Showing posts with label പ്രചോദന കഥകള്‍. Show all posts
Showing posts with label പ്രചോദന കഥകള്‍. Show all posts

Friday, 4 July 2014

പ്രചോദന കഥകള്‍

അതിഥി

 
ഒരു തിഥിയില്‍ കൂടുതല്‍ ആതിഥേയ ഗൃഹത്തില്‍ താമസിക്കാത്തവന്‍ എന്നാണ് അതിഥി എന്ന പദത്തിന്റെ അര്‍ത്ഥം. 15 ദിവസം കൂടുന്നത് പക്ഷം. തിഥിക്ക് പക്ഷമെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ ഒരിക്കല്‍ ആതിഥേയ ഗൃഹത്തിലെത്തിയാല്‍ അടുത്ത പതിനഞ്ചു ദിവസത്തിനകം ആ വീട്ടില്‍ വീണ്ടും വരാത്തവന്‍ എന്ന അര്‍ത്ഥവും അതിഥി എന്ന പദത്തിനുണ്ട്.

ആതിഥേയന്റെ നാട്ടില്‍ താമസിക്കാത്തവനാണ് അതിഥി. അതിഥി ഒരു വീട്ടിലേയ്ക്കെത്തുന്നത് രാവിലെയോ സന്ധ്യയ്ക്കോ ആവണമെന്നാണ്. 'അതിഥി ദേവോ ഭവഃ' എന്നാണല്ലോ പ്രമാണം. തൈത്തീരിയോപനിഷത്തിലാണ് അതിഥിയെ ദേവതുല്യനായി പ്രകീര്‍ത്തിക്കുന്നത്.

അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമെന്നാണ് വിശ്വാസം. പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയയ്ക്കുന്നതിന്റെ ഇരട്ടിയാണത്രേ രാത്രി ഭക്ഷണം നല്‍കാതെ അതിഥിയെ മടക്കിവിട്ടാല്‍ ഉണ്ടാവുന്ന പാപഫലം.

ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉപചാരങ്ങള്‍ നല്‍കണമെന്നാണ്.

പ്രചോദന കഥകള്‍

ആത്മീയത

 
ആത്മീയത എന്ന വാക്ക് നാമെല്ലാം നിരന്തരം ഉപയോഗിക്കാറുണ്ടെങ്കിലും എന്താണ് ആത്മീയത എന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരംമുട്ടും. ആത്മാവിനെ തേടുന്നതാണ് ആത്മീയത എന്ന് എളുപ്പത്തില്‍ നിര്‍വചിക്കാം. ഇക്കാണുന്ന നീളവും വീതിയും കനവുമുള്ള ശരീരം മാത്രമല്ല മനുഷ്യന്‍. ഇക്കാണുന്ന ദേഹമാണ്, അതു മാത്രമാണ് നമ്മളെന്ന് തെറ്റിദ്ധരിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ത്രിമാനാത്മകമായിരിക്കുന്ന മനുഷ്യ ശരീരത്തെ ജീവസ്സുറ്റതാക്കുന്നത് ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവാണ്. അത് പുറമേയ്ക്ക് ദൃഷ്ടിഗോചരമല്ല എന്നതിനാല്‍  പലരും ആത്മാവിന്‍െറ അസ്തിത്വം നിഷേധിക്കുന്നു.

എന്നാല്‍ അകത്തേയ്ക്ക് നോക്കാന്‍ ശീലിച്ചാല്‍ ആത്മാവ് നമുക്ക് അനുഭവവേദ്യമാകും. ആത്മാവിനെ അറിയുക എന്നത് ബ്രഹ്മത്തെ അറിയുന്നതിനു തുല്യമാണ്. ആത്മാവിനെ അറിയുന്നവന്‍ ബ്രഹ്മര്‍ഷിയായി തീരുന്നതും അതിനാലാണ്. ആത്മാവിനെ അറിഞ്ഞവന്‍ സകലതിനേയും അറിയുന്നു. അവന് പിന്നീട് സംശയങ്ങള്‍ ഏതുമുണ്ടാകില്ല. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ നമ്മള്‍ പലരും ആനന്ദം തേടുന്നതും സ്വത്വം അന്വേഷിക്കുന്നതും നമുക്ക്  പുറത്താണ്. ആത്മാവിനെ അറിഞ്ഞവന്‍ നരകത്തിലും സ്വര്‍ഗീയസുഖം അറിയും.  ആത്മാവിനെപ്പറ്റി ചിന്തിക്കുക കൂടി ചെയ്യാത്തവര്‍ സ്വര്‍ഗത്തിലായാലും സ്വര്‍ഗീയ സുഖങ്ങളെ നരകതുല്യമാക്കി മാറ്റും.

