Tuesday, 14 October 2014

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 14 - സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം:- തുടർച്ച

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 14
സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം:-
***************************************(തുടർച്ച)
മൈത്രേയമുനി പറഞു: "വിദുരരേ!, ഭർത്താവിന്റെ ഉപദേശവചനങളൊന്നും ദിതി ചെവിക്കൊണ്ടില്ല. കാരണം പുത്രലാഭത്തിനായി തീവ്രമായി കൊതിക്കുന്ന അവളുടെ മനസ്സിനെ കാമദേവൻ ഇതി‌നകം കരസ്ഥ‌മാക്കിക്കഴിഞിരുന്നു. അവ‌ൾ ഒരു തെരുവ് വേശ്യയെപ്പോലെ ആ ബ്രാഹ്മണശ്രേ‌ഷ്ഠന്റെ കാഷായവസ്ത്രങൾ വലിച്ചുരിഞു. തന്റെ കാമദാഹം തീർക്കുവാനായി അദ്ദേഹത്തോട് യാചിച്ചു. ഒടുവിൽ അസാധാരണമായ അവളുടെ നിർബന്ധത്തിന് കശ്യപപ്രജാപതിക്ക് വഴങേണ്ടതായിവന്നു. അനന്തരം, കുളിക‌ഴി‌ഞ് ആ ബ്രാഹ്മണോത്തമൻ തന്റെ പ്രാണനേയും, വാക്കിനേയും സംയമനം ചെയ്ത്, ഗായത്രിമന്ത്രോച്ഛാരണത്തോടുകൂടി ബ്രഹ്മത്തെ ധ്യാനിക്കുവാൻ തുടങി.
ഹേ ഭാര‌താ!, കുറെ ദിവസങൾ കഴിഞു. പശ്ചാത്താപത്താൽ ദിതിയു‌ടെ മനസ്സ് പ്രക്ഷുപ്തമായി. ആ സമയം ഭർത്താവിന്റെ സാന്നിധ്യം അവൾക്കാവശ്യമായി തോന്നി. കുറ്റബോധത്താൽ താഴ്ന്ന ശിരസ്സുമായി ദിതി കശ്യപരെ സമീപിച്ചു".
ദിതി പറഞു: "പ്രീയബ്രാഹ്മണാ!, ഞാൻ അന്ന് അങയോട് കാട്ടിയത് ഘോരമായ അപരാധമായിരുന്നു. മഹാദേവനെ ധിക്കരിച്ച് അന്ന് ഞാൻ അങയോട് അത്തരം കാട്ടിയിട്ടും, സർവ്വഭൂതങൾക്കും നായകാനായ ശ്രീപരമേശ്വരൻ നമ്മുടെ ഗർഭസ്ഥശിശുക്കളെ നശിപ്പിച്ചില്ല. അതുകൊണ്ട്, ക്ഷിപ്രകോപിയാണെ‌ങ്കിലും സേവിക്കുന്നവർക്ക് സകല ഐ‌ശ്വര്യങളും പ്രദാനം ചെയ്യുന്ന ആ ഭഗവാനെ ഞാൻ നമിക്കുക്കയാണ്. എന്റെ സഹോദരീഭർത്താവായ ശ്രീമഹാദേവൻ നിരാലംബരായ സകല സ്ത്രീകൾക്കും ഈശ്വരനാണ്. അതുകൊണ്ട് എന്നിലും ആ ഭഗവാൻ തന്റെ കാരുണ്യവർഷം പൊഴിച്ചിരിക്കുന്നു."
മൈത്രേയൻ പറഞു: "വിദുരരേ!, അവൾ കണ്ണീരൊഴിക്കിക്കൊണ്ട്, വേപധുഗാത്രയായി കശ്യപരെ നോക്കിനിന്നു. സന്ധ്യാവന്ദനം പോലും പൂർണ്ണമായി നിർവ്വഹിക്കുവാൻ കാത്തുനിൽക്കാതെ കേവലം പുത്രലാഭത്തിനും, കാമാപൂർത്തിക്കും വേണ്ടി ത‌ന്റെ ഭർത്താവിനെ ധർമ്മാചരണത്തിൽനിന്നും പിന്തിരിപ്പിച്ച ദിതിയിൽ കുറ്റബോധവും പശ്ചാത്താപവും കൊടുമ്പിരിക്കൊണ്ടു".
