Sunday, 6 July 2014

Adhyatma Ramayanam Kilippaattu - Balakandam (ആദ്ധ്യാത്മ രാമായണം - ബാലകാണ്ഡം)

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു!

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ!
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ!
ശ്രീരാമ! രാമ! രാമ! സീതാഭിരാമ ! ജയ!
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ! രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ! രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.

കാരണനായ ഗണനായകൻ ബ്രഹ്‌മാത്മകൻ
കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
വാണീടുകനാരതമെന്നുടെ നാവുതന്മേൽ
വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ-
യ്‌കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരൻ
വാരിജോത്ഭവമുഖവാരിജാവാസേ ! ബാലേ!
വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീപദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!
വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ‌്പിറന്നോരു
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ
വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട
കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ.
നാന്മറനേരായ രാമായണം ചമയ്‌ക്കയാൽ
നാന്മുഖനുളളിൽ ബഹുമാനത്തെ വളർത്തൊരു
വാല്മീകികവിശ്രേഷ്‌ഠനാകിയ മഹാമുനി-
താൻ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേൻ,
രാമനാമത്തെസ്സദാകാലവും ജപിച്ചീടും
കാമനാശനനുമാവല്ലഭൻ മഹേശ്വരൻ
ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ
മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ.
വാരിജോത്ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതിപ്രാണനാഥയും മമ
വാരിജമകളായ ദേവിയും തുണയ്‌ക്കേണം.
കാരണഭൂതന്മാരാം ബ്രാഹ്‌മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
ആധാരം നാനാജഗന്മയനാം ഭഗവാനും
വേദമെന്നല്ലോ ഗുരുനാഥൻതാനരുൾചെയ്തു;
വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു
ഭൂദേവപ്രവരന്മാർ തദ്വരശാപാദികൾ
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാർക്കും മതം,
വേദജ്ഞോത്തമന്മാർ മാഹാത്മ്യങ്ങളാർക്കു ചൊല്ലാം?
പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മ-
പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാൻ
വേദസമ്മിതമായ്‌ മുമ്പുളള ശ്രീരാമായണം
ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ.
വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം
ചേതസി തെളിഞ്ഞുണർന്നാവോളം തുണയ്‌ക്കേണം.
സുരസംഹതിപതി തദനു സ്വാഹാപതി
വരദൻ പിതൃപതി നിരൃതി ജലപതി
തരസാ സദാഗതി സദയം നിധിപതി
കരുണാനിധി പശുപതി നക്ഷത്രപതി
സുരവാഹിനീപതിതനയൻ ഗണപതി
സുരവാഹിനീപതി പ്രമഥഭൂതപതി
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി
ജഗതി ചരാചരജാതികളായുളേളാരും
അഗതിയായോരടിയന്നനുഗ്രഹിക്കേണ-
മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേൻ.
അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ
മൽഗുരുനാഥനനേകാന്തേവാസികളോടും
ഉൾക്കുരുന്നിങ്കൽ വാഴ്‌ക, രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും.

രാമായണമാഹാത്മ്യം

ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ.
രാമനാമത്തെജ്ജപിച്ചോരു കാട്ടാളൻ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾ ചെയ്തു.
വീണാപാണിയുമുപദേശിച്ചു രാമായണം,
വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ
വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ
നാണമാകുന്നൂതാനുമതിനെന്താവതിപ്പോൾ.
വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു
ചേതസ്സി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലേ
അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം
മുക്തി സിദ്ധിക്കുമസന്ദിഗ്ദ്ധമിജ്ജന്മം കൊണ്ടേ.
ഭക്തികൈക്കൊണ്ടു കേട്ടുകൊള്ളുവിൻ ചൊല്ലീടുവ-
നെത്രയും ചുരുക്കി ഞാൻ രാമമാഹാത്മ്യമെല്ലാം.
ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ
ബദ്ധരാകിലുമുടൻ മുക്തരായിവന്നുകൂടും.
ധാത്രീഭാരത്തെ തീർപ്പാൻ ബ്രഹ്മാദിദേവഗണം
പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രംചെയ്തതുമൂലം
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
മെത്തമേൽ യോഗനിദ്ര  ചെയ്തീടും നാരായണൻ
ധാത്രീമണ്ഡലംതന്നിൽ മാർത്താണ്ഡകുലത്തിങ്കൽ
ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്
രാത്രിചാരികളായ രാവണാദികൾ തമ്മെ  
മാർത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം
ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യ-
വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേൻ.

ഉമാമഹേശ്വരസംവാദം  

കൈലാസാചലേ സൂര്യകോടിശോഭിതേ വിമ-
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്‌ഠം
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
നീലലോഹിതം നിജഭർത്താരം വിശ്വേശ്വരം
വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി
സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെഃ

"സർവ്വാത്മാവായ നാഥ! പരമേശ്വര! പോറ്റീ !
സർവ്വലോകാവാസ ! സർവ്വേശ്വര! മഹേശ്വരാ!
ശർവ്വ ! ശങ്കര! ശരണാഗതജനപ്രിയ!
സർവ്വദേവേശ ! ജഗന്നായക! കാരുണ്യാബ്ധേ!
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുളള ജനം
ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും
ഭക്തന്മാർക്കുപദേശംചെയ്തീടുമെന്നു കേൾപ്പൂ.
ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു. 
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.
തത്ത്വഭേദങ്ങൾ വിജ്ഞാനജ്ഞാനവൈരാഗ്യാദി
ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും
ക്ഷേത്രോപവാസഫലം യാഗാദികർമ്മഫലം
തീർത്ഥസ്നാനാദിഫലം ദാനധർമ്മാദിഫലം
വർണ്ണധർമ്മങ്ങൾ പുനരാശ്രമധർമ്മങ്ങളു-
മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം
നിന്തിരുവടിയരുൾചെയ്തു കേട്ടതുമൂലം
സന്തോഷമകതാരിലേറ്റവുമുണ്ടായ്‌വന്നു. 
ബന്ധമോക്ഷങ്ങളുടെ കാരണം കേൾക്കമൂല-
മന്ധത്വം തീർന്നുകൂടി ചേതസി ജഗൽപതേ!
ശ്രീരാമദേവൻതന്റെ മാഹാത്മ്യം കേൾപ്പാനുളളിൽ
പാരമാഗ്രഹമുണ്ടു, ഞാനതിൻ പാത്രമെങ്കിൽ
കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ-
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊൽവാൻ."

ഈശ്വരി കാർത്ത്യായനി പാർവ്വതി ഭഗവതി
ശാശ്വതനായ പരമേശ്വരനോടീവണ്ണം
ചോദ്യംചെയ്തതു കേട്ടു തെളിഞ്ഞു ദേവൻ ജഗ-
ദാദ്യനീശ്വരൻ മന്ദഹാസംപൂണ്ടരുൾചെയ്തുഃ 
"ധന്യേ! വല്ലഭേ! ഗിരികന്യേ! പാർവ്വതീ! ഭദ്രേ!
നിന്നോളമാർക്കുമില്ല ഭഗവത്ഭക്തി നാഥേ!
ശ്രീരാമദേവതത്ത്വം  കേൾക്കേണമെന്നു മന-
താരിലാകാംക്ഷയുണ്ടായ്‌വന്നതു മഹാഭാഗ്യം.
മുന്നമെന്നോടിതാരും ചോദ്യംചെയ്തീല, ഞാനും
നിന്നാണെ കേൾപ്പിച്ചതില്ലാരെയും ജീവനാഥേ!
അത്യന്തം രഹസ്യമായുളെളാരു പരമാത്മ-
തത്ത്വാർത്ഥമറികയിലാഗ്രഹമുണ്ടായതും
ഭക്ത്യതിശയം പുരുഷോത്തമൻതങ്കലേറ്റം
നിത്യവും ചിത്തകാമ്പിൽ വർദ്ധിക്കതന്നെ മൂലം. 
ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു
സാരമായുളള തത്ത്വം ചൊല്ലുവൻ കേട്ടാലും നീ.
ശ്രീരാമൻ പരമാത്മാ പരമാനന്ദമൂർത്തി
പൂരുഷൻ പ്രകൃതിതൻ കാരണനേകൻ പരൻ
പുരുഷോത്തമൻ ദേവനനന്തനാദിനാഥൻ
ഗുരുകാരുണ്യമൂർത്തി പരമൻ പരബ്രഹ്മം
ജഗദുത്ഭവസ്ഥിതിപ്രളയകർത്താവായ
ഭഗവാൻ വിരിഞ്ചനാരായണശിവാത്മകൻ
അദ്വയനാദ്യനജനവ്യയനാത്മാരാമൻ
തത്ത്വാത്മാ സച്ചിന്മയൻ സകളാത്മകനീശൻ 
മാനുഷനെന്നു കൽപിച്ചീടുവോരജ്ഞാനികൾ
മാനസം മായാതമസ്സംവൃതമാകമൂലം.
സീതാരാഘവമരുൽസൂനുസംവാദം മോക്ഷ-
സാധനം ചൊൽവൻ നാഥേ! കേട്ടാലും തെളിഞ്ഞു നീ.

എങ്കിലോ മുന്നം ജഗന്നായകൻ രാമദേവൻ
പങ്കജവിലോചനൻ പരമാനന്ദമൂർത്തി
ദേവകണ്ടകനായ പംക്തികണ്‌ഠനെക്കൊന്നു
ദേവിയുമനുജനും വാനരപ്പടയുമായ്‌
സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്തു
സത്താമാത്രാത്മാ സകലേശനവ്യയൻ നാഥൻ
മിത്രപുത്രാദികളാം മിത്രവർഗ്ഗത്താലുമ-
ത്യുത്തമന്മാരാം സഹോദരവീരന്മാരാലും
കീകസാത്മജാസുതനാം വിഭീഷണനാലും
ലോകേശാത്മജനായ വസിഷ്‌ഠാദികളാലും
സേവ്യനായ്‌ സൂര്യകോടിതുല്യതേജസാ-
ജഗൽശ്രാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു
നിർമ്മലമണിലസൽ കാഞ്ചനസിംഹാസനേ
തന്മായാദേവിയായ ജാനകിയോടുംകൂടി
സാനന്ദമിരുന്നരുളീടുന്നനേരം പര-
മാനന്ദമൂർത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ
വന്ദിച്ചുനില്‌ക്കുന്നൊരു ഭക്തനാം ജഗൽപ്രാണ-
നന്ദനൻതന്നെ തൃക്കൺപാർത്തു കാരുണ്യമൂർത്തി
മന്ദഹാസവുംപൂണ്ടു സീതയോടരുൾചെയ്തുഃ
"സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ!
നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവൻ-
തന്നുളളിലഭേദയായുള്ളൊരു ഭക്തി നാഥേ!
ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി-
ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ.
നിർമ്മലനാത്മജ്ഞാനത്തിന്നിവൻ പാത്രമത്രേ
നിർമ്മമൻ നിത്യബ്രഹ്മചാരികൾ മുൻപനല്ലോ. 
കൽമഷമിവനേതുമില്ലെന്നു ധരിച്ചാലും
തന്മനോരഥത്തെ നീ നല്‌കണം മടിയാതെ.
നമ്മുടെ തത്ത്വമിവന്നറിയിക്കേണമിപ്പോൾ
ചിന്മയേ! ജഗന്മയേ! സന്മയേ! മായാമയേ!
ബ്രഹ്മോപദേശത്തിനു ദുർല്ലഭം പാത്രമിവൻ
ബ്രഹ്മജ്ഞാനാർത്ഥികളിലുത്തമോത്തമനെടോ!"