പ്രചോദന കഥകള്‍

നാളത്തെ തലമുറയെ വാര്‍ത്തെടുക്കാന്‍....

 
സാംസ്കാരികപരമായി വളരെയേറെ സമൃദ്ധമായിരുന്ന ഒരു സമൂഹം ആയിരുന്നു ഭാരതത്തിന്റേത്.  വളരെ കെട്ടുറപ്പുള്ള ശക്തമായ ഒരു ജീവിത വ്യവസ്ഥ നമുക്കുണ്ടായിരുന്നു.  എന്നിട്ടും നാം ഈ വിധം തകര്‍ന്നുപോയി?  ഓരോ വ്യക്തിയും തന്നോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണിത്.  സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഏന്തും ചെയ്യാന്‍ തയ്യാറായ ഒരു ജനസമൂഹം നമുക്കിടയിലുണ്ട്.  ഇവര്‍ക്കെന്തേ നേര്‍‌വഴി പിഴച്ചിരിക്കുന്നു? 

തന്റെ പൂര്‍‌വ്വജന്മ പുണ്യപാപങളുമായി ഒരു കുഞ് ഇഷ്ടാനിഷ്ടങളില്ലാതെ,നന്മതിന്മകള്‍ എന്തെന്നറിയാതെ ഈ സമൂഹത്തില്‍ പിറക്കുമ്പോള്‍, അതിനെ നേര്‍‌വഴിക്ക് നയിക്കേണ്ടത് നാം തന്നെയാണ്.  നാം പകര്‍ന്നു കൊടുക്കുന്ന ഒരു സംസ്കാരകവചവുമായിയാണ് അവന്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്.  തന്റെ അച്ചനമ്മമാരും, സഹോദരങളും, ബന്ധുക്കളും അവനെ ലാളിക്കുമ്പോള്‍, സ്നേഹം എന്താണെന്ന് അവല്‍ മനസ്സിലാക്കുന്നു.  അവരുടെ സം‌രക്ഷണവലയത്തിനുള്ളില്‍ നിന്നുകൊണ്ട് അവന്‍ വളരുന്നതിനോടൊപ്പം, തനിക്കു ചുറ്റും അരങേറുന്ന നന്മതിന്മകളെ അവന്‍ നോക്കിക്കാണുന്നു. 

ഈവിധം വളര്‍ന്ന് സമൂഹത്തിലിറങുന്ന ഓരോ വ്യക്തിയും താന്‍ എങനെയായിരിക്കണമെന്ന് ഇതിനകം തിരിച്ചറിഞിരിക്കണം.  അതിന് സഹായകവും മാതൃകയും ആകേണ്ടത് മാതാപിതാക്കന്മാരും ഗുരുക്കന്മാരും സമൂഹത്തിലെ മറ്റുള്ള മുതിര്‍ന്നവരുമാണ്. 

ഇന്ന് നാം ജീവിക്കുന്ന സാംസ്കാരികമായി ഇത്രകണ്ട് തകര്‍ന്ന ഒരു സമൂഹത്തിലേക്ക് തന്റെ മകള്‍ പോകുമ്പോള്‍ ഏത് വിധം വസ്ത്രം ധരിക്കണമെന്നും, ഇന്നതൊക്കെ ചെയ്യണമെന്നും, ഇന്നതൊക്കെ ചെയ്യാന്‍ പാടില്ല എന്നുമൊക്കെ അവള്‍ സ്വയം മനസ്സിലാക്കത്തക്ക വിധം മാതാപിതാക്കള്‍ അവളെ തന്റെ സംസ്കാരത്തിലൂടെ ബോധവതിയാക്കിയിരിക്കണം.  കുഞുഹൃദയങള്‍ നിര്‍മ്മലമാണ്.  തുടക്കം മുതലേ ആ ഹൃദയങളിലേക്ക് സാമൂഹിക പ്രതിബദ്ധത നിറയ്ക്കുന്ന കൂടുതല്‍ കാര്യങള്‍ പാഠ്യവിഷയങളില്‍ ഉള്‍പ്പെടുത്തണം.

