Tuesday 28 October 2014

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 19.... ഹിരണ്യാക്ഷവധം.:-

ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 19.... ഹിരണ്യാക്ഷവധം.:-

വരാഹ-ഹിരണ്യാക്ഷയുദ്ധം കണ്ട് അത്ഭുതപരവശനായ സൃഷ്ടികർത്താവ് ഭഗവന്മഹിമകളെ അങേയറ്റം കീർത്തിച്ചു. നിർവ്യളീകവും അമൃതം പോലെ മാധുര്യപൂർണ്ണവുമായ അദ്ദേഹത്തിന്റെ വാക്കുകളിൽ സമ്പ്രീതനായ ഭഗവാൻ പ്രേമപൂരിതമായ ഒരു പുഞ്ചിരിയോടെ ആ പ്രാർത്ഥന കൈകൊണ്ടു.
ഹിരണ്യാക്ഷന്റെ വിദ്വേഷഭാവവും പ്രകീർത്തിനയോഗ്യമായിരുന്നു. അവൻ ചാടിയുയർന്നു ഭീമാകാരമായ തന്റെ ഗദ ചുഴറ്റി ഭഗവാന്റെനേർക്ക് ഗർവ്വോടെ നിർഭയനായി പാഞടുത്തു. ഹിരണ്യാക്ഷന്റെ താടിയെല്ലുനോക്കി ആഞടിക്കുവാനോങിയ ഭഗവാന്റെ ഗദ, ഹിരണ്യാക്ഷന്റെ തത്തുല്യം ബൃഹത്തായ ഗദയുമായി കൂട്ടിയിടിച്ച് അത്ഭുതാവഹമായ ഒരു ശബ്ദത്തോടെ ആ തൃക്കയ്യിൽ നിന്നും വഴുതിവീണു. ഉജ്ജ്വലദീപ്തിയോടെ അത് കറങിവീഴുന്ന കാശ്ച അതിമനോഹരമായിരുന്നു. വിദുരരേ!, ഇവിടെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു ഹിരണ്യാക്ഷന്റെ പ്രതികരണം. ആയുധം നഷ്ടപ്പെട്ട ഭഗവാനുമേൽ വിജയം കൈവരിക്കുവാൻ സാധ്യതയുണ്ടെന്നുതോന്നിയ ഈ അവസരത്തിൽ അവൻ യുദ്ധധർമ്മത്തിന് പ്രാമുഖ്യം കൊടുത്തു. ഈ സമയം ഭഗവത്പ്രേമികളായ ദേവതകളിൽനിന്നും, ഋഷികളിൽനിന്നും ഒരു ദീർഘനിശ്വാസമുണർന്നു. അവർ അമ്പരപ്പോടെ ആ രംഗം കണ്ടുനിന്നു. ഭഗവാൻ അവന്റെ നീതിബോധത്തെ ഹൃദയംകൊണ്ട് സ്വീകരിച്ചു. അതേസമയംതന്നെ തന്റെ സുദർശനചക്രത്തെ വിരൽതുമ്പിലേക്കാവാഹിക്കുകയും ചെയ്തു. ആ ദിവ്യായുധം വന്ന് ഭഗവാന്റെ വിരൽതുമ്പിൽ ചുഴലുവാൻ തുടങിയ സമയം അനന്തമായ ആകാശത്തിൽ ദേവഗണങൾ വട്ടമിട്ടുനിന്നുകൊണ്ട് പറഞു: "ഹേ നാരായണാ!, നിന്റെ ലീലകൾ മതിയാക്കി ദിതിയുടെ ഈ ദുഷ്ടപുത്രനായ വധിച്ചാലും, അങ് വിജയിക്കട്ടെ പ്രഭോ!, അങ് വിജയിക്കട്ടെ!." രക്തനേത്രങളോടെ, സുദർശനചക്രവുമേന്തിനിന്നരുളുന്ന വരാഹമൂർത്തിയെ കണ്ടതും ഹിരണ്യാക്ഷന്റെ ഇന്ദ്രിയങളും ബുദ്ധിയും ഭ്രമിച്ചു. അവൻ രോഷാകുലനായി പല്ലും ഞെരിച്ച് ഉഗ്രവിഷകാരിയായ ഒരു സർപ്പത്തെപ്പൊലെ ഭഗവാനുനേരേ ചീറിയടുത്തു. ഭയാനകമായ അവന്റെ ദംഷ്ട്രകൾ രക്തനിമഗ്നമാകാ വെമ്പി. "നിന്നെ ഞാനിതാ വധിക്കുവാൻ പോകുന്നു" എന്നാക്രോശിച്ചുകൊണ്ട് ഗദയുമായി അവൻ ഭഗവാനുമേൽ ചാടിവീണു. പണ്ഡിതനായ വിദുരരേ!, ശത്രുവിൽനിന്നും ഒരു കൊടുങ്കാറ്റുപോലെ തനിക്കുനേരേ വന്നടുത്ത ഗദയെ സകലയജ്ഞങളുടെ ഭോക്താവും, സൂകരരൂപിയുമായ ഭഗവാൻ ഇടതുകാൽകൊണ്ട് നിശ്പ്രയാസം തട്ടിയെറിഞു.
