Tuesday, 1 July 2014

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം - അധ്യായം 9

3.9 ബ്രഹ്മസ്തുതി.
ഓം
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം - അധ്യായം 9
പങ്കജാസനനായി ബ്രഹ്മദേവന്‍ ഭഗവാന്‍ ഹരിയെ സ്തുതിച്ചുതുടങ്ങി.
"ഭഗവാനേ!, എത്രയോ കാലങ്ങളായി ഞാന്‍ തപം ചെയ്തുവെങ്കിലും ഇന്നാണ് അങ്ങയുടെ അദ്ധ്യാത്മികരൂപത്തെ എനിക്ക് ദര്‍ശിക്കുവാന്‍ സാധിച്ചതും, അങ്ങയെ അറിയാന്‍ കഴിഞ്ഞതും. അനേകവിധം ശരീരങ്ങള്‍ ധരിച്ച്, അനന്തകോടിജീവന്‍‌മാര്‍ ഇവിടെ നിന്നെയറിയാതെ കാലം പോക്കുന്നു. എത്ര നിര്‍ഭാഗ്യവാന്‍‌മാരാണവര്‍!.... നാഥാ!, ഏകമായിയറിയേണ്ടത് നിന്നെ മാത്രമാണ്. കാരണം നിന്നെക്കവിഞ്ഞൊരു ശക്തി ഇവിടെ ഇല്ലതന്നെ. അവിടുത്തേക്കാള്‍ പരമമായ ഒരു ശക്തി എങ്ങനെയുണ്ടാകാനാണ്? ത്രിഗുണങ്ങളുടേയും മായയുടേയും വികാരഭാവത്തെ പ്രദര്‍ശിപ്പിച്ചുകൊണ്ട് നീ മാത്രമാണ് ഇവിടെ പരമസത്യമായി നിലകൊള്ളുന്നത്.
ഭഗവാനേ!, അങ്ങയുടെ അലൗകികമായ രൂപത്തെയാണ് ഞാനീക്കാണുന്നത്. ഈ ദിവ്യരൂപം തന്റെ ഭക്തര്‍ക്ക് ആവബോധരസമാകുന്ന നിന്റെ പരമകാരുണ്യത്തെ പ്രദാനം ചെയ്യുന്നു. ഈ ബൃഹത് രൂപത്തില്‍നിന്നാണ് അവിടുത്തെ മറ്റെല്ലാ അവതാരങളും പിറവിയെടുത്തിരിക്കുന്നത്. ഞാനും ഇതാ അവിടുത്തെ നാഭീപങ്കജത്തില്‍ അധിവസിച്ചുകൊണ്ട് അങ്ങയില്‍ തന്നെ ശരണം പ്രാപിച്ചിരിക്കുന്നു.
ഭഗവാനേ!, ഇതില്പരം അദ്ധ്യാത്മികമായും ആത്മജ്ഞാനപ്രദായകവുമായ ഒരു രൂപം ഞാന്‍ വേറെ കാണുന്നില്ല. അവിടുത്തെ ഈ കളേബരം പരമാനന്ദമാത്രവും, അവ്യയവും, നിര്‍‌വ്വികാരവുമാണ്. ഞാനാകട്ടെ എന്റെ ശരീരേന്ദ്രിയാദികളില്‍ അഭിമാനം കൊള്ളുമ്പോള്‍, അവിടുന്ന് ഈ സമസ്തപ്രപഞ്ചവും അവിടുത്തെ യോഗമായകൊണ്ട് നിര്‍മ്മിച്ച്, സര്‍‌വ്വത്തിനും കാരണമായി നിലകൊള്ളുന്നു. അതേസമയം തന്നെ അങ്ങ് ഇവയില്‍നിന്നൊക്കെയകന്ന് സര്‍‌വ്വസ്വതന്ത്രനായി നിലകൊള്ളുകയും ചെയ്യുന്നു.
അങ്ങനെയുള്ള അവിടുത്തേക്കെന്റെ പ്രണാമം.