ഒരു സാധാരണ മനുഷ്യനെകൊണ്ട് സമൂഹത്തിന് ഗുണങള്‍ ഉണ്ടായാലും ഇല്ലെങ്കിലും നഷ്ടങള്‍ ഉണ്ടാകുകയില്ലയെങ്കില്‍, അയാളില്‍ സമൂഹത്തോടുള്ള പ്രതിബദ്ധത കൂടി ഉണര്‍ന്നാല്‍ എത്ര സുന്ദരമായിരിക്കും എന്നത് ഓര്‍ക്കേണ്ടതാണ്.

മനുഷ്യ വ്യക്തിത്വത്തിന്റെ പണിപ്പുര ഒരുവന്റെ ചിന്തയുടെ തലമാണ്. ചിന്തയില്‍ നിന്നും വാക്കുകള്‍ ഉണ്ടാകുന്നു; വാക്കില്‍ നിന്ന് കര്‍മ്മവും, കര്‍മ്മത്തില്‍ നിന്ന് സംസ്കാരവും ഉടലെടുക്കുന്നു.  ഈ സംസ്കാരം മാത്രമാണ് മനുഷ്യസമൂഹത്തെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും.

പ്രചോദന കഥകള്‍

ഇനി ഉരുളക്കിഴങ് നട്ടോളൂ

 
അമേരിക്കയിലെ ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധമനുഷ്യന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകല്‍ ജയിലിലുമായിരുന്നു, അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്റെ മകനുവേണ്ടി ഒരു കത്തെഴുതി. "പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്, ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്.  എന്തെന്നാല്‍ ഈ വര്‍ഷം നമുക്ക് ഉരുളക്കിഴങ് കൃഷി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് തോട്ടം കൊത്തി കിളയ്ക്കാനുള്ള ആരോഗ്യമില്ല. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറിക്കിട്ടുമായിരുന്നു. എന്ന്, പ്രതീക്ഷകളെല്ലാം തകര്‍ന്ന നിന്റെ അച്ചന്‍:.

കത്തുകിട്ടിയ ഉടനെ മകന്‍ ഇങനെ മറുപടിയെഴുതി അത് പോസ്റ്റ് ചെയ്യാന്‍ ജയില്‍ അധികാരികളെ ഏല്പ്പിച്ചു. അവര്‍ അത് പൊട്ടിച്ചുവായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു മറുപടി എഴുതിയിരുന്നത്. "പ്രീയപ്പെട്ട അച്ചാ, ദൈവത്തെയോര്‍ത്ത് നമ്മുടെ തോട്ടം കിളച്ചുമറിക്കരുത്.  കാരണം ഞാന്‍ അവിടെയാണ് എന്റെ എല്ലാ തോക്കുകളും കുഴിച്ചിട്ടിരിക്കുന്നത്".  

പിറ്റേദിവസം അതിരാവിലെ തന്നെ ഒരുകൂട്ടം പോലീസുകാര്‍ വൃദ്ധന്റെ വീട്ടില്‍ പാഞെത്തി. തോട്ടം മുഴുവന്‍ കിളച്ചുമറിച്ച് തോക്കുകള്‍ക്കുവേണ്ടി തിരഞു. പക്ഷേ ഒരു തോക്കിന്റെ പൊടിപോലും അവര്‍ക്ക് അവിടെ കാണാന്‍ കഴിഞില്ല. അവര്‍ തിരികെ പോയി. 

