ഒരിയ്ക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്. എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങ്ങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്. ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു.
അദ്ദേഹം ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടുവണങ്ങി തന്റെ ആഗ്രഹം അറിയിച്ചു. ഗുരു അല്പനേരം മൗനിയായി ഇരുന്നു. തന്റെ ശിഷ്യന്റെ അതിരറ്റ ആഗ്രഹങ്ങളുടെ ഗതി അദ്ദേഹം മനസ്സിലാക്കി. ബിസിനസ്സ് തഴച്ച് വളരുമ്പോഴും പുതിയ പുതിയ സംരംഭങ്ങളില്‍ മനസ്സും ചിന്തയും വ്യാപരിപ്പിച്ച് ജീവതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ നിന്നും തന്റെ ശിശ്യന്‍ വഴിപിഴയ്ക്കുന്നതായി ഗുരു ഗ്രഹിച്ചറിഞു.
പെട്ടെന്ന് ഒരു കുട്ടി അവിടേയ്ക്ക് ഓടി വന്നു. ഗുരു തന്റെ ശിഷ്യന്‍ തനിക്ക് കാണിക്ക വച്ച ഓറഞ്ചില്‍ നിന്നും ഒരെണ്ണം എടുത്ത് ആ കുട്ടിക്ക് കൊടുത്തു. കുട്ടിക്ക് സന്തോഷമായി. അവന്‍ അത് രുചിയോടെ കഴിക്കാന്‍ തുടങി. ഗുരു ഒരു ഓറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ ഇടത്തേ കൈ നീട്ടി അതും കൂടി വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ചുകൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ രണ്ട് കൈയ്യും നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അതും വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്ത്. അത് സ്വീകരിക്കുന്നതിടയില്‍ മൂന്നാമത്തെ ഓറഞ്ച് വഴുതി നിലത്ത് വീണു. നാലാമത്തെ ഓറഞ്ച് വാങാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങ്ങി.
ഇത് കണ്ട്നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു "ഗുരോ! അങ്ങെന്തിനാണ് ഇത്രയധികം ഓറഞ്ച് ഈ കുട്ടിക്ക് കൊടുക്കുന്നത്?"
ഗുരു പറഞു: "ഇതാണ് കുഞ്ഞേ ഇപ്പോള്‍ നിനക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നീ ഈ കുഞ്ഞിനെ നോക്കൂ! ആദ്യം കൊടുത്ത ഒരോറഞ്ച് അവന്‍ എത്ര ഹൃദ്യമായാണ് ആസ്വദിച്ചിരുന്നത്? രണ്ടാമത്തെ ഓറഞ്ച് കിട്ടിയപ്പോള്‍ തന്നെ ആ ആസ്വാദനം നിലച്ചു. മൂന്നാമത്തെ ഓറഞ്ച് വാങ്ങിക്കാന്‍ അവന് തന്റെ നെഞ്ചിന്റെ സഹായം ആവശ്യമായി വന്നു. മാത്രമല്ല, നാലാമത്തേത് കിട്ടിയതോടെ അത് വാങ്ങിക്കാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങി."
മിതമായ എന്തും നമുക്ക് സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയുന്നു. പക്ഷേ, അമിതമാകുമ്പോള്‍ അത് അനുഭവിക്കാന്‍ കിഴിയില്ലെന്ന് മാത്രമല്ല, അതു സ്വീകരിക്കാന്‍ വേണ്ടി പലപ്പോഴും, നമുക്ക് അന്യരുടെ സഹായം ആവശ്യമായി വരുന്നു. അത് സൂക്ഷിക്കാന്‍ നമുക്ക് ഇടം വേണ്ടി വരുന്നു. അത് നഷ്ടപ്പെട്ടു പോകുമോ എന്ന പേടിയില്‍ നാം കരഞ്ഞു തുടങ്ങുന്നു. തുടര്‍ന്ന്, നിധി കാക്കുന്ന ഭൂതത്തെ പോലെ ഈ അമിതത്വവും കെട്ടിപ്പിടിച്ച് ജീവിതം അലക്ഷ്യമായി ജീവിച്ച് തീര്‍ക്കുന്നു. അതിലൊക്കെ എന്ത് ഭേദമാണ് കിട്ടിയ ജീവിതം മധുരമായി അനുഭവിക്കുന്നത്!.
No comments:
Post a Comment