ഭഗവാനേ!, ഞാനീക്കാണുന്ന രൂപമായിക്കോട്ടെ, അഥവാ യുഗങ്ങള്‍തോറുമുണ്ടാകുന്ന അങ്ങയുടെ ഏതവതാരഭാവവുമായിക്കോട്ടെ, അവ ഓരോന്നും ഈ പ്രപഞ്ചത്തിന് എക്കാലവും ശുഭമേകുന്നു. ഭക്തന്മാര്‍ നിത്യനിരന്തരമായി ഉപാസിക്കുന്ന അങ്ങയുടെ ഈ രൂപത്തിനുമുന്നില്‍ എന്റെ നമസ്കാരം. അവിടുത്തെ മായയില്‍ മുങ്ങി., ഘോരമായ നരകങ്ങളില്‍ പതിക്കുവാന്‍ വിധിച്ചിട്ടുള്ളവര്‍ അവിടുത്തെ ഈ അദ്ധ്യാത്മികരൂപത്തിനുനേരേ മുഖം തിരിക്കുന്നു. കാരണം, അവര്‍ ലൗകികവിഷങളില്‍ അത്യന്തം ആസക്തരാണ്. എന്നാല്‍ ഭക്തന്മാരാകട്ടെ, വേദമന്ത്രങ്ങളിലൂടെ പ്രകീര്‍ത്തിക്കപ്പെടുന്ന അവിടുത്തെ തൃപ്പാദമാഹാത്മ്യങ്ങളെ ശ്രോത്രേന്ദ്രിയങ്ങളിലൂടെ ഹൃദയത്തിലേറ്റി അങ്ങയില്‍ ഭക്തി ചെയ്യുന്നു. അവര്‍ അങ്ങയെ തങ്ങളുടെ ഹൃദ്ക്കമലങളില്‍ ഇളകാതെ വച്ചാരധിക്കുന്നു.
ഹേ ദേവദേവാ!, ലൗകികാസക്തിയില്‍ ഈ ലോകത്തിലെ മനുഷ്യരെല്ലാം സദാ ആശങ്കപ്പെട്ടിരിക്കുകയാണ്. അവര്‍ സദാസമയവും ധനത്തെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചും, സ്വന്തം ശരീരാദികളെക്കുറിച്ചുമൊക്കെ ആവലാതിപൂണ്ട് അവയെ സംരക്ഷിക്കുന്നതിലേക്കുള്ള തത്രപ്പാടിലാണ് കഴിയുന്നത്. അവരുടെ ഹൃദയത്തിലാകട്ടെ, എപ്പോഴും അനാവശ്യമായ ആഗ്രഹങ്ങളാലുണ്ടാകുന്ന സങ്കടം നിറഞ്ഞുതുളുമ്പിക്കൊണ്ടേയിരിക്കുന്നു. ഞാനെന്നും, എന്റേതെന്നുമുള്ള മിഥ്യാബോധത്താല്‍ അവരുടെ ബുദ്ധി ഭ്രമിച്ച് നശിച്ചിരിക്കുന്നു. എന്തായിരുന്നാലും ഈവക ദുഃഖങ്ങളില്‍ നിന്ന് മോചനമുണ്ടാകണമെങ്കില്‍ അവര്‍ക്കും അവിടുത്തെ തൃപ്പാദപത്മങളില്‍ ഭക്തിയുണ്ടാകേണ്ടത് അനിവാര്യമാണ്.
ഭഗവാനേ!, ഈശ്വരഭജനം കൂടാതെ അനാത്മീയമായി, അശുഭചിന്തകളെ കൂടെക്കൊണ്ടുനടക്കുന്ന ഈ മനുഷ്യരുടെ ബുദ്ധിയും അശുഭമായിഭവിക്കുന്നു. ഇങ്ങനെയുള്ളവര്‍ കുറച്ചുകാലത്തെ കാമവാഞ്ചക്കായി അശുഭവൃത്തികളില്‍പെട്ട് കാലം പോക്കുന്നു.