സംഭവിച്ചത് മുഴുവന്‍ ചേര്‍ത്ത് വൃദ്ധന്‍ വീണ്ടും മകനോട് ഇനി എന്തുചെയ്യണമെന്ന് എഴുതി ചോദിച്ചു. മകന്‍ ഇങനെ മറുപടിയെഴുതി. "ഇനി ഉരുളക്കിഴങ് നട്ടോളൂ, ഇത്രമാത്രമേ എനിക്കിവിടെ നിന്നുകൊണ്ടു ചെയ്യാന്‍ കഴിയൂ". 

കഥാസാരം: ജയിലിലല്ല, എവിടെയായിരുന്നാലും, ഹൃദയം കൊണ്ട് വിചാരിച്ചാം ചെയാന്‍ കഴിയാത്തതായി ഒന്നുമില്ല.

പ്രചോദന കഥകള്‍

ഒരു ശാന്തമായ മനസ്സിന് കൂടുതല്‍ ചിന്തിക്കാന്‍ കഴിയും.

 
ഒരു വൃദ്ധന്‍ തന്റെ വീടിനടുത്തുള്ള പാര്‍ക്കില്‍ എന്നും തനിച്ചിരിക്കുക പതിവായിരുന്നു.  ഒരു ദിവസം തനിക്ക് തിരിച്ചുപോകാന്‍ നേരമായി എന്നു മനസിലാക്കി അദ്ദേഹം തന്റെ വാച്ചില്‍ സമയം നോക്കി. കയ്യില്‍ വാച്ചില്ല. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വെറും വാച്ചായിരുന്നില്ല. ഒരുപാട് വൈകാരിക ഭാവങ്ങള്‍ അതിനിനോട് ചേര്‍ന്നുണ്ടായിരുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ ചൊല്ല്. വൃദ്ധന്‍ വാച്ചിനുവേണ്ടി അവിടമാകെ തപ്പി.  കിട്ടിയില്ല. അദ്ദേഹം ആ പണി ഉപേക്ഷിച്ച് അവിടെ കളിച്ചുകൊണ്ടുനിന്ന കുട്ടികളോട് സഹായം അഭ്യര്‍ത്ഥിച്ചു. കണ്ടെടുക്കുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചു. 

കേട്ടപാതി, കേള്‍ക്കാത്ത പാതി കുട്ടികള്‍ പാര്‍ക്ക് മുഴുവന്‍ അരിച്ചുപെറുക്കി. പക്ഷേ വാച്ച് കിട്ടിയില്ല. കുട്ടികള്‍ തിരികെ വന്നു തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചു. വൃദ്ധന്‍ ദുഖത്തോടെ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അതിലൊരു കുട്ടി ചോദിച്ചു : "അപ്പുപ്പാ എനിക്കൊരവസരം കൂടി തരാമോ" വൃദ്ധന്‍ പറഞ്ഞു. "അതിനെന്താ ആയിക്കോളൂ" അവെന്റെ ആത്മാര്‍ത്ഥതയെ അദ്ദേഹം മനസ്സിലാക്കി.

വൃദ്ധന്‍ കുറെ നേരം കൂടി പാര്‍ക്കില്‍ അവനെ കാത്തിരുന്നു. ഒടുവില്‍ ആ കുട്ടി വാച്ചുമായി മടങ്ങിയെത്തി. വൃദ്ധന് സന്തോഷവും, ആശ്ചര്യവും തോന്നി. മറ്റുള്ള കുട്ടികള്‍ തോറ്റിടത്ത് നീ എങ്ങനെ ജയിച്ചുവെന്ന് അദ്ദേഹം അവനോട് തിരക്കി. കുട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു. " ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ല. വെറുതെ കുറെനേരം നിശബ്ദനായി നിലത്തിരുന്ന്.  അപ്പോള്‍ വാച്ചിലെ സെക്കന്റ് സൂചി ഓടുന്ന ശബ്ദം ഞാന്‍ കേട്ടു. അങ്ങനെ ഞാന്‍ ഇതിനെ കണ്ടെടുത്തു."

