Thursday 19 June 2014

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം അധ്യായം - 9

2.9 പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്ക് ശ്രീശുകന്‍ ഉത്തരം നല്‍കുന്നു.

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം അധ്യായം - 9
 
ശ്രീശുകന്‍ പറഞു: ഹേ രാജന്‍!, ഭഗവതനുഗ്രഹം കൂടാതെ ഈ ജീവന് ശരീരവുമായി യാതൊരുവിധസംബന്ധവും ഉണ്ടാകാന്‍ സാധ്യമല്ല. അങ്ങനെതോന്നുന്ന ബന്ധങ്ങളെല്ലാം സ്വപ്നത്തില്‍ ഒരുവന്‍ തന്നെതന്നെ ദര്‍ശിക്കുന്നതുപോലെ അയഥാര്‍ത്ഥമാണ്. ഭഗവാന്റെ അത്ഭുതമായാവലയത്തില്‍ പെട്ട് ഈ ജീവന്‍‌മാര്‍ അനേകവിധം ശരീരങ്ങള്‍
സ്വീകരിച്ചുകൊണ്ട് ഇവിടെ പ്രത്യക്ഷമാകുന്നു. അങ്ങനെ ഈ പ്രകൃതിയുടെ ഗുണങളെ ആസ്വദിച്ചുകൊണ്ട് അവര്‍ ഞാനെന്നും എന്റേതെന്നുമുള്ള തെറ്റിദ്ധാരണയില്‍ പെട്ടുഴലുന്നു. പക്ഷേ, ഈ ജീവന്‍‌മാര്‍ ആത്മസ്വരൂപത്തില്‍ ഉറച്ചുകൊണ്ട് പരമാനന്ദത്തെ അനുഭവിക്കാന്‍ തുടങ്ങുമ്പോള്‍ ഈ തെറ്റിദ്ധാരണ മറഞ്ഞ് ഉള്ളില്‍ പരമാത്മചൈതന്യം നിറയുന്നു.

ഹേ രാജന്‍!, ആത്മതത്വവിശുദ്ധിക്കായി അവ്യളീകമായ തപസ്സുചെയ്ത ബ്രഹ്മാവിന്റെ മുന്നില്‍ ഭഗവാന്‍ തന്റെ അദ്ധ്യാത്മികരൂപത്തില്‍ പ്രത്യക്ഷനായി. ആദിദേവനായ ബ്രഹ്മാവിന് തന്റെ ആസനമായ സരസിജത്തിന്റെ ഉത്ഭവസ്ഥാനത്തെ അറിയുവാന്‍ കഴിഞ്ഞില്ല. മാത്രമല്ല, പ്രപഞ്ചനിര്‍മ്മാണത്തിനുള്ള വ്യവസ്ഥകളോ അതിനുള്ള സംവിധാനങ്ങളോ യാതൊന്നും അദ്ദേഹത്തിന് ജ്ഞാതമായിരുന്നില്ല. ഇങ്ങനെ ബ്രഹമാവ് ചിന്താധീനനായിരുന്ന സമയം ജലത്തില്‍ നിന്നും രണ്ടക്ഷരങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു വാക്ക് രണ്ട് പ്രാവശ്യം ഉച്ചരിച്ചുകേട്ടു. അതില്‍ ആദ്യത്തെ അക്ഷരം സ്പര്‍ശാക്ഷരങ്ങളിലെ പതിനാറാമത്തേതും, രണ്ടാമത്തെ അക്ഷരം അതില്‍ ഇരുപത്തൊന്നാമത്തേതുമായിരുന്നു. ഈ വാക്ക് പിന്നീട് നിഷ്കിന്ചനന്‍മാരുടെ സ്വത്തായി അറിയപ്പെട്ടു.