ഹേ ഉരുക്രമനായ ഭഗവാനേ!, ഈ മനുഷ്യരെല്ലാം ക്ഷുത്തൃഡാദികള്‍ക്കും, ശീതോഷ്ണങള്‍ മുതലായ ദ്വന്ദങ്ങളള്‍ക്കും അടിപ്പെട്ട് ജീവിതം കഴിക്കുന്നു. ഇവരുടെ ശരീരാന്തര്‍ഭാഗത്തുനിന്നുമുള്ള പിത്തരസം വമിച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവിച്ച് ദുഃഖിക്കുന്നു. ചുമച്ചും, കുരച്ചും, ഇവര്‍ രോഗാതുരരായിക്കഴിയുന്നു. മഴയോ, വെയിലോ, ഒന്നുംതന്നെ ഇവര്‍ക്ക് സഹനീയമല്ല. എന്നിട്ടും, കാമാഗ്നികൊണ്ടും, അടക്കാനാകാത്ത കോപം കൊണ്ടും, ഇവരുടെ വിവേകം മുച്ചൂടും നശിച്ചിരിക്കുന്നു. ഇവരുടെ ഈ ദുഃസ്സഹമായ അവസ്ഥയില്‍ ഞാനും അതീവദുഃഖിതനാണ്. ഭഗവാനേ!, ലൗകികദുരിതങ്ങള്‍ ഈ ജീവാത്മാക്കളുടെ യഥാര്‍ത്ഥസ്വരൂപത്തെ ഒരിക്കലും ബാധിക്കുകയില്ലെങ്കിലും, എന്നുവരെ അവര്‍ ഈ ശരീരത്തെ, അങ്ങയുടെ മായാവലയത്തില്‍പെട്ടു, ലൗകികഭോഗങ്ങള്‍ക്കായി വിട്ടുകൊടുത്തിരിക്കുന്നുവോ, അന്നുവരെ ഇത്തരം ദുരിതങ്ങള്‍ അവരെ വിട്ടൊഴിയാതെ നിഷ്ക്കരുണം പിന്തുടരുന്നു.
ഇങ്ങനെയുള്ള മനുഷ്യര്‍ പകല്‍ മുഴുവന്‍ അത്യാര്‍ത്തിയോടെ ബഹുവിധവിഷയങളില്‍ തങ്ങളുടെ മനസ്സും ഇന്ദ്രിയങ്ങളും വ്യാപൃതമാക്കുന്നു. തത്ഫലമായി രാത്രികാലങളില്‍ ഉറക്കമില്ലതെ കിടക്കയില്‍ കിടന്നുരുളുന്നു. കാരണം, അവരുടെ മനസ്സ് പകല്‍ മുഴുവന്‍ രചിച്ചുണ്ടാക്കിയ ഭാവനകളില്‍പെട്ടുഴലുമ്പോള്‍, ബുദ്ധി ഇടക്കിടെ അവരുടെ നിദ്രയ്ക്ക് ഭംഗം വരുത്തുന്നു. പ്രകൃതിശക്തികള്‍ക്കധീതമായ മാനസീകസങ്കല്പ്പങ്ങള്‍ ഓരോന്നായി കടപുഴകിവീഴുമ്പോള്‍, അവരുടെ ബുദ്ധിയുടെ സമനിലയും തെറ്റിപ്പോകുന്നു. ഋഷികളായാല്‍പോലും, അങ്ങയില്‍ പ്രസംഗവിമുഖരായാല്‍ തത്ഫലമായി അവര്‍ അലഞ്ഞുതിരിയേണ്ട അവസ്ഥാവിശേഷത്തിലേക്ക് എത്തിച്ചേരുന്നു.
ഭഗവാനേ!, അവിടുത്തെ മാഹാത്മ്യങ്ങള്‍ക്ക് ചെവി നല്കുന്ന മാത്രയില്‍ ഭക്തന്മാരുടെ ഹൃദയം പവിത്രമാകുന്നു. അങ്ങയുടെ കഥാശ്രവണത്താല്‍ തീര്‍ത്ഥീകൃതമാകുന്ന അവരുടെ മനസ്സുകളില്‍ അവിടുന്ന് പെട്ടെന്നുതന്നെ കുടിയേറിപാര്‍ക്കുകയും ചെയ്യുന്നു. യാതൊരു രൂപത്തില്‍ അവര്‍ നിന്നെ ഹൃദയത്തിലേറ്റുന്നുവോ, അതേ രൂപത്തില്‍ തന്നെ നീ അവര്‍ക്ക് ദര്‍ശനം നല്കി നിന്റെ കാരുണ്യവര്‍ഷം പൊഴിക്കുന്നു. നാരായണാ!, ബദ്ധകാമന്മാരായി പലേവിധം ഉപചാരങ്ങളോടുകൂടി നിന്നെ ആരാധിക്കുന്ന ദേവഗണങ്ങളില്‍പോലും നീ ഇത്രകണ്ട് സമ്പ്രീതനാകുന്നില്ല. പക്ഷേ, നിന്നില്‍ അകമഴിഞ്ഞ് ഭക്തിയെ നിറയ്ക്കുന്ന സാധുക്കളില്‍ ദയാകടാക്ഷം ചൊരിഞ്ഞുകൊണ്ട് അവരുടെ ഹൃദയപങ്കജത്തില്‍ നീ ആത്മസ്വരൂപനായി നിറഞ്ഞുപ്രകാശിക്കുന്നു. അതേസമയം, ഈശ്വരനില്‍ ദ്വേഷം വച്ചുപുലര്‍ത്തുന്നവര്‍ക്ക് നീ അപ്രാപ്യമായി നിലകൊള്ളുകയും ചെയ്യുന്നു. പക്ഷേ, മനുഷ്യന്‍ അവരവരുടെ സ്വധര്‍മ്മകര്‍മ്മങ്ങളെ ഭഗവാങ്കലര്‍പ്പിക്കുകയും, വേദാചരണങ്ങളിലൂടെയും, ദാനം തപസ്സ് തുടങ്ങിയവയുടെ അനുഷ്ഠാനത്തിലൂടെയും നിന്നെ ആരാധിക്കുകയും ചെയ്യുന്നതുവഴി അവര്‍ നന്മയുടെ പാതയിലേക്ക് നയിക്കപ്പെടുന്നു.
