Friday 4 July 2014

പ്രചോദന കഥകള്‍

ഒരു ശാന്തമായ മനസ്സിന് കൂടുതല്‍ ചിന്തിക്കാന്‍ കഴിയും.

 
ഒരു വൃദ്ധന്‍ തന്റെ വീടിനടുത്തുള്ള പാര്‍ക്കില്‍ എന്നും തനിച്ചിരിക്കുക പതിവായിരുന്നു.  ഒരു ദിവസം തനിക്ക് തിരിച്ചുപോകാന്‍ നേരമായി എന്നു മനസിലാക്കി അദ്ദേഹം തന്റെ വാച്ചില്‍ സമയം നോക്കി. കയ്യില്‍ വാച്ചില്ല. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വെറും വാച്ചായിരുന്നില്ല. ഒരുപാട് വൈകാരിക ഭാവങ്ങള്‍ അതിനിനോട് ചേര്‍ന്നുണ്ടായിരുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ ചൊല്ല്. വൃദ്ധന്‍ വാച്ചിനുവേണ്ടി അവിടമാകെ തപ്പി.  കിട്ടിയില്ല. അദ്ദേഹം ആ പണി ഉപേക്ഷിച്ച് അവിടെ കളിച്ചുകൊണ്ടുനിന്ന കുട്ടികളോട് സഹായം അഭ്യര്‍ത്ഥിച്ചു. കണ്ടെടുക്കുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചു. 

കേട്ടപാതി, കേള്‍ക്കാത്ത പാതി കുട്ടികള്‍ പാര്‍ക്ക് മുഴുവന്‍ അരിച്ചുപെറുക്കി. പക്ഷേ വാച്ച് കിട്ടിയില്ല. കുട്ടികള്‍ തിരികെ വന്നു തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചു. വൃദ്ധന്‍ ദുഖത്തോടെ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അതിലൊരു കുട്ടി ചോദിച്ചു : "അപ്പുപ്പാ എനിക്കൊരവസരം കൂടി തരാമോ" വൃദ്ധന്‍ പറഞ്ഞു. "അതിനെന്താ ആയിക്കോളൂ" അവെന്റെ ആത്മാര്‍ത്ഥതയെ അദ്ദേഹം മനസ്സിലാക്കി.

വൃദ്ധന്‍ കുറെ നേരം കൂടി പാര്‍ക്കില്‍ അവനെ കാത്തിരുന്നു. ഒടുവില്‍ ആ കുട്ടി വാച്ചുമായി മടങ്ങിയെത്തി. വൃദ്ധന് സന്തോഷവും, ആശ്ചര്യവും തോന്നി. മറ്റുള്ള കുട്ടികള്‍ തോറ്റിടത്ത് നീ എങ്ങനെ ജയിച്ചുവെന്ന് അദ്ദേഹം അവനോട് തിരക്കി. കുട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു. " ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ല. വെറുതെ കുറെനേരം നിശബ്ദനായി നിലത്തിരുന്ന്.  അപ്പോള്‍ വാച്ചിലെ സെക്കന്റ് സൂചി ഓടുന്ന ശബ്ദം ഞാന്‍ കേട്ടു. അങ്ങനെ ഞാന്‍ ഇതിനെ കണ്ടെടുത്തു."

സാരം: ഒരു ശാന്തമായ മനസ്സിന് കൂടുതല്‍ ചിന്തിക്കാന്‍ കഴിയും. എല്ലാദിവസവും അല്‍പനേരം മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കണം. നമ്മള്‍ പ്രതീക്ഷിക്കുന്നവിധം അതു ജീവിതത്തില്‍ നമ്മളെ സഹായിക്കുന്നതു നമുക്കറിയാന്‍ കഴിയും.

No comments:

Post a Comment