Friday 4 July 2014

പ്രചോദന കഥകള്‍

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു.

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു. ആരോ ഒരിക്കല്‍ ബുദ്ധനോടു ചോദിച്ചു: 'താങ്കള്‍ എന്തിനാണ് ഒരേ കാര്യം മൂന്നു തവണ പറയുന്നത്?'

അദ്ദേഹം പറഞ്ഞു: 'ആദ്യതവണ പറയുമ്പോള്‍ നിങ്ങള്‍ വാക്കുകള്‍ കേള്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആ വാക്കുകള്‍ ശൂന്യമാണ്. ഉള്ളൊഴിഞ്ഞ കക്കകള്‍.

രണ്ടാംതവണ വാക്കുകള്‍ക്കൊപ്പം ഉള്ളടക്കം നിങ്ങള്‍ കേള്‍ക്കുന്നു. അപ്പോള്‍ സുഗന്ധം വമിക്കുന്നു. എന്നാല്‍ നിങ്ങള്‍ വല്ലാതെ വിസ്മയിച്ചുപോകുന്നു. അതിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ അജ്ഞേയമായ ഒരവസ്ഥയെ പ്രാപിക്കുന്നു. അതായത് ഒന്നും മനസ്സിലാകാത്ത അവസ്ഥയില്‍ നിങ്ങള്‍ ചെന്നെത്തുന്നു. നിങ്ങള്‍ കേള്‍ക്കും പക്ഷേ, നിങ്ങള്‍ക്കു മനസ്സിലാവില്ല. അതുകൊണ്ടുതന്നെ എനിക്കു മൂന്നുതവണ പറയേണ്ടി വരുന്നു.

നിങ്ങള്‍ സുഷുപ്തിയിലാണ് എന്നതുകൊണ്ടു തന്നെ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അത് ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്, ചുറ്റികകൊണ്ട് ആഞ്ഞടിക്കപ്പെടേണ്ടതുണ്ട്. ചിലപ്പോള്‍, ചില നിമിഷത്തില്‍, ചില ശുഭമുഹൂര്‍ത്തത്തില്‍ നിങ്ങളുടെ സുഷുപ്തി അത്ര ഗാഢമായിരിക്കില്ല. നിങ്ങള്‍ ജാഗ്രതയുടെ വളരെ അടുത്തായിരിക്കും. അപ്പോള്‍ ചിലതെങ്കിലും നിങ്ങളുടെ ഉള്ളിലേക്കു കടന്നേക്കും. കേള്‍ക്കാന്‍ കഴിഞ്ഞേക്കും. ജാഗ്രതയോട് വളരെ അടുത്തിരിക്കുമ്പോള്‍ നിദ്രയുടെയും ജാഗ്രതയുടെയും രണ്ടിന്റേതുമല്ലാത്തതിന്റെയും മധ്യത്തില്‍ ഇരിക്കുന്ന ചില നിമിഷങ്ങളാണത്.'

എല്ലാ ബുദ്ധന്‍മാരുടെയും യത്നം ഇതാണ്: ജാഗ്രത്തോട് വളരെ അടുത്തിരിക്കുന്ന കൃത്യമായ നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. പിന്നീട് ഒരു ചെറിയ തള്ളല്‍ മാത്രം. അപ്പോള്‍ നിങ്ങള്‍ കണ്ണുതുറക്കുകയും എല്ലാം കാണുകയും ചെയ്യും.

No comments:

Post a Comment