ശാശ്വതസ്വരൂപനായ അവിടുത്തേക്ക് എന്റെ നമോവാകം!. അവിടുത്തെ ഈ നിര്‍മ്മലരൂപം ധ്യാനിച്ച് ജീവന്മാര്‍ ആത്മസാക്ഷാത്ക്കാരം നേടുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, ലയിപ്പിക്കുന്ന പരമാനന്ദമൂര്‍ത്തിയായ അങ്ങയുടെ താമരപ്പാദങ്ങളില്‍ അടിയന്റെ പ്രണാമം!. യുഗങ്ങള്‍ തോറും പലവിധ രൂപഭാവങ്ങളിലവതരിച്ച്, നിസ്തുലഗുണങ്ങളോടുകൂടി, തന്റെ അദ്ധ്യാത്മലീലകളാടുന്ന അവിടുത്തെ പാദങ്ങളില്‍ ഞാനിതാ അഭയം തേടുന്നു. യാതൊരുവന്‍ തന്റെ മരണാഗമസമയത്ത് ബോധപൂര്‍‌വ്വമായാലും അല്ലെങ്കിലും, അവിടുത്തെ തിരുനാമം ഉച്ഛരിക്കുന്നുവോ, അവന്റെ ജന്മജന്മാന്തരപാപങ്ങള്‍ സകലതുമകന്ന് അവന്‍ നിന്നിലേക്കെത്തിച്ചേരുന്നു. അങ്ങിനെയുള്ള അവിടുത്തെ തൃപ്പാദങ്ങളില്‍ അടിയന്റെ നിത്യപ്രണാമം!.
ഈ പ്രാപഞ്ചികസര്‍ഗ്ഗതത്വത്തിന്റെ മൂലകാരണതത്വമായി അങ് നിലകൊള്ളുന്നു. ആ തത്വത്തിന്റെ ചില്ലകളായി ഞങളും. ഭഗവാനേ!, അങ്ങ് സ്വയം പരിപാലിക്കുന്ന ഈ പ്രപഞ്ചത്തെ ഞാന്‍ രചിക്കുകയും, ഗിരീശന്‍ അതിനെ സംഹരിച്ചു നിന്നിലടക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള നിന്നെ ഞാനിതാ നമസ്ക്കരിക്കുന്നു. ലോകം നിന്നിലേക്കുള്ള വഴിമറന്ന്, തങ്ങളുടെ ശരീരത്തെ സുഖിപ്പിക്കുന്നതിനും, നിലനിറുത്തുന്നതിനും വേണ്ടി, പലതരം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് പ്രവര്ത്തിക്കുന്നു. ഈ പ്രവര്‍ത്തികളില്‍ എത്രകാലം അവര്‍ വ്യാപൃതരായിരിക്കുമോ, അത്രകാലം അവരുടെ ഈ അശ്രാന്തപരിശ്രമം തികച്ചും ഛിന്നഭിന്നമായി പോകുന്നു. സത്യത്തില്‍ അവരറിയാത്ത അവരുടെ അഭയസ്ഥാനമായ അവിടുത്തെ തൃപ്പാദങ്ങളില്‍ എന്റെ നമസ്ക്കാരം.