"തപഃ തപഃ" എന്നിങ്ങനെ ആ ശബ്ദം കേട്ട നിമിഷം ബ്രഹ്മദേവന്‍ താമരയില്‍ നിന്നെഴുന്നേറ്റ് നാലുപാടും നോക്കി. ആരേയും കാണാതെവന്നപ്പോള്‍ ബ്രഹ്മാവ് തന്റെ പങ്കജാസനത്തിലിരുന്നുകൊണ്ട് നിര്‍ദ്ധിഷ്ടമെന്നതുപോലെ തപസ്സനുഷ്ഠിക്കാനാരംഭിച്ചു. ആയിരം ദിവ്യവര്‍ഷത്തോളം ബ്രഹ്മാവ് തീവ്രമായ തപസ്സനുഷ്ഠിച്ചു. ആ ശബ്ദം വീണ്ടും വീണ്ടും അദ്ദേഹം കേട്ടു. തുടര്‍ന്ന് പ്രാണനേയും, മനസ്സിനേയും സം‌യമനം ചെയ്തു. ഇങ്ങനെ സകലലോകങ്ങളുടേയും ഉദ്ധാരണാര്‍ത്ഥം ബ്രഹ്മദേവന്‍ അതിഘോരമായ തപസ്സിലാണ്ടു. ബ്രഹ്മാവിന്റെ തപസ്സില്‍ സം‌തൃപ്തനായ ഭഗവാന്‍ ഹരി അദ്ദേഹത്തിന് വൈകുണ്ഠദര്‍ശനം നല്‍കിയനുഗ്രഹിച്ചു. ഈ വൈകുണ്ഠലോകം സകലദുഃഖങ്ങളില്‍ നിന്നും, മായയില്‍ നിന്നും മുക്തരായ ജീവന്‍‌മാര്‍ക്ക് സ്വധാമമാണ്. അവിടെ ഭഗവാന്റെ ഈ സ്വധാമത്തില്‍ സത്വമോ, രജസ്സോ, തമസ്സോ ആയ പ്രകൃതിഗുണങ്ങളൊന്നും തന്നെയില്ല. അവിടെ കാലത്തിനും സ്ഥാനമില്ല. എങ്കില്‍ പിന്നെ മായയ്ക്ക് എങ്ങനെ അവിടെ എത്താനാകും?.

ദേവന്‍‌മാരും, അസുരന്‍‌മാരും ഒന്നുപോലെ വൈകുണ്ഠത്തെ ആരാധിക്കുന്നു. വൈകുണ്ഠവാസികളെല്ലാം ശ്യാമവര്‍ണ്ണന്‍‌മാരാണ്. അവരുടെ നയനങ്ങള്‍ താമരപ്പൂക്കള്‍ പോലെ ശോഭിക്കുന്നു. അവര്‍ മഞ്ഞപ്പട്ടണിഞ്ഞവരാണ്. നാലുതൃക്കൈകളോടെ സുന്ദരമായ നാനാഭരണങള്‍ അണിഞ്ഞ അവര്‍ സദാ വൈകുണ്ഠത്തില്‍ യുവത്വം നിറഞ്ഞവരായി ഉജ്ജ്വലദീപ്തം തിളങ്ങുന്നു. അവര്‍ പ്രവാളം, വൈഢൂര്യം, മൃണാളം, ഇത്യാദി മഹാരത്നങ്ങളുടെ കിരണങ്ങളെപ്പോലെ പ്രകാശവത്തായി കാണപ്പെടുന്നു. കുണ്ഡലങ്ങളും, വനമാലയുമൊക്കെയണിഞ്ഞ് ഈ വൈകുണ്ഠവാസികള്‍ താമരപ്പൂവുകള്‍ക്കുസമം പ്രശോഭിക്കുന്നു. ആ ആദിനാരായണന്റെ വൈകുണ്ഠത്തില്‍ മഹാത്മാക്കള്‍ക്കായി വളരെയധികം വിമാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. സ്ത്രീകളാകട്ടെ ഇടിമിന്നല്‍ പോലെ തിളങ്ങുന്നു. ആകാശത്തില്‍ ഇടിമിന്നലും കാര്‍മേഘങ്ങളുമൊത്തുകാണുന്നതുപോലെ ഇവര്‍ ഒത്തുചേര്‍ന്ന് വൈകുണ്ഠലോകം അത്യന്തം പ്രകാശമാനമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ലക്ഷ്മീഭഗവതി ആ പരമപുരുഷന്റെ ഗുണഗാനങള്‍ പാടിക്കൊണ്ട് അവന്റെ പാദപൂജ ചെയ്യുമ്പോള്‍, കരിവണ്ടുകള്‍ മൂളിപ്പാട്ടും പാടി ചുറ്റും പറന്ന് വസന്തത്തെ വിളിച്ചുവരുത്തുന്നു.

