Tuesday, 8 July 2014

നിഴലുകളോട് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല

നിഴലുകളോട് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല


കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുകയാണ്. അദ്ദേഹം പിന്‍സീറ്റിലിരിക്കുന്ന തടിയന്റെ സമീപം ചെന്നു. യാത്ര എങ്ങോട്ടെന്നു തിരക്കി. ഗൗരവത്തില്‍ അയാള്‍ പറ‍ഞ്ഞു "എനിക്ക് വേണ്ട…"

കണ്ടക്റ്റര്‍ തിരിച്ചു പോയി. കാര്യമെന്തെന്ന് ചോദിക്കാന്‍ ഉള്ളിലൊരു ഭയം. തടിയന്‍ കൈവീശി ഒന്നു തന്നാല്‍ എന്റെ പണികഴിഞ്ഞതു തന്നെ. അയാള്‍ക്ക് ടിക്കറ്റ് കൊടുക്കാതെ തന്റെ ജാള്യം ഒ...ളിപ്പിച്ച് കണ്ടക്ടര്‍ മറ്റ് യാത്രികര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങി.

പിറ്റേദിവസവും തടിയന്‍ അതേബസ്സില്‍ കയറി… കണ്ടക്ടര്‍ അടുത്തു അടുത്തു വന്നപ്പോഴേയ്ക്കും അയാള്‍ പറഞ്ഞു, "എനിക്ക് ടിക്കറ്റ് വേണ്ട…" പലദിവസവും ഇത് ആവര്‍ത്തിക്കപ്പെട്ടു. ദിവസങ്ങള്‍ ചെന്നപ്പോള്‍ കണ്ടക്ടറുടെ ഭയം, കോപമായി മാറി. ആ തടിയനെ ഒരു പാഠ‍ം പഠിപ്പിക്കണം. അയാളെ നേരിടാനായി കണ്ടക്ടര്‍ മനകരുത്ത് വളര്‍ത്തി, ശരീരശക്തിക്കായി ‘ജിമ്മില്‍’ ചേര്‍ന്നു.


അങ്ങനെ മാനസികവും ശാരീരികവുമായി ഏതാണ്ട് ഒരുങ്ങി കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ തടിയനെ നേരിടാന്‍ ഉറച്ചു. അന്നും തടിയന്‍ വണ്ടിയില്‍ കയറി. കണ്ടക്ടര്‍ സമീപം ചെന്നു.


 "എനിക്ക് ടിക്കറ്റ് വേണട" തടിയന്റെ ശൗര്യമുള്ള ശബ്ദം.
 

"എന്തു കൊണ്ട് വേണ്ട…?!" കണ്ടക്ടര്‍ സഗൗരവം ചോദിച്ചു.
 

"എന്റെ കൈയില്‍ ബസ് പാസുണ്ട്…" തടിയന്റെ മറുപടി.
 

"എന്തുകൊണ്ട് ഇക്കാര്യം ഇന്നലെയൊന്നും പറഞ്ഞില്ല." കണ്ടര്‍.
 

"ഇന്നലവരെ താന്‍ ചോദിച്ചില്ല."

ഇല്ലാത്ത ശത്രുവിനെ ഭയന്ന്, അതിനെ നേരിടാന്‍ പോരടിക്കാന്‍ മനഃശക്തി ചോര്‍ത്തുന്നവരാണ് നമ്മില്‍ പലരും. കാര്യമറിഞ്ഞിട്ട് വാളൂരിയാല്‍ പോരേ…

പലപ്പോഴും നമ്മുടെ യുദ്ധം നിഴലുകളോടാണ്.

No comments:

Post a Comment