കശ്യപൻ പറഞു: "ദേവീ!, നിനക്ക് അമംഗളം വന്നുഭവി‌ച്ചിരിക്കുന്നു. നിന്റെ മനസ്സ് ആ സമയം തീർത്തും കളങ്കപ്പെട്ടുപോയിരുന്നു. എന്റെ നിർദ്ദേശങളെ നീ തൃണതുല്യം നിരാകരിച്ചു. സർവ്വോപരി നീ ദേവതകളിൽ തികച്ചും ഉദാസീനയായിരുന്നു. ഇനി നാം പറയാൻ പോകുന്നത് നിന്നിൽ തി‌കച്ചും അതൃപ്തിയുളവാക്കുന്ന വസ്തുതയാണ്. എങ്കിലും നീ ആ സത്യ‌ത്തെ കേട്ടുകൊള്ളുക. അമംഗളമായ ആ പാപകർമ്മ‌ത്തിന്റെ ഫലമായി ധിക്കാരിയായ നിന്റെ പാപപങ്കിലമായ ഈ ഗർ‌ഭത്തിൽ വളരുന്ന ശിശുക്കൾ അധമന്മാരായ രണ്ട് പുത്രന്മാരായി പിറക്കും. നിർഭാഗ്യവതിയായ നിന്റെ ഈ കുപുത്രന്മാർ സർവ്വലോക‌ത്തിനും തീരാദുഃഖമായി മാറും. അവർ നിരപരാധികളും, പാവങളുമായ ജീവികളെ കൊല്ലുകയും, പുണ്യാ‌ത്മാക്കളെ പ്രകോപിപ്പിക്കുകയും ചെയ്യും. ആ സമയം സർ‌വ്വലോകാധാരനായ ഭഗവാൻ ഹരി അവിടെ അവതരിക്കുകയും, ഇന്ദ്രൻ തന്റെ ഇടിമിന്നലുകൾകൊണ്ട് പർവ്വതനിരകളെ ഇടിച്ചുതകർ‌ക്കുമ്പോലെ നിന്റെ ഈ ദുഷ്ടപുത്രന്മാരെ ഇല്ലാതാക്കുകയും ചെയ്യും".
ദിതി പറഞു: "ഹേ പ്രാണനാഥാ!, അങയുടെ ഈ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ ശീതള‌മാക്കിയിരിക്കുന്നു. എന്റെ മക്കൾ ഭഗവാൻ ഹരിയുടെ സുദർശനചക്രത്താൽ വധിക്കപ്പെടുമെന്നുള്ളതിൽ ഞാൻ സാന്ത്വനിക്കുകയാണ്. അതിൽപരമൊരു ഭാഗ്യം അവർക്കിനി കിട്ടാനില്ല. അവർ ജ്ഞാനികളായ ബ്രാഹ്മണരുടെ ശാപത്തിനിര‌യാകാതെ മരിക്കേണമേ എന്നായിരുന്നു ഞാൻ ആ കരുണാമയനോട് പ്രാർത്ഥിച്ചിരുന്നത്. കാരണം, ബ്രാഹ്മണശാപത്തിനിരയായവനോ, സഹജീവികളിൽ കാരുണ്യമില്ലാത്തവനോ, അവരെ സദാ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നവനോ ആയ ഒരു ജീവനെ, തന്നെപ്പോലെ നരകവാസികളായതോ, ഇനി തന്റെ വംശജരായവരോ പോലും സ്നേഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുകയില്ല".
