1.1 സൂതനോട് ഋഷികളുടെ ചോദ്യങള്‍
ഓം.
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം അധ്യായം 1
പരമാത്മാവായ വസുദേവപുത്രനെ ഞാന്‍ നമിക്കുന്നു. ജഗത്തിന്റെ ഉല്‍പത്തിയ്ക്കും, നിലനില്‍പ്പിനും, പ്രലയത്തിനും ആദികാരണനായവനും, പ്രത്യക്ഷമായും പരോക്ഷമായും സകലചരാചരങ്ങളേയും അറിയുന്നവനും, സര്‍വ്വ സ്വതന്ത്രനും, ആദികവിയായ (ആദ്യസൃഷ്ടിയായ) ബ്രഹ്മാവിന്റെ ഹൃദയത്തിലേക്ക് വേദങ്ങള്‍ പകര്‍ന്നുകൊടുത്തവനും, ഭൂമി, ജലം, അഗ്നി എന്നൊക്കെ ചൊല്ലി ദേവന്...മാര്‍, ഋഷികള്‍ മുതാലായവരില്‍ പോലും മായയുടെ വിഭ്രാന്തി ജനിപ്പിക്കുന്നവനും, മൂലപ്രകൃതിയുടെ വിനിമയങ്ങളാല്‍ ആരോപിതമായ ഈ ജഗത്ത് ഉള്ളതെന്ന് തോന്നിപ്പിക്കുന്നവനും, മായയ്ക്കതീതനായും, പരമാത്മാവായും, അനശ്വരനായുമിരിക്കുന്ന പരം പൊരുളായ ശ്രീകൃഷ്ണനെ ഞാന്‍ ധ്യാനിക്കുന്നു.
ഭൌതികധര്‍മ്മങ്ങളെയെല്ലാം വെടിഞ്ഞ്, പരമമായി, ഹൃദയശുദ്ധിയുള്ള ഭക്തന്മാര്‍ ഇവിടെ അറിയേണ്ടതും, സത്യമായ ക്ഷേമത്തെ പ്രദാനം ചെയ്യുന്നതും, ആദിഭൌതികവും, ആദിദൈവികവും, അദ്ധ്യാത്മികവുമായ മൂന്ന് താപങ്ങളേയും ഉന്മൂലനം ചെയ്യുന്നതുമാണ് ശ്രീവേദവ്യാസനാല്‍ രചിക്കപ്പെട്ട ഈ ശ്രീമദ് ഭാഗവതം. ഇതുള്ളപ്പോള്‍ മറ്റൊരു ഗ്രന്ഥം എന്തിന്?. ഒരു പരമഭാഗവതനാല്‍ ഇതിന്റെ ശ്രവണമാത്രയില്‍ ഭഗവാന്‍ ശ്രീഹരി ഹൃദയത്തില്‍ ഉറയുന്നു. ഭൂമിയില്‍ വിദ്വാന്മാരും ചിന്താതല്‍പ്പരന്മാരുമായ ഹേ രസികന്മാരേ!, വേദമാകുന്ന കല്‍പ്പവൃക്ഷത്തിലെ പഴുത്ത പഴവും, ശുകമുഖത്ത് നിന്നും വന്ന് നാനാവിധത്തില്‍ തികഞ്ഞതും അമൃതൂറുന്നതുമായ ശ്രീമദ്ഭാഗവതരസം വേണ്ടുവോളം എപ്പോഴും നിങ്ങള്‍ പാനം ചെയ്തുകൊണ്ടാലും.
ഭഗവാന്‍ വിഷ്ണുവിനേറെ പ്രിയമായ നൈമിഷാരണ്യത്തില്‍ വച്ച് ശൌനകാദി ഋഷികള്‍ ഭഗവത്പ്രേമത്തിനു വേണ്ടിയും, ഭക്തലോകക്ഷേമത്തിനു വേണ്ടിയും ആയിരം വര്‍ഷങ്ങള്‍ പോന്ന ഒരു സത്രം അനുഷ്ഠിച്ചു. പിന്നിടൊരിക്കല്‍ ആ മുനിമാര്‍ പുലര്‍കാലത്തില്‍ ഹോമാഗ്നി ജ്വലിപ്പിച്ച് പ്രഭാതപൂജകള്‍ ചെയ്തതിനുശേഷം ബഹുമാനപൂര്‍വ്വം സൂതമുനിയെ ആസനസ്ഥനാക്കി ആദരവോടെ ഇപ്രകാരം ആരാഞ്ഞു.
