമ നായകനും കൃഷ്ണൻ പ്രപഞ്ചത്തിന്റെ നായകനുമാണ്. ധർമപുത്രർ മനുഷ്യന്റെ പ്രാപ്യലക്ഷ്യവും ഭഗവാൻ ദുഷ്പ്രാപ്യലക്ഷ്യവും.
സാഹിത്യത്തിലും ശാസ്ത്രത്തിലും ദർശനത്തിലും രാഷ്ട്രീയത്തിലും സന്യാസത്തിലും ആത്മബലിയുടെ അവസാനത്തെ തുട്ടുവരെ മുടക്കുന്നവർക്കെ ചരിത്ര സിംഹാസനം നേടാനാവു .
മഹാഭാരതത്തിലെ സന്യാസി
ഒരാൾക്ക് തന്റെ ജീവിതത്തിൽ ഒരു പരാജയ ഭീതിയോ അല്ലെങ്കിൽ അയാൾ അനുഷ്ഠിക്കാൻ പോകുന്ന അല്ലെങ്കിൽ അയാളോട് അനുഷ്ഠിക്കണം എന്ന് അരുളിചെയ്തീട്ടുള്ള അല്ലെങ്കിൽ അയാൾ ഏതു പ്രവർത്തിയിൽ നിയുക്തനാണോ ആ പ്രവർത്തി വളരെ കഠിനമാണ് എന്ന് തോന്നുമ്പോൾ അതിൽനിന്നും നിവർത്തനായി ചെന്ന് ചേരാനുള്ള ഒരഭയകേന്ദ്രമല്ല സന്യാസം . സന്യാസം മഹാ ധീരന്മാർക്കുള്ളതാണ് , വളരെ നിർദ്ദാക്ഷിണ്യമായി തന്റെ ജീവിതത്തെ ജനസേവനത്തിനും പ്രപഞ്ചസേവനത്തിനും വേണ്ടി നിഷ്ക്കരുണം സമർപ്പിക്കുന്ന അത്യന്തം അപൂർവമായ ഒരു ക്രിയാ കർമമാണ് സന്യാസം. അല്ലാതെ കാഷായ വസ്ത്ര ധാരണവും , കല്യാണം കഴിക്കാതിരിക്കലും , ആശ്രമത്തിൽ ജീവിക്കലും, ഒന്നുമല്ല സന്യാസം. യഥാർത്ഥത്തിൽ ഒരു സന്യാസിക്ക് ഉദാഹരണമായിട്ട് നമുക്ക് മഹാഭാരതത്തിൽ നിന്ന് ചൂണ്ടിക്കാണിക്കാവുന്നത് ഭഗവാൻ ശ്രീ കൃഷ്ണനെ തന്നെയാണ്. ഭഗവാനാണ് യഥാർത്ഥ സന്യാസി. കാവിയില്ല , സന്യാസത്തിന്റെ പ്രകടമായ ബാഹ്യചിന്ഹങ്ങൾ ഒന്നുമില്ലാതെ ജീവിച്ചു കാണിച്ച പരിപൂർണ സന്യാസിയാണ് ഭഗവാൻ. ഏതു സമയത്തും കർമ രംഗത്ത് വ്യാപൃതനായി തൻറെ സർവശക്തികളും പ്രപഞ്ച നിലനിൽപ്പിന് വേണ്ടി ഉപയോഗിച്ചുകൊണ്ട് സർവ ആധാര കേന്ദ്രമായും സർവ ധാരക ശക്തിയായും ജീവിതത്തിന്റെ നടുക്ക് അഗ്നിശിലപോലെ വെളിച്ചം വിതറിക്കൊണ്ട് നില്ക്കുന്നു ഭഗവാൻ.
