Sunday 13 July 2014

SREEMAD BHAGAVAD GEETHA - MALAYALAM (ശ്രീമദ് ഭഗവദ്‌ഗീത മലയാളം പരിഭാഷ .) CHAPTER 16 അദ്ധ്യായം 16

ദൈവാസുരസമ്പദ്‌ വിഭാഗയോഗം ഭഗവദ്‌ഗീത (അദ്ധ്യായം-16)
ദൈവാസുരസമ്പദ്വിഭാഗയോഗഃ
ശ്രീഭഗവാനുവാച
അഭയം സത്ത്വസംശുദ്ധിര്‍ ജ്ഞാനയോഗവ്യവസ്ഥിതിഃ
ദാനം ദമശ്ച യജ്ഞശ്ച സ്വാധ്യായസ്തപ ആര്‍ജവം (1)
അഹിംസാ സത്യമക്രോധസ്ത്യാഗഃ ശാന്തിരപൈശുനം
ദയാ ഭൂതേഷ്വലോലുപ്ത്വം മാര്‍ദവം ഹ്രീരചാപലം (2)
തേജഃ ക്ഷമാ ധൃതിഃ ശൌചമദ്രോഹോ നാതിമാനിതാ
ഭവന്തി സമ്പദം ദൈവീമഭിജാതസ്യ ഭാരത (3)
ഭയമില്ലായ്മ, ഹൃദയശുദ്ധി, ജ്ഞാനത്തിലും യോഗത്തിലുമുള്ള നിഷ്ഠ, ദാനം, ഇന്ദ്രിയസംയമനം, യജ്ഞം, ശാസ്ത്രപാരായണം, തപസ്സ്, ആര്‍ജ്ജവം, അഹിംസാ, സത്യം, ക്രോധമില്ലായ്മ, ത്യാഗം, ശാന്തി, പരദൂഷണം ചെയ്യാതിരിക്കുക, ഭൂതദയാ, ആഗ്രഹമില്ലായ്മ, സൗമ്യത, ലജ്ജ, ചാപല്യമില്ലായ്മ, തേജസ്സ്, ക്ഷമാ, ശുചിത്വം, ദ്രോഹിക്കാതിരിക്കല്‍, അഹങ്കാരമില്ലായ്മ എന്നിവ ദൈവീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന ഗുണങ്ങളാണ്.
ദംഭോ ദര്‍പ്പോഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ച
അജ്ഞാനം ചാഭിജാതസ്യ പാര്‍ഥ സമ്പദമാസുരീം (4)
ഡംഭ്, അഹങ്കാരം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിവ ആസുരീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന ഗുണങ്ങളാണ്.
ദൈവീ സമ്പദ്വിമോക്ഷായ നിബന്ധായാസുരീ മതാ
മാ ശുചഃ സമ്പദം ദൈവീമഭിജാതോസി പാണ്ഡവ (5)
ദൈവീസമ്പത്ത് മോക്ഷത്തിലേയ്ക്കും, ആസുരീസമ്പത്ത് ബന്ധനത്തിലേയ്ക്കും നയിക്കുന്നു. നീ ദൈവീ സമ്പത്തോടെ ജനിച്ചവനാണ്. അതുകൊണ്ട് ദുഃഖിക്കേണ്ട.
ദ്വൌ ഭൂതസര്‍ഗ്ഗൗ ലോകേസ്മിന്‍ ദൈവ ആസുര ഏവ ച
ദൈവോ വിസ്തരശഃ പ്രോക്ത ആസുരം പാര്‍ഥ മേ ശൃണു (6)
ഈ ലോകത്തില്‍ പ്രാണിസൃഷ്ടി ദൈവം, ആസുരം എന്നീ രണ്ടു വിധത്തിലാണ്. ദൈവീസൃഷ്ടിയെക്കുറിച്ച് ആദ്യം വിശദമായി പറഞ്ഞുകഴിഞ്ഞു. ഇനി ആസുരിസൃഷ്ടിയെക്കുറിച്ച് കേട്ടാലും.
പ്രവൃത്തിം ച നിവൃത്തിം ച ജനാ ന വിദുരാസുരാഃ
ന ശൌചം നാപി ചാചാരോ ന സത്യം തേഷു വിദ്യതേ (7)
ആസുരരായ ജനങ്ങള്‍ക്ക് എന്തു പ്രവര്‍ത്തിക്കണം ഏതില്‍ നിന്ന് നിവര്‍ത്തിക്കണം എന്നറിയില്ല. അവരില്‍ ശൗചമോ, ആചാരമോ, സത്യമോ കാണപ്പെടുന്നില്ല.
അസത്യമപ്രതിഷ്ഠം തേ ജഗദാഹുരനീശ്വരം
അപരസ്പരസംഭൂതം കിമന്യത്കാമഹൈതുകം (8)
അവര്‍ ഈ ജഗത്തിനെ ഈശ്വരനില്ലാത്തതും, മിഥ്യയായതും, അടിസ്ഥാനമില്ലാത്തതുമാണെന്നു പറയുന്നു. ഈ ലോകം ഭൂതങ്ങളുടെ പരസ്പരസംയോഗത്താലുണ്ടായതാണെന്നും കാമത്തില്‍ നിന്നും ഉദ്ഭവിച്ചതല്ലാതെ മറ്റൊരു കാരണവുമതിനില്ലെന്നും അവര്‍ പറയുന്നു.