സാരം: ഒരു ശാന്തമായ മനസ്സിന് കൂടുതല്‍ ചിന്തിക്കാന്‍ കഴിയും. എല്ലാദിവസവും അല്‍പനേരം മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കണം. നമ്മള്‍ പ്രതീക്ഷിക്കുന്നവിധം അതു ജീവിതത്തില്‍ നമ്മളെ സഹായിക്കുന്നതു നമുക്കറിയാന്‍ കഴിയും.

പ്രചോദന കഥകള്‍

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു.

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു. ആരോ ഒരിക്കല്‍ ബുദ്ധനോടു ചോദിച്ചു: 'താങ്കള്‍ എന്തിനാണ് ഒരേ കാര്യം മൂന്നു തവണ പറയുന്നത്?'

അദ്ദേഹം പറഞ്ഞു: 'ആദ്യതവണ പറയുമ്പോള്‍ നിങ്ങള്‍ വാക്കുകള്‍ കേള്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആ വാക്കുകള്‍ ശൂന്യമാണ്. ഉള്ളൊഴിഞ്ഞ കക്കകള്‍.

രണ്ടാംതവണ വാക്കുകള്‍ക്കൊപ്പം ഉള്ളടക്കം നിങ്ങള്‍ കേള്‍ക്കുന്നു. അപ്പോള്‍ സുഗന്ധം വമിക്കുന്നു. എന്നാല്‍ നിങ്ങള്‍ വല്ലാതെ വിസ്മയിച്ചുപോകുന്നു. അതിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ അജ്ഞേയമായ ഒരവസ്ഥയെ പ്രാപിക്കുന്നു. അതായത് ഒന്നും മനസ്സിലാകാത്ത അവസ്ഥയില്‍ നിങ്ങള്‍ ചെന്നെത്തുന്നു. നിങ്ങള്‍ കേള്‍ക്കും പക്ഷേ, നിങ്ങള്‍ക്കു മനസ്സിലാവില്ല. അതുകൊണ്ടുതന്നെ എനിക്കു മൂന്നുതവണ പറയേണ്ടി വരുന്നു.

നിങ്ങള്‍ സുഷുപ്തിയിലാണ് എന്നതുകൊണ്ടു തന്നെ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അത് ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്, ചുറ്റികകൊണ്ട് ആഞ്ഞടിക്കപ്പെടേണ്ടതുണ്ട്. ചിലപ്പോള്‍, ചില നിമിഷത്തില്‍, ചില ശുഭമുഹൂര്‍ത്തത്തില്‍ നിങ്ങളുടെ സുഷുപ്തി അത്ര ഗാഢമായിരിക്കില്ല. നിങ്ങള്‍ ജാഗ്രതയുടെ വളരെ അടുത്തായിരിക്കും. അപ്പോള്‍ ചിലതെങ്കിലും നിങ്ങളുടെ ഉള്ളിലേക്കു കടന്നേക്കും. കേള്‍ക്കാന്‍ കഴിഞ്ഞേക്കും. ജാഗ്രതയോട് വളരെ അടുത്തിരിക്കുമ്പോള്‍ നിദ്രയുടെയും ജാഗ്രതയുടെയും രണ്ടിന്റേതുമല്ലാത്തതിന്റെയും മധ്യത്തില്‍ ഇരിക്കുന്ന ചില നിമിഷങ്ങളാണത്.'

എല്ലാ ബുദ്ധന്‍മാരുടെയും യത്നം ഇതാണ്: ജാഗ്രത്തോട് വളരെ അടുത്തിരിക്കുന്ന കൃത്യമായ നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. പിന്നീട് ഒരു ചെറിയ തള്ളല്‍ മാത്രം. അപ്പോള്‍ നിങ്ങള്‍ കണ്ണുതുറക്കുകയും എല്ലാം കാണുകയും ചെയ്യും.

പ്രചോദന കഥകള്‍

യോഗക്ഷേമം വഹാമ്യഹം

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി. വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്ന് , ഗുരുവിന്റെ അടുത്തെത്തി ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ആയാള്‍ക്ക് ഈശ്വരനോട് ദേഷ്യമായി. 