ചരിത്ര സംഭവങ്ങളെ ദർശനത്തിന്റെ ചിന്താധാര്ട്യത്തിലിട്ടു കടഞ്ഞെടുത്തതാണ് മഹാഭാരതത്തിലെ ഓരോ ഇതി വൃത്ത സംഭവവും. അത് നോവലിലേതുപോലെ, ജീവിതത്തിന്റെ യഥാതഥ മായ ചിത്രീകരണമോ, ഭാവനാത്മകമായ പുനരാവിഷ്കരണമോ അല്ല. ചരിത്രത്തെ ദർശനത്തിലേക്ക് സ്വാംശീകരിച്ചതാണ് ഇതിഹാസം . ശിലയെ ചരിത്രത്തോടും പ്രതിമയെ ഇതിഹാസത്തോടും ഉപമിക്കാം . ഭാരണാധിപന്റെ സിംഹാസനത്തിലേക്ക് സ്വാഭികമായി വഴി തുറന്നു കിട്ടാത്ത ദുര്യോധനൻ , താൻ അവകാശിയാണെന്ന് ഭാവിച്ച്, യഥാർത്ഥ അവകാശികളെ അതിൽ നിന്ന് തുരത്തിവിടാൻ കെട്ടിയാടിയ നാടകം സാധാരണമോ സാർവത്രികാമോ അല്ല. ധർമപുത്രന്മാർ രാഷ്ട്രത്തിന്റെ കള്ള ചൂതിൽ തോറ്റു കാട്കേറുമ്പോൾ ദുര്യോധനന്മാർ സിംഹാസനം തട്ടിയെടുക്കുന്ന അധാർമികമായ താത്കാലിക വിജയമാണ് വ്യാസൻ ചിത്രീകരിക്കുന്നത്. വ്യാസൻ മുഴുവൻ കാലത്തിന്റെയും കവിയാണ്. അധികാര രാഷ്ട്രീയത്തിന്റെ നിത്യ ശാപങ്ങളെ ഇതിഹാസത്തിലൂടെ ശാശ്വതീകരിച്ചു വയ്ക്കുമ്പോൾ രാജ്യാവകശമേയില്ലാത്തവൻ അതിൽ ആരൂഡൻ ആകുന്നതാണ് ഇതുവരെയുള്ള ഭരണ ചരിത്രത്തെ പ്രതിനിധാനം ചെയ്യാൻ യോഗ്യം. പ്രജാപരിപാലനത്തിനു വേണ്ടി ജീവിതം സമർപ്പിക്കുകയെന്ന മഹാത്യാഗത്തിന്റെ ആധ്യാത്മിക സപര്യയെ അധികാരാസ്വാദനത്തിന്റെ വ്യക്തിവൃത്തത്തിലേക്ക് ചുരുക്കി ഒതുക്കി ചെറുതാക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ പ്രതീകമാകാനുള്ള ദുര്യോധനന്റെ ബിംബ സാധ്യതയും അദ്ദേഹം രാജ്യാവകാശിയല്ലെങ്കിലെ പൂർണമാകു.
കർമ്മം ധർമ്മത്തിന്റെ അനുശാസനങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ലോകത്തിന്റെ സുസ്ഥിതിക്ക് അതാണനിവാര്യം. ധർമ്മത്തിന്റെ അനുശാസനങ്ങളിലൂടെ കർമ്മം സഞ്ചരിച്ചെത്തുന്ന അന്തിമസ്ഥാനം ധർമ്മം തന്നെയാണ്. കർമ്മവും ധർമ്മവും തമ്മിൽ ഇവിടെ സ്വാഭാവികമായി സമന്വയിക്കപ്പെടുന്നു. ഈ ധർമ്മകർമ്മസമന്വയം സാധിച്ച് ധർമ്മാധർമ്മമെന്ന ദ്വൈതത്തെ തരണം ചെയ്തവരെയാണ് ഭഗവദ്ഗീത സ്ഥിതപ്രജ്ഞർ എന്ന് വിളിക്കുന്നത്. ഇതിനേക്കാൾ വിപ്ലവകരമായൊരുചിന്ത ലോകസേവനത്തിനുവേണ്ടി അവതരിപ്പിക്കുക അസാദ്ധ്യമാണ്. ഒരു വാർദ്ധക്യകാല ഔഷധമല്ല ഗീതാദർശനം. വ്യക്തിയെയും സമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തെയും നിത്യസ്വസ്ഥതയിലേക്ക് നയിക്കാനുള്ള ചിന്താപരമായ സമഗ്രത ഭഗവദ്ഗീതാദർശനത്തിനുള്ളതുപോലെ ലോകത്തിൽ ഇന്നുവരെ അവതരിപ്പിചീട്ടുള്ള ഒരു ചിന്താസംഹിതയ്ക്കും കൈവന്നീട്ടില്ല. വ്യക്തിയുടെയും ലോകത്തിന്റെയും കാമത്തെ ചാമ്പലാക്കാനുള്ള