അവിടുന്ന് സകലയജ്ഞങ്ങളുടേയും ഭോക്താവാണ്. അനന്തമായ കാലമാകുന്ന അവിടുത്തെ തൃപ്പാദങ്ങളില്‍ അടിയന്റെ നമോവാകം. അവിടുത്തെ കരുണയാല്‍ ദ്വിപരാന്തത്തോളം ഇവിടെ ഞാന്‍ നിലനില്‍ക്കുമെന്നെനിക്കറിയാം. പ്രപഞ്ചത്തിലെ മറ്റുപല ലോകങ്ങളുടേയും നായകനാണ് ഞാനെന്നെനിക്കറിയാം. അങ്ങയെ പ്രാപിക്കുവാന്‍ വേണ്ടി അനേകവര്‍ഷം ഘോരതപമനുഷ്ഠിച്ചവാനാണ് ഞാനെന്നെനിക്കറിയാം. എന്നാലും അവിടുന്നല്ലാതെ മറ്റൊരുഗതി ഞാന്‍ കാണുന്നില്ല. അതുകൊണ്ട് അവിടുത്തെ പാദാരവിന്ദങ്ങളില്‍ ഞാന്‍ ശരണം പ്രാപിക്കുകയാണ്.
ഭഗവാനേ!, അങ്ങ് യാതൊരു ഭേദവും കൂടാതെ ദേവന്മാര്‍ക്കിടയിലും, അന്യ ജീവജന്തുക്കള്‍ക്കിടയിലും ഒരുപോലെ അവതരിച്ച് അവിടുത്തെ ലീലകള്‍ കൊണ്ടാടുന്നു. ത്രിഗുണാധീതനായി, നിസ്പൃഹനായി, ധര്‍മ്മപരിപാലനാര്‍ത്ഥം യുഗാന്തരങ്ങളില്‍ ഈവിധം വിവിധവേഷധാരിയായി പ്രത്യക്ഷനാകുന്ന അങ്ങയെ ഞാനിതാ നമസ്ക്കരിക്കുന്നു.
ഭഗവാനേ!, ഭീമാകാരമായ പ്രളയജലധിയില്‍ അനന്തനുമേല്‍ പള്ളികൊണ്ട്, തത്വവിദുക്കള്‍ക്ക് അങ്ങ് അവിടുത്തെ യോഗനിദ്രയെ കാട്ടിക്കൊടുക്കുന്നു. ആ സമയം, പ്രപഞ്ചത്തിലെ സകലലോകങ്ങളും അവിടുത്തെ മഹാജഠരത്തില്‍ അഭയം കൊണ്ടുകഴിയുന്നു. ഹേ നാരായണാ!, അങ്ങയുടെ നാഭീപങ്കജത്തെ ഞാനിതാ എന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. അവിടുത്തെ അപാരകരുണയില്‍ ഞാന്‍ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍മ്മം ഏറ്റെടുത്തിരിക്കുന്നു. അഞ്ഞ്യോഗനിദ്രകൊള്ളുമ്പോള്‍ സകലലോകങളും ആ മഹോദരത്തില്‍ കേന്ദ്രീകൃതമായിരിക്കുന്നു. ഇപ്പോഴിതാ ഉഷസ്സില്‍ വിരിഞ്ഞ താമരപോലെ അങ്ങയുടെ നയനങളും തുറന്നുപ്രകാശിക്കുന്നു."
ബ്രഹ്മദേവന്റെ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. "ഇങ്ങനെയുള്ള അവന്‍ എന്നില്‍ കനിയുമാറാകണം. അവന്‍ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങള്‍ക്കും ഏകബന്ധുവും, ഏകാത്മാവുമാണ്. ആ ആദിനാരായണന്‍ സര്‍‌വ്വതിനേയും തന്റെ സര്‍‌വ്വൈശ്വര്യങ്ങളാല്‍ പരിപാലനം ചെയ്ത് ജഗത്ത്സര്‍‌വ്വത്തിന്റെ ക്ഷേമം കാത്തുസൂക്ഷിക്കുന്നു. മുന്നേപോലെയുള്ള അവന്റെ കാരുണ്യവര്‍ഷാനുഭൂതിയുടെ പ്രേമച്ഛായയില്‍ നിന്നുകൊണ്ട് എന്റെ നിയതമായ കര്‍മ്മാനുചരണത്തിനായി ഞാന്‍ അവന്റെ അനുഗ്രഹം തേടുകയാണ്. കാരണം ഞാനും അവന് പ്രിയപെട്ടവനും, അവിടുത്തെ തൃപ്പാദങ്ങളില്‍ അഭയം പ്രാപിച്ചവനുമാണ്. അവന്‍ പ്രപന്നാത്മാക്കളുടെ പരിപാലകനാണ്. അവന്‍ തന്റെ ആന്തരികശക്തിസ്രോതസ്സായ ശ്രീമഹാലക്ഷ്മിയിലൂടെ തന്റെ ധര്‍മ്മം ആചരിക്കുന്നു. എനിക്കുവേണ്ടത് ഈ ഭൗതികസൃഷ്ടിയുടെ സര്‍‌വ്വമംഗളത്തിനായി അവന്റെ അനുഗ്രഹം മാത്രം. കര്‍മ്മബന്ധത്താല്‍ തളയ്ക്കപ്പെടാതിരിക്കുവാനായി അവന്റെ കാരുണ്യം മാത്രം. അതുവഴി എന്നില്‍ കര്‍ത്തൃത്വബോധവുമോ, അഹങ്കാരമോ ഉണ്ടാകാതിരിക്കട്ടെ!.