ഹനുമാന്  തത്ത്വോപദേശം 

ശ്രീരാമദേവനേവമരുളിച്ചെയ്തനേരം
മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ
"വീരന്മാർ ചൂടും മകുടത്തിൻ നായകക്കല്ലേ!
ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ.    
സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
നിശ്ചലം സർവ്വോപാധിനിർമ്മുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുളളിൽ ശ്രീരാമദേവനെ നീ.
നിർമ്മലം നിരഞ്ജനം നിർഗ്ഗുണം നിർവ്വികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
ജന്മനാശാദികളില്ലാതൊരു വസ്തു പര-
ബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.
സർവ്വകാരണം സർവ്വവ്യാപിനം സർവ്വാത്മാനം
സർവ്വജ്ഞം സർവ്വേശ്വരം സർവ്വസാക്ഷിണം നിത്യം
സർവ്വദം സർവ്വാധാരം സർവ്വദേവതാമയം
നിർവ്വികാരാത്മാ രാമദേവനെന്നറിഞ്ഞാലും.
എന്നുടെ തത്ത്വമിനിച്ചൊല്ലീടാമുളളവണ്ണം
നിന്നോടു, ഞാൻതാൻ മൂലപ്രകൃതിയായതെടോ.
എന്നുടെ പതിയായ പരമാത്മാവുതന്റെ
സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു.
തത്സാന്നിദ്ധ്യംകൊണ്ടെന്നാൽ സൃഷ്ടമാമവയെല്ലാം
തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം.
തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ.   
ഭൂമിയിൽ ദിനകരവംശത്തിലയോദ്ധ്യയിൽ
രാമനായ്‌ സർവ്വേശ്വരൻതാൻ വന്നു പിറന്നതും
ആമിഷഭോജികളെ വധിപ്പാനായ്‌ക്കൊണ്ടു
വിശ്വാമിത്രനോടുംകൂടെയെഴുന്നളളിയകാലം
ക്രുദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ-
പ്പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം
ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു
സിദ്ധസങ്കൽപനായ കൌശികമുനിയോടും
മൈഥിലരാജ്യത്തിനായ്‌ക്കൊണ്ടുപോകുന്നനേരം
ഗൌതമപത്നിയായോരഹല്യാശാപം തീർത്തു   
പാദപങ്കജം തൊഴുതവളെയനുഗ്രഹി-
ച്ചാദരപൂർവ്വം മിഥിലാപുരമകംപുക്കു
മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടൻ
മൽപാണിഗ്രഹണവുംചെയ്തു പോരുന്നനേരം
മുൽപ്പുക്കുതടുത്തോരു ഭാർഗ്ഗവരാമൻതന്റെ
ദർപ്പവുമടക്കി വമ്പോടയോദ്ധ്യയും പുക്കു
ദ്വാദശസംവത്സരമിരുന്നു സുഖത്തോടെ
താതനുമഭിഷേകത്തിന്നാരംഭിച്ചാനതു
മാതാവു കൈകേയിയും മുടക്കിയതുമൂലം
ഭ്രാതാവാകിയ സുമിത്രാത്മജനോടുംകൂടെ
ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതൻ
വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം
ചിത്തശോകത്തോടുദകക്രിയാദികൾ ചെയ്തു
ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്‌
ദണ്ഡകാരണ്യംപുക്കകാലത്തു വിരാധനെ
ഖണ്ഡിച്ചു കുംഭോത്ഭവനാമഗസ്ത്യ‍നെക്കണ്ടു
പണ്ഡിതന്മാരാം മുനിമാരോടു സത്യംചെയ്തു
ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാൻ
പുക്കിതു പഞ്ചവടി തത്ര വാണീടുംകാലം
പുഷ്‌കരശരപരവശയായ്‌ വന്നാളല്ലോ 
രക്ഷോനായകനുടെ സോദരി ശൂർപ്പണഖ
ലക്ഷ്മണനവളുടെ നാസികാച്ഛേദംചെയ്തു.
ഉന്നതനായ ഖരൻ കോപിച്ചു യുദ്ധത്തിന്നായ്‌-
വന്നിതു പതിന്നാലുസഹസ്രം പടയോടും,
കൊന്നിതു മൂന്നേമുക്കാൽനാഴികകൊണ്ടുതന്നെ
പിന്നെശ്ശൂർപ്പണഖ പോയ്‌ രാവണനോടു ചൊന്നാൾ.
മായയാ പൊന്മാനായ്‌ വന്നോരു മാരീചൻതന്നെ-
സ്സായകംപ്രയോഗിച്ചു സൽഗതികൊടുത്തപ്പോൾ
മായാസീതയെക്കൊണ്ടു രാവണൻ പോയശേഷം
മായാമാനുഷൻ ജടായുസ്സിനു മോക്ഷം നല്‌കി. 
രാക്ഷസവേഷം പൂണ്ട കബന്ധൻതന്നെക്കൊന്നു
മോക്ഷവും കൊടുത്തു പോയ്‌ ശബരിതന്നെക്കണ്ടു.
മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ
മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം.
തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുംകൂടി
മിത്രനന്ദനനായ സുഗ്രീവൻതന്നെക്കണ്ടു
മിത്രമായിരിപ്പൂതെന്നന്യോന്യം സഖ്യം ചെയ്തു
വൃത്രാരിപുത്രനായ ബാലിയെ വധംചെയ്തു
സീതാന്വേഷണം ചെയ്തു ദക്ഷിണജലധിയിൽ
സേതുബന്ധനം ലങ്കാമർദ്ദനം പിന്നെശ്ശേഷം 
പുത്രമിത്രാമാത്യഭൃത്യാദികളോടുംകൂടി
യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ
ശസ്ത്രേണ വധംചെയ്തു രക്ഷിച്ചു ലോകത്രയം
ഭക്തനാം വിഭീഷണന്നഭിഷേകവുംചെയ്തു
പാവകന്തങ്കൽ മറഞ്ഞിരുന്നോരെന്നെപ്പിന്നെ
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു
പാവകനോടു വാങ്ങി പുഷ്പകം കരയേറി
ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം
രാജ്യത്തിന്നഭിഷേകംചെയ്തു ദേവാദികളാൽ
പൂജ്യനായിരുന്നരുളീടിനാൻ ജഗന്നാഥൻ. 
യാജ്യനാം നാരായണൻ ഭക്തിയുളളവർക്കു സാ-
യൂജ്യമാം മോക്ഷത്തെ നല്‌കീടിനാൻ നിരഞ്ജനൻ.
ഏവമാദികളായ കർമ്മങ്ങൾ തന്റെ മായാ-
ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം.
രാമനാം ജഗൽഗുരു നിർഗ്ഗുണൻ ജഗദഭി-
രാമനവ്യയനേകനാനന്ദാത്മകനാത്മാ-
രാമനദ്വയൻ പരൻ നിഷ്‌കളൻ വിദ്വദ്‌ഭൃംഗാ-
രാമനച്യുതൻ വിഷ്ണുഭഗവാൻ നാരായണൻ
ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചിൽ
ഭ്രമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്ല.
നിർവ്വികാരാത്മാ തേജോമയനായ്‌ നിറഞ്ഞൊരു
നിർവൃതനൊരുവസ്തു ചെയ്‌കയില്ലൊരുനാളും.
നിർമ്മലൻ പരിണാമഹീനനാനന്ദമൂർത്തി
ചിന്മയൻ മായാമയൻതന്നുടെ മായാദേവി
കർമ്മങ്ങൾ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു
തന്മായാഗുണങ്ങളെത്താനനുസരിക്കയാൽ."
അഞ്ജനാതനയനോടിങ്ങനെ സീതാദേവി
കഞ്ജലോചനതത്ത്വമുപദേശിച്ചശേഷം
അഞ്ജസാ രാമദേവൻ മന്ദഹാസവുംചെയ്തു
മഞ്ജുളവാചാ പുനരവനോടരുൾചെയ്തുഃ   

"പരമാത്മാവാകുന്ന ബിംബത്തിൽ പ്രതിബിംബം
പരിചിൽ കാണുന്നതു ജീവാത്മാവറികെടോ!
തേജോരൂപിണിയാകുമെന്നുടെ മായതങ്കൽ
വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ!
ഓരോരോ ജലാശയേ കേവലം മഹാകാശം
നേരേ നീ കാണ്മീലയോ, കണ്ടാലുമതുപോലെ
സാക്ഷാലുളെളാരു പരബ്രഹ്‌മമാം പരമാത്മാ
സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ!
തത്ത്വമസ്യാദി മഹാവാക്യാർത്ഥംകൊണ്ടു മമ
തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താൽ. 
മത്ഭക്തനായുളളവനിപ്പദമറിയുമ്പോൾ
മത്ഭാവം പ്രാപിച്ചീടുമില്ല സംശയമേതും.
മത്ഭക്തിവിമുഖന്മാർ ശാസ്‌ത്രഗർത്തങ്ങൾതോറും
സത്ഭാവംകൊണ്ടു ചാടിവീണു മോഹിച്ചീടുന്നു.
ഭക്തിഹീനന്മാർക്കു നൂറായിരം ജന്മംകൊണ്ടും
സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും.
പരമാത്മാവാം മമ ഹൃദയം രഹസ്യമി-
തൊരുനാളും മത്ഭക്തിഹീനന്മാരായ്‌ മേവീടും
നരന്മാരോടു പറഞ്ഞറിയിക്കരുതെടോ!
പരമമുപദേശമില്ലിതിന്മീതെയൊന്നും." 
ശ്രീമഹാദേവൻ മഹാദേവിയോടരുൾചെയ്ത
രാമമാഹാത്മ്യമിദം പവിത്രം ഗുഹ്യതമം
സാക്ഷാൽ ശ്രീരാമപ്രോക്തം വായുപുത്രനായ്‌ക്കൊണ്ടു
മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം.
സർവ്വവേദാന്തസാരസംഗ്രഹം രാമതത്ത്വം
ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്ലാം
ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാൻ
മുക്തനായ്‌വരുമൊരു സംശയമില്ല നാഥേ!
ബ്രഹ്മഹത്യാദിദുരിതങ്ങളും ബഹുവിധം
ജന്മങ്ങൾതോറുമാർജ്ജിച്ചുളളവയെന്നാകിലും
ഒക്കവേ നശിച്ചുപോമെന്നരുൾചെയ്തു രാമൻ
മർക്കടപ്രവരനോടെന്നതു സത്യമല്ലോ.
ജാതിനിന്ദിതൻ പരസ്‌ത്രീധനഹാരി പാപി
മാതൃഘാതകൻ പിതൃഘാതകൻ ബ്രഹ്മഹന്താ
യോഗിവൃന്ദാപകാരി സുവർണ്ണസ്തേയി ദുഷ്ടൻ
ലോകനിന്ദിതനേറ്റമെങ്കിലുമവൻ ഭക്ത്യാ
രാമനാമത്തെജ്ജപിച്ചീടുകിൽ ദേവകളാ-
ലാമോദപൂർവം പൂജ്യനായ്‌വരുമത്രയല്ല
യോഗീന്ദ്രന്മാരാൽപ്പോലുമലഭ്യമായ വിഷ്ണു-
ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും.

ഇങ്ങനെ മഹാദേവനരുൾചെയ്തതു കേട്ടു
തിങ്ങീടും ഭക്തിപൂർവമരുൾചെയ്തിതു ദേവിഃ
"മംഗലാത്മാവേ! മമ ഭർത്താവേ! ജഗൽപതേ!
ഗംഗാകാമുക! പരമേശ്വര! ദയാനിധേ!
പന്നഗവിഭൂഷണ! ഞാനനുഗൃഹീതയായ്‌
ധന്യയായ്‌ കൃതാർത്ഥയായ്‌ സ്വസ്ഥയായ്‌വന്നേനല്ലോ.
ഛിന്നമായ്‌വന്നു മമ സന്ദേഹമെല്ലാമിപ്പോൾ
സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാൽ.
നിർമ്മലം രമാതത്ത്വാമൃതമാം രസായനം
ത്വന്മുഖോദ്‌ഗളിതമാവോളം പാനംചെയ്താലും
എന്നുളളിൽ തൃപ്തിവരികെന്നുളളതില്ലയല്ലോ
നിർണ്ണയമതുമൂലമൊന്നുണ്ടു ചൊല്ലുന്നു ഞാൻ.
സംക്ഷേപിച്ചരുൾചെയ്തതേതുമേ മതിയല്ല
സാക്ഷാൽ ശ്രീനാരായണൻതന്മാഹാത്മ്യങ്ങളെല്ലാം.
കിംക്ഷണന്മാർക്ക്‌ വിദ്യയുണ്ടാകയില്ലയല്ലോ
കിങ്കണന്മാരായുളേളാർക്കർത്ഥമുണ്ടായ്‌വരാ
കിമൃണന്മാർക്കു നിത്യസൌഖ്യവുമുണ്ടായ്‌വരാ,
കിംദേവന്മാർക്കു ഗതിയും പുനരതുപോലെ.
ഉത്തമമായ രാമചരിതം മനോഹരം
വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ." 

ഈശ്വരൻ ദേവൻ പരമേശ്വരൻ മഹേശ്വരൻ
ഈശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം
മന്ദഹാസവുംചെയ്തു ചന്ദ്രശേഖരൻ പരൻ
സുന്ദരഗാത്രി! കേട്ടുകൊളളുകെന്നരുൾചെയ്തു.
വേധാവു ശതകോടി ഗ്രന്ഥവിസ്തരം പുരാ
വേദസമ്മിതമരുൾചെയ്തിതു രാമായണം.
വാല്മീകി പുനരിരുപത്തുനാലായിരമായ്‌
നാന്മുഖൻനിയോഗത്താൽ മാനുഷമുക്ത്യർത്ഥമായ്‌
ചമച്ചാനതിലിതു ചുരുക്കി രാമദേവൻ
നമുക്കുമുപദേശിച്ചീടിനാനേവം പുരാ. 
അദ്ധ്യാത്മരാമായണമെന്ന പേരിതിന്നിദ-
മദ്ധ്യയനംചെയ്യുന്നോർക്കദ്ധ്യാത്മജ്ഞാനമുണ്ടാം.
പുത്രസന്തതി ധനസമൃദ്ധി ദീർഘായുസ്സും
മിത്രസമ്പത്തി കീർത്തി രോഗശാന്തിയുമുണ്ടാം.
ഭക്തിയും വർദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു-
മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ.