ആഗ്നേയസാന്ദ്രതയുടെ മഹാചൈതന്യം ഗീതാദർശനത്തിന്റെ നിഗൂഡതയിൽ ഒളിഞ്ഞുകിടക്കുന്നു. ഒരിക്കലും കേട്ടടങ്ങുന്നതല്ല ആ ചിന്തയുടെ വിപ്ലവവീര്യം. അതു കണ്ടറിഞ്ഞെടുത്ത് ഊതിപ്പടർത്തി വിശ്വവ്യാപകമാക്കി തിന്മകളായ തിന്മകളേയൊക്കേയും ചാമ്പലാക്കാനുള്ള ലോകസംഗ്രഹവിദ്യ ഗീതയിൽ നിന്നും നാം നേടിയെടുക്കണം. ഗീതാ ദർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ ധാർമ്മികതയില്ലാത്ത ഭക്തി പ്രചരിപ്പിച്ചു അതിനുപിന്നാലെ ഓടിയതാണ് നാം ഇന്ന് കാണുന്ന മൂല്യച്യുതിക്ക് കാരണം. കർമ്മത്തിന്റെ യജ്ഞവേദിയിൽനിന്നുകൊണ്ട് ജനങ്ങളെയും ലോകത്തെയും നയിക്കുന്ന കർമ്മധീരന്മാരുടെ സനാതനമായ ധർമ്മസംഹിതയാണ് ഗീതാദർശനം. കർമ്മത്തിന്റെയും ധർമ്മത്തിന്റെയും അദ്വൈതീഭാവം ഭഗവദ്ഗീതയുടെ ലക്ഷ്യമായതുകൊണ്ടാണ് '' ധർമ്മക്ഷേത്രേ കുരുക്ഷേത്രേ'' എന്ന് പ്രസ്താവിച്ചുകൊണ്ടതാരംഭിച്ചത്. പാണ്ഡവർക്ക് കർമ്മം തന്നെയാണ് ധർമ്മം , ധർമ്മം തന്നെയാണ് കർമ്മം. കൌരവർക്കു ( ഭീഷ്മദ്രോണകർണ്ണന്മാരടക്കം ) ധർമ്മം ഒരാശയസംഹിതയുടെ സ്വർഗ്ഗം മാത്രമാണ്. വാദത്തിനുപയോഗിക്കാവുന്ന ഒരു മാർഗ്ഗശാസ്ത്രം. അതിനു ധർമ്മവുമായി ബന്ധമുണ്ടെന്നോ, ജീവിതത്തെ ധന്യമാക്കുന്നത് ധർമ്മാനുഷ്ടാനമാണെന്നോ, ഈശ്വരവിശ്വാസികളാണെങ്കിലും അവർ വിചാരിക്കുന്നില്ല. അതിനാൽ അവരുടെ എല്ലാ കർമ്മങ്ങളും ധർമ്മരഹിതമായിരുന്നു. സർവ്വകാമസംതൃപ്തിയായിരുന്നു കൌരവരുടെ ലക്ഷ്യം. സ്വാർത്ഥതയാണ് സർവ്വകാമസംതൃപ്തി എന്ന ലക്ഷ്യത്തിനു പിന്നിൽ അതിനു പ്രേരണയായി പ്രവർത്തിക്കുന്നത്. അതിനാൽ ഭീഷ്മദ്രോണകർണ്ണന്മാരടക്കമുള്ള ദുര്യൊധനാദികളായ കൌരവർ അനുഭവത്തിൽ അവരുടെ ജീവിതം സ്വാർത്ഥവും പ്രയോഗത്തിൽ അവരുടെ ജീവിതം അധാർമ്മികവുമായി.
ഗീതയിൽ കർമം ജ്ഞാനം ഭക്തി എന്ന മൂന്നും കൂടിയ ഒറ്റ വഴിയാണുള്ളത്. സമഗ്രയോഗത്തെയാശ്രയിച്ച് ദിവ്യ ജീവിതം നയിക്കുക എന്നതാണ് ഗീത കാണിച്ചു തരുന്ന ജീവിത പാന്ഥാവെന്ന അരവിന്ദമതം അപ്പോൾ അധികം ആദരണീയമാകുന്നു. സമ്യഗ്ജ്ഞാനത്തെയാശ്രയിച്ച് വിശ്വാത്മാവായ ഭഗവാന് കർമയജ്ഞം സമർപ്പിച്ചുകൊണ്ട് ലോകഹിതമാചരിച്ചു വെള്ളത്തിൽ താമരയിലയെന്നപോലെ അലിപ്തനായി വസിക്കുക എന്നതാണ് ഗീത പഠിപ്പിക്കുന്ന ജീവിത പരിപാടി. അനാദിയായ ഈ പദ്ധതി ഇന്നും ഈ പുണ്യഭൂമിയിൽ തുടർന്നുവരുന്നു. ഭാരത ഭൂമിയുടെ മഹിമാതിരേകവും ഇതു തന്നെയാണ്. ലോക സംഗ്രഹത്തിന്റെ തന്ത്രം ഇതാണ്. അതിന്റെ ശാസ്ത്രമാണ് ശ്രീമദ് ഭഗവദ്ഗീത ....................................ESSAYS ON GEETHA BY മഹർഷി അരവിന്ദൻ