ഏത‍ാം ദൃഷ്ടിമവഷ്ടഭ്യ നഷ്ടാത്മാനോല്പബുദ്ധയഃ
പ്രഭവന്ത്യുഗ്രകര്‍മാണഃ ക്ഷയായ ജഗതോഹിതാഃ (9)
അല്പബുദ്ധികളായ അവര്‍ ഈ ചിന്താഗതിയെ സ്വീകരിച്ചുകൊണ്ട് സ്വയം നശിക്കുകയും, ക്രൂരകര്‍മ്മങ്ങളെചെയ്ത് ലോകത്തിന് നാശം വരുത്തിവെയ്ക്കുന്നു.
കാമമാശ്രിത്യ ദുഷ്പൂരം ദംഭമാനമദാന്വിതാഃ
മോഹാദ്ഗൃഹീത്വാസദ്ഗ്രാഹാന്‍ പ്രവര്‍ത്തന്തേശുചിവ്രതാഃ (10)
ഡംഭവും മാനവുമുള്ള ഇവര്‍ തൃപ്തിപ്പെടുത്തുവാന്‍ വിഷമമായ കാമത്തിന് അധീനരായി മോഹവശാല്‍ ദുരാഗ്രഹങ്ങളെ നിറവേറ്റുവാന്‍ അശുദ്ധവ്രതരായി പ്രവര്ത്തിക്കുന്നു.
ചിന്താമപരിമേയ‍ാം ച പ്രലയാന്താമുപാശ്രിതാഃ
കാമോപഭോഗപരമാ ഏതാവദിതി നിശ്ചിതാഃ (11)
ആശാപാശശതൈര്‍ബദ്ധാഃ കാമക്രോധപരായണാഃ
ഈഹന്തേ കാമഭോഗാര്‍ഥമന്യായേനാര്‍ഥസഞ്ചയാന്‍ (12)
മരണം വരെ ഒടുക്കമില്ലാത്ത ചിന്തകള്‍ക്കധീനരായി വിഷയഭോഗങ്ങളെ പരമലക്ഷ്യമായിക്കണ്ട്, അതിനപ്പുറം നേടാനൊന്നുമില്ലെന്നുള്ള നിശ്ചയത്തോടെ, നൂറുകണക്കിനു ആഗ്രഹപാശങ്ങളാല്‍ ബദ്ധരായി, കാമക്രോധങ്ങളില്‍ മുഴുകിഇന്ദ്രിയ ഭോഗത്തിനായി തെറ്റായ വഴിയിലൂടെ സമ്പത്ത് വാരിക്കൂട്ടുവാന്‍ ശ്രമിക്കുന്നു.
ഇദമദ്യ മയാ ലബ്ധമിമം പ്രാപ്സ്യേ മനോരഥം
ഇദമസ്തീദമപി മേ ഭവിഷ്യതി പുനര്‍ധനം (13)
അസൌ മയാ ഹതഃ ശത്രുര്‍ഹനിഷ്യേ ചാപരാനപി
ഈശ്വരോഹമഹം ഭോഗീ സിദ്ധോഹം ബലവാന്‍ സുഖീ (14)
ആഢ്യോഭിജനവാനസ്മി കോന്യോസ്തി സദൃശോ മയാ
യക്ഷ്യേ ദാസ്യാമി മോദിഷ്യ ഇത്യജ്ഞാനവിമോഹിതാഃ (15)
അനേകചിത്തവിഭ്രാന്താ മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു പതന്തി നരകേശുചൌ (16)
"ഇന്ന് ഞാന്‍ ഇതു നേടി. ഈ ആഗ്രഹം ഞാന്‍ സാധിക്കും. ഇത് എന്റെയാണ്. ഈ സമ്പത്തും ഭാവിയില്‍ എന്റെയാകും. ഈ ശത്രുവിനെ ഞാന്‍ വധിച്ചു. മറ്റു ശത്രുക്കളെയും ഞാന്‍ വധിക്കുക തന്നെ ചെയ്യും. ഞാന്‍ പ്രഭുവും, ഭോഗമനുഭവിക്കുന്നവനും, എല്ല‍ാം നേടിയവനും, ബലവാനും, സുഖിയുമാണ്. ഞാന്‍ ധനികനും, ഉന്നതകുലജാതനുമാണ്. എന്നെപ്പോലെ വേറെയാരുണ്ട്? ഞാന്‍ യജ്ഞം നടത്തും, ദാനം നല്കുകയും, ആനന്ദിക്കുകയും ചെയ്യും". എന്നിങ്ങനെ അജ്ഞാനത്താല്‍ മോഹിതനായി അനേകചിന്ത കളാല്‍ വിഭ്രാന്തരായി മോഹജാലത്താല്‍ വലയപ്പെട്ട്, വിഷയഭോഗാസക്തരായി അശുദ്ധമായ നരകത്തില്‍ പതിക്കുന്നു.