ശിവൻ കഥ പറയുന്നു 

പംക്തികന്ധരമുഖരാക്ഷസവീരന്മാരാൽ
സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി
ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 
വേദനയെല്ലാം വിധാതാവിനോടറിയിച്ചാൾ;
വേധാവും മൂഹൂർത്തമാത്രം വിചാരിച്ചശേഷം
'വേദനായകനായ നാഥനോടിവ ചെന്നു
വേദനംചെയ്‌കയെന്യേ മറ്റൊരു കഴിവില്ല.'
സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ-
ടാരൂഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി
ക്ഷീരസാഗരതീരംപ്രാപിച്ചു ദേവമുനി-
മാരോടുകൂടി സ്തുതിച്ചീടിനാൻ ഭക്തിയോടെ.
ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു
ദേവനെസ്സേവിച്ചിരുന്നീടിനാൻ വഴിപോലെ. 
അന്നേരമൊരു പതിനായിരമാദിത്യന്മാ-
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവൻതനിക്കൻപോടു കാണായ്‌വന്നു
പത്മലോചനനായ പത്മനാഭനെ മോദാൽ.
മുക്തന്മാരായുളെളാരു സിദ്ധയോഗികളാലും
ദുർദ്ദർശമായ ഭഗവദ്രൂപം മനോഹരം
ചന്ദ്രികാമന്ദസ്മിതസുന്ദരാനനപൂർണ്ണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
മന്ദിരവക്ഷഃസ്ഥലം വന്ദ്യമാനന്ദോദയം 
വത്സലാഞ്ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യൽകുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടിസൂത്ര
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം കമലാമനോഹരം
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
സരസീരുഹഭവൻ മധുരസ്‌ഫുടാക്ഷരം
സരസപദങ്ങളാൽ സ്തുതിച്ചുതുടങ്ങിനാൻഃ
"പരമാനന്ദമൂർത്തേ! ഭഗവൻ! ജയജയ! 
മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാർക്കും
സാക്ഷാൽ കാണ്മതിന്നരുതാതൊരു പാദാംബുജം
നിത്യവും നമോസ്തു തേ സകലജഗൽപതേ!
നിത്യനിർമ്മലമൂർത്തേ ! നിത്യവും നമോസ്തു തേ.
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
നിത്യവും നമോസ്തു തേ കരുണാജലനിധേ!
വിശ്വത്തെ  സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ.
സ്വാദ്ധ്യായതപോദാനയജ്ഞാദികർമ്മങ്ങളാൽ
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും. 
മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവൽപാദ-
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ-
മന്തികേ കാണായ്‌വന്നിതെനിക്കു ഭാഗ്യവശാൽ.
സത്വചിത്തന്മാരായ താപസശ്രേഷ്‌ഠന്മാരാൽ
നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിൻ-
പാദപങ്കജങ്ങളിൽ ഭക്തി സംഭവിക്കണം
ചേതസി സദാകാലം ഭക്തവത്സലാ! പോറ്റീ!
സംസാരാമയപരിതപ്തമാനസന്മാരാം
പുംസാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും
മരണമോർത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു.
മരണകാലേ തവ തരുണാരുണസമ-
ചരണസരസിജസ്മരണമുണ്ടാവാനായ്‌
തരിക വരം നാഥ! കരുണാകര! പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!
പരമാനന്ദമൂർത്തേ! ഭഗവൻ ജയ ജയ!
പരമ! പരമാത്മൻ! പരബ്രഹ്മാഖ്യ! ജയ!
പരചിന്മയ!പരാപര! പത്മാക്ഷ! ജയ!
വരദ! നാരായണ! വൈകുണ്‌ഠ! ജയ ജയ." 

ചതുരാനനനിതി സ്തുതിചെയ്തോരുനേരം
മധുരതരമതിവിശദസ്മിതപൂർവം
അരുളിച്ചെയ്തു നാഥനെന്തിപ്പോളെല്ലാവരു-
മൊരുമിച്ചെന്നെക്കാണ്മാനിവിടേക്കുഴറ്റോടെ
വരുവാൻ മൂലമതു ചൊല്ലുകെന്നതു കേട്ടു
സരസീരുഹഭവനീവണ്ണമുണർത്തിച്ചുഃ
"നിന്തിരുവടിതിരുവുളളത്തിലേറാതെക-
ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുളളതു പോറ്റീ!
എങ്കിലുമുണർത്തിക്കാം മൂന്നു ലോകത്തിങ്കലും
സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ! 
പൌലസ്ത്യ‍തനയനാം രാവണൻതന്നാലിപ്പോൾ
ത്രൈലോക്യം നശിച്ചിതു മിക്കതും ജഗൽപതേ!
മദ്ദത്തവരബലദർപ്പിതനായിട്ടതി-
നിർദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാൻ ദശാനനൻ.
യാഗാദികർമ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു.
ധർമ്മപത്നികളേയും പിടിച്ചുകൊണ്ടുപോയാൻ
ധർമ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
മർത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതും മുന്നേ കൽപിതം ജഗൽപതേ!
നിന്തിരുവടിതന്നെ മർത്ത്യനായ്പിറന്നിനി
പംക്തികന്ധരൻതന്നെക്കൊല്ലണം ദയാനിധേ!
സന്തതം നമസ്‌കാരമതിനു മധുരിപോ!
ചെന്തളിരടിയിണ ചിന്തിക്കായ്‌വരേണമേ!"
പത്മസംഭവനിത്ഥമുണർത്തിച്ചതുനേരം
പത്മലോചനൻ ചിരിച്ചരുളിച്ചെയ്താനേവംഃ

"ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം
പുത്രലാഭാർത്ഥം പുരാ കശ്യപപ്രജാപതി.
ദത്തമായിതു വരം സുപ്രസന്നേന മയാ
തദ്വചസ്സത്യം കർത്തുമുദ്യോഗമദ്യൈവ മേ.
കശ്യപൻ ദശരഥനാമ്നാ രാജന്യേന്ദ്രനായ്‌
കാശ്യപീതലേ തിഷ്‌ഠത്യധുനാ വിധാതാവേ!
തസ്യ വല്ലഭയാകുമദിതി കൌസല്യയും
തസ്യാമാത്മജനായി വന്നു ഞാൻ ജനിച്ചീടും.
മത്സഹോദരന്മാരായ്‌ മൂന്നുപേരുണ്ടായ്‌വരും
ചിത്സ്വരൂപിണി മമ ശക്തിയാം വിശ്വേശ്വരി
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുലനാശകാരിണിയായി
മേദിനിതന്നിലയോനിജയായുണ്ടായ്‌വരു-
മാദിതേയന്മാർ കപിവീരരായ്പിറക്കേണം.
മേദിനീദേവിക്കതിഭാരംകൊണ്ടുണ്ടായൊരു
വേദന തീർപ്പനെന്നാലെന്നരുൾചെയ്തു നാഥൻ
വേദനായകനെയുമയച്ചു മറഞ്ഞപ്പോൾ
വേധാവും നമസ്‌കരിച്ചീടിനാൻ ഭക്തിയോടെ.
ആദിതേയന്മാരെല്ലാമാധി തീർന്നതുനേര-
മാദിനായകൻ മറഞ്ഞീടിനോരാശനോക്കി 
ഖേദവുമകന്നുളളിൽ പ്രീതിപൂണ്ടുടനുടൻ
മേദിനിതന്നിൽ വീണു നമസ്‌കാരവുംചെയ്താർ.
മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം
വേധാവും ദേവകളോടരുളിച്ചെയ്താനേവം.
"ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ്‌വന്നവതരിച്ചീടും
വാസരാധീശാന്വയേ സാദരമയോദ്ധ്യയിൽ
വാസവാദികളായ നിങ്ങളുമൊന്നുവേണം.
വാസുദേവനെപ്പരിചരിച്ചുകൊൾവാനായി-
ദ്ദാസഭാവേന ഭൂമിമണ്ഡലേ പിറക്കേണം, 
മാനിയാം ദശാനനഭൃത്യന്മാരാകും യാതു-
ധാനവീരന്മാരോടു യുദ്ധംചെയ്‌വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങൾതോറു
വാനരപ്രവരന്മാരായേതും വൈകിടാതെ."
സുത്രാമാദികളോടു പത്മസംഭവൻ നിജ
ഭർത്തൃശാസനമരുൾചെയ്തുടൻ കൃതാർത്ഥനായ്‌
സത്യലോകവും പുക്കു സത്വരം ധരിത്രിയു-
മസ്തസന്താപമതിസ്വസ്ഥയായ്‌ മരുവിനാൾ.
തൽക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ-
രൊക്കവേ ഹരിരൂപധാരികളായാരല്ലോ.
മാനുഷഹരിസഹായാർത്ഥമായ്‌ തതസ്തതോ
മാനുഷഹരിസമവേഗവിക്രമത്തോടെ
പർവതവൃക്ഷോപലയോധികളായുന്നത-
പർവതതുല്യശരീരന്മാരായനാരതം
ഈശ്വരം പ്രതീക്ഷമാണന്മാരായ്‌ പ്ളവഗ-
വൃന്ദേശ്വരന്മാരും ഭുവി സുഖിച്ചു വാണാരല്ലോ.

പുത്രകാമേഷ്ടി 

അമിതഗുണവാനാം നൃപതി ദശരഥ-
നമലനയോദ്ധ്യാധിപതി ധർമ്മാത്മാ വീരൻ
അമരകുലവരതുല്യനാം സത്യപരാ-
ക്രമനംഗജസമൻ കരുണാരത്നാകരൻ 
കൌസല്യാദേവിയോടും ഭർത്തൃശ്രുശ്രൂഷയ്‌ക്കേറ്റം
കൌശല്യമേറീടും കൈകേയിയും സുമിത്രയും
ഭാര്യമാരിവരോടും ചേർന്നു മന്ത്രികളുമായ്‌
കാര്യാകാര്യങ്ങൾ വിചാരിച്ചു ഭൂതലമെല്ലാം
പരിപാലിക്കുംകാലമനപത്യത്വംകൊണ്ട
പരിതാപേന ഗുരുചരണാംബുജദ്വയം
വന്ദനംചെയ്തു ചോദിച്ചീടിനാ'നെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുൾചെയ്തീടണം.
പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദിസ-
മ്പത്തു സർവവും ദുഃഖപ്രദമെന്നറിഞ്ഞാലും.' 
വരിഷ്‌ഠതപോധനൻ വസിഷ്‌ഠനതു കേട്ടു
ചിരിച്ചു ദശരഥനൃപനോടരുൾചെയ്തുഃ
"നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു-
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോൾ
ചെയ്‌ക നീ ഗുണനിധേ! പുത്രകാമേഷ്ടികർമ്മം."

അശ്വമേധവും പുത്രകമേഷ്ടിയും

തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താൽ
മന്നവൻ വൈഭണ്ഡകൻതന്നെയും വരുത്തിനാൻ.
ശാലയും പണിചെയ്തു സരയൂതീരത്തിങ്കൽ
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 
അശ്വമേധാനന്തരം താപസന്മാരുമായി
വിശ്വനായകസമനാകിയ ദശരഥൻ
വിശ്വനായകനവതാരംചെയ്‌വതിനായി
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികർമ്മം
ഋശ്യശൃംഗനാൽ ചെയ്യപ്പെട്ടൊരാഹൂതിയാലേ
വിശ്വദേവതാഗണം തൃപ്തമായതുനേരം
ഹേമപാത്രസ്ഥമായ പായസത്തോടുംകൂടി
ഹോമകുണ്ഡത്തിൽനിന്നു പൊങ്ങിനാൻ വഹ്നിദേവൻ.
'താവകം പുത്രീയമിപ്പായസം കൈക്കൊൾക നീ
ദേവനിർമ്മിത'മെന്നു പറഞ്ഞു പാവകനും 
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.
ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂർവം
ദക്ഷനാം ദശരഥൻ തൽക്ഷണം പ്രീതിയോടെ
കൌസല്യാദേവിക്കർദ്ധം കൊടുത്തു നൃപവരൻ
ശൈഥില്യാത്മനാപാതി നല്‌കിനാൻ കൈകേയിക്കും.
അന്നേരം സുമിത്രയ്‌ക്കു കൌസല്യാദേവിതാനും
തന്നുടെ പാതി കൊടുത്തീടിനാൾ മടിയാതെ.
എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും
മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം. 
തൽപ്രജകൾക്കു പരമാനന്ദംവരുമാറു
ഗർഭവും ധരിച്ചിതു മൂവരുമതുകാലം
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ
ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളു-
മുൽപലാക്ഷികൾക്കനുവാസരം ക്രമത്താലെ
ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചുവരുംതോറു-
മുൾപ്രേമം കൂടെക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും.
തൽപ്രണയിനിമാർക്കുളളാഭരണങ്ങൾപോല
വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും 
അൽപമായ്‌ ചമഞ്ഞിതു സന്താപം ദിനംതോറു-
മൽപഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം.
സീമന്തപുംസവനാദിക്രിയകളുംചെയ്തു
കാമാന്തം ദാനങ്ങളും ചെയ്തിതു നരവരൻ.

 
ശ്രീരാമാവതാരം

ഗർഭവും പരിപൂർണ്ണമായ്‌ ചമഞ്ഞതുകാല-
മർഭകന്മാരും നാൽവർ പിറന്നാരുടനുടൻ.
ഉച്ചത്തിൽ പഞ്ചഗ്രഹം നില്‌ക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയിൽ കൌസല്യാത്മജനായാൻ.
നക്ഷത്രം പുനർവസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 580
കർക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ
അർക്കനുമത്യുച്ചസ്ഥനുദയം കർക്കടകം
അർക്കജൻ തുലാത്തിലും, ഭാർഗ്ഗവൻ മീനത്തിലും,
വക്രനുമുച്ചസ്ഥനായ്‌ മകരംരാശിതന്നിൽ
നില്‌ക്കുമ്പോളവതരിച്ചീടിനാൻ ജഗന്നാഥൻ
ദിക്കുകളൊക്കെ പ്രസാദിച്ചിതു ദേവകളും.
പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ

പിറ്റേന്നാൾ സുമിത്രയും പെറ്റിതു പുത്രദ്വയം.
ഭഗവാൻ പരമാത്മാ മുകുന്ദൻ നാരായണൻ
ജഗദീശ്വരൻ ജന്മരഹിതൻ പത്മേക്ഷണൻ 590
ഭുവനേശ്വരൻ വിഷ്ണുതന്നുടെ ചിഹ്നത്തോടു-
മവതാരംചെയ്തപ്പോൾ കാണായീ കൌസല്യയ്‌ക്കും.
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും
വന്ദ്യമായിരിപ്പൊരു നിർമ്മലമകുടവും
സുന്ദരചികരവുമളകസുഷമയും
കാരുണ്യാമൃതരസസംപൂർണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും 600
ശംഖചക്രാബ്‌ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജിതകൌസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്‌
വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും
കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്‌ജവും
കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും
മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ
സാക്ഷാൽ ശ്രീനാരാണൻതാനിതെന്നറിഞ്ഞപ്പോൾ 610
സുന്ദരഗാത്രിയായ കൌസല്യാദേവിതാനും
വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാൾ.