അവന്റെ മഹിമകള്‍ അവര്‍ണ്ണനീയമാണ്. ആ പരമപുരുഷന്റെ നാഭീസരസ്സില്‍ നിന്നും മൊട്ടിട്ട സരോജത്തില്‍ ഈ പ്രപഞ്ചത്തിന്റെ പൂര്‍ണ്ണശക്തിയുമായി ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍, അവന്‍ പ്രലയജലധിയില്‍ യോഗനിദ്രകൊള്ളുന്നു. ഞാന്‍ അവന്റെ വിഭിന്നമായ മായാശക്തിയെ ഈ പ്രപഞ്ചമാക്കി പരിണമിപ്പിക്കുന്നുവെന്നുമാത്രം. ആയതിനാല്‍ എന്റെ കര്‍മ്മവസനത്തോളം വേദവിധികളുടെ ധര്‍മ്മപാതയില്‍ നിന്നും അണുവിട വ്യതിചലിക്കാതെ കാക്കുവാന്‍ ഞാന്‍ അവനോട് പ്രാര്‍ത്ഥിക്കുകയാണ്. ഏകനും, പരമകാരുണ്യവാനുമായ അവന്‍ മിഴിതുറന്ന് പുഞ്ചിരിതൂകി അടിയനെ ആശീര്‍‌വദിക്കുന്നതിനായി ഞാന്‍ ആ പരമപുരുഷനോട് യാചിക്കുകയാണ്. അവന്റെ ഹൃദയസ്പര്‍ശിയായ തെല്ല് വാക്കുകള്‍കൊണ്ടുമാത്രം ഈ പ്രപഞ്ചം സകലകുണ്ഠിതങ്ങളുമകന്ന്, ഉദ്ധരിക്കപ്പെടുന്നു."
മത്രേയമുനി തുടര്‍ന്നു: "വിദുരരേ!, ഇങ്ങനെ ബ്രഹ്മദേവന്‍ തന്റെ അസ്ഥിത്വകാരണമായ ഭഗവാനെ ദര്‍ശിച്ചറിഞ്ഞതിനുശേഷം, മനസ്സാവാചാ തന്നാലാകും‌വിധം ഭഗവാനെ പ്രകീര്‍ത്തിച്ചു. തുടര്‍ന്ന് തന്റെ തപജപധ്യാനംകൊണ്ട് തളര്‍ന്നമട്ടില്‍ ബ്രഹ്മാവ് പെട്ടെന്ന് നിശബ്ദനായി. വിധാതാവ് തന്റെ സ്വധര്‍മ്മമായ സൃഷ്ടികര്‍ത്തവ്യത്തെക്കുറിച്ച് അത്യന്തം ഉത്കണ്ഠിതനാണെന്നും, കൂടാതെ പ്രലയജലത്തെക്കണ്ട് നന്നേ വിഷണ്ണഭാവത്തിലിക്കുകയാണെന്നും ഭഗവാന്‍ മനസ്സിലാക്കി. അവിടുന്ന് ബ്രഹ്മാവിന്റെ മനഃശ്ചാഞ്ചല്യത്തെക്കുറിച്ചറിഞ്ഞുകഴിഞ്ഞിരിന്നു. ഭഗവാന്‍ അങ്ങേയറ്റം ഗുഹ്യമായ തന്റെ ഉപദേശത്തെ നല്‍കിക്കൊണ്ട് ബ്രഹ്മദേവന്റെ സകല മായാഭ്രമങ്ങളും മറച്ചരുളി.