ദേഷ്യത്തില്‍ അവന്‍ ഗുരുവിനോട് പറഞ്ഞു: "ഇനി ഞാന്‍ ഈശ്വരനെ ആശ്രയിച്ച് ജീവിക്കാന്‍ തയ്യാറല്ല. അങ്ങു പറയാറുണ്ട്, ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്കു വേണ്ടെതെല്ലാം ലഭിക്കുമെന്ന് !!! ഒരു നേരത്തെ ഭക്ഷണംകൂടി തരാന്‍ കഴിയാത്ത ഈശ്വരനെ ഞാന്‍ എന്തിന് ആശ്രയിക്കണം? ഈശ്വരനെ വിശ്വസിച്ചതുതന്നെ തെറ്റായിപോയി."

ഗുരു കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അതിനുശേഷം ശിഷ്യനോട് ചോദിച്ചു: ’നിനക്ക് ഞാന്‍ കുറെ ഏറെ രൂപ തരാം. നിന്റെ രണ്ടു കണ്ണുകളും തരാമോ?’

ശിഷ്യന്‍ പറഞ്ഞു: 'കണ്ണു പോയാല്‍ എന്റെ കാഴ്ചശക്തി നഷ്ടമാകില്ലേ? എത്ര വലിയ തുക തന്നാലും ആരെങ്കിലും കണ്ണു വിലയ്ക്കു കൊടുക്കുമോ?’
‘എങ്കില്‍ കണ്ണു വേണ്ട. നിന്റെ നാക്കു തരാമോ?’
‘നാക്കുതന്നാല്‍ ഞാന്‍ എങ്ങനെ സംസാരിക്കും?’
‘എങ്കില്‍ നിന്റെ കൈകൾ തരാമോ? അതു പറ്റില്ലെങ്കില്‍ കാലുകള്‍ തന്നാലും മതി, ധാരാളം പണം തരാം.’

ഉടന്‍ ശിഷ്യന്റെ മറുപടി വന്നു: ’പണത്തേക്കാള്‍ വിലയുള്ളതാണ് നമുടെ ഒക്കെ ശരീരം. അതു നഷ്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ?’

ശിഷ്യന്റെ മനോഭാവമറിഞ്ഞ് ഗുരു പറഞ്ഞു: ’നിന്റെ ഈ ശരീരം എത്രയോ ലക്ഷംരൂപ വിലയുള്ളതാണ്. ഇതു നിനക്ക് ഈശ്വരന്‍ തന്നത് യാതൊരു പ്രതിഫലവും പറ്റാതെയാണെന്നോര്‍ക്കണം. എന്നിട്ടും നീ ഈശ്വരനെ കുറ്റം പറയുന്നു. ഇത്ര വില കൂടിയ ഈ ശരീരം നിനക്ക് ഈശ്വരന്‍ നല്കിയിരിക്കുന്നത് മടിപിടിച്ചിരിക്കുവാനല്ല ; ശ്രദ്ധാപൂര്‍വം കര്‍മം ചെയ്തു ജീവിക്കാനാണ്.’

ലോകത്തില്‍ പ്രയത്നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയില്ല. പ്രയത്നം ചെയ്യാന്‍ തയ്യാറാകാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞുകൊണ്ടിരിക്കുക- എന്നത് അലസതയുടെ ലക്ഷണമാണ്.
പ്രയത്നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്നു പറയും. എന്നാല്‍ വിശക്കുമ്പോള്‍ എവിടെയെങ്കിലും ചെന്ന് മോഷ്ടിച്ചായാലും വേണ്ടില്ല, വയറു നിറയ്ക്കാന്‍ നോക്കും. ആ സമയത്ത് ഈശ്വരന്‍ കൊണ്ടുത്തരട്ടെ എന്നു ചിന്തിച്ച് ക്ഷമയോടെ കാത്തിരിക്കാറില്ല. പലര്‍ക്കും വിശപ്പിന്റെ മുന്നിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണ്.

കര്‍മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയുംകെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുകയില്ല. നമുക്ക് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്‍കിയിരിക്കുന്നത് മടിയന്മാരായിരുന്നു ജീവിതം പാഴാക്കനല്ല. മനുഷ്യ ധര്‍മ്മമനുസരിച്ച് പ്രയത്നിക്കുവാന്‍ തയ്യാറാകണം.

