Monday, 1 September 2014

സ്‌നേഹമാണഖിലസാരമൂഴിയില്‍

എന്താണ് സ്‌നേഹം?
മുപ്പതിനായിരത്തില്‍പരം മനുഷ്യജീവന്‍ അപഹരിച്ച് ലോകത്തെ കണ്ണീരിലാഴ്ത്തിയ 1988-ലെ ആര്‍മേനിയന്‍ ഭൂകമ്പത്തിലെ ഹൃദയസ്പര്‍ശിയായ ഒരു സംഭവം.
ഭൂകമ്പത്തില്‍ തന്റെ മകന്‍ പഠിക്കുന്ന സ്‌കൂള്‍കെട്ടിടം തകര്‍ന്നുവീണെന്ന വാര്‍ത്ത കേട്ട് പിതാവ് മകനെ രക്ഷിക്കുവാന്‍ വീടുവിട്ടോടി. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ ആരെയും സ്‌കൂള്‍പരിസരത്തേക്കു കടത്തിവിട്ടില്ല. കാരണം കെട്ടിടത്തിന്റെ മറ്റൊരു ഭാഗം ഏതു നിമിഷവും നിലംപതിക്കാമെന്ന രീതിയില്‍ ചരിഞ്ഞു നില്ക്കുകയായിരുന്നു.
ഏകദേശം 24 മണിക്കൂറിനുശേഷം ഈ പിതാവ് സ്വന്തം ജീവന്‍ പണയപ്പെടുത്തി തകര്‍ന്നുകിടക്കുന്ന സ്‌കൂള്‍ഭാഗത്തു പ്രവേശിച്ചു. പേരെടുത്തു വിളിച്ച് പിതാവ് മകനെ തിരയാന്‍ തുടങ്ങി. 36 മണിക്കൂറുകള്‍ക്കുശേഷം ‘പപ്പാ’ എന്നൊരു വിളികേട്ടു. സ്വരം ശ്രവിച്ചമാത്രയില്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ തിരച്ചില്‍ ശക്തമാക്കി. അവസാനം അല്പപ്രാണനോടെ മകനെയും രണ്ടു കൂട്ടുകാരെയും കണ്ടെത്തി. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന്‍ വീണ്ടുകിട്ടി.
അല്പംപോലും വെള്ളവും ശുദ്ധവായുവും ലഭിക്കാതെ നീണ്ട 36 മണിക്കൂറില്‍ കൂടുതല്‍ ഭയപ്പെടുത്തുന്ന സാഹചര്യത്തെ ഈ കുട്ടികള്‍ എങ്ങനെ അതിജീവിച്ചു എന്നതു രക്ഷാപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി.
മകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ”ഞാന്‍ കൂട്ടുകാരോടു പറഞ്ഞു, എന്റെ പപ്പ എന്നെ അതിയായി സ്‌നേഹിക്കുന്നതിനാല്‍ എങ്ങനെയെങ്കിലും നമ്മെ രക്ഷിക്കും.”
സ്‌നേഹത്തിനു മുമ്പില്‍ മരണംപോലും പരാജയപ്പെടുന്ന സംഭവങ്ങളും സ്‌നേഹത്തെ പ്രതി മരണം പുല്കുന്ന വ്യക്തികളെപ്പറ്റിയും നാം കേട്ടിട്ടുണ്ട്. സ്‌നേഹത്തിന്റെ ആഴവും പരപ്പും ആര്‍ക്ക് തിട്ടപ്പെടുത്തുവാന്‍ സാധിക്കും?
ദൈവം സ്‌നേഹമാണെന്നു പറയുമ്പോള്‍ ദൈവത്തെപ്പോലും ഉള്‍ക്കൊള്ളുമാറ് അര്‍ത്ഥവ്യാപ്തിയുള്ള വാക്കാണ് സ്‌നേഹം. എങ്കില്‍ സ്‌നേഹത്തെ നിര്‍വ്വചിക്കുക എന്നത് അസാധ്യമായ ഒന്നായി അവശേഷിക്കുകയില്ലേ?