ഭഗവാന്‍ ഹരി അരുളിചെയ്തു: "അല്ലയോ വേദഗര്‍ഭാ!, ഭവാന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഒന്നുകൊണ്ടും ഇന്ന് വ്യാകുലപ്പെടേണ്ടതില്ല. അവിടുത്തെ പ്രാത്ഥനയില്‍ നാം അതീവസന്തുഷ്ടനാണ്. ഹേ ബ്രഹ്മദേവാ!, നമ്മുടെ അനുഗ്രഹത്തിനായി ഇനിയും അങ്ങേയ്ക്ക് തപം ചെയ്യേണ്ടതുണ്ട്. അതിലൂടെ നാം അങ്ങേയ്ക്ക് സകലതും കാട്ടിത്തരുന്നതുണ്ട്. വിധാതാവേ!, ഭക്തിയുക്തസമാശ്രിതനായി അങ്ങ് തപസ്സിലൂടെ നമ്മെ സ്മരിക്കുമ്പോള്‍, അങ്ങയുടെ ഹൃദയത്തിലും അതുപോലെ സകലചരാചരങ്ങളിലും നമ്മുടെ സാന്നിധ്യം അങ്ങേയ്ക്ക് ദര്‍ശിച്ചറിയുവാന്‍ സാധിക്കും. അതുപോലെതന്നെ ഭവാനോടൊപ്പം ഈ പ്രപഞ്ചത്തേയും അതിലെ സകലചരാചരങ്ങളേയും അങ്ങ് നമ്മിലും കണ്ടറിയും. വിറകില്‍ അഗ്നിയെന്നതുപോലെ, സമസ്തപ്രപഞ്ചവും നമ്മില്‍ അധിവസിക്കുന്നത് ഭവാന്‍ നേരില്‍ കണ്ടനുഭവിക്കും. ആ അദ്ധ്യാത്മികാനുഭൂതിയില്‍ സകലകല്‍മഷങ്ങളുമകന്ന് ഭവാന്‍ മുക്തനാകും. ത്രിഗുണങ്ങളുടെ പിടിയില്‍നിന്നുമകന്ന് സ്ഥൂലസൂക്ഷ്മസങ്കല്പ്പങ്ങള്‍ക്കധീതനായി സംശുദ്ധനാകുന്നസമയം, നമ്മുടെ കാരുണ്യത്താല്‍ അങ്ങേയ്ക്ക് അവിടുത്തെ സ്വരൂപം തെളിഞുകിട്ടും. ആ അവസ്ഥയില്‍ ഭവാന്‍ തികച്ചും പരമാത്മബോധത്തില്‍ അന്തര്‍ലീനമായിരിക്കുകയും ചെയ്യും.
നമ്മുടെ കൃപാവര്‍ഷം അങ്ങയില്‍ സദാ നിറഞ്ഞുകൊണ്ടേയിരിക്കും. ആയതിനാല്‍ നാനാകര്‍മ്മങ്ങളില്‍ തല്പ്പരനും പ്രജാവര്‍ദ്ധനപരിതുഷ്ടനുമായ അങ്ങേയ്ക്ക് ഒരിക്കലും ആ ഉദ്യോഗത്തില്‍നിന്നും ഭ്രഷ്ടനാകേണ്ടിവരുകയില്ല.
ഹേ പ്രഥമഋഷേ!, ഭവാന്‍ എപ്പോഴും നമ്മില്‍ മനസ്സൂന്നിയവനാകയാല്‍, നാനാസന്തതിപരമ്പരകളുടെ സൃഷ്ടിയില്‍ മുഴുകിയിരുന്നാലും, വിട്ടുവീഴ്ച്ചാഭാവമില്ലാത്ത രജോഗുണത്താല്‍ അങ്ങ് ബദ്ധനാകുകയില്ല. ജീവികള്‍ക്ക് എളുപ്പത്തില്‍ ജ്ഞേയമല്ലാത്ത നമ്മെ അങ്ങ് അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. നാം ഭൂതേന്ദ്രിയഗുണാഹങ്കാരാദികളാല്‍ ഉത്പിതമല്ലെന്ന പരമാര്‍ത്ഥത്തെ അങ്ങ് ഇതിനകം തപജപധ്യാനങളിലൂടെയറിഞ്ഞിരിക്കുന്നു. ഹേ ബ്രഹ്മദേവാ!, അങ്ങയുടെ ജന്മസ്ഥാനപങ്കജത്തിന്റെ മൂലതത്വത്തെ തേടി ധ്യാനനിരതനായിട്ടും, നമ്മുടെ നാഭീസരസ്സിലേക്കുതിര്‍ന്നിറങ്ങിയിട്ടും, അങ്ങേയ്ക്ക് നമ്മെ കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അങ്ങ് ദര്‍ശിക്കുന്ന നമ്മുടെ ഈ അദ്ധ്യാത്മസ്വരൂപത്തില്‍ നാം സ്വയമേവ അവതരിച്ചുകഴിഞ്ഞിരുന്നു. തീവ്രനിഷ്ഠയോടെ അങ്ങേയ്ക്ക് തപസ്സനുഷ്ഠിക്കുവാന്‍ കഴിഞ്ഞതും, ഹൃദയത്തിന്റെ ഭാഷയില്‍ ഭവാന് നമ്മെ നമ്മുടെ അത്ഭുതമഹിമകളാല്‍ കീര്‍ത്തിക്കുവാന്‍ കഴിഞ്ഞതും, അങ്ങയുടെ ഹൃദയത്തില്‍ നമ്മോടുള്ള അകമഴിഞ്ഞ ഭക്തിയങ്കുരിച്ചതുമെല്ലാം ഒരുതരത്തില്‍ അങ്ങയിലുണ്ടായ നമ്മുടെ കാരുണ്യം മാത്രമാണ്.