കൗസല്യാസ്തുതി 

"നമസ്തേ ദേവദേവ! ശംഖചക്രാബ്‌ജധര!
നമസ്തേ വാസുദേവ! മധുസൂദന! ഹരേ!
നമസ്തേ നാരായണ! നമസ്തേ നരകാരേ!
സമസ്തേശ്വര! ശൌരേ! നമസ്തേ ജഗൽപതേ!
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം
സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു.
സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ-
ന്നുത്തമന്മാർക്കുപോലുമറിവാൻ വേലയത്രേ. 620
പരമൻ പരാപരൻ പരബ്രഹ്‌മാഖ്യൻ പരൻ
പരമാത്മാവു പരൻപുരുഷൻ പരിപൂർണ്ണൻ
അച്യുതനന്തനവ്യക്തനവ്യയനേകൻ
നിശ്ചലൻ നിരുപമൻ നിർവാണപ്രദൻ നിത്യൻ
നിർമ്മലൻ നിരാമയൻ നിർവികാരാത്മാ ദേവൻ
നിർമ്മമൻ നിരാകുലൻ നിരഹങ്കാരമൂർത്തി
നിഷ്‌കളൻ നിരഞ്ജനൻ നീതിമാൻ നിഷ്‌കൽമഷൻ
നിർഗ്ഗുണൻ നിഗമാന്തവാക്യാർത്ഥവേദ്യൻ നാഥൻ
നിഷ്‌ക്രിയൻ നിരാകാരൻ നിർജ്ജരനിഷേവിതൻ
നിഷ്‌കാമൻ നിയമിനാം ഹൃദയനിലയനൻ 630
അദ്വയനജനമൃതാനന്ദൻ നാരായണൻ
വിദ്വന്മാനസപത്മമധുപൻ മധുവൈരി
സത്യജ്ഞാനാത്നാ സമസ്തേശ്വരൻ സനാതനൻ
സത്വസഞ്ചയജീവൻ സനകാദിഭിസ്സേവ്യൻ
തത്വാർത്ഥബോധരൂപൻ സകലജഗന്മയൻ
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം.
നിന്തിരുവടിയുടെ ജഠരത്തിങ്കൽ നിത്യ-
മന്തമില്ലാതോളം ബ്രഹ്‌മാണ്ഡങ്ങൾ കിടക്കുന്നു.
അങ്ങനെയുളള ഭവാനെന്നുടെ ജഠരത്തി-
ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റീ! 640
ഭക്തന്മാർവിഷയമായുളെളാരു പാരവശ്യം
വ്യക്തമായ്‌ക്കാണായ്‌വന്നു മുഗ്‌ദ്ധയാമെനിക്കിപ്പോൾ.
ഭർത്തൃപുത്രാർത്ഥാകുലസംസാരദുഃഖാംബുധൌ
നിത്യവും നിമഗ്നയായത്യർത്ഥം ഭ്രമിക്കുന്നേൻ.
നിന്നുടെ മഹാമായതന്നുടെ ബലത്തിനാ-
ലിന്നു നിൻ പാദാംഭോജം കാണ്മാനും യോഗം വന്നു.
ത്വൽക്കാരുണ്യത്താൽ നിത്യമുൾക്കാമ്പിൽ വസിക്കേണ-
മിക്കാണാകിയ രൂപം ദുഷ്‌കൃതമൊടുങ്ങുവാൻ.
വിശ്വമോഹിനിയായ നിന്നുടെ മഹാമായ
വിശ്വേശ! മോഹിപ്പിച്ചീടായ്‌ക മാം ലക്ഷ്മീപതേ! 650
കേവലമലൌകികം വൈഷ്ണവമായ രൂപം
ദേവേശ! മറയ്‌ക്കേണം മറ്റുളേളാർ കാണുംമുമ്പേ.
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോര
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ!
പുത്രവാത്സല്യവ്യാജമായൊരു പരിചര-
ണത്താലേ കടക്കേണം ദുഃഖസംസാരാർണ്ണവം."
ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തുതിച്ചപ്പോൾ
ഭക്തവത്സലൻ പുരുഷോത്തമനരുൾചെയ്തുഃ

"മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ-
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും. 660
ദുർമ്മദം വളർന്നോരു രാവണൻതന്നെക്കൊന്നു
സമ്മോദം ലോകങ്ങൾക്കു വരുത്തിക്കൊൾവാൻ മുന്നം
ബ്രഹ്‌മശങ്കരപ്രമുഖാമരപ്രവരന്മാ
നിർമ്മലപദങ്ങളാൽ സ്തുതിച്ചു സേവിക്കയാൽ
മാനവവംശത്തിങ്കൽ നിങ്ങൾക്കു തനയനായ്‌
മാനുഷവേഷം പൂണ്ടു ഭൂമിയിൽ പിറന്നു ഞാൻ.
പുത്രനായ്‌ പിറക്കണം ഞാൻതന്നെ നിങ്ങൾക്കെന്നു
ചിത്തത്തിൽ നിരൂപിച്ചു സേവിച്ചു ചിരകാലം
പൂർവജന്മനി പുനരതുകാരണമിപ്പോ-
ളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു. 670
ദുർല്ലഭം മദ്ദർശനം മോക്ഷത്തിനായിട്ടുളേളാ,-
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം.
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊൾ-
കെന്നാൽ വന്നീടും മോക്ഷ,മില്ല സംശയമേതും.
യാതൊരു മർത്ത്യനിഹ നമ്മിലേ സംവാദമി-
താദരാൽ പഠിക്കതാൻ കേൾക്കതാൻ ചെയ്യുന്നതും
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും;
ചേതസി മരിക്കുമ്പോൾ മൽസ്മരണയുമുണ്ടാം."

ഇത്തരമരുൾചെയ്തു ബാലഭാവത്തെപ്പൂണ്ടു
സത്വരം കാലും കൈയും കുടഞ്ഞു കരയുന്നോൻ 680
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര-
വിന്ദലോചനൻ മുകുന്ദൻ പരമാനന്ദാത്മാ
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക-
വൃന്ദവന്ദിതൻ ഭൂവി വന്നവതാരംചെയ്താൻ.
നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്‌ക്തി-
സ്യന്ദനനഥ പരമാനന്ദാകുലനായാൻ
പുത്രജന്മത്തെച്ചൊന്ന ഭൃത്യവർഗ്ഗത്തിനെല്ലാം
വസ്‌ത്രഭൂഷണാദ്യഖിലാർത്ഥദാനങ്ങൾചെയ്താൻ.
പുത്രവക്ത്രാബ്‌ജം കണ്ടു തുഷ്ടനായ്‌ പുറപ്പെട്ടു
ശുദ്ധനായ്‌ സ്നാനംചെയ്തു ഗുരുവിൻ നിയോഗത്താൽ 690
ജാതകകർമ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെ-
ജ്ജാതനായിതു കൈകേയീസുതൻ പിറ്റേന്നാളും.
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു-
മമിത്രാന്തകൻ ദശരഥനും യഥാവിധി
ചെയ്തിതു ജാതകർമ്മം ബാലന്മാർക്കെല്ലാവർക്കും
പെയ്തിതു സന്തോഷംകൊണ്ടശ്രുക്കൾ ജനങ്ങൾക്കും.
സ്വർണ്ണരത്നൌഘവസ്‌ത്രഗ്രാമാദിപദാർത്ഥങ്ങ-
ളെണ്ണമില്ലാതോളം ദാനംചെയ്തു ഭൂദേവാനാം
വിണ്ണവർനാട്ടിലുമുണ്ടായിതു മഹോത്സവം
കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും. 700
സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ
രമിച്ചീടുന്നു നിത്യമെന്നോർത്തു വസിഷ്‌ഠനും
ശ്യാമളനിറംപൂണ്ട കോമളകുമാരനു
രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ;
ഭരണനിപുണനാം കൈകേയീതനയനു
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി;
ലക്ഷണാന്വിതനായ സുമിത്രാതനയനു
ലക്ഷ്മണനെന്നുതന്നെ നാമവുമരുൾചെയ്തു;
ശത്രുവൃന്ദത്തെ ഹനിച്ചീടുകനിമിത്തമായ്‌
ശത്രുഘ്നനെന്നു സുമിത്രാത്മജാവരജനും. 710
നാമധേയവും നാലുപുത്രർക്കും വിധിച്ചേവം
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാൻ.

സാമോദം ബാലക്രീഡാതൽപരന്മാരാംകാലം
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും
ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും
മരുവീടുന്നു പായസാംശാനുസാരവശാൽ
കോമളന്മാരായൊരു സോദരന്മാരുമായി
ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവൻ
കാരുണ്യാമൃതപൂർണ്ണാപാംഗവീക്ഷണം കൊണ്ടും
സാരസ്യാവ്യക്തവർണ്ണാലാപപീയൂഷം കൊണ്ടും 720
വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും
നിശ്ശേഷാനന്ദപ്രദദേഹമാർദ്ദവംകൊണ്ടും
ബന്ധൂകദന്താംബരചുംബനരസംകൊണ്ടും
ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും
ഭൂതലസ്ഥിതപാദാബ്‌ജദ്വയയാനംകൊണ്ടും
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും
താതനുമമ്മമാർക്കും നഗരവാസികൾക്കും
പ്രീതി നല്‌കിനാൻ സമസ്തേന്ദൃയങ്ങൾക്കുമെല്ലാം.
ഫാലദേശാന്തേ സ്വർണ്ണാശ്വത്ഥപർണ്ണാകാരമായ്‌
മാലേയമണിഞ്ഞതിൽ പേറ്റെടും കരളവും 730
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും
കർണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന
സ്വർണ്ണദർപ്പണസമഗണ്ഡമണ്ഡങ്ങളും
ശാർദ്ദൂലനഖങ്ങളും വിദ്രുമമണികളും
ചേർത്തുടൻ കാർത്തസ്വരമണികൾ മദ്ധേമദ്ധ്യേ
കോർത്തു ചാർത്തീടുന്നൊരു കാണ്‌ഠകണ്ഡോദ്യോതവും
മുത്തുമാലകൾ വനമാലകളോടുംപൂണ്ട
വിസ്‌തൃതോരസി ചാർത്തും തുളസീമാല്യങ്ങളും
നിസ്തൂലപ്രഭവത്സലാഞ്ഞ്‌ഛനവിലാസവും 740
അംഗദങ്ങളും വലയങ്ങൾ കങ്കണങ്ങളും
അംഗുലീയങ്ങൾകൊണ്ടു ശോഭിച്ച കരങ്ങളും
കാഞ്ചനസദൃശപീതാംബരോപരി ചാർത്തും
കാഞ്ചികൾ നൂപുരങ്ങളെന്നിവ പലതരം
അലങ്കാരങ്ങൾപൂണ്ടു സോദരന്മാരോടുമൊ-
രലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കു നാഥൻ.
ഭർത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയിൽ
പൊൽത്താർമാനിനിതാനും കളിച്ചുവിളങ്ങിനാൾ.
ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം
ഭൂതിയും വർദ്ധിച്ചിതു ലോകവുമാനന്ദിച്ചു. 750