സ്‌നേഹം എന്നതു പൂര്‍ണ്ണതയില്‍ ആയിരിക്കുന്ന അവസ്ഥയാണ്; സമസ്ത നന്മകളുടെയും മൂല്യങ്ങളുടെയും പൂര്‍ണ്ണതയാണ്. അതിനാല്‍ സ്‌നേഹം എന്നതു വെറും വികാരങ്ങളുടെ ഒരു പ്രകടനമല്ല. മറിച്ചു പരിപൂര്‍ണ്ണതയാണ്. സ്‌നേഹം സത്തയുടെ അടിസ്ഥാനമാണ്.
എത്രയോ വ്യക്തികള്‍ നമ്മെ സ്‌നേഹിക്കുന്നു്യുെങ്കിലും സ്‌നേഹം പോരാ എന്ന ചിന്ത നമ്മുടെയൊക്കെ മനസ്സില്‍ സ്വാഭാവികമായി വരാറുണ്ട്. മാതാപിതാക്കളും സുഹൃത്തുക്കളും അയല്‍വാസികളും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുണ്ടെങ്കിലും നമ്മുടെ അനുഭവം സ്‌നേഹം പോരാ, സ്‌നേഹത്തില്‍ ഇനിയും വളരണം എന്നതാണ്.
സ്‌നേഹമെന്നതു പൂര്‍ണ്ണമായിരിക്കുന്ന അവസ്ഥയാണ്. നിലകാണാന്‍ സാധിക്കാത്ത രഹസ്യാത്മകത കുടികൊള്ളുന്നതാണു സ്‌നേഹം. റോബര്‍ട്ട് ജോണ്‍ തന്റെ ‘ദി മീനിങ് ഓഫ് ലൗവ്’ എന്ന പുസ്തകത്തില്‍ പറയുന്നത്: ”സ്‌നേഹത്തിന്റെ ജിജ്ഞാസപരമായ ഒരു വൈരുദ്ധ്യം അതിന്റെ രഹസ്യാത്മകതതന്നെയാണ്.
സ്‌നേഹത്തിന് ആഴമേറുന്തോറും അത് കൂടുതല്‍ മൗനം അവലംബിക്കുന്നു. നിശ്ശബ്ദതയാണ് അതിന്റെ ആത്മാര്‍ത്ഥതയുടെ അളവുകോല്‍ .” എത്ര സ്‌നേഹിച്ചാലും ഇനിയും സ്‌നേഹിക്കണം എന്ന വാഞ്ഛ നമ്മില്‍ ഉളവാകാറുണ്ട്.
സ്‌നേഹം ഒരേസമയം സന്തോഷം പ്രദാനം ചെയ്യുകയും അഭിലാഷം ജനിപ്പിക്കുകയും ചെയ്യും. ആരും പൂര്‍ണ്ണരല്ല. അതിനാല്‍ ആരുടെയും സ്‌നേഹവും പൂര്‍ണ്ണമല്ല. എല്ലാവരും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടുവാനുമുള്ള പരിശ്രമത്തിലാണ്. മറ്റൊരാളെ എപ്രകാരം സ്‌നേഹിക്കണം എന്നു സ്‌നേഹിക്കുന്ന വ്യക്തിക്ക് പൂര്‍ണ്ണമായും അറിയില്ല. അതിനാല്‍ സ്‌നേഹിക്കുവാനുള്ള പരിശ്രമമദ്ധ്യേ സ്‌നേഹിക്കപ്പെടുന്ന വ്യക്തിയെ വേദനിപ്പിച്ചെന്നും വരാം.
സ്‌നേഹത്തെ പല തലത്തില്‍നിന്നു വിവക്ഷിക്കുവാന്‍ സാധിക്കും. മാതൃ പിതൃവാത്സല്യത്തില്‍ ചാലിച്ച് അമ്മിഞ്ഞപ്പാലിനൊപ്പം നുണഞ്ഞിറങ്ങുന്ന സ്‌നേഹം;
കളിത്തോഴന്മാരുമായി ഇണങ്ങിയും പിണങ്ങിയും കളിച്ചുചിരിച്ചും പങ്കിടുന്ന സ്‌നേഹം;
വൈകാരികമായി നമ്മില്‍ ഉണരുന്ന അടുപ്പത്തില്‍നിന്ന് ഉരുത്തിരിയുന്ന സ്‌നേഹം;
ഇണക്കുരുവികളെപ്പോലെ കൊക്കുരുമ്മി മധുരക്കിനാവുകള്‍ പങ്കിട്ട് സ്വപ്നലോകത്തിന്റെ മാസ്മരികതയിലേക്കു നയിക്കുന്ന സ്‌നേഹം;
സഹോദരനായി ബലിയായിത്തീരുന്ന ആത്മദാനത്തില്‍ ഇഴുകി ച്ചേര്‍ന്നിരിക്കുന്ന സ്‌നേഹം;
ഈശ്വരചിന്തയുണര്‍ത്തുന്ന ആദ്ധ്യാത്മികതലത്തില്‍നിന്നും പെയ്തിറങ്ങുന്ന പവിത്രസ്‌നേഹം.

