Sunday, 13 July 2014

SREEMAD BHAGAVAD GEETHA - MALAYALAM (ശ്രീമദ് ഭഗവദ്‌ഗീത മലയാളം പരിഭാഷ .) CHAPTER 4 - അധ്യായം 4

ജ്ഞാനകര്‍മ്മസംന്യാസയോഗം- ( ഭഗവദ്‌ഗീത അദ്ധ്യായം-4)
ജ്ഞാനകര്‍മസംന്യാസയോഗഃ
ശ്രീഭഗവാനുവാച
ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം
വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേബ്രവീത് (1)
ശ്രീ ഭഗവാന്‍ പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാന്‍ ആദിത്യന് ഉപദേശിച്ചു. ആദിത്യന്‍ മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.
ഏവം പരമ്പരാപ്രാപ്തമിമം രാജര്‍ഷയോ വിദുഃ
സ കാലേനേഹ മഹതാ യോഗോ നഷ്ടഃ പരന്തപ (2)
ശത്രുനാശകാ, ഇപ്രകാരം പരമ്പാരാഗതമായ ഈ യോഗത്തെ രാജ‍ര്‍ഷികള്‍ അറിഞ്ഞിരുന്നു. ആ മഹത്തായ ശാസ്ത്രം വലുതായ കാലദൈര്‍ഘ്യത്തില്‍ നഷ്ടപ്പെട്ടുപോയി.
സ ഏവായം മയാ തേദ്യ യോഗഃ പ്രോക്തഃ പുരാതനഃ
ഭക്തോസി മേ സഖാ ചേതി രഹസ്യം ഹ്യേതദുത്തമം (3)
അപ്രകാരമുള്ള ആ പുരാതനമായ യോഗം തന്നെയാണ് നീ എന്റെ ഭക്തനും, തോഴനുമായതു കൊണ്ട് നിനക്കു ഞാന്‍ ഇന്നു ഉപദേശിച്ചത്. ഈ യോഗം ഉത്തമമായ രഹസ്യമാണ്.
അര്‍ജുന ഉവാച
അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ
കഥമേതദ്വിജാനീയ‍ാം ത്വമാദൌ പ്രോക്തവാനിതി (4)
അര്‍ജുനന്‍ ചോദിച്ചു: ആദിത്യന്റെ ജന്മം മുന്‍പും അങ്ങയുടെ ജന്മം പിന്‍പുമാണല്ലോ. അങ്ങിനെയിരിക്കെ, ആദ്യം അങ്ങാണ് ഇതു പറഞ്ഞതെന്ന് എങ്ങിനെ ഞാന്‍ മനസ്സിലാക്കും?
ശ്രീഭഗവാനുവാച
ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജുന
താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരന്തപ (5)
ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, എന്റെ വളരെയേറെ ജന്മങ്ങള്‍ കഴിഞ്ഞു പോയി. നിനക്കും അങ്ങനെ തന്നെ. അവയെല്ല‍ാം എനിക്കറിയ‍ാം. നീ അറിയുന്നില്ല.
അജോപി സന്നവ്യയാത്മാ ഭൂതാനാമീശ്വരോപി സന്‍
പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ (6)
ഞാന്‍ ജനനമില്ലാത്തവനും നാശമില്ലാത്തവനും സര്‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ് എങ്കിലും സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി സ്വന്തം മായയാല്‍ ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം (7)
ഹേ ഭാരതാ, എപ്പോഴെല്ല‍ാം ധ‍ര്‍മ്മത്തിനു തളര്‍ച്ചയും അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ല‍ാം ഞാന്‍ സ്വയം അവതരിക്കുന്നു.
പരിത്രാണായ സാധൂന‍ാം വിനാശായ ച ദുഷ്കൃത‍ാം
ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ (8)
സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധ‍ര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.
ജന്മ കര്‍മ ച മേ ദിവ്യമേവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനര്‍ജന്മ നൈതി മാമേതി സോര്‍ജുന (9)
ഇങ്ങിനെയുള്ള എന്റെ ദിവ്യമായ ജന്മവും ക‍ര്‍മ്മവും യാതൊരുവന്‍ അറിയുന്നുവോ അവന്‍ ശരീരം വിട്ടാല്‍ പുനര്‍ജന്മം പ്രാപിക്കുന്നില്ല. ഹേ അര്‍ജുനാ, അവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു.