ബാല്യവും കൗമാരവും 

ദമ്പതിമാരെബ്ബാല്യംകൊണ്ടേവം രഞ്ജിപ്പിച്ചു
സമ്പ്രതി കൌമാരവും സമ്പ്രാപിച്ചിതു മെല്ലെ.
വിധിനന്ദനനായ വസിഷ്‌ഠമഹാമുനി
വിധിപൂർവകമുപനിച്ചിതു ബാലനമാരെ.
ശ്രുതികളോടു പുനരംഗങ്ങളുപാംഗങ്ങൾ
സ്‌മൃതികളുപസ്‌മൃതികളുമശ്രമമെല്ലാം
പാഠമായതു പാർത്താലെന്തൊരത്ഭുത,മവ
പാടവമേറും നിജശ്വാസങ്ങൾതന്നെയല്ലോ.
സകലചരാചരഗുരുവായ്മരുവീടും
ഭഗവാൻ തനിക്കൊരു ഗുരുവായ്‌ ചമഞ്ഞീടും 760
സഹസ്രപത്രോത്ഭവപുത്രനാം വസിഷ്‌ഠന്റെ
മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോർത്താൽ!
ധനുവേദാംഭോനിധിപാരഗന്മാരായ്‌വന്നു
തനയന്മാരെന്നതു കണ്ടോരു ദശരഥൻ
മനസി വളർന്നൊരു പരമാനന്ദംപൂണ്ടു
മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്‌.
ആമോദം വളർന്നുളളിൽ സേവ്യസേവകഭാവം
രാമലക്ഷ്മണന്മാരും കൈക്കൊണ്ടാ,രതുപോലെ
കോമളന്മാരായ്മേവും ഭരതശത്രുഘ്നന്മാർ
സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം. 770
രാഘവനതുകാലമേകദാ കൌതൂഹലാൽ
വേഗമേറീടുന്നൊരു തുരഗരത്നമേറി
പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേർന്നു
ബാണതൂണീരഖഡ്‌ഗാദ്യായുധങ്ങളുംപൂണ്ട്‌
കാനനദേശേ നടന്നീടിനാൻ നായാട്ടിനാ-
യ്‌ക്കാണായ ദുഷ്‌ടമൃഗസഞ്ചയം കൊലചെയ്താൻ.
ഹരിണഹരികരികരടിഗിരികിരി
ഹരിശാർദ്ദൂലാദികളമിതവന്യമൃഗം
വധിച്ചു കൊണ്ടുവന്നു ജനകൻകാൽക്കൽവച്ചു
വിധിച്ചവണ്ണം സമസ്‌കരിച്ചു വണങ്ങിനാൻ. 780
നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു
ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം
ജനകജനനിമാർചരണാംബുജം വന്ദി-
ച്ചനുജനോടു ചേർന്നു പൌരകാര്യങ്ങളെല്ലാം
ചിന്തിച്ചു ദണ്ഡനീതിനീങ്ങാതെ ലോകം തങ്കൽ
സന്തതം രഞ്ജിപ്പിച്ചു ധർമ്മപാലനംചെയ്തു
ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേർന്നു
സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ
ധർമ്മശാസ്‌ത്രാദിപുരാണേതിഹാസങ്ങൾ കേട്ടു
നിർമ്മലബ്രഹ്‌മാനന്ദലീനചേതസാ നിത്യം 790
പരമൻ പരാപരൻ പരബ്രഹ്‌മാഖ്യൻ പരൻ
പുരുഷൻ പരമാത്മാ പരമാനന്ദമൂർത്തി
ഭൂമിയിൽ മനുഷ്യനായവതാരംചെയ്തേവം
ഭൂമിപാലകവൃത്തി കൈക്കൊണ്ടു വാണീടിനാൻ.
ചെതസാ വിചാരിച്ചുകാണ്‌കിലോ പരമാർത്ഥ-
മേതുമേ ചെയ്യുന്നോന,ല്ലില്ലല്ലോ വികാരവും
ചിന്തിക്കിൽ പരിണാമമില്ലാതൊരാത്മാനന്ദ-
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം!

വിശ്വാമിത്രന്റെ യാഗരക്ഷ 

അക്കാലം വിശ്വാമിത്രനാകിയ മുനികുല-
മുഖ്യനുമയോദ്ധ്യയ്‌ക്കാമ്മാറെഴുന്നളളീടിനാൻ, 800
രാമനായവനിയിൽ മായയാ ജനിച്ചൊരു
കോമളമായ രൂപംപൂണ്ടൊരു പരാത്മാനം
സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊൾവാൻ
ചിത്തത്തിൽ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ.
കൌശികൻതന്നെക്കണ്ടു ഭൂപതി ദശരഥ-
നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവുംചെയ്‌തു
വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ-
വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ
സസ്മിതം മുനിവരൻതന്നോടു ചൊല്ലീടിനാൻഃ
"അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്‌. 810
നിന്തിരുവടിയെഴുന്നളളിയമൂലം കൃതാ-
ർത്ഥാന്തരാത്മാവായിതു ഞാനിഹ തപോനിധേ!
ഇങ്ങനെയുളള നിങ്ങളെഴുന്നളളീടും ദേശം
മംഗലമായ്‌വന്നാശു സമ്പത്തും താനേ വരും.
എന്തോന്നു ചിന്തിച്ചെഴുന്നളളിയതെന്നുമിപ്പോൾ
നിന്തിരുവടിയരുൾചെയ്യേണം ദയാനിധേ!
എന്നാലാകുന്നതെല്ലാം ചെയ്‌വേൻ ഞാൻ മടിയാതെ
ചൊന്നാലും പരമാർത്ഥം താപസകുലപതേ!"
വിശ്വാമിത്രനും പ്രീതനായരുൾചെയ്തീടിനാൻ
വിശ്വാസത്തോടു ദശരഥനോടതുനേരംഃ 820
"ഞാനമാവാസ്യതോറും പിതൃദേവാദികളെ
ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോർ
മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര-
ന്മാരിരുവരുമനുചരന്മാരായുളേളാരും.
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
യവനീപതേ! രാമദേവനെയയയ്‌ക്കേണം.
പുഷ്‌കരോത്ഭവപുത്രൻതന്നോടു നിരൂപിച്ചു
ലക്ഷ്മണനേയുംകൂടെ നല്‌കേണം മടിയാതെ.
നല്ലതു വന്നീടുക നിനക്കു മഹീപതേ!
കല്യാണമതേ! കരുണാനിധേ! നരപതേ!" 830
ചിന്താചഞ്ചലനായ പങ്‌ക്തിസ്യന്ദനനൃപൻ
മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാൻഃ
"എന്തു ചൊൽവതു ഗുരോ! നന്ദനൻതന്നെ മമ
സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും
എത്രയും കൊതിച്ച കാലത്തിങ്കൽ ദൈവവശാൽ
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോൾ
നിർണ്ണയം മരിക്കും ഞാൻ രാമനെ നല്‌കീടാഞ്ഞാ-
ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രൻ.
എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടി
ചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം." 840

"എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം
സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!
മാനുഷനല്ല രാമൻ മാനവശിഖാമണേ!
മാനമില്ലാത പരമാത്മാവു സദാനന്ദൻ
പത്മസംഭവൻ മുന്നം പ്രാർത്ഥിക്കമൂലമായി
പത്മലോചനൻ ഭൂമീഭാരത്തെക്കളവാനായ്‌
നിന്നുടെ തനയനായ്‌ക്കൌസല്യാദേവിതന്നിൽ
വന്നവതരിച്ചിതു വൈകുണ്‌ഠൻ നാരായണൻ.
നിന്നുടെ പൂർവജന്മം ചൊല്ലുവൻ ദശരഥ!
മുന്നം നീ ബ്രഹ്‌മാത്മജൻ കശ്യപപ്രജാപതി 850
നിന്നുടെ പത്നിയാകുമദിതി കൌസല്യ കേ-
ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്‌
ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങൾ
മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.
ഭക്തവത്സലൻ ദേവൻ വരദൻ ഭഗവാനും
പ്രത്യക്ഷീകരിച്ചു 'നീ വാങ്ങിക്കൊൾ വര'മെന്നാൻ.
'പുത്രനായ്പിറക്കേണമെനിക്കു ഭവാ'നെന്നു
സത്വരമപേക്ഷിച്ചകാരണമിന്നു നാഥൻ
പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;
പൃത്ഥ്വീന്ദ്ര! ശേഷൻതന്നെ ലക്ഷ്മണനാകുന്നതും. 860
ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാർ
ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
യോഗമായാദേവിയും സീതയായ്‌ മിഥിലയിൽ
യാഗവേലായാമയോനിജയായുണ്ടായ്‌വന്നു.
ആഗതനായാൻ വിശ്വാമിത്രനുമവർതമ്മിൽ
യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.
എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും
പുത്രനെക്കൂടെയയച്ചീടുക മടിയാതെ."
സന്തുഷ്ടനായ ദശരഥനും കൌശികനെ
വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂർവം 870
'രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്‌ക്കൊണ്ടാലു'മെ-
ന്നാമോദം പൂണ്ടു നൽകി ഭൂപതിപുത്രന്മാരെ.
'വരിക രാമ! രാമ! ലക്ഷ്മണാ! വരിക'യെ-
ന്നരികേ ചേർത്തു മാറിലണച്ചു ഗാഢം ഗാഢം
പുണർന്നുപുണർന്നുടൻ നുകർന്നു ശിരസ്സിങ്കൽ
'ഗുണങ്ങൾ വരുവാനായ്പോവിനെന്നുരചെയ്താൻ.
ജനകജനനിമാർചരണാംബുജം കൂപ്പി
മുനിനായകൻ ഗുരുപാദവും വന്ദിച്ചുടൻ
വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാർ,
വിശ്വരക്ഷാർത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും. 880
ചാപതൂണീരബാണഖഡ്‌ഗപാണികളായ
ഭൂപതികുമാരന്മാരോടും കൌശികമുനി
യാത്രയുമയപ്പിച്ചാശീർവാദങ്ങളും ചൊല്ലി
തീർത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രൻ.
മന്ദം പോയ്‌ ചില ദേശം കടന്നോരനന്തരം
മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ
"രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേൾ
കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങൾ.
ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത
ദേഹങ്ങളല്ലോ മുന്നം നിങ്ങൾക്കെന്നതുമൂലം 890
ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്‌
മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും
ബാലകന്മാരേ! നിങ്ങൾ പഠിച്ചു ജപിച്ചാലും
ബലയും പുനരതിബലയും മടിയാതെ.
ദേവനിർമ്മിതകളീ വിദ്യക"ളെന്നു രാമ-
ദേവനുമനുജനുമുപദേശിച്ചു മുനി.
ക്ഷുൽപിപാസാദികളും തീർന്ന ബാലന്മാരുമാ-
യപ്പോഴേ ഗംഗ കടന്നീടിനാൻ വിശ്വാമിത്രൻ.

താടകാവധം 

താടകാവനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രൻഃ 900
"രാഘവ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം.
കാടിതു കണ്ടായോ നീ? കാമരൂപിണിയായ
താടക ഭയങ്കരി വാണിടും ദേശമല്ലൊ.
അവളെപ്പേടിച്ചാരും നേർവഴി നടപ്പീല
ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷ"മെന്നു മാമുനി പറഞ്ഞപ്പോൾ
മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം. 910
ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്‌.
അന്നേരമൊരു ശരമയച്ചു രാഘവനും
ചെന്നു താടകാമാറിൽ കൊണ്ടിതു രാമബാണം.
പാരതിൽ മല ചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടക വീണാളല്ലോ.
സ്വർണ്ണരത്നാഭരണഭൂഷിതഗാത്രിയായി
സുന്ദരിയായ യക്ഷിതന്നെയും കാണായ്‌വന്നു.
ശാപത്താൽ നക്തഞ്ചരിയായോരു യക്ഷിതാനും
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ. 920
കൌശികമുനീന്ദ്രനും ദിവ്യാസ്‌ത്രങ്ങളെയെല്ലാ-
മാശു രാഘവനുപദേശിച്ചു സലക്ഷ്മണം.
നിർമ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.

രാത്രിയും പിന്നിട്ടവർ സന്ധ്യാവന്ദനംചെയ്തു
യാത്രയും തുടങ്ങിനാരാസ്ഥയാ പുലർകാലേ.
പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
പ്രേമമുൾക്കൊണ്ടു മുനിമാരും സല്‌ക്കാരംചെയ്താർ. 930
വിശ്രമിച്ചനന്തരം രാഘവൻതിരുവടി
വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുൾചെയ്തുഃ
"താപസോത്തമ, ഭവാൻ ദീക്ഷിക്ക യാഗമിനി
താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാൽ
നഷ്ടമാക്കുവൻ ബാണംകൊണ്ടു ഞാൻ തപോനിധേ!"
യാഗവും ദീക്ഷിച്ചിതു കൌശികനതുകാല-
മാഗമിച്ചിതു നക്തഞ്ചരന്മാർ പടയോടും.
മദ്ധ്യാഹ്നകാലേ മേൽഭാഗത്തിങ്കൽനിന്നുമത്ര
രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം. 940
പാരാതെ രണ്ടു ശരം തൊടുത്തു രാമദേവൻ
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാൻ.
കോന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാൻ.
ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
ഖിന്നനായേറിയൊരു യോജന പാഞ്ഞാനവൻ.
അർണ്ണവംതന്നിൽ ചെന്നു വീണിതു, രാമബാണ-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്‌.
പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാൻ. 950
ഭക്തവത്സലനഭയംകൊടുത്തതുമൂലം
ഭക്തനായ്‌വന്നാനന്നുതുടങ്ങി മാരീചനും.
പറ്റലർകുലകാലനാകിയ സൌമിത്രിയും
മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാൽ.
ദേവകൾ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താൽ
ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
യക്ഷകിന്നരസിദ്ധചാരണഗന്ധർവൻമാർ
തൽക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാർ.
വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണർ-
ന്നശ്രുപൂർണ്ണാർദ്രാകുലനേത്രപത്മങ്ങളോടും 960
ഉത്സംഗേ ചേർത്തു പരമാശീർവാദവുംചെയ്തു
വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താൽ.
ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങൾ
പറഞ്ഞു രസിപ്പിച്ചു കൌശികനവരുമായ്‌.
അരുൾചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
"അരുതു വൃഥാ കാലം കളകെന്നുളളതേതും.
ജനകമഹീപതിതന്നുടെ മഹായജ്ഞ-
മിനി വൈകാതെ കാണ്മാൻ പോക നാം വത്സന്മാരേ!
ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
വില്ലുണ്ടു വിടേഹരാജ്യത്തിങ്കലിരിക്കുന്നു. 970
ശ്രീമഹാദേവൻതന്നെ വച്ചിരിക്കുന്നു പുരാ
ഭൂമിപാലേന്ദ്രന്മാരാലർച്ചിതമനുദിനം.
ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാൻ
കാണണം മഹാസത്വമാകിയ ധനൂരത്നം."
താപസേന്ദ്രന്മാരോടുമീവണ്ണമരുൾചെയ്തു
ഭൂപതിബാലന്മാരും കൂടെപ്പോയ്‌ വിശ്വാമിത്രൻ
പ്രാപിച്ചു ഗംഗാതീരം ഗൌതമാശ്രമം തത്ര
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
ദിവ്യപാദപലതാകുസുമഫലങ്ങളാൽ
സർവമോഹനകരം ജന്തുസഞ്ചയഹീനം
കണ്ടു കൌതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി- 980
പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുൾചെയ്തുഃ
"ആശ്രമപദമിദമാർക്കുളള മനോഹര-
മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും.
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
തത്ത്വമെന്തെന്നതരുൾചെയ്യേണം താപോനിധേ!"