ഋഷികള്‍ പറഞ്ഞു. ഹേ! പാപമറ്റവനേ!, അങ്ങ് ധര്‍മ്മശാസ്ത്രങ്ങളെല്ലാം നല്ലവണ്ണം അറിയുന്നവനാണ്. അങ്ങ് സകല പുരാണങ്ങളും ഇതിഹാസ സഹിതം സംശയലേശമെന്ന്യേ പറഞ്ഞുതരികയും ചെയ്തു. വേദവിത്തുക്കളില്‍ ശ്രേഷ്ഠനായ സൂതമുനേ, അങ്ങ് ഭഗവതംശമായ വ്യാസദേവനേയും, ഭൌതികവും അദ്ധ്യാത്മികവുമായ ശാസ്ത്രങ്ങളില്‍ വിദഗ്ദരായ മറ്റുള്ള മുനികളേയും അറിയുന്നവനാകുന്നു. സൌമ്യനായ അങ്ങ് ആ ഗുരുക്കന്മാരുടെ അനുഗ്രഹത്താല്‍ എല്ലാം ഉള്ളവണ്ണം അറിഞ്ഞവനാണ്. അവരുടെ ശിഷ്യന്മാരില്‍ വച്ച് നിമഗ്നനായ അങ്ങ് അവരില്‍ നിന്നും പഠിച്ച മറ്റുള്ള രഹസ്യങ്ങള്‍ കൂടി ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും.
ദീര്‍ഘായുസ്സുകൊണ്ട് അനുഗ്രഹീതനായവനേ, എന്താണോ മനുഷ്യന് പരമമായതും ശ്രേയസ്ക്കരമായതും എന്ന് നിശ്ചയിച്ചിട്ടുള്ളത്, അവയൊക്കെ വ്യക്തമായി അങ്ങയില്‍നിന്ന് ഞങ്ങള്‍ക്കറിയേണ്ടതുണ്ട്. പൊതുവായി ഈ കലിയുഗത്തില്‍ ആധുനിക ജനങ്ങള്‍ അല്‍പായുസ്സുകളും, അലസന്മാരും, മന്ദബുദ്ധികളൂം, നിര്‍ഭാഗ്യരും, എല്ലാത്തിനുമുപരി അസ്വസ്ഥരുമാണ്.
അത്യധികം വൈവിധ്യമുള്ളതും പലേവിഷയങ്ങളിലുള്ളതുമായ നിരവധി ശാസ്ത്രോക്തങ്ങളായ കര്‍മ്മങ്ങള്‍ കേള്‍ക്കനും പഠിക്കാനുമുണ്ട്. അതുകൊണ്ട് അല്ലയോ സാധോ!, അവയുടെ മുഴുവന്‍ സാരവും അങ്ങയുടെ ബുദ്ധികൌശലമുപയോഗിച്ച് തിരഞ്ഞെടുത്ത് സകലജീവികളുടേയും നന്മയ്ക്കുവേണ്ടിയും, ആത്മപ്രസാദാര്‍ത്ഥമായും ഇപ്പോള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും. അല്ലയോ സൂതമുനേ, ഇത് അവിടുത്തേക്ക് കിട്ടിയ അനുഗ്രഹമാണ്, ഭക്തരക്ഷകനായ ഭഗവാന്‍ നാരായണന്‍ ദേവകിയുടെ ജഠരത്തില്‍ വസുദേവപുത്രനായി എന്തിനായ്കൊണ്ട് അവതരിക്കാന്‍ പോകുന്നുവെന്ന കാര്യം അങ്ങ് അറിയുന്നത്. ഹേ സൂതമഹര്‍ഷേ!, ആരുടെ അവതാരമാണോ സര്‍വ്വഭൂതങ്ങളുടേയും ക്ഷേമത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടിയുള്ളത്, അവനെകുറിച്ച് കേള്‍ക്കാന്‍ കുതൂഹലരായിരിക്കുന്ന ഞങ്ങള്‍ക്ക് അത് അങ്ങയാല്‍ അനുവര്‍ണ്ണിക്കപ്പെട്ടറിയണം. അതിഘോരമായ ജനനമരണചക്രത്തില്‍ അകപെട്ടുഴലുന്നവന്‍, ഏത് നാമത്തെയാണോ സ്വയം ഭയം പോലും ഭയക്കുന്നത്, ആ ശ്രീകൃഷ്ണനാമം നിസ്സംജ്ഞനായിപോലും ഉച്ചരിക്കുന്ന മാത്രയില്‍ തന്നെ അവന്‍ സംസാരത്തില്‍ നിന്നും മുക്തി നേടുന്നു. ഭഗവാന്റെ പദകമലങ്ങളില്‍ അടിപ്പെട്ട് ഭഗവത് ഭക്തിയില്‍ മുഴുകിയിട്ടുള്ള സന്ന്യാസിമാരുടെ സംഗം ഒരു ക്ഷണത്തില്‍ ഒരുവനെ തീര്‍ത്ഥീകരിക്കുന്നു, എന്നാല്‍ ഏറെ നാളത്തെ അനുസേവനം കൊണ്ടുമാത്രാമാണ് ഗംഗാതീര്‍ത്ഥം ഒരു ജീവനെ ശുദ്ധീകരിക്കുന്നത്.