നന്ദന്‍, സുനന്ദന്‍, പ്രബലന്‍, അര്‍ഹണന്‍, തുടങ്ങിയ ഭഗവാന്റെ കിങ്കരന്‍‌മാരാല്‍ പരിസേവിക്കപ്പെട്ട, ശ്രീപതിയും, സാത്വതാംപതിയും, യജ്ഞപതിയും, ജഗത്പതിയുമായ വിഭുവിനെ ബ്രഹ്മദേവന്‍ വൈകുണ്ഠത്തില്‍ വച്ച് ദര്‍ശിച്ചു. ഭഗവാന്‍ തന്റെ പരിചാരകര്‍ക്ക് അഭിമുഖനായിരുന്നു. ആ ദൃശ്യം വളരെയധികം വശ്യവും, മനോഹരവുമായിരുന്നു. നേത്രങ്ങള്‍ അരുണനെപ്പോലെ ശോഭിച്ചു. ആ അധരത്തിലൂടെ മാധുര്യമേറുന്ന പുഞ്ചിരി ഒഴുകികൊണ്ടിരുന്നു. പീതവസനവും, കീരീടവും, കുണ്ഡലങ്ങളും ധരിച്ച്, നാലുതൃക്കൈകളുള്ള അവന്റെ വക്ഷസ്സില്‍ കൗസ്തുഭശ്രിയം തെളിഞ്ഞുപ്രകാശിച്ചു. ആരാധ്യമായ തന്റെ സിംഹാസനത്തില്‍, ഇരുപത്തിയഞ്ച് തത്വശക്തികളാലും, മറ്റൈശ്വര്യങ്ങളാലും ആവൃതനായി ഭഗവാന്‍ ഹരി പരമാനന്ദത്തില്‍ മുഴുകി അത്യന്തം പ്രകാശിച്ചു. ബ്രഹ്മദേവന്‍ ഭഗവാന്റെ അത്ഭുതാകാരമായ പൂര്‍ണ്ണരൂപം കണ്ട് ഹൃദയാഹ്ലാദപരിപ്ലുതനായി. ശരീരത്തില്‍ രോമാഞ്ചമുതിര്‍ന്നു. പ്രേമം കവിഞ്ഞൊഴുകുന്ന നയനങളോടെ ആ ജഗത്പതിയുടെ പാദപങ്കജത്തില്‍ ബ്രഹ്മാവ് ശിരസ്സുകൊണ്ട് നമിച്ചു. അങ്ങനെ അദ്ദേഹം ഭഗവത് ഭക്തിയുടെ പരമഹംസാനുഭൂതിയെ പ്രാപിച്ചു.