അഹല്യാമോക്ഷം 

എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു
പന്നഗശായി പരൻതന്നോടു പരമാർത്ഥം:
"കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ
വാട്ടമില്ലാത തപസ്സുളള ഗൌതമമുനി 990
ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര
മംഗലം വർദ്ധിച്ചീടും തപസാ വാഴുംകാലം
ലോകേശൻ നിജസുതയായുളേളാരഹല്യയാം
ലോകസുന്ദരിയായി ദിവ്യകന്യകാരത്നം
ഗൌതമമുനീന്ദ്രനു കൊടുത്തു വിധാതാവും;
കൌതുകംപൂണ്ടു ഭാര്യാഭർത്താക്കന്മാരായവർ.
ഭർത്തൃശുശ്രൂഷാബ്രഹ്‌മചര്യാദിഗുണങ്ങൾ ക-
ണ്ടെത്രയും പ്രസാദിച്ചു ഗൌതമമുനീന്ദ്രനും
തന്നുടെ പത്നിയായോരഹല്യയോടും ചേർന്നു
പർണ്ണശാലയിലത്ര വസിച്ചു ചിരകാലം. 1000
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാൻ.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖൻ
ചെന്താർബാണാർത്തികൊണ്ടു സന്താപം മുഴുക്കയാൽ
സന്തതം മനക്കാമ്പിൽ സുന്ദരഗാത്രീരൂപം
ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ്‌ വന്നാനല്ലോ.
അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-
ളന്തരം വരാതെയൊരന്തരമെന്തെന്നോർത്തു 1010
ലോകേശാത്മജസുതനന്ദനനുടെ രൂപം
നാകനായകൻ കൈക്കൊണ്ടന്ത്യയാമാദിയിങ്കൽ
സന്ധ്യാവന്ദനത്തിനു ഗൌതമൻ പോയനേര-
മന്തരാ പുക്കാനുടജാന്തരേ പരവശാൽ.
സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം
സത്വരം പുറപ്പെട്ടനേരത്തു ഗൌതമനും
മിത്രൻതന്നുദയമൊട്ടടുത്തീലെന്നു കണ്ടു
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്‌വന്നു
വൃത്രാരാതിക്കു മുനിശ്രേഷ്‌ഠനെ ബലാലപ്പോൾ
വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാൻ. 1020
തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവൻ-
തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും
'നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാർത്ഥം.
വല്ലാതെ മമ രൂപം കൈക്കൊൾവാനെന്തു മൂലം?
നിർല്ലജ്ജനായ ഭവാനേതൊരു മഹാപാപി?
സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ
വൃത്താന്തം പറയായ്‌കിൽ ഭസ്മമാക്കുവേനിപ്പോൾ."
ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി
'സ്വർല്ലോകാധിപനായ കാമകിങ്കരനഹം 1030
വല്ലായ്‌മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-
ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ!'
'സഹസ്രഭഗനായി ബ്‌ഭവിക്ക ഭവാനിനി-
സ്സഹിച്ചീടുക ചെയ്ത ദുഷ്‌കർമ്മഫലമെല്ലാം.'
തപസ്വീശ്വരനായ ഗൌതമൻ ദേവേന്ദ്രനെ-
ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും
വേപഥുപൂണ്ടു നില്‌ക്കുന്നതുകണ്ടരുൾചെയ്തു
താപസോത്തമനായ ഗൌതമൻ കോപത്തോടെഃ
'കഷ്ടമെത്രയും തവ ദുർവൃത്തം ദുരാചാരേ!
ദുഷ്ടമാനസേ! തവ സാമർത്ഥ്യം നന്നു പാരം. 1040
ദുഷ്‌കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവൻ
നിഷ്‌കൃതിയായുളെളാരു ദുർദ്ധരമഹാവ്രതം.
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
രാമപാദാബ്‌ജം ധ്യാനിച്ചിവിടെ വസിക്കേണം.
നീഹാരാതപവായുവർഷാദികളും സഹി-
ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ്‌ വരാ
കാനനദേശേ മദീയാശ്രമേ മനോഹരേ.
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-
ളിങ്ങെഴുന്നളളും രാമദേവനുമനുജനും. 1050
ശ്രീരാമപാദാംഭോജസ്പർശമുണ്ടായീടുന്നാൾ
തീരും നിൻ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി
നാഥനെ സ്തുതിക്കുമ്പോൾ ശാപമോക്ഷവും വന്നു
പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം.'
എന്നരുൾചെയ്തു മുനി ഹിമവൽപാർശ്വം പുക്കാ-
നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.
നിന്തിരുമലരടിച്ചെന്തളിർപ്പൊടിയേൽപാ-
നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളിൽ. 1060
സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു
സന്തോഷസന്താനസന്താനമേ ചിന്താമണേ!
ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്‌
ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന
ബ്രഹ്‌മനന്ദനയായ ഗൌതമപത്നിയുടെ
കൽമഷമശേഷവും നിന്നുടെ പാദങ്ങളാൽ
ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ
നിർമ്മലയായ്‌വന്നീടുമഹല്യാദേവിയെന്നാൽ."

ഗാഥിനന്ദനൻ ദാശരഥിയോടേവം പറ-
ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാൻ. 1070
ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ-
മഗ്രേ കാൺകെന്നു കാട്ടിക്കൊടുത്തു മുനിവരൻ.
ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവൻ
ശ്രീപതി രഘുപതി സൽപതി ജഗൽപതി.
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥൻ
കോമളരൂപൻ മുനിപത്നിയെ വണങ്ങിനാൻ.
അന്നേരം നാഥൻതന്നെക്കാണായിതഹല്യയ്‌ക്കും
വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.
താപസശ്രേഷ്‌ഠനായ കൌശികമുനിയോടും
താപസഞ്ചയം നീങ്ങുമാറു സോദരനോടും. 1080
ശാപനാശനകരനായൊരു ദേവൻതന്നെ-
ച്ചാപബാണങ്ങളോടും പീതമാം വസ്‌ത്രത്തോടും
ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും
ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും
വാസവനീലമണിസങ്കാശഗാത്രത്തോടും
വാസവാദ്യമരൌഘവന്ദിതപാദത്തോടും
പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും
ഭക്തവത്സലൻതന്നെക്കാണായിതഹല്യയ്‌ക്കും.
തന്നുടെ ഭർത്താവായ ഗൌതമതപോധനൻ
തന്നോടു മുന്നമുരചെയ്തതുമോർത്താളപ്പോൾ. 1090
നിർണ്ണയം നാരായണൻതാനിതു ജഗന്നാഥ-
നർണ്ണോജവിലോചനൻ പത്മജാമനോഹരൻ
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ
സത്വരമർഘ്യാദികൾകൊണ്ടു പൂജിച്ചീടിനാൾ.
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും
സന്താപം തീർന്നു ദണ്ഡനമസ്‌കാരവും ചെയ്താൾ.
ചിത്തകാമ്പിങ്കലേറ്റം വർദ്ധിച്ച ഭക്തിയോടു-
മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും
വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും
വ്യക്തമല്ലാതെ വന്ന ഗദ്‌ഗദവർണ്ണത്തോടും. 1100
അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു
സദ്യോജാതാനന്ദാബ്ധിമഗ്നയായ്‌ സ്തുതിചെയ്താൾ

അഹല്യാസ്തുതി 

"ഞാനഹോ കൃതാർത്ഥയായേൻ ജഗന്നാഥ! നിന്നെ-
ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ലാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ-
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ
സിദ്ധിച്ചു ഭവൽപ്രസാദാതിരേകത്താലതി-
ന്നെത്തുമോ ബഹുകൽപകാലമാരാധിച്ചാലും?
ചിത്രമെത്രയും തവ ചേഷ്ടിതം ജഗൽപതേ!
മർത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം. 1110
ആനന്ദമയനായോരതിമായികൻ പൂർണ്ണൻ
ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാൻ.
ത്വൽപാദാംബുജപാംസുപവിത്രാഭാഗീരഥി
സർപ്പഭൂഷണവിരിഞ്ചാദികളെല്ലാരെയു
ശുദ്ധമാക്കീടുന്നതും ത്വൽപ്രഭാവത്താലല്ലോ;
സിദ്ധിച്ചേനല്ലോ ഞാനും സ്വൽപാദസ്പർശമിപ്പോൾ.
പണ്ടു ഞാൻ ചെയ്ത പുണ്യമെന്തു വർണ്ണിപ്പതു വൈ-
കുണ്‌ഠ! തൽകുണ്‌ഠാത്മനാം ദുർല്ലഭമുർത്തേ! വിഷ്ണോ!
മർത്ത്യനായവതരിച്ചോരു പൂരുഷം ദേവം
ചിത്തമോഹനം രമണീയദേഹിനം രാമം 1120
ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുർദ്ധരം
തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം
നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം
ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
യാതൊരു പാദാംബുജമാരായുന്നിതു വേദം,
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും,
യാതൊരു നാമം ജപിക്കുന്നിതു മഹാദേവൻ,
ചേതസാ തത്സ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ.
നാരദമുനീന്ദ്രനും ചന്ദ്രശേഖരൻതാനും
ഭാരതീരമണനും ഭാരതീദേവിതാനും 1130
ബ്രഹ്‌മലോകത്തിങ്കൽനിന്നന്വഹം കീർത്തിക്കുന്നു
കൽമഷഹരം രാമചരിതം രസായനം
കാമരാഗാദികൾ തീർന്നാനന്ദം വരുവാനായ്‌
രാമദേവനെ ഞാനും ശരണംപ്രാപിക്കുന്നേൻ.
ആദ്യനദ്വയനേകനവ്യക്തനനാകുലൻ
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യൻ
പരമൻ പരാപരൻ പരമാത്മാവു പരൻ
പരബ്രഹ്‌മാഖ്യൻ പരമാനന്ദമൂർത്തി നാഥൻ
പൂരുഷൻ പുരാതനൻ കേവലസ്വയംജ്യോതി-
സ്സകലചരാചരഗുരു കാരുണ്യമൂർത്തി 1140
ഭൂവനമനോഹരമായൊരു രൂപം പൂണ്ടു
ഭൂവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാൻ.
അങ്ങനെയുളള രാമചന്ദ്രനെസ്സദാകാലം
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേൻ മനസി ഞാൻ.
സ്വതന്ത്രൻ പരിപൂർണ്ണനാനന്ദനാത്മാരാമ-
തനന്ദ്രൻ നിജമായാഗുണബിംബിതനായി
ജഗദുത്ഭവസ്ഥിതിസംഹാരാദികൾ ചെയ്‌വാ-
നഖണ്ഡൻ ബ്രഹ്‌മവിഷ്ണുരുദ്രനാമങ്ങൾ പൂണ്ടു
ഭേദരൂപങ്ങൾ കൈക്കൊണ്ടൊരു നിർഗ്ഗുണമൂർത്തി
വേദാന്തവേദ്യൻ മമ ചേതസി വസിക്കേണം. 1150
രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
ശ്രീമയം ശ്രീദേവീപാണിദ്വയപത്‌മാർച്ചിതം.
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
മാനാർത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
ബ്രഹ്‌മാവിൻ കരങ്ങളാൽ ക്ഷാളിതം പത്മോപമം
നിർമ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
മന്മനോനികേതനം കൽമഷവിനാശനം
നിർമ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
ജഗദാശ്രയം ഭവാൻ ജഗത്തായതും ഭവാൻ
ജഗതാമാദിഭൂതനായതും ഭവാനല്ലോ. 1160
സർവഭൂതങ്ങളിലുമസക്തനല്ലോ ഭവാൻ
നിർവികാരാത്മാ സാക്ഷിഭൂതനായതും ഭവാൻ.
അജനവ്യയൻ ഭവാനജിതൻ നിരഞ്ജനൻ
വചസാം വിഷമമല്ലാതൊരാനന്ദമല്ലോ.
വാച്യവാചകോഭയഭേദേന ജഗന്മയൻ
വാച്യനായ്‌വരേണമേ വാക്കിനു സദാ മമ.
കാര്യകാരണകർത്തൃഫലസാധനഭേദം
മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
കേവലമെന്നാകിലും നിന്തിരുവടിയതു
സേവകന്മാർക്കുപോലുമറിയാനരുതല്ലോ. 1170
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാ
ത്വന്മാഹാത്മ്യങ്ങൾ നേരേയറിഞ്ഞുകൂടായല്ലോ.
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
മാനുഷനെന്നു കൽപിച്ചീടുവോരജ്ഞാനികൾ.
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
ശുദ്ധനദ്വയൻ സമൻ നിത്യൻ നിർമ്മലനേകൻ
ബുദ്ധനവ്യക്തൻ ശാന്തനസംഗൻ നിരാകാരൻ
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തൻ
സത്വങ്ങളുളളിൽ വാഴും ജീവാത്മാവായ നാഥൻ 1180
ഭക്താനാം മുക്തിപ്രദൻ യുക്താനാം യോഗപ്രദൻ
സക്താനാം ഭുക്തിപ്രദൻ സിദ്ധാനാം സിദ്ധിപ്രദൻ
തത്ത്വാധാരാത്മാ ദേവൻ സകലജഗന്മയൻ
തത്ത്വജ്ഞൻ നിരുപമൻ നിഷ്‌കളൻ നിരഞ്ജനൻ
നിർഗ്ഗുണൻ നിശ്ചഞ്ചലൻ നിർമ്മലൻ നിരാധാരൻ
നിഷ്‌ക്രിയൻ നിഷ്‌കാരണൻ നിരഹങ്കാരൻ നിത്യൻ
സത്യജ്ഞാനാനന്താനന്ദാമൃതാത്മകൻ പരൻ
സത്താമാത്രാത്മാ പരമാത്മാ സർവ്വാത്മാ വിഭൂ
സച്ചിദ്‌ബ്രഹ്‌മാത്മാ സമസ്തേശ്വരൻ മഹേശ്വര-
നച്യുതനാദിനാഥൻ സർവദേവതാമയൻ 1190
നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ
യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
പൊൻത്തളിരടികളിലിളക്കം വരാതൊരു
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
നർത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ
നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
നമസ്തേ രാമരാമ! ഭക്തവത്സല! രാമ! 1200
നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
നമസ്തേ നാരായണ! സന്തതം നമോസ്തുതേ.
സമസ്തകർമ്മാർപ്പണം ഭവതി കരോമി ഞാൻ
സമസ്തമപരാധം ക്ഷമസ്വ ജഗൽപതേ!
ജനനമരണദുഃഖാപഹം ജഗന്നാഥം
ദിനനായകകോടിസദൃശപ്രഭം രാമം
കരസാരസയുഗസുധൃതശരചാപം
കരുണാകരം കാളജലദഭാസം രാമം
കനകരുചിരദിവ്യാംബരം രമാവരം
കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം 1210
കമലദലലോലവിമലവിലോചനം
കമലോത്ഭവനതം മനസാ രാമമീഡേ."

പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
പുരുഷോത്തമം കൂപ്പി സ്തുതിച്ചാൽ ഭക്തിയോടേ
ലോകേശാത്മജയാകുമഹല്യതാനും പിന്നെ
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്‌.
ഗൌതമനായ തന്റെ പതിയെ പ്രാപിച്ചുട-
നാധിയും തീർത്തു വസിച്ചീടിനാളഹല്യയും.
ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാൻ
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടൻ 1220
പരമം ബ്രഹ്‌മാനന്ദം പ്രാപിക്കുമത്രയല്ല
വരുമൈഹികസൌഖ്യം പുരുഷന്മാർക്കു നൂനം.
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
ണ്ടീ സ്തുതി ജപിച്ചീടിൽ സാധിക്കും സകലവും.
പുത്രാർത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
മർത്ഥാർത്ഥി ജപിച്ചീടിലർത്ഥവുമേറ്റമുണ്ടാം.
ഗുരുതൽപഗൻ കനകസ്തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
പുരുഷാധമനേറ്റമെങ്കിലുമവൻ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം 1230
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
ച്ചാദരാൽ വണങ്ങുകിൽ സാധിക്കുമല്ലോ മോക്ഷം.
സദ്വഹൃത്തനെന്നായീടിൽ പറയേണമോ മോക്ഷം
സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.

സീതാസ്വയംവരം 
വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോൾ
വിശ്വനായകൻ തന്നോടീവണ്ണമരുൾ ചെയ്‌താൻ:
"ബാലകന്മാരെ!പോക മിഥിലാപുരിക്കു നാം
കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ.
യാഗവും മഹദേവചാപവും കണ്ടുപിന്നെ
വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണാം."
ഇത്തരമരുൾചെയ്‌തു ഗംഗയും കടന്നവർ
സത്വരം ചെന്നു മിഥിലാപുരമകം പുക്കു.
മുനിനായകനായ കൗശികൻ വിശ്വാമിത്രൻ
മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം
മനസി നിറഞ്ഞൊരു പരമാനന്ദത്തോടും
ജനകമഹീപതി സംഭ്രമസന്വിതം
പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു-
മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം
ആമോദപൂർവ്വം പൂജിച്ചാചാരംപൂണ്ടുനിന്ന
രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും
സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര-
നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും:
'കന്ദർപ്പൻ കണ്ടു വന്ദിച്ചീടിന ജഗദേക-
സുന്ദരന്മാരാമിവരാരെന്നു കേൾപ്പിക്കേണം.
നരനാരയണന്മാരാകിയ മൂർത്തികളോ
നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോൾ?'
വിശ്വാമിതനുമതു കേട്ടരുൾചെയ്‌തീടിനാൻ:
'വിശ്വസിച്ചാലും മമ വാക്യം നീ നരപതേ!
വീരനാം ദശരഥൻ‍തന്നുടെ പുത്രന്മാരിൽ
ശ്രീരാമൻ ജ്യേഷ്‌ഠനിവൻ ലക്ഷ്‌മണൻ മൂന്നാമവൻ.
എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാൻ
ചെന്നു കൂട്ടിക്കൊണ്ടുപോന്നീടിനാനിതുകാലം.
കാടകംപുക്കനേരം വന്നൊരു നിശാചരി
താടകതൻനെയൊരു ബാണംകൊണ്ടെയ്‌തു കൊന്നാൻ.
പേടിയും തീർന്നു സിദ്ധാശ്രമം പുക്കു യാഗ-
മാടൽകൂടാതെ രക്ഷിച്ചീടിനാൻ വഴിപോലെ
ശ്രീപാദാംബുജരജഃസ്‌പൃഷ്ടികൊണ്ടഹല്യതൻ
പാപവും നശിപ്പിച്ചു പാവനയാക്കീടിനാൻ
പരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളിൽ
പരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം.'
ഇത്തരം വിശ്വാമിത്രൻതന്നുടെ വാക്യം കേട്ടു
സത്വരം ജനകനും പൂജിച്ചുവഴിപോലെ
സൽക്കാരായോഗ്യന്മാരാം രജപുത്രന്മാരെക്ക-
ണ്ടുൾക്കുരുന്നിങ്കൽ പ്രീതി വർദ്ധിച്ച ജനകനും
തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചു
"ചെന്നു നീ വരുത്തേണമീശ്വരനുടെ ചാപം"
എന്നതുകേട്ടു മന്ത്രിപ്രവരൻ നടകൊണ്ടാ-
നന്നേരം ജനകനും കൗശികനോടു ചൊന്നാൻ:
"രാജനന്ദനനായ ബാലകൻ രഘുവരൻ
രാജീവലോചനൻ സുന്ദരൻ ദാശരഥി
വില്ലിതുകുലച്ചുടൻ വലിച്ചു മൂറിച്ചീടിൽ
വല്ലഭനിവൻ മമ നന്ദനയ്‌ക്കെന്നു നൂനം."
"എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോൾ
വില്ലിഹ വരുത്തീടു"കെന്നരുൾചെയ്തു മുനി.
കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും
ഹുങ്കാരത്തോടു വന്നു ചാപവാഹകൻമാരും
സത്വരമയ്യായിരം കിങ്കരന്മാരും കൂടി
മൃത്യുശാസനചഅപമെടുത്തു കൊണ്ടുവന്നാർ.
ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം
കണ്ടാലും ത്രൈയംബകമെന്നിതു മന്ത്രീന്ദ്രനും.
ചന്ദ്രശേഖരനുടെ പള്ളിവിൽ കണ്ടു രാമ-
ചന്ദ്രനുമാനന്ദമുൾക്കൊണ്ടു വന്ദിച്ചീടിനാൻ.
"വില്ലെടൂക്കമോ? കുലച്ചീടാമോ? വലിക്കാമോ?
ചൊല്ലുകെ"ന്നതു കേട്ടുചൊല്ലിനാൻ വിശ്വാമിത്രൻ:
'എല്ലാമാ,മാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ'.
മന്ദഹാസവും പൂണ്ടു രാഘവനിതു കേട്ടു
മന്ദംമന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം.
ജ്വലിച്ച തേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം
നിന്നരുലുന്നനേരമീരേഴുലോകങ്ങളു-
മൊന്നു മാറ്റൊലിക്കൊണ്ടു, വിസ്മയപ്പെട്ടു ജനം
പാട്ടുമാട്ടവും കൂത്തും പുഷ്‌പവൃഷ്‌ടിയുമോരോ
കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളൂം
ദേവകലൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
ദേവനെസേവിക്കയുമപ്‌സരസ്ത്രീകളെല്ലാം
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
ഹോത്സവാരംഭഘോഷം കണ്ടു കൗതുകം പൂണ്ടാർ.
ജനകൻ ജഗത്‌സ്വാമിയാകിയ ഭഗവാനെ-
ജ്ജനസംസദി ഗാഢാശ്ലേഷവും ചെയ്താനല്ലോ.
ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്പ്പേടപോലെ സന്തോഷംപൂണ്ടാൾ
കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും.
മൈഥിലിതന്നെപ്പരിചാരികമാരും നിജ-
മാതാക്കന്മാരും കൂടി നന്നായിചമയിച്ചാർ.
സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വർണ്ണമാലയും ധരിച്ചാദരഅൽ മന്ദം മന്ദ-
മർണ്ണോജനേത്രൻ മുൻപിൽ സത്രപം വിനീതയായ്‌
വന്നുടൻ നേത്രോത്പലമാലയുമിട്ടാൾ മുന്നേ,
പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ
മാലയും ധരിച്ചു നീലോല്പലകാന്തി തേടും
ബാലകൻ ശ്രീരാമനുമേറ്റവും വിളങ്ങീടിനാൻ.
ഭൂമിനന്ദനയ്‌ക്കനുരൂപനായ് ശോഭിച്ചീടും
ഭൂമിപാലകബാലൻതന്നെക്കണ്ടവർകളും
ആനന്ദാബുധിതന്നിൽ വീണുടൻ മുഴുകിനാർ
മാനവവീരൻ വാഴ്‌കെന്നാശിയും ചൊല്ലീടിനാർ
അന്നേരം വിശ്വാമിത്രൻ തന്നോടു ജനകനും
വന്ദിച്ചുചൊന്നാ "നിനിക്കാലത്തെക്കളയാതെ
പത്രവും കൊടുത്തയച്ചീടേണം ദൂതന്മാരെ-
സ്സത്വരം ദശരഥഭൂപനെ വരുത്തുവാൻ."
വിശ്വാമിത്രനും മിഥിലാധിപൻതാനും കൂടി
വിശ്വാസം ദശരഥൻ തനിക്കു വരുംവണ്ണം
നിശ്ശേഷ വൃത്താന്തങ്ങളെഴുതിയയച്ചിതു
വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും.
സാകേതപുരി പുക്കു ഭൂപാലൻതന്നെക്കണ്ടു
ലോകൈകാധിപൻകൈയിൽ കൊടുത്തു പത്രമതും
സന്ദേശം കൺറ്റു പംക്തിസ്യന്ദനന്താനുമിനി-
സ്സന്ദേഹമില്ല പുറപ്പെടുകെന്നുരചെയ്തു.
അഗ്നിമാനുപാദ്ധ്യായനഅകിയ വസിഷ്‌ഠനും
പത്നിയാമരുന്ധതിതഅനുമായ് പുറപ്പെട്ടു.
കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും
കൗസല്യാദികളായ ഭാര്യമാരോടും കൂടി
ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും
പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും
മിഥിലാപുരമകം പുക്കിതു ദശരഥൻ
മിഥിലാധിപൻതാനും ചെന്നെതിരേറ്റുകൊണ്ടാൻ.
വന്ദിച്ചു ശതാനന്ദൻ തന്നോടും കൂടെച്ചെന്നു
വന്ദ്യനാം വസിഷ്‌ഠനെത്തദനു പത്നിയേയും
അർഘ്യാപാദ്യാദികളാലർപ്പിച്ചു യഥാവിധി
സത്ക്കരിച്ചിതു തഥായോഗ്യമുർവ്വീന്ദ്രൻതാനും.
രാമലക്ഷ്‌മണന്മാരും വന്ദിച്ചു പിതാവിനെ-
സ്സാമോദം വസിഷ്‌ഠനാമാചാര്യപാദാംബ്ജവും
തൊഴുതു മാതൃജനങ്ങളേയും യഥാക്രമം
തൊഴുതു ശ്രീരാമപാദാംഭോജമനുജന്മാർ.
തൊഴുതു ഭരതനെ ലക്ഷ്‌മണകുമാരനും
തൊഴുതു ശത്രുഘ്‌നനും ലക്ഷ്‌മണപാദാംഭോജം.
വക്ഷസി ചേർത്തു താതൻ രാമനെപ്പുണർന്നിട്ടു
ലക്ഷ്‌മണനെയും ഗാഢാശ്ലേഷവും ചെയ്തീടിനാൻ
ജനകൻ ദശരഥൻ തന്നുടെ കൈയുംപിടി-
ച്ചനുമോദത്തോടുരചെയ്തിതു മധുരമായ്‌:
"നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്‌
നാലുപുത്രന്മാർ ഭവാൻതനിക്കുണ്ടല്ലോതാനും
ആകയാൽ നാലു കുമാരന്മാർക്കും വിവാഹം ചെ-
യ്‌താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട."
വസിഷ്‌ഠൻതാനും ശതാനന്ദനും കൗശികനും
വിധിച്ചു ഘൂർത്തവും നാല്വർക്കും യഥാക്രമം
ചിത്രമായിരിപ്പൊരു മണ്ഡപമതും തീർത്തു
മുത്തുമാലകൾ പുഷ്പഫലങ്ങൾ തൂക്കി നാനാ-
രത്നമഡിതസ്തംഭതോരണങ്ങളും നാട്ടി
രത്നമഡിതസ്വർണ്ണപീഠവും വച്ചു ഭക്ത്യാ
ശ്രീരാമപാദാംഭോജം കഴുകിച്ചനന്തരം
ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും
ഹോമവും കഴിച്ചു തൻപുത്രിയാം വൈദേഹിയെ
രാമനു നൽകീടിനാൻ ജനകമഹീന്ദ്രനും.
തല്പാദതീർത്ഥം നിജ ശിരസി ധരിച്ചുട-
നാൾപുളകാംഗത്തോടെ നിന്നിതു ജനകനും.
യാതൊരു പാദതീർത്ഥം ശിരസി ധരിക്കുന്നു
ഭൂതേശവിധിമുനീന്ദ്രാദികൾ ഭക്തിയോടെ.
ഊർമ്മിളതന്നെ വേട്ടു ലക്ഷ്‌മണകുമാരനും
കാമ്യാംഗിമാരാം ശ്രുതകീർത്തിയും മാണ്ഡവിയും
ഭരതശറ്ഋരുഘ്‌നന്മാർതന്നുടെ പത്നിമാരായ്;
പരമാനന്ദംപൂണ്ടു വസിച്ചാരെല്ലാവരും.
കൗശികാത്മജനോടും വസിഷ്‌ഠനോടും കൂടി
വിശദസ്മിതപൂർവ്വം പറഞ്ഞു ജനകനും:
"മുന്നം നാരദനരുൾചെയ്തു കേട്ടിരിപ്പു ഞാ-
നെന്നുടെ മകളായ സീതാവൃത്താന്തമെല്ലാം
യാഗഭൂദേശം വിശുദ്ധ്യാർത്ഥമായുഴുതപ്പോ-
ളേകദാ സീതാമദ്ധ്യേ കാണായി കന്യാരത്നം
ജാതയായൊരു ദിവ്യകന്യകതനിക്കു ഞാൻ
സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം
പുത്രിയായ് വളർത്തു ഞാനിരിക്കും കാലത്തിങ്ക-
ലത്ര നാരദനെഴുന്നള്ളിനാനൊരുദിനം
എന്നോടു മഹാമുനിതാനരുൾചയ്‌താനപ്പോൾ:
'നിന്നുടെ മകളായ സീതാവൃത്താന്തം കേൾ നീ
പരമാനന്ദമൂർത്തി ഭഗവാൻ നാരായണൻ
പരമാത്മാവാമജൻ ഭക്തവത്സലൻ നാഥൻ
ദേവകാര്യാർത്ഥം പംക്തികണ്ഠനിഗ്രഹത്തിനഅയ്
ദേവേന്ദ്രവിരിഞ്ചരുദ്രാദികളർത്ഥിക്കയാൽ
ഭൂമിയിൽ സൂര്യാന്വയേ വന്നവതരിച്ചിതു
രാമനായ് മായാമർത്ത്യവേഷമ്പൂണ്ടറിഞ്ഞാലും.
യോഗേശ്വരൻ മനുഷ്യനായിടുമ്പോളതുകാലം
യോഗമായാദേവിയും മാനുഷവേഷത്തോടെ
ജാതയായിതു തവ വേശ്മനി തൽക്കാരണത്താൽ
സാദരം ശ്രീരാമനു കൊടുക്ക മടിയാതെ'
ഇത്ഥം നാരദനരുളിച്ചെയ്‌തു മറഞ്ഞിതു
പുത്രിയായ് വളർത്തിതു ഭക്തികൈക്കൊണ്ടു ഞാനും
സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ!
ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു?
എന്നതോർത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി
പന്നഗവിഭൂഷണൻതന്നനുഗ്രഹശക്ത്യാ.
മൃത്യുശാസനാചഅപം മുറിച്ചീടുന്ന പുമാൻ
ഭർത്താവാകുന്നതു മല്പുത്രിക്കെന്നൊരു പണം
ചിത്തത്തിൽ നിരൂപിച്കുവരുത്തി നൃപന്മാരെ
ശക്തിയില്ലിതിനെന്നു പൃഥ്വീപാലകന്മാരും
ഉദ്ധതഭാവമെല്ലാമകലെക്കളഞ്ഞുടൻ
ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരല്ലോ
അത്ഭുതപുരുഷനാമുല്പലനേത്രൻതന്നെ
ത്വല്പ്രസാദത്തിലിന്നു സിദ്ധിച്ചേൻ ഭാഗ്യവശാൽ."
ദർപ്പകസമനായ ചില്പുരുഷനെ നോക്കി
പില്പാടു തെളിഞ്ഞുരചെയ്‌തിതു ജനകനും:
"അദ്യ മേ സഫലമായ് വന്നു മാനുഷജന്മം
ഖദ്യോതായുതസഹസ്രോദ്യോതരൂപത്തൊടു
ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി
വിദ്യുത്സംയുതമായ ജീമൂതമെന്നപോലെ
ശക്തിയാം ദേവിയോടും യുക്തനായ് കാൺകമൂലം
ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം.
രക്തപങ്കജചരണാഗ്രേ സന്തതം മമ
ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം
ത്വൽ പാദാംബുജഗളീതാംബുധഅരണം കൊണ്ടൂ
സർപ്പഭൂഷണൻ ജഗത്തൊക്കെസ്സംഹരിക്കുന്നു;
ത്വൽ പാദാംബുജഗളിതഅംബുധാരണം കൊണ്ടു
സല്പുമാൻ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം
ത്വൽ പാദാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും
കില്‌ബിഷത്തോടു വേർപെട്ടു നിർമ്മലയാൾ.
നിന്തിരുവടിയുടെ നാമകീർത്തനം കൊണ്ടു
ബന്ധവുമകന്നു മോക്ഷത്തെയും പ്രാപിക്കുന്നു
സന്തതം യോഗസ്ഥൻമാരാകിയ മുനീന്ദ്രന്മാർ;
ചിന്തിക്കായ് വരേണമേ പാദപങ്കജദ്വയം"
ഇത്ഥമോരോന്നേ ചൊല്ലി സ്തുതിച്ചു ജനകനും
ഭക്തികൈക്കൊണ്ടു കൊടുത്തീടിനാൻ മഹാധനം;
കരികളറുനൂറും പതിനായിരം തേരും
തുരഗങ്ങളെയും നൽകീടിനാൻ നൂറായിരം;
പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും
വസ്ത്രങ്ങൾ ദിവ്യങ്ങളായുള്ളതും ബഹുവിധം.
മുത്തുമാലകൾ ദിവ്യരത്നങ്ങൾ പലതരം
പ്രത്യേകം നൂറുകോടിക്കാഞ്ചനഭാരങ്ങളും
സീതാദേവിക്കു കൊടുത്തീടിനാൻ ജനകനും;
പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും.
വിധിനന്ദനപ്രമുഖന്മാരാം മുനികളെ
വിധിപൂർവ്വം ഭക്ത്യാ പൂജിച്ചു വണങ്ങിനാൻ.
സമ്മാനിച്ചിതു സുമന്ത്രാദി മന്ത്രികളെയും
സമ്മോദം പൂണ്ടു ദശരഥനും പുറപ്പെട്ടു
കല്‌മഷമകന്നൊരു ജനകനൃപേന്ദ്രനും
തന്മകളായ സീതതന്നെയുമാശ്ലേഷിച്ചു
നിർമ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ-
ധർമ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ.
ചിന്മയൻ മായാമയനായ രാഘവൻ നിജ-
ധർമ്മാദാരങ്ങളൊടും കൂടവേ പുറപ്പെട്ടു.
മൃദംഗാനകഭേരീതൂര്യാഘോഷങ്ങളോടും
മൃദുഗാനങ്ങൾ തേടും വീനയും കുഴലുകൾ
ശൃംഗകാഹളങ്ങളും മദ്ദളമിടക്കകൾ
ശൃംഗാരരസപരിപൂർണ്ണവേഷങ്ങളോടും
ആന തേർ കുതിര കാലാളായ പടയോടു-
മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും
കൗശികവസിഷ്‌ഠാദിതാപസേന്ദ്രന്മാരായ
ദേശികന്മാരോടും ഭൃത്യാമാത്യാദികളോടും
വേഗമോടെഅയോദ്ധ്യയ്‌ക്കാമ്മാറങ്ങു തിരിച്ചപ്പോ-
ളാകാശദേശേ വിമാനങ്ങളും നിറഞ്ഞുതേ.
സന്നാഹത്തോടു നടന്നീടുമ്പോൾ ജനകനും
പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം
വെൺകൊറ്റക്കുട തഴ വെൺചാമരങ്ങളോടും
തിങ്കൾമണ്ഡലം തൊഴുമാലവട്ടങ്ങളോടും
ചെങ്കൊടിക്കൂറകൾകൊണ്ടങ്കിതധ്വജങ്ങളും
കുങ്കുമമലയജകസ്തൂരിഗന്ധത്തോടും
നടന്നു വിരവോടു മൂന്നു യോജന വഴി
കടന്നനേരം കണ്ടു ദുർന്നിമിത്തങ്ങളെല്ലാം.