വീതരാഗഭയക്രോധാ മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ പൂതാ മദ്ഭാവമാഗതാഃ (10)
രാഗം, ഭയം, കോപം ഇവ കൈവിട്ടവരും എന്റെ ഭക്തന്മാരും എന്നെ ആശ്രയിച്ചവരുമായ വളരെപ്പേര്‍ ജ്ഞാനമാകുന്ന തപസുകൊണ്ടു പരിശുദ്ധരായിത്തീര്‍ന്നു എന്നെ പ്രാപിച്ചിട്ടുണ്ട്.
യേ യഥാ മ‍ാം പ്രപദ്യന്തേ ത‍ാംസ്തഥൈവ ഭജാമ്യഹം
മമ വര്‍ത്മാനുവര്‍തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ (11)
എവര്‍ എങ്ങിനെ എന്നെ ഭജിക്കുന്നുവോ അവരെ അതേവിധം തന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. ഹേ പാര്‍ത്ഥ, എങ്ങും മനുഷ്യര്‍ എന്റെ മാര്‍ഗത്തെ പിന്തുടരുന്നു.
ക‍ാംക്ഷന്തഃ കര്‍മണ‍ാം സിദ്ധിം യജന്ത ഇഹ ദേവതാഃ
ക്ഷിപ്രം ഹി മാനുഷേ ലോകേ സിദ്ധിര്‍ഭവതി കര്‍മജാ (12)
ക‍ര്‍മ്മങ്ങളുടെ സിദ്ധി ക‍ാംക്ഷിക്കുന്നവര്‍ ഇവിടെ ദേവന്മാരെ പൂജിക്കുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യലോകത്തില്‍ ക‍ര്‍മ്മഫലം വേഗത്തില്‍ സിദ്ധിക്കുന്നു.
ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മവിഭാഗശഃ
തസ്യ കര്‍താരമപി മ‍ാം വിദ്ധ്യകര്‍താരമവ്യയം (13)
ഗുണങ്ങളുടെയും ക‍ര്‍മ്മങ്ങളുടെയും വിഭാഗമനുസരിച്ചു ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും സൃഷ്ടാവായി അറിയുക.
ന മ‍ാം കര്‍മാണി ലിമ്പന്തി ന മേ കര്‍മഫലേ സ്പൃഹാ
ഇതി മ‍ാം യോഭിജാനാതി കര്‍മഭിര്‍ന സ ബധ്യതേ (14)
എന്നെ ക‍ര്‍മ്മം ബാധിക്കുന്നില്ല. എനിക്ക് ക‍ര്‍മ്മഫലത്തില്‍ ആഗ്രഹമില്ല. ഈ വിധം എന്നെ എവ‍ന്‍ അറിയുന്നുവോ അവന്‍ ക‍ര്‍മ്മങ്ങളാല്‍ ബന്ധനാകുന്നില്ല.
ഏവം ജ്ഞാത്വാ കൃതം കര്‍മ പൂര്‍വൈരപി മുമുക്ഷുഭിഃ
കുരു കര്‍മൈവ തസ്മാത്ത്വം പൂര്‍വൈഃ പൂര്‍വ്വതരം കൃതം (15)
ഈ തത്വത്തെ അറിയുന്നവരായ പൂര്‍വ്വികരായ മുമുക്ഷുക്കള്‍ക്കൂടി, നിഷ്കാമ ബുദ്ധിയോടുകൂടി ക‍ര്‍മ്മം അനുഷ്ഠിച്ചു. അതുകൊണ്ട് പൂര്‍വ്വികന്മാര്‍ പണ്ടു ചെയ്തതുപോലെ നീയും ക‍ര്‍മ്മം ചെയ്യുക തന്നെ വേണം.
കിം കര്‍മ കിമകര്‍മേതി കവയോപ്യത്ര മോഹിതാഃ
തത്തേ കര്‍മ പ്രവക്ഷ്യാമി യജ്ജ്ഞാത്വാ മോക്ഷ്യസേശുഭാത് (16)
ക‌ര്‍മ്മമെന്ത് അക‍ര്‍മ്മമെന്ത് എന്ന കാര്യത്തില്‍ ക്രാന്തദര്‍ശികള്‍ പോലും ഭ്രമമുള്ളവരാണ്. യാതോന്നറിഞ്ഞാല്‍ നീ പാപത്തില്‍ നിന്നു മുക്തനാകുമോ ആ ക‍ര്‍മ്മത്തെ നിനക്കു ഞാന്‍ പറഞ്ഞു തര‍ാം.