ആത്മസംഭാവിതാഃ സ്തബ്ധാ ധനമാനമദാന്വിതാഃ
യജന്തേ നാമയജ്ഞൈസ്തേ ദംഭേനാവിധിപൂര്‍വ്വകം (17)
സ്വയം പുകഴ്ത്തുന്നവരും, പിടിവാശിക്കാരും, ധനം, മാനം എന്നിവയില്‍ അഹങ്കരിക്കുന്നവരുമായ അവര്‍ നാമമാത്രമായി ഡംഭോടെ വിധികളെ പാലിക്കാതെ യജ്ഞങ്ങളിലൂടെ എന്നെ യജിക്കുന്നു.
അഹംകാരം ബലം ദര്‍പം കാമം ക്രോധം ച സംശ്രിതാഃ
മാമാത്മപരദേഹേഷു പ്രദ്വിഷന്തോഭ്യസൂയകാഃ (18)
അഹങ്കാരം, ബലം, അഭിമാനം, കാമം, ക്രോധം എന്നിവയ്ക്കു വശപ്പെട്ട ഈ അസൂയാലുക്കള്‍ അവരുടെയും അന്യരുടെയും ശരീരങ്ങളിലും കുടികൊള്ളുന്ന എന്നെ വെറുക്കുന്നു.
താനഹം ദ്വിഷതഃ ക്രുരാന്‍ സംസാരേഷു നരാധമാന്‍
ക്ഷിപാമ്യജസ്രമശുഭാനാസുരീഷ്വേവ യോനിഷു (19)
ദ്വേഷിക്കുന്നവരും ക്രൂരന്മാരുമായ ഈ നരാധമന്മാരെ ഞാന്‍ എന്നെന്നും അശുഭങ്ങളായ ആസുരയോനികളില്‍ എറിയുന്നു (ജനിക്കുവാനിടയാക്കുന്നു).
ആസുരീം യോനിമാപന്നാ മൂഢാ ജന്മനി ജന്മനി
മാമപ്രാപ്യൈവ കൌന്തേയ തതോ യാന്ത്യധമ‍ാം ഗതിം (20)
ഹേ കൗന്തേയ, ആസുരയോനികളില്‍ ജനിക്കുന്ന ഈ മൂഢന്മാര്‍ ഓരോ ജന്മങ്ങളിലും എന്നെ പ്രാപിക്കാതെ അധമഗതിയെ പ്രാപിക്കുന്നു.
ത്രിവിധം നരകസ്യേദം ദ്വാരം നാശനമാത്മനഃ
കാമഃ ക്രോധസ്തഥാ ലോഭസ്തസ്മാദേതത്ത്രയം ത്യജേത് (21)
കാമം, ക്രോധം, ലോഭം എന്നിവ നരകത്തിലേയ്ക്കുള്ള മൂന്നു കവാടങ്ങളാണ്. ഇവ ആത്മനാശത്തിന് കാരണവുമാണ്. അതിനാല്‍ ഇവയെ മൂന്നിനെയും ത്യജിക്കേണ്ടതാണ്.
ഏതൈര്‍വിമുക്തഃ കൌന്തേയ തമോദ്വാരൈസ്ത്രിഭിര്‍നരഃ
ആചരത്യാത്മനഃ ശ്രേയസ്തതോ യാതി പര‍ാം ഗതിം (22)
തമോദ്വാരങ്ങളായ ഈ മൂന്നില്‍ നിന്നും മുക്തരായ മനുഷ്യര്‍ ആത്മശ്രേയസ്സിനാവശ്യമായ കാര്യങ്ങളനുഷ്ഠിച്ച് പരമമായ ഗതിയെ (മോക്ഷത്തെ) പ്രാപിക്കുന്നു.
യഃ ശാസ്ത്രവിധിമുത്സൃജ്യ വര്‍തതേ കാമകാരതഃ
ന സ സിദ്ധിമവാപ്നോതി ന സുഖം ന പര‍ാം ഗതിം (23)
യാതൊരുവന്‍ ശാസ്ത്രവിധിയെ ലംഘിച്ച് ആഗ്രഹങ്ങള്‍ക്കു വശംവദനായി വര്ത്തിക്കുന്നുവോ, അവന്‍ സിദ്ധിയോ സുഖമോ, പരമമായ ഗതിയോ പ്രാപിക്കുന്നില്ല.
തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൌ
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്‍മ കര്‍തുമിഹാര്‍ഹസി (24)
അതികൊണ്ട്, എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നറിയുന്നതിന് നിനക്ക് ശാസ്ത്രം പ്രമാണമായിരിക്കട്ടെ. നീ ശാസ്ത്രവിധികളെ അറിഞ്ഞ് അതനുസരിച്ച് കര്‍മ്മം ചെയ്യേണ്ടതാണ്.
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ കൃഷ്ണാര്‍ജുനസംവാദേ
ദൈവാസുരസമ്പദ്വിഭാഗയോഗോ നാമ ഷോഡശോധ്യായഃ

No comments:

Post a Comment