ഭാർഗ്ഗവഗർവശമനം

അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ
"ദുർനിമിത്തങ്ങളുടെ കാരണം ചൊല്ലുകെ"ന്നാൻ.
"മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ
പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,
ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും."
ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം
പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാർഗ്ഗവനെയും.
നീലനീരദനിഭനിർമ്മലവർണ്ണത്തോടും
നീലലോഹിതശിഷ്യൻ ബഡവാനലസമൻ
ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു
പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ ദശരഥൻ
ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ;
ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.
ആർത്തനായ് പംക്തിരഥൻ ഭാർഗ്ഗവരാമന്തന്നെ-
പ്പേർത്തു വന്ദിച്ചു ഭക്ത്യാ കീർത്തിച്ചാൻ പലതരം:
"കാർത്തവീര്യാരേ! പരിത്രാഹി മാം തപോനിധേ!
മാർത്താണ്ഡകുലം പരിത്രാഹി കാരുണ്യാംബുധേ!
ക്ഷത്രിയാന്തക! പരിത്രാഹി മാം ജമദഗ്നി-
പുത്ര!മാം പരിത്രാഹി രേണുകാത്മജ! വിഭോ!
പരശുപാണേ! പരിപാലയ കുലം മമ
പരമേശ്വരപ്രിയ! പരിപാലയ നിത്യം.
പാർത്ഥിവസമുദായരക്തതീർത്ഥത്തിൽ കുളി-
ച്ചാസ്ഥയാ പിതൃഗണതർപ്പണംചെയ്ത നാഥ!
കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ!
കാൽത്തളിരിണ തവ ശരണം മമ വിഭോ!"
ഇത്തരം ദശരഥൻ ചൊന്നതാദരിയാതെ
ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം
വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലമ്പോലെ ദീപ്ത്യാ
സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാൻ:
"ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭുവനത്തിങ്കൽ?
മാനവനായ ഭവാൻ ക്ഷത്രിയനെന്നാകിലോ
നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാൻ;
വില്ലിങ്കൽ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേൾ.
നീയല്ലോ ബലാൽ ‍ശൈവചാപം ഖണ്ഡിച്ചതെന്റെ
കയ്യിലുണ്ടൊരു ചാപം വൈഷ്വം മഹാസാരം
ക്ഷത്രിയകുലജാതൻ നീയിതുകൊണ്ടു
സത്വരം പ്രയോഗിക്കിൻ നിന്നോടു യുദ്ധം ചെയ്‌വൻ.
അല്ലായ്‌കിൽ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-
ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും
ക്ഷത്രിയകുലാന്തകൻ ഞാനെന്നതറിഞ്ഞീലേ?
ശത്രുത്വം നമ്മിൽ പണ്ടുപണ്ടേയുണ്ടെന്നോർക്ക നീ".
രേണുകാത്മജനേവം പറഞ്ഞോരന്തരം
ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും
അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.
എന്തോന്നുവരുന്നിതെന്നോർത്തു ദേവാദികളും
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും
പംക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥപൂണ്ടു,
സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.
മുഗ്ദഭാവവുംപൂണ്ടു രാമനാം കുമാരനും
ക്രുദ്ധനാം പരശുരാമൻതന്നോടരുൾ ചെയ്‌തു:
"ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കൾ
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
ആശ്രയമവർക്കെന്തോന്നുള്ളതു തപോനിധേ!
സ്വാശ്രമകുലധർമ്മമെങ്ങനെ പാലിക്കുന്നു?
നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി-
ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ?
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേൻ
ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.
ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല
ശത്രുസംഹാരംചെയ്‌വാൻ ശക്തിയുമില്ലല്ലോ.
അന്തകാന്തകൻപോലും ലംഘിച്ചീടുന്നതല്ല
നിന്തിരുവടിയുടെ ചിന്തിത,മതുമൂലം
വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ-
മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട."

No comments:

Post a Comment