ഭവാന്‍ നമ്മെക്കുറിച്ച് വര്‍ണ്ണിച്ചുപുകഴ്ത്തിയ മാഹാത്മ്യങ്ങളെല്ലാം ലൗകികന്മാര്‍ക്ക് ലൗകികമായി തോന്നുമെങ്കിലും, അവയെല്ലാം തികച്ചും നമ്മുടെ അദ്ധ്യാത്മികഗുണഗണങ്ങള്‍ തന്നെയാണ്. അതില്‍ അതീവസന്തുഷ്ടനായ നാം അങ്ങിച്ഛിക്കുന്ന സകലകര്‍മ്മങ്ങളും ഭദ്രമായിഭവിക്കുവാന്‍ സര്‍‌വ്വമംഗളങ്ങളും നേരുന്നു.
യാതൊരു പുമാന്‍ വിധാതാവിനെപ്പോലെ നമ്മെ ഭജിക്കുമ്പോള്‍, സകല അഭീഷ്ടങ്ങളും സിദ്ധിച്ച് സര്‍‌വ്വേശ്വരനായ നമ്മുടെ അനുഗ്രഹാശ്ശിസ്സുകള്‍ക്ക് അവന്‍ പാത്രീഭൂതനാകുന്നു. സകല ധര്‍മ്മാനുവൃത്തികളും, തപസ്സും, യജ്ഞവും, ദാനവും, യോഗവും, സമാധിയുമെല്ലാം കൊണ്ടുള്ള ആത്യന്തികപ്രയോജനം നമ്മുടെ അലൗകികവും അദ്ധ്യാത്മികവുമായ പ്രസാദത്തെ നേടിയെടുക്കുക എന്നുള്ളതാണെന്ന് തത്വവിദുക്കള്‍ ഉദ്ഘോഷിച്ചുകൊണ്ടേയിരിക്കുന്നു. നാം സകലജീവികള്‍ക്കും അന്തരാത്മാവാണ്. നാം നമ്മുടെ ശിഷ്ടജനങ്ങള്‍ക്ക് സര്‍‌വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന സര്‍‌വ്വധാതാവാണ്. ആയതിനാല്‍ ജീവികള്‍ ദേഹാത്മബോധം വിട്ട് അന്തര്‍മുഖരായി നമ്മിലേക്ക് തിരികെയെത്തേണ്ടതാണ്. അതുകൊണ്ട്, വിധാതാവേ!, നമ്മില്‍ നിന്നുത്ഭവിച്ച്, സകലസൃഷ്ടികളുടേയും ഹേതുവായി അങ്ങേയ്ക്ക് സിദ്ധമായ ഈ ദിവ്യശരീരത്താലും, വേദതത്വങ്ങളുടെ പ്രഭാവത്താലും, അങ്ങയുടെ സുനിശ്ചിതധര്‍മ്മം മുന്നേപ്പോലെ തുടര്‍ന്നുകൊണ്ടേയിരിക്കുക."
മത്രേയമുനി പറഞ്ഞു: "ഹേ വിദുരരേ!, അങ്ങനെ, സൃഷ്ടിയുടേ വികാസത്തിനുവേണ്ടി ബ്രഹ്മാവിന് ആത്മോപദേശം നല്‍കിയനുഗ്രഹിച്ച്, ഭഗവാന്‍ നാരായണന്‍ മറഞ്ഞരുളി.
ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം ഒമ്പതാമധ്യായം സമാപിച്ചു.

No comments:

Post a Comment