Thursday 16 October 2014

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 17 , ഹിരണ്യാക്ഷന്റെ ദിഗ്വിജയം-( തുടർച്ച )

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 17 , ഹിരണ്യാക്ഷന്റെ ദിഗ്വിജയം-( തുടർച്ച )

വിദുരരേ!, സൃഷ്ടിയുടെ തുടക്കത്തിൽ ജന്മമെടുത്ത ഈ അസുരന്മാരുടെ ഉരുക്കുശരീരം പിറന്നയുടൻതന്നെ അസാധരണമാംവിധം രണ്ടുപർവ്വതങൾപോലെ വളർന്നുയർന്നു. കിരീടമകുടം കൊണ്ട് അംബരത്തെ ചുംബിക്കുവാനെന്നോണം ആ അത്ഭുശരീരങൾ മുകളിലേക്കുയർന്ന് നാനാദിക്കുകളും മറച്ചു. അവർ ഓരോ അടി ചലിക്കുമ്പോഴും ഭൂമി അടിമുടി പ്രകമ്പനം കൊണ്ടു. അവരുടെ കൈത്തണ്ടകളിൽ കങ്കണങൾ തിളങി. കച്ചകെട്ടി മനോഹരമാക്കിയ ആ അരക്കെട്ടിന്റെ വ്യാപതതയിൽ സൂര്യൻ പോലും മറഞുപോയി.
ആ സമയം കശ്യപപ്രജാപതി തന്റെ മക്കൾക്ക് നാമകരണം ചെയ്തു. ദിതിയുടെ ജഠരത്തിൽ നിന്നും ആദ്യം പുറത്തുവന്ന പുത്രനെ ഹിരണ്യാക്ഷനെന്നും, അവൾ തന്റെ ഗർഭത്തിൽ ആദ്യം ധാരണം ചെയ്ത പുത്രനെ ഹിരണ്യകശിപുവെന്നും വിളിച്ചു. ബ്രഹ്മദേവനിൽ നിന്നും നേടിയ അസാധാരണമായ ഒരു വരബലത്തിൽ ഒന്നാമൻ ഹിരണ്യകശിപുവിന് മൂലോകങളിലും അന്തകനില്ലാതായി. അതിൽ അവൻ അത്യന്തം അഹങ്കരിച്ച് നിർഭയനായി ത്രൈലോകങളെ തന്റെ കാൽചുവട്ടിലാക്കി. രണ്ടാമൻ ഹിർണ്യാക്ഷൻ ജ്യേഷ്ഠന്റെ സകല ദുഃഷ്കർമ്മങൾക്കും സാക്ഷിയും, സഹായിയുമായി നിന്നു. അവൻ ഒരു ഗദയും തോളിലേന്തി പ്രപഞ്ചശക്തികളെ മുഴുവൻ യുദ്ധത്തിനായി വെല്ലുവിളിച്ചുകൊണ്ടുനടന്നു. ഭീമാകാരമായ ഒരു പൂമാലയണിഞ്, തോളിൽ അതിബൃഹത്തായ തന്റെ ഗദയും പിടിച്ച്, അടക്കനാവാത്തെ ക്രോധഭാവത്തോടുകൂടി ഹിരണ്യാക്ഷൻ നടക്കുമ്പോഴെല്ലാം, അവൻ ധരിച്ചിരുന്ന സ്വർണ്ണകാൽചിലമ്പിന്റെ ആക്രമണധ്വനി അവിടമാകെ പരന്നു. അവന്റെ മനസ്സിന്റേയും ശരീരത്തിന്റേയും ശക്തിയും, അവന് ദത്തമായ വരത്തിന്റെ ദിവ്യതയും ചേർന്ന് ആ ആസൂരീശക്തിക്ക് മാറ്റുകൂട്ടി. ഒരിടത്തും അവന് മൃത്യുഭയമുണ്ടായിരുന്നില്ല. ആരും അവനെ ശിക്ഷിക്കുവാനുമുണ്ടായിരുന്നില്ല. ഹിരണ്യാക്ഷനെ കാണുന്നമാത്രയിൽ തന്നെ, ഗരുഡനെ പേടിച്ച് ഉരഗങൾ പൊത്തിലൊളിക്കുന്നതുപോലെ, ദേവന്മാർ പേടിച്ചൊളിക്കുവാൻ തുടങി.