ആഹാരം പാകംചെയ്യാനുള്ള അഗ്നി ഉപയോഗിച്ച് വീടുപോലും തീ കൊളുത്തുകയും ചെയ്യാം. പ്രയത്നിക്കേണ്ട സമയത്ത്, പ്രയത്നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ. യാതൊരു കര്‍മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞ് ഇരിക്കുന്നവര്‍, കിട്ടിയ വിത്ത് പെട്ടിയില്‍ വെച്ച് സൂക്ഷിക്കുന്നതുപോലെയാണ്. വിത്ത് പെട്ടിക്കു ഭാരമാകുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. കുറച്ചു കഴിഞ്ഞാൽ അത് ഉപയോഗ ശൂന്യം ആകും

ഭൗതികജീവികള്‍ക്ക് താല്‍ക്കാലിക സുഖം മാത്രമാണ് ലക്ഷ്യം. എന്നാല്‍ വിത്തുവിതച്ച്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തിയാല്‍  അതു ക്കൊണ്ട് എല്ലാവര്‍ക്കും പ്രയോജനമുണ്ടാകും. വിതച്ച വിത്തില്‍നിന്നുണ്ടായ ഫലം കൊണ്ട് കുടുംബത്തിന്റെയും വിശപ്പടക്കി, വീണ്ടും വിതച്ച് നാട്ടുകാര്‍ക്ക് ആവശ്യമായത് നല്കാന്‍ അയാള്‍ക്കു കഴിയും....

പ്രചോദന കഥകള്‍

പുണ്യലോകം ആര്‍ക്ക് കിട്ടും?

രണ്ടു കൂട്ടുകാര്‍ നഗരമധ്യത്തില്‍ കണ്ടുമുട്ടിയപ്പോള്‍ ഒരുവന്‍ ചോദിച്ചു.  "തൊട്ടടുത്തു ഭാഗവത കഥ നടക്കുന്നു.  താന്‍ വരുന്നോ?"

"ഞാനില്ല.  ഞാന്‍ കോമളവല്ലിയുടെ  വീട്ടിലേക്കാ.... താന്‍ പോരുന്നോ?" മറ്റേയാള്‍ തിരിച്ചു ചോദിച്ചു.

രണ്ടുപേരും മുന്‍‌കൂട്ടി നിശ്ചയിച്ച വഴിയിലൂടെ പോയി.  ഭാഗവതം കേട്ടുകൊണ്ടിരിക്കേ ആദ്യത്തെയാള്‍ ചിന്തിച്ചു.  "അവന്റെ കൂടെ പോകാമായിരുന്നു."

സ്ത്രീസുഖം അനുഭവിച്ചവന്‍ ചിന്തിച്ചു.  "കഷ്ടമായിപ്പോയി.  ഭഗവാന്റെ കഥ കേള്‍ക്കാന്‍ പോകാമായിരുന്നു."

അന്നു രാത്രി ഇവര്‍ രണ്ടുപേരും മരിച്ചു.  ഭാഗവതം കേട്ടയാള്‍ നരകത്തിലും, സ്ത്രീസുഖം തേടിപ്പോയ ആള്‍ സ്വര്‍ഗ്ഗത്തിലേക്കും പോയി.  

ഈ വിധിയുടെ കാരണം ചിത്രഗുപ്തന്‍ രേഖപ്പെടുത്തിയത് ഇങനെ ആയിരുന്നു.  "ഒരുവന്റെ മനോഭാവമാണ് കര്‍മ്മഫലം നിശ്ചയിക്കുന്നത്.  ഭാഗവതത്തിന്റെ മുന്നിലിരുന്നു വിഷയസുഖം കൊതിച്ചവന്‍ എങനെ പുണ്യലോകം നല്‍കും?"