കര്‍മണോ ഹ്യപി ബോദ്ധവ്യം ബോദ്ധവ്യം ച വികര്‍മണഃ
അകര്‍മണശ്ച ബോദ്ധവ്യം ഗഹനാ കര്‍മണോ ഗതിഃ (17)
ക‍ര്‍മ്മത്തിന്റെ സ്വരൂപം അറിയേണ്ടതുണ്ട്. വിക‍ര്‍മ്മത്തിന്റെ സ്വരൂപവും അകര്‍മത്തിന്റെ സ്വരൂപവും അറിയെണ്ടതുണ്ട്. എന്ത് കൊണ്ടെന്നാല്‍ ക‍ര്‍മ്മത്തിന്റെ ഗതി (പോക്ക്) അറിയാന്‍ വളരെ വിഷമമുള്ളതാണ്.
കര്‍മണ്യകര്‍മ യഃ പശ്യേദകര്‍മണി ച കര്‍മ യഃ
സ ബുദ്ധിമാന്മനുഷ്യേഷു സ യുക്തഃ കൃത്സ്നകര്‍മകൃത് (18)
ക‍ര്‍മ്മത്തില്‍ അക‍ര്‍മ്മവും അക‍ര്‍മ്മത്തില്‍ ക‍ര്‍മ്മവും യാതൊരുവ‍ന്‍ കാണുന്നുവോ അവനാണ് മനുഷ്യരില്‍ വച്ചു ബുദ്ധിമാ‍ന്‍. അവനാണ് യോഗിയും എല്ലാ ക‌ര്‍മ്മങ്ങളും അനുഷ്ഠിക്കുന്നവനും.
യസ്യ സര്‍വ്വേ സമാരംഭാഃ കാമസങ്കല്പവര്‍ജിതാഃ
ജ്ഞാനാഗ്നിദഗ്ധകര്‍മാണം തമാഹുഃ പണ്ഡിതം ബുധാഃ (19)
ഏതൊരുവന്റെ സര്‍വകര്‍മ്മങ്ങളും ഫലേച്ഛ വിട്ടതാണോ, ജ്ഞാനാഗ്നിയില്‍ ക‍ര്‍മ്മം ദഹിച്ചുപോയ അവനെ വിദ്വാന്‍മാര്‍ പാണ്ഡിതനെന്ന് വിളിക്കുന്നു.
ത്യക്ത്വാ കര്‍മഫലാസംഗം നിത്യതൃപ്തോ നിരാശ്രയഃ
കര്‍മണ്യഭിപ്രവൃത്തോപി നൈവ കിഞ്ചിത്കരോതി സഃ (20)
ക‍ര്‍മ്മഫലത്തിലുള്ള ആസക്തിവെടിഞ്ഞ് നിത്യതൃപ്തനായി ഒന്നിനെയും ആശ്രയിക്കാതിരിക്കുന്നവന്‍ ക‍ര്‍മ്മത്തില്‍ ഏ‍ര്‍പ്പെട്ടിരുന്നാലും അവന്‍ ഒന്നും ചെയ്യുന്നില്ലതന്നെ.
നിരാശീര്യതചിത്താത്മാ ത്യക്തസര്‍വ്വപരിഗ്രഹഃ
ശാരീരം കേവലം കര്‍മ കുര്‍വ്വന്നാപ്നോതി കില്ബിഷം (21)
അഭിലാഷങ്ങളില്ലാതെ മനോനിയന്ത്രണത്തോടെ എല്ലാ ബന്ധങ്ങളും നിശ്ശേഷം കൈവിട്ടു ശരീരം കൊണ്ടു മാത്രമുള്ള പ്രവൃത്തി ചെയ്യുന്നവനെ പാപം ബാധിക്കുന്നില്ല.
യദൃച്ഛാലാഭസന്തുഷ്ടോ ദ്വന്ദ്വാതീതോ വിമത്സരഃ
സമഃ സിദ്ധാവസിദ്ധൌ ച കൃത്വാപി ന നിബധ്യതേ (22)
യാദൃച്ഛയാ ലഭിക്കുന്നതുകൊണ്ട് സന്തുഷ്ടനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ അതിജീവിച്ചവനും നി‍‍‍‍ര്‍മ്മത്സരനും ജയപരാജയങ്ങളില്‍ സമചിത്തനും ആയവന്‍ കര്‍മ്മം ചെയ്താലും ബദ്ധനാകുന്നില്ല.
ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിതചേതസഃ
യജ്ഞായാചരതഃ കര്‍മ സമഗ്രം പ്രവിലീയതേ (23)
സംഗരഹിതനും മുക്തനും ജ്ഞാനനിഷ്ടനും യജ്ഞത്തിനായി ക‍ര്‍മ്മം അനുഷ്ഠിക്കുന്നവനുമായ അവന്റെ എല്ലാ ക‍ര്‍മ്മവും നശിച്ചു പോകുന്നു.
ബ്രഹ്മാര്‍പണം ബ്രഹ്മ ഹവിര്‍ബ്രഹ്മാഗ്നൌ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകര്‍മസമാധിനാ (24)
അര്‍പ്പണം ബ്രഹ്മം, ഹവിസ്സ് (ഹവനദ്രവ്യങ്ങ‍ള്‍) ബ്രഹ്മം, ബ്രഹ്മമാകുന്ന അഗ്നിയില്‍ ബ്രഹ്മത്താല്‍ ഹോമിക്കപ്പെടുന്നു. ഇങ്ങിനെ സകല ക‍ര്‍മ്മങ്ങളിലും ബ്രഹ്മബുദ്ധിയുളവായവനു ബ്രഹ്മം തന്നെ പ്രാപ്യമായിത്തീരുന്നു.
ദൈവമേവാപരേ യജ്ഞം യോഗിനഃ പര്യുപാസതേ
ബ്രഹ്മാഗ്നാവപരേ യജ്ഞം യജ്ഞേനൈവോപജുഹ്വതി (25)
വേറെചില യോഗികള്‍ ദേവന്മാരെയുദ്ദേശിച്ചുള്ള യജ്ഞമനുഷ്ടിക്കുന്നു. മറ്റുചിലര്‍ ബ്രഹ്മാഗ്നിയില്‍ ആത്മാവുകൊണ്ടു ആത്മാവിനെ സമര്‍പ്പിക്കുന്നു.
ശ്രോത്രാദീനീന്ദ്രിയാണ്യന്യേ സംയമാഗ്നിഷു ജുഹ്വതി
ശബ്ദാദീന്വിഷയാനന്യ ഇന്ദ്രിയാഗ്നിഷു ജുഹ്വതി (26)
വേറെ ചിലര്‍ ശ്രോത്രാദികളായ ഇന്ദ്രിയങ്ങളെ സംയമരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു. മറ്റു ചിലര്‍ ശബ്ദാദി വിഷയങ്ങളെ ഇന്ദ്രിയരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു.
സര്‍വ്വാണീന്ദ്രിയകര്‍മാണി പ്രാണകര്‍മാണി ചാപരേ
ആത്മസംയമയോഗാഗ്നൌ ജുഹ്വതി ജ്ഞാനദീപിതേ (27)
വേറെ ചിലര്‍ എല്ലാ ഇന്ദ്രിയകര്‍മങ്ങളെയും പ്രാണക‍ര്‍മ്മങ്ങളെയും ജ്ഞാനദീപിതമായ ആത്മസംയമയോഗാഗ്നിയില്‍ ഹോമിക്കുന്നു.
ദ്രവ്യയജ്ഞാസ്തപോയജ്ഞാ യോഗയജ്ഞാസ്തഥാപരേ
സ്വാധ്യായജ്ഞാനയജ്ഞാശ്ച യതയഃ സംശിതവ്രതാഃ (28)
അപ്രകാരം ദ്രവ്യംകൊണ്ടു യജ്ഞം ചെയ്യുന്നവരും തപസ്സിനെ യജ്ഞമായി കരുതുന്നവരും യോഗത്തെ യജ്ഞമാക്കിയവരും വേദാധ്യായനത്തെയും ജ്ഞാനാര്‍ജ്ജനത്തെയും യജ്ഞമായി അനുഷ്ഠിക്കുന്നവരുമായ ദൃഢവൃതരായ മറ്റു യതികളുമുണ്ട്.