കലികാല ദോഷങ്ങള്‍ തീര്‍ക്കുന്നതും പ്രാര്‍ത്ഥനയാല്‍ ആരാധ്യവുമായ, ഭഗവാന്റെ പുണ്യമഹിമയും, ലീലയും മുമുക്ഷുക്കളായുള്ള ആരാണ് ശ്രവണം ചെയ്യാത്തത്? ആ നാരായണന്റെ ലീലകള്‍ ശ്രേഷ്ഠവും ഉദീര്‍ണ്ണവും, ഉത്തമഭക്തന്മാരാല്‍ പരികീര്‍ത്തിതവുമാണ്. യുഗം തോറും ആവിര്‍ഭവിച്ചിട്ടുള്ള അവന്റെ അവതാര ചരിതങ്ങള്‍ ശ്രദ്ധയോടെ ശ്രവണതല്‍പ്പരരായിരിക്കുന്ന ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും. അതുകൊണ്ട്, മഹാമതിയായ സൂതാ, ഭഗവാന്‍ നാരായണന്‍ തന്റെ മഹാമയയാല്‍ സ്വേഛയാല്‍ കാട്ടിയ ലീലകള്‍; ശുഭമായ ആ അവതാരകഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരിക. ആ ഉത്തമശ്ളോകന്റെ അത്ഭുത ചരിതങ്ങള്‍ കേട്ട് ഞങ്ങള്‍ക്ക് തൃപ്തി വരുന്നില്ല. അത് കേട്ടിട്ടുള്ള രസജ്ഞന്മാര്‍ ഓരോ നിമിഷവും ഹൃദ്യമായ ആ രുചി ആസ്വദിക്കുന്നു. അമാനുഷനായ ഭഗവാന്‍ കൃഷ്ണന്‍ അന്തര്‍ഹിതനായി മനുഷ്യവേഷം ധിരിച്ച് അനുജന്‍ ബലരാമനോടൊന്നിച്ച് എന്തൊക്കെ കര്‍മ്മങ്ങളാണ് അനുഷ്ഠിച്ചത്?. കലികാലം വന്നതറിഞ്ഞ് വിഷ്ണുഭക്തന്മാരായ ഞങ്ങള്‍ ദീര്‍ഘകാലത്തെ ഈ സത്രത്തിലൂടെ ഇക്കാലമത്രയും ഭഗവാന്‍ ശ്രീഹരിയുടെ കഥാമൃതശ്രവണത്തിനായി ഇവിടെ ഈ സ്ഥലത്ത് ഒത്തുകൂടിയിരിക്കുന്നു. ദുഃസ്തരവും, മനുഷ്യനിലെ സത്ഗുണങ്ങളെ ഇല്ലാതാക്കുന്നതുമായ ഈ കലികാലസമുദ്രത്തില്‍ ഒരു കപ്പിത്താനെന്നോണം അങ്ങ് മോക്ഷേഛുക്കളായ ഞങ്ങളെ സന്ദര്‍ശിക്കാനിടയായത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ട് കൊണ്ടാണ്. യോഗേശ്വരനും ധര്‍മ്മസരംക്ഷകനുമായ ശ്രീകൃഷ്ണപരമാത്മാവ് സ്വന്തം ധാമത്തിലേക്ക് തിരിച്ചുപോയതിനുശേഷം ഇപ്പോള്‍ ധര്‍മ്മം എവിടെയാണ് ശരണം പ്രാപിച്ചിരിക്കുന്നതെന്ന് അല്ലയോ സൂതാ അങ്ങ് പറഞ്ഞുതന്നാലും.
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദത്തിലെ ഒന്നാം അദ്ധ്യായം
No comments:
Post a Comment