അധികാരം തന്റെ ഉള്ളംകൈയ്യിലിട്ടമ്മാനമാടിയിരുന്ന ഇന്ദ്രനേയും കൂട്ടരേയും വെളിയിൽ കാണാതായ അവസ്ഥയിൽ, തന്റെ ശക്തി‌ക്കു‌മുന്നിൽ തോറ്റോടിയ ദേവന്മാരെ വെല്ലുവിളിച്ചുകൊണ്ട് ആ ദൈത്യേന്ദ്രൻ അത്യുച്ഛത്തിൽ അലറി. സ്വർഗ്ഗലോകം മുഴുവൻ ദേവന്മാരെയന്വേഷിച്ചു കണ്ടുകിട്ടാതെ, ഹിരണ്യാക്ഷൻ ക്രോധോന്മത്തനായ ഗജേന്ദ്രനെപ്പോലെ ഗർജ്ജിച്ചുകൊണ്ട് സമുദ്രത്തിന്റെ അഗാധതയിലേക്ക് നീർക്കുഴിയിട്ടു നീന്തിക്കളിച്ചു. തങൾക്കെതിരെ വരുന്ന ഭീമകായനായ രാക്ഷസവീരനെക്കണ്ട് വരുണദേവന്റെ സൈന്യമായ ജലജീവികൾ ഭീതിയോടെ ക്ഷണത്തിൽതന്നെ ജീവനുംകൊണ്ട് നീന്തിയൊളിച്ചു. വർഷങളോളം ജലത്തിന്റെ അത്യാഴത്തിൽ ചുറ്റിത്തിരിഞ്, ഒടുവിൽ തന്റെ മഹാഗദകൊണ്ട് കൂറ്റൻ തിരകളെ ഇടിച്ചുതകർത്ത് ഹിരണ്യാക്ഷൻ വരുണന്റെ രാജധാനിയായ വിഭാവരിയിലെത്തി.
വിഭാവരി അനേകകോടി ജലജീവരാശികളുടെ അധിപനായ വരുണദേവന്റെ വാസസ്ഥലമാണ്. അവിടെയാണ് സാധാരണയായി രാക്ഷസന്മാരും താമസിക്കുന്നത്. അവിടെയെത്തി ഒരു നീചജന്മത്തെപ്പോലെ ഹിരണ്യാക്ഷൻ വരുണന്റെ കാൽക്കൽ വീണ്. അതിരറ്റ ഗർവ്വത്തിൽ, പരിഹാസഭാവത്തോടെ ഹിരണ്യാക്ഷൻ വരുണദേവനെ യുദ്ധത്തിന് വിളിച്ചു.
ഹിരണ്യാക്ഷൻ പറഞു: "ഹേ ജലാധിപതേ!, എനിക്ക് യുദ്ധം തരൂ. അങ് ഒരു ലോകത്തിന്റെ മുഴുവനും നാഥനാണ്. കീർത്തിമാനുമാണ്. അഹങ്കാരികളും, ധിക്കാരികളുമായ എത്രയോ യോദ്ധാക്കളെയാണങ് തകർത്തുകളഞത്!. എത്രയോ ശക്തി‌മാന്മാരയ ദൈത്യന്മാരേയും ദാനവന്മാരേയും കൊന്ന്, ദേവന്മാർക്കുവേണ്ടി അങൊരിക്കൽ രാജസൂയമഹായാഗം നടത്തിയവനാണ്!".
മൈത്രേയൻ പറഞു: "വിദുരരേ!, അങനെ ഒരു പൊങച്ചക്കാരൻ ശത്രുവിന്റെ പരിഹാസത്തിന് ഇരയാകേണ്ടിവന്ന വരുണദേവനിൽ അടക്കാനാകാത്ത കോപമുടലെടുത്തു. പക്ഷേ ഉചിതമായ കാരണത്താൽ പൊന്തിവന്ന ക്രോധത്തെ അദ്ദേഹം തന്റെ ഉള്ളിലൊതുക്കി. "വൃദ്ധനായ താൻ യുദ്ധത്തിനില്ലെന്നും, ദൈത്യേന്ദ്രനായ നിന്റെ നൈപുണ്യം യുദ്ധത്തിൽ കീർത്തനയോഗ്യമാണെന്നും, അങനെയുള്ള നിന്നോട് യുദ്ധം ചെയ്യുവാൻ, നിന്നെപ്പോലുള്ള ദാനവേന്ദ്രന്മാർ പോലും പുകഴ്ത്തുന്ന ഭഗവാൻ മഹാവിഷ്ണു മാത്രമേ യോഗ്യനായിയുള്ളൂവെന്നും വരുണൻ ഹിരണ്യാക്ഷനോട് പറഞു. മാത്രമല്ലാ, അവനെ കണ്ടുമുട്ടുന്നതോടെ നിന്റെ സകല ഗർവ്വവും തീർന്ന് യുദ്ധക്കളത്തിൽ നായ്ക്കൾക്കുനടുവിൽ നീ നിലം പതിക്കുമെന്നും, അതോടെ നീ കാലപുരം പൂകുമെന്നും, നിന്നെപ്പോലുള്ള വഞ്ചകന്മാരെ ഉന്മൂലനാശം വരുത്തി, സാധുക്കൾക്ക് സൗഖ്യം പകരുവാൻ വേണ്ടിയാണ് ആ പരമപുരുഷൻ കാലാകാലങളിൽ വരാഹം പോലുള്ള അവതാര‌ങളെടുക്കുന്നതെന്നും വരുണൻ ആ രാക്ഷസവീരനോടുപറഞു.
ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം പതിനേഴാമധ്യായം സമാപിച്ചു.

No comments:

Post a Comment