അപാനേ ജുഹ്വതി പ്രാണം പ്രാണേപാനം തഥാപരേ
പ്രാണാപാനഗതീ രുദ്ധ്വാ പ്രാണായാമപരായണാഃ (29)
അങ്ങിനെ മറ്റു ചിലര്‍ പ്രാണായാമ തല്‍പരരായി ദേഹത്തിലുള്ള വായുവിന്റെ ഉര്‍ധ്വമുഖവും അധോമുഖവുമായ ചലനത്തെ തടഞ്ഞിട്ട് അപാനനില്‍ പ്രാണനെയും പ്രാണനില്‍ അപാനനെയും ഹോമിക്കുന്നു.
അപരേ നിയതാഹാരാഃ പ്രാണാന്‍ പ്രാണേഷു ജുഹ്വതി
സര്‍വ്വേപ്യേതേ യജ്ഞവിദോ യജ്ഞക്ഷപിതകല്മഷാഃ (30)
മറ്റു ചിലര്‍ ആഹാരത്തെ നിയന്ത്രിച്ചു പ്രാണങ്ങളെ പ്രാണങ്ങളില്‍ തന്നെ ഹോമിക്കുന്നു. ഇവരെല്ലാവരും യജ്ഞതത്വമറിഞ്ഞവരും യജ്ഞംകൊണ്ടു പാപമകന്നവരുമാകുന്നു.
യജ്ഞശിഷ്ടാമൃതഭുജോ യാന്തി ബ്രഹ്മ സനാതനം
നായം ലോകോസ്ത്യയജ്ഞസ്യ കുതോന്യഃ കുരുസത്തമ (31)
യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവര്‍ പരബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞം ചെയ്യാത്തവന്ന് ഈ ലോകം തന്നെയില്ല. ഹേ കുരുശ്രേഷ്ടാ, പിന്നെയാണോ പരലോകം?
ഏവം ബഹുവിധാ യജ്ഞാ വിതതാ ബ്രഹ്മണോ മുഖേ
കര്‍മജാന്വിദ്ധി താന്‍സര്‍വ്വാനേവം ജ്ഞാത്വാ വിമോക്ഷ്യസേ (32)
ഇങ്ങിനെ പലതരം യജ്ഞങ്ങള്‍ ബ്രഹ്മാവിനാല്‍ വിവരിക്കപ്പെട്ടി ട്ടുണ്ട്. അവയെല്ല‍ാം ക‍ര്‍മ്മത്തില്‍ നിന്നുഉളവാകുന്നവയാണ് എന്ന് അറയുക. അതെല്ല‍ാം ഇങ്ങിനെ മനസ്സിലാക്കുമ്പോള്‍ നീ മുക്തനായിത്തീരും.
ശ്രേയാന്ദ്രവ്യമയാദ്യജ്ഞാജ്ജ്ഞാനയജ്ഞഃ പരന്തപ
സര്‍വ്വം കര്‍മാഖിലം പാര്‍ഥ ജ്ഞാനേ പരിസമാപ്യതേ (33)
ഹേ ശത്രുനാശകാ, ദ്രവ്യമയമായ യജ്ഞത്തെക്കാളും ജ്ഞാനയജ്ഞമാണ് ശ്രേഷ്ടം. ഹേ പാര്‍ത്ഥാ, എല്ലാ ക‍ര്‍മ്മങ്ങളും പൂര്‍ണമായി ജ്ഞാനത്തില്‍ പര്യവസാനിക്കുന്നു.
തദ്വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനസ്തത്ത്വദര്‍ശിനഃ (34)
സത്യം കണ്ടറിഞ്ഞ ജ്ഞാനികള്‍ നിനക്കു ജ്ഞാനം ഉപദേശിച്ചു തരും. അത് നീ നമസ്ക്കാരം കൊണ്ടും ചോദ്യം കൊണ്ടും സേവകൊണ്ടും ഗ്രഹിക്കുക.
യജ്ജ്ഞാത്വാ ന പുനര്‍മോഹമേവം യാസ്യസി പാണ്ഡവ
യേന ഭൂതാന്യശേഷേണ ദ്രക്ഷ്യസ്യാത്മന്യഥോ മയി (35)
ഹേ പാ‍ണ്ഡവാ, അതറിഞ്ഞാല്‍ പിന്നെയിങ്ങനെ ഭ്രമം നിനക്കുണ്ടാവില്ല. ഇതു മൂലം ഭൂതങ്ങളെയെല്ല‍ാം തന്നിലും പിന്നെ എന്നിലും നീ കാണും.