കശ്യപൻ പറഞു: "ദേവീ!, നിന്റെ ഈ കണ്ണീരിന്റേയും, പശ്ചാതാപത്തിന്റേയും, സത്ബുദ്ധിയുടേയും ഫലമായി, ഭഗവാൻ ഹരിയിൽ നിനക്കുള്ള അചഞ്ചലമായ ഭക്തിയുടേയും വിശ്വാസത്തിന്റേയും ഫലമായി, നിനക്ക് ഭഗവാൻ രുദ്രനിലും നമ്മിലുമുള്ള ഭയഭക്തിയുടേയും ഫലമായി, നിന്റെ പുത്രന്മാരൊരുവനിൽ (ഹിരണ്യകശിപുവിൽ) ഭഗവാൻ ഹരിയുടെ ഉത്തമഭക്തനായ ഒരു മഹാത്മാവ് ജനി‌ക്കും. ലോകത്തിൽ അവന്റെ (പ്രഹ്‌ളാദന്റെ) കീർത്തി ഭഗവാൻ ഹരിയോളം തന്നെ വാഴ്ത്തപ്പെടുകയും ചെയ്യും. മാറ്റ് കുറഞ സ്വർണ്ണം തരം തിരിക്കപ്പെടുന്നതുപോലെ, പവിത്രമായ ജീവന്മാർ ചിത്തശുദ്ധിക്കും ഈശ്വരപ്രാപ്തിക്കും വേണ്ടി ആ ഭക്തോത്തമന്റെ പാദത്തെ സദാ പിന്തുടരുകയും ചെയ്യും. അങനെയുള്ള ഭക്തന്മാർ ഭഗവത്സായൂജ്യമല്ലാതെ മറ്റൊന്നും ഈശ്വരനോട് ആവശ്യപ്പെടുകയില്ല. അവർ എപ്പോഴും സന്തുഷ്ടരായി പരമാനന്ദം നുകർന്നുകഴി‌യുന്നു. അങനെ നി‌ന‌ക്കുണ്ടാകാൻ പോകുന്ന ആ പൗത്രൻ തികഞ വിവേകിയും ബുദ്ധിശാലിയുമായിരിക്കും. അവൻ സർവ്വാത്മാ‌ക്കളിൽ വച്ച് പരിശുദ്ധനും മുക്തനുമായിരിക്കും. പക്വമായ അവന്റെ ഭക്തിവൈഭവം കൊണ്ട് അവൻ സദാ ആത്മാനന്ദത്തിൽ ലീനനായിരിക്കുകയും ചെയ്യും. ദേഹാവസാനത്തിൽ വൈകുണ്ഠപ്രാപ്തിയും ആ ജീവന് കൈവരുന്നതായിരിക്കും. സർവ്വഗുണസമ്പന്നനായ ആ ഭക്തോത്തമന് അന്യരുടെ സുഖദുഃഖങളിൽ തന്മയീഭാവ‌മുണ്ടാകുകയും, അവൻ ലോക‌ത്തിന്റെ മുഴുവൻ സങ്കടങളെ ഇല്ലാതാക്കുകയും ചെയ്യും. ഉച്ഛസ്ഥസൂര്യൻ മറയുമ്പോഴുണ്ടാകുന്ന ഹൃദ്യമായ പൂർണ്ണചന്ദ്രനെപ്പോലെ ആ പുണ്യാത്മാവ് സകല ജീവനിലും കുളിർമ്മയേകും. മാത്രമല്ലാ, സകലഭൂതങളുടേയും ഇച്ഛാനുസരണം‌തന്നെ തന്റെ അദ്ധ്യാത്മദർശനമരുളുന്ന ലക്ഷ്മീപതിയായ ഭഗവാൻ വിഷ്ണു, സ്ഫുരിക്കുന്ന കനകകുണ്ഡലങളിഞ ഭഗവാൻ ഹരി നിന്റെ പൗത്രന്റെ അകവും പുറവും നിറ‌ഞുവാഴുകയും ചെയ്യും".
മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ തനിക്കു പിറക്കാൻ പോകുന്ന പുത്രന്മാരുടെ ഭാവിയും, അവർ ഭഗവാനാൽ വധിക്കപ്പെടുമെന്ന സത്യത്തേയും, തന്റെ പൗത്രൻ ഭഗവാൻ വിഷ്ണുവിന്റെ ഉത്തമഭക്തനായി ജന്മമെടുക്കുമെന്ന വൃത്താന്തവും, തന്റെ ഭർത്താവായ കശ്യപപ്രജാപതിയിൽ നിന്നു കേട്ടറിഞ ദിതി മനഃശ്ചാഞ്ചല്യം നീങി മുക്തയായി.
ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം പതിനാലാമധ്യായം സമാപിച്ചു.

No comments:

Post a Comment