Wednesday, 2 July 2014

പ്രചോദന കഥകള്‍

ഒരിയ്ക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്. എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങ്ങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്. ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു.
അദ്ദേഹം ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടുവണങ്ങി തന്റെ ആഗ്രഹം അറിയിച്ചു. ഗുരു അല്പനേരം മൗനിയായി ഇരുന്നു. തന്റെ ശിഷ്യന്റെ അതിരറ്റ ആഗ്രഹങ്ങളുടെ ഗതി അദ്ദേഹം മനസ്സിലാക്കി. ബിസിനസ്സ് തഴച്ച് വളരുമ്പോഴും പുതിയ പുതിയ സം‌രം‌ഭങ്ങളില്‍ മനസ്സും ചിന്തയും വ്യാപരിപ്പിച്ച് ജീവതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ നിന്നും തന്റെ ശിശ്യന്‍ വഴിപിഴയ്ക്കുന്നതായി ഗുരു ഗ്രഹിച്ചറിഞു.
പെട്ടെന്ന് ഒരു കുട്ടി അവിടേയ്ക്ക് ഓടി വന്നു. ഗുരു തന്റെ ശിഷ്യന്‍ തനിക്ക് കാണിക്ക വച്ച ഓറഞ്ചില്‍ നിന്നും ഒരെണ്ണം എടുത്ത് ആ കുട്ടിക്ക് കൊടുത്തു. കുട്ടിക്ക് സന്തോഷമായി. അവന്‍ അത് രുചിയോടെ കഴിക്കാന്‍ തുടങി. ഗുരു ഒരു ഓറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ ഇടത്തേ കൈ നീട്ടി അതും കൂടി വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ചുകൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ രണ്ട് കൈയ്യും നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അതും വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്ത്. അത് സ്വീകരിക്കുന്നതിടയില്‍ മൂന്നാമത്തെ ഓറഞ്ച് വഴുതി നിലത്ത് വീണു. നാലാമത്തെ ഓറഞ്ച് വാങാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങ്ങി.
ഇത് കണ്ട്നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു "ഗുരോ! അങ്ങെന്തിനാണ് ഇത്രയധികം ഓറഞ്ച് ഈ കുട്ടിക്ക് കൊടുക്കുന്നത്?"
ഗുരു പറഞു: "ഇതാണ് കുഞ്ഞേ ഇപ്പോള്‍ നിനക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നീ ഈ കുഞ്ഞിനെ നോക്കൂ! ആദ്യം കൊടുത്ത ഒരോറഞ്ച് അവന്‍ എത്ര ഹൃദ്യമായാണ് ആസ്വദിച്ചിരുന്നത്? രണ്ടാമത്തെ ഓറഞ്ച് കിട്ടിയപ്പോള്‍ തന്നെ ആ ആസ്വാദനം നിലച്ചു. മൂന്നാമത്തെ ഓറഞ്ച് വാങ്ങിക്കാന്‍ അവന് തന്റെ നെഞ്ചിന്റെ സഹായം ആവശ്യമായി വന്നു. മാത്രമല്ല, നാലാമത്തേത് കിട്ടിയതോടെ അത് വാങ്ങിക്കാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങി."
മിതമായ എന്തും നമുക്ക് സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയുന്നു. പക്ഷേ, അമിതമാകുമ്പോള്‍ അത് അനുഭവിക്കാന്‍ കിഴിയില്ലെന്ന് മാത്രമല്ല, അതു സ്വീകരിക്കാന്‍ വേണ്ടി പലപ്പോഴും, നമുക്ക് അന്യരുടെ സഹായം ആവശ്യമായി വരുന്നു. അത് സൂക്ഷിക്കാന്‍ നമുക്ക് ഇടം വേണ്ടി വരുന്നു. അത് നഷ്ടപ്പെട്ടു പോകുമോ എന്ന പേടിയില്‍ നാം കരഞ്ഞു തുടങ്ങുന്നു. തുടര്‍ന്ന്, നിധി കാക്കുന്ന ഭൂതത്തെ പോലെ ഈ അമിതത്വവും കെട്ടിപ്പിടിച്ച് ജീവിതം അലക്ഷ്യമായി ജീവിച്ച് തീര്‍ക്കുന്നു. അതിലൊക്കെ എന്ത് ഭേദമാണ് കിട്ടിയ ജീവിതം മധുരമായി അനുഭവിക്കുന്നത്!.