അപി ചേദസി പാപേഭ്യഃ സര്‍വ്വേഭ്യഃ പാപകൃത്തമഃ
സര്‍വ്വം ജ്ഞാനപ്ലവേനൈവ വൃജിനം സന്തരിഷ്യസി (36)
നീ എല്ലാ പാപികളിലും വെച്ച് ഏറ്റവും വലിയ മഹാപാപിയാണെങ്കില്‍പ്പോലും ജ്ഞാനമാകുന്ന തോണികൊണ്ടു എല്ലാ പാപസമുദ്രങ്ങളെയും നീ കടക്കുക തന്നെ ചെയ്യും.
യഥൈധ‍ാംസി സമിദ്ധോഗ്നിര്‍ഭസ്മസാത്കുരുതേര്‍ജുന
ജ്ഞാനാഗ്നിഃ സര്‍വ്വകര്‍മാണി ഭസ്മസാത്കുരുതേ തഥാ (37)
അര്‍ജുനാ, കത്തിയെരിയുന്ന അഗ്നി എങ്ങിനെയാണോ എല്ലാ വിറകിനെയും ഭസ്മമാക്കുന്നത് അതുപോലെ ജ്ഞാനാഗ്നി എല്ലാ ക‍ര്‍മ്മങ്ങളെയും നശിപ്പിക്കും.
ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ
തത്സ്വയം യോഗസംസിദ്ധഃ കാലേനാത്മനി വിന്ദതി (38)
ഈ ലോകത്തില്‍ ജ്ഞാനം പോലെ പവിത്രമായി ഒന്നും തന്നെയില്ല തന്നെ. യോഗം കൊണ്ടു സിദ്ധനായവാന് ഈ ജ്ഞാനം കാലക്രമത്തില്‍ തനിയെ നേടുന്നു.
ശ്രദ്ധാവ‍ാംല്ലഭതേ ജ്ഞാനം തത്പരഃ സംയതേന്ദ്രിയഃ
ജ്ഞാനം ലബ്ധ്വാ പര‍ാം ശാന്തിമചിരേണാധിഗച്ഛതി (39)
ജ്ഞാനത്തില്‍ തന്നെ മനസ്സൂന്നിയവനും ജിതേന്ദ്രിയനും ശ്രദ്ധയുള്ളവനുമായ ആള്‍ ജ്ഞാനം നേടുന്നു. ജ്ഞാനം നേടിയാല്‍ പരമമായ ശാന്തിയെ ഉടന്‍ പ്രാപിക്കുന്നു.
അജ്ഞശ്ചാശ്രദ്ദധാനശ്ച സംശയാത്മാ വിനശ്യതി
നായം ലോകോസ്തി ന പരോ ന സുഖം സംശയാത്മനഃ (40)
ആജ്ഞനും ശ്രദ്ധയില്ലാത്തവനും സംശയം തീരാത്തവനും നശിക്കുന്നു. സംശയിക്കുന്നവന് ഈ ലോകവും, പരലോകവും സുഖവും ഇല്ല.
യോഗസംന്യസ്തകര്‍മാണം ജ്ഞാനസഞ്ഛിന്നസംശയം
ആത്മവന്തം ന കര്‍മാണി നിബധ്നന്തി ധനഞ്ജയ (41)
ധനഞജയാ, യോഗത്താല്‍ കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചവനും ജ്ഞാനംകൊണ്ടു സംശയങ്ങള്‍ നിഃശേഷം തീര്‍ന്നവനും ആത്മനിഷ്ഠനുമായവനെ കര്‍മ്മങ്ങള്‍ ഒരുവിധത്തിലും ബന്ധിക്കുന്നില്ല.
തസ്മാദജ്ഞാനസംഭൂതം ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ
ഛിത്ത്വൈനം സംശയം യോഗമാതിഷ്ഠോത്തിഷ്ഠ ഭാരത (42)
ഹേ ഭാരതാ, അതുകൊണ്ട് അജ്ഞാനം കൊണ്ടു ഉണ്ടായതും മനസിലുള്ളതുമായ നിന്റെ ഈ സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ടു ഛേദിച്ചിട്ടു യോഗത്തെ അനുഷ്ഠിക്കുക, ഏഴുന്നേല്‍ക്കുക.
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ
ജ്ഞാനകര്‍മസംന്യാസയോഗോ നാമ ചതുര്‍ഥോധ്യായഃ

No comments:

Post a Comment