"ഹേ അസുരശ്രേഷ്ഠാ!, പോയി നിന്റെ ആയുധമെടുത്തുകൊണ്ടുവരൂ!, കഴിയുമെങ്കിൽ എന്നെ ജയിക്കുവാൻ നോക്കൂ!" എന്നുപറഞുകൊണ്ട് ഭഗവാൻ ആ ദൈത്യേന്ദ്രന്റെ മനസ്സിനെ കൂടുതൽ പ്രക്ഷുബ്ദമാക്കി. എരിതീയിൽ വീഴുന്ന എണ്ണപ്പോലുള്ള ഭഗവാന്റെ വാക്കുകൾ കേട്ട് അപമാനിതനായ ഹിരണ്യാക്ഷൻ അലsrറിക്കൊണ്ട് തന്റെ ഗദ ഭഗവാനുനേരേ ചുഴറ്റിയെറിഞു.. തനിക്കുനേരേ പാഞടുക്കുന്ന ആസുരീകമായ ആ ആയുധത്തെ, ഗരുഡൻ സർപ്പത്തെ റഞ്ചിയെടുക്കുമാറ്, വരാഹമൂർത്തി കടന്നുപിടിച്ചു. പിന്നീട് തിരികെ നൽകിയെങ്കിലും അവഹേളനത്തിന് വിധേയനായി നിരാശനായ ഹിരണ്യാക്ഷൻ അത് സ്വീകരിക്കുവാൻ കൂട്ടാക്കിയില്ല. പകരം അവൻ തീചീറ്റുന്ന ഒരു ത്രിശൂലമെടുത്ത് ഭഗവാനുനേരേ പ്രയോഗിച്ചു. വിപ്രന്മാർക്കുനേരേ ഒരുവൻ ആഭിചാരകർമ്മം ചെയ്യുന്നതുപോലെയായിരുന്നു ഹിരണ്യാക്ഷന്റെ ഈ ആക്രമണം. ഹിരണ്യാക്ഷനെയ്ത ആ ത്രിശൂലം അത്യുജ്ജ്വലമായി കത്തിജ്വലിച്ചുകൊണ്ട് ആകാശത്തേക്ക് പറന്നുയർന്ന്. ഭഗവാൻ തന്റെ സുദർശനചക്രത്തെയയച്ച് ആ ജ്വലിക്കുന്ന ത്രിശൂലം, ഇന്ദ്രൻ ഗരുഡന്റെ ചിറകരിഞുവീഴ്ത്തിയതുപോലെ, കഷണങളായി ഛേദിച്ചെറിഞു. അതുകണ്ട ഹിരണ്യാക്ഷനിൽ ക്രോധം അണപൊട്ടിയൊഴുകി. അവൻ ഭഗവാനുനേരേ ഓടിയടുത്ത് കഴിയുന്നത്ര ശക്തിയിൽ മുഷ്ടിചുരുട്ടി ശ്രീവത്സം ശോഭിക്കുന്ന ആ തിരുമാറിൽ ആഞിടിച്ചു. അനന്തരം അവിടെനിന്നും കടന്നുകളയുകയും ചെയ്തു. ഒരു കരിവീരന്റെ ശരീരത്തിൽ പൂച്ചെണ്ടുകൊണ്ടടിക്കുന്നതുപോലെയായിരുന്നു ഹിരണ്യാക്ഷനിൽനിന്നും ഭഗവാനേറ്റ ആ പ്രഹരം. സർവ്വശക്തനായ നാരായണൻ അണുവിട ചലിക്കാതെ അവിടെത്തന്നെനിന്നു. പലേവിധത്തിലുള്ള യുദ്ധതന്ത്രങളുപയോഗിച്ച് ഹിരണ്യാക്ഷൻ ഭഗവാനോടെതിർത്തുവെങ്കിലും ആ പരമാനന്ദമൂർത്തിയുടെ യോഗമായയെ വെല്ലുവാൻ അവന് സാധിച്ചില്ല. കാഴ്ചക്കാർ ലോകം പ്രളയജലത്തിലാണ്ടുപോകുമോയെന്ന് ചിന്തിച്ച് ഭയന്നു.
( തുടരും )

No comments:

Post a Comment