 

*********************************************************************************************************************


അതിമനോഹരമായ പൂന്തോട്ടത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പുഷ്പങ്ങളിലും, മോണ കാട്ടി വശ്യമായി പുഞ്ചിരിക്കുന്ന ഇളംകുഞ്ഞിന്റെ ലാളിത്യത്തിലും, മനുഷ്യചേതനയില്‍ കുടികൊള്ളുന്ന നന്മയുടെ സുഗന്ധത്തിലും, സ്നേഹമെന്ന വികാരത്തിന്റെ അസ്തിത്വമുണ്ട്. 

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവരും ആഗ്രഹിക്കുന്നു. പ്രകൃതിരമണീയമായ ഈ ഭൂമിയില്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്നതിന് വേണ്ടി ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് എത്രയധികം അതിനെ മനോഹരമാക്കാമോ അത്രയും സുന്ദരമായി മെനഞ്ഞെടുത്തിരിക്കുന്നു. പൂമൊട്ടുകള്‍ വിരിയുന്നു, പറവകള്‍ കളകൂജനം പൊഴിക്കുന്നു, പുഷ്പലതാദികള്‍ കാറ്റത്തു ചാഞ്ചാടുന്നു, പൂമ്പാറ്റകള്‍ പാ‍റിപ്പറക്കുന്നു, വണ്ടുകള്‍ മൂളിപ്പാട്ടു പാടുന്നു, കളകളം പാടി കുളിരരുവികള്‍ ഒഴുകുന്നു, പുതുമഴ പെയ്ത് ഭൂമി ഉര്‍വ്വരമാകുന്നു, ചെറുഗീതവുമായി ഇളംതെന്നല്‍ വീശുന്നു, കാര്‍മേഘങ്ങള്‍ ആകാശത്ത് ചിത്രങ്ങള്‍ വരക്കുന്നു, മലനിരകള്‍ പച്ചപ്പട്ടു വിരിച്ചതുപോലെ കിടക്കുന്നു - എവിടെ നോക്കിയാലും സൌന്ദര്യത്തിന്റെ ഒരു വര്‍ണ്ണപ്രപഞ്ചം മാത്രം. സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് ഒത്തുകൂടാനും, സല്ലപിക്കാനും, സമയം പോക്കാനും ഇണങ്ങുന്ന പ്രകൃതിഭംഗി. 

ജീവിതത്തില്‍ ഏവര്‍ക്കും സന്തോഷദായകമായ നിമിഷങ്ങള്‍. എല്ലാവരും വീണ്ടും വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചില സുന്ദരനിമിഷങ്ങള്‍, അത് പരസ്പരസ്നേഹം പങ്കുവച്ച, ഹൃദയത്തിന്റെ ഭാഷയില്‍ ആശയവിനിമയം നടത്തിയ, സ്നേഹത്തിന്റെ ത്രസിപ്പില്‍ മതിമറന്നാടിയ, സംഘര്‍ഷരഹിതമായ, സുവര്‍ണ്ണനിമിഷങ്ങളായിരിക്കും. 

കുടുംബജീവിതത്തിന്റെയും, ദാമ്പത്യജീവിതത്തിന്റെയും, സാമൂഹ്യജീവിതത്തിന്റെയും ഭദ്രത സ്നേഹം എന്ന വികാരത്തെ കേന്ദ്രീകരിച്ച് നിലകൊള്ളുന്നു. അതിനാല്‍ സ്നേഹത്തേക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും മനുഷ്യനന്മ ലക്ഷ്‌യമാക്കിയുള്ളവയാണ്. 

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് മാത്രമായി ഒതുങ്ങുന്ന ഒന്നല്ല സ്നേഹം. സ്നേഹം എന്നത് പരസ്പരാശ്രിതത്വമാണ്. സ്നേഹത്തിന് വിവിധ രൂപങ്ങളും ഭാവങ്ങളുമുണ്ട്. മനുഷ്യന്‍ തന്റെ സഹജീവികളെ മാത്രമല്ല മറിച്ച് ഇതരജീവജാലങ്ങളേയും പ്രകൃതിയിലെ ഓരോ വസ്തുക്കളേയും സ്നേഹിക്കുന്നു. എന്തിനെയെങ്കിലും സ്നേഹിക്കാതിരിക്കാന്‍ അവന് കഴിയില്ല. കാരണം സ്നേഹം എന്നത് വ്യക്തിത്വത്തിലെ നൈസര്‍ഗ്ഗികഭാവമാണ്. 

നാമെല്ലാം തുല്യരാണെന്ന ബോധമാണ് സഹോദരസ്നേഹത്തിലുള്ളത്. മനുഷ്യത്വത്തിന്റെ മഹനീയത അവിടെ തെളിഞ്ഞുകാണാം.

ഉപാധികളില്ലാത്ത സ്നേഹമാണ് മാതൃസ്നേഹം. സുരക്ഷിതത്വബോധവും, സ്വന്തം വളര്‍ച്ചക്കും സംരക്ഷണത്തിനും ആവശ്യമായ കാര്യങ്ങളും കുഞ്ഞ് മാതാവില്‍ നിന്നും പഠിക്കുന്നു.

സ്നേഹം എന്നത് മനുഷ്യമനസ്സിന്റെ സുഗന്ധമാണ്. മാനവസമുദായം സ്നേഹത്തെ ചുറ്റിപ്പറ്റിയാണ് നിലനില്‍ക്കുന്നത്.

മനുഷ്യവര്‍ഗ്ഗം ഇന്ന് അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക പ്രതിസന്ധികളും തരണം ചെയ്യാന്‍ സ്നേഹത്തിന്റെ സൃഷ്ടിപരമായ ആവിഷ്കാരത്തിലൂടെ കഴിയും.

മനുഷ്യര്‍ക്കുണ്ടാകുന്ന മോഹഭംഗങ്ങളും മറ്റും തരണം ചെയ്യാന്‍ സ്നേഹത്തിനു കഴിയും. സ്നേഹം നമ്മെ ഐക്യപ്പെടുത്തുന്നു. ഏകാന്തതയില്‍ നിന്നും വിഷാദത്തില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തുന്നതും സ്നേഹബന്ധങ്ങളാണ്.

സ്നേഹബന്ധങ്ങളുടെ വിജയം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് മറ്റുള്ളവരെപ്പറ്റി മനസ്സിലാക്കാനുള്ള കഴിവാണ്. മറ്റുള്ളവര്‍ അവരുടെ വികാരങ്ങളും പ്രശ്നങ്ങളും പങ്കിടുമ്പോള്‍ അത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. തുറന്ന സംഭാഷണം എല്ലാവരും ഇഷ്ടപ്പെടുന്നു. സത്യസന്ധമായി സംസാരിക്കുക. പരിചയപ്പെടുന്ന എല്ലാവരോടും രഹസ്യങ്ങള്‍ തുറന്നുപറയണമെന്ന് ഇതിനര്‍ത്ഥമില്ല. പരിചയപ്പെടുന്ന ഉടന്‍‌ തന്നെ സ്വയം വെളിപ്പെടുത്തുന്നതും തന്നെക്കുറിച്ച് ആവശ്യത്തിലേറെ സംസാരിക്കുന്നതും മറ്റുള്ളവരെ അകറ്റിനിര്‍ത്തും. 

സ്നേഹത്തിന്റെ ഭാവം സൌഹൃദത്തിന്റേതാവുമ്പോള്‍ സ്നേഹം പങ്കുവക്കുന്നവര്‍ക്ക് ആ ബന്ധം സുഖം പകരുന്നതായി മാറും.

മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്പിന് സ്നേഹം വളരെ ആവശ്യമാണ്. നമ്മള്‍ സ്നേഹം അനര്‍ഗ്ഗളമായി പ്രകടിപ്പിക്കണം. വാക്കുകളിലൂടെ, മുഖഭാവങ്ങളിലൂടെ എല്ലാം. നമ്മള്‍ മറ്റുള്ളവരെ സ്നേഹിക്കുന്നതുകൊണ്ടാണ് അവര്‍ നമ്മെ സ്നേഹിക്കുന്നത്. അത് നേരെ തിരിച്ചുമാകാം.
 

 


No comments:

Post a Comment