ബ്രഹ്മാവിന്റെ മുന്നില്‍ ഭഗവാന്‍ പുഞ്ചിരിതൂകി നിന്നു. അവന്‍ ബ്രഹ്മദേവന്റെ കരത്തെ സ്പര്‍ശിച്ചു. തന്റെ നിയന്ത്രണത്തില്‍ ഈ ജഗത്തിന്റെ സൃഷ്ടിയെ രചിക്കാന്‍ സന്നദ്ധനായ ബ്രഹ്മാവിന്റെ സാന്നിധ്യം സ്വീകരിച്ചുകൊണ്ട് ഭഗവാന്‍ അദ്ദേഹത്തിനോട് ഇങ്ങനെ
പറഞ്ഞു. "ഹേ ബ്രഹ്മദേവാ!, ജഗത്തിന്റെ രചനയെ കാംക്ഷിച്ചുകൊണ്ട് അനേകകാലംകൊണ്ട് അങ്ങ് അനുഷ്ഠിക്കുന്ന ഈ തപസ്സില്‍ ഞാന്‍ നാം സന്തുഷ്ടനാണ്. കപടയോഗികള്‍ക്ക് അപ്രാപ്യമായ എന്റെ പ്രസാദം അങ്ങേയ്ക്ക് ലഭ്യമായിരിക്കുന്നു. ഹേ ബ്രഹ്മാവേ, സര്‍വ്വവരപ്രദായകനായ നമ്മോട് അങയുടെ സകല അഭീഷ്ടങ്ങളേയും അറിയിച്ചുകൊള്ളുക. എന്നെ അറിയുക എന്നതാണ് എല്ലാവരും എല്ലാത്തരത്തിലുമുള്ള തപസ്സുകൊണ്ട് ആഗ്രഹിക്കുന്ന പരമമായ ലക്‌ഷ്യം. അങ്ങയുടെ തീവ്രമായ ഈ തപസ്സിന്റെ ബലം കൊണ്ട് അത്യന്തം ദുര്‍ലഭമായ എന്റെ പരമധാമപ്രാപ്തിയെ അങ്ങ്കൈവരിച്ചിരിക്കുന്നു. ഹേ അനഘാ!, കര്‍മ്മാനുഷ്ഠാനത്തെക്കുറിച്ചോര്‍ത്ത് അങ്ങ് വിമോഹിതനായി ഉത്കണ്ഠപ്പെട്ടിരുന്ന ആ സമയം നാം തന്നെയായിരുന്നു അങ്ങയോട് തപം ചെയ്യാനാവശ്യപെട്ടത്. തപസ്സ് എന്റെ ഹൃദയമാണ്. അതുകൊണ്ട് തപം ചെയ്യുന്നവര്‍ക്ക് നാം ആത്മാവും. തപം കൊണ്ട് നാം ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. തപം കൊണ്ടുതന്നെ നാം അതിനെ പരിപാലിക്കുകയും ചെയ്യുന്നു. പിന്നീട് തപം ഒന്നുകൊണ്ട് മാത്രം നാം ഈ വിശ്വത്തെ സംഹരിക്കുകയും ചെയ്യുന്നു."

ബ്രഹ്മാവ് പറഞു. "ഭഗവാനേ!, അങ്ങ് സകലഭൂതങ്ങളുടേയും
ഹൃദയകുഞ്ചനിവാസിയാണ്. അങ്ങ് സകല ജീവികളുടേയും അധ്യക്ഷനുമാണ്. യാതൊരുതടസ്സവും കൂടാതെ അങ്ങ് സര്‍‌വ്വഭൂതങ്ങളുടേയും അഭീഷ്ടത്തെ അറിയുന്നവനുമാണ്. ഹേ ഭഗവാനേ!, എന്നിരുന്നാലും, അങ്ങയെ കൂടുതലായി അറിയാനുള്ള ഇവന്റെ ആഗ്രഹത്തെ സാധൂകരിക്കാന്‍ അവിടുത്തേക്ക് കനിവുണ്ടാകണം. എങ്ങനെയാണ് അരൂപിയും, അദ്ധ്യാത്മരൂപിയുമായ അങ്ങ് ഈ പ്രപഞ്ചരൂപത്തെ ധാരണം ചെയ്യുന്നത്?. അങ്ങയുടെ തന്നെ മായായോഗം കൊണ്ട്, സൃഷ്ടിസ്ഥിതിസംഹാരാര്‍ത്ഥം നാനാവിധ ശക്തികളെ കൂട്ടിച്ചേര്‍ക്കുകയും പരിണമിപ്പിക്കുകയും ചെയ്യുന്നതെങിനെയാണ്?. ഹേ മാധവാ!, ചിലന്തി സ്വന്തം ശക്തിയാല്‍ വലകെട്ടി സ്വയം മറയ്ക്കുന്നതുപോലെയുള്ള അവിടുത്തെ ചെയ്തികള്‍ അത്ഭുതാവഹമായിരിക്കുന്നു. അവയെക്കുറിച്ചെല്ലാം ഈയുള്ളവനെ ബോധവാനാക്കി അനുഗ്രഹിച്ചാലും. എന്തുകൊണ്ടെന്നാല്‍, കര്‍‌മ്മബന്ധിതനാകാതെ, അങ്ങയുടെ ശിഷ്യനായി, ഒരു ഉപകരണഭാവത്തില്‍ ഇവിടെ പ്രജകളെ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹേ ഭഗവാനേ, അങ്ങ് ഒരു സുഹൃത്തിനെപ്പോലെ എന്റെ കരം ഗ്രഹിച്ചു. അവിടുത്തെ അനുഗ്രഹം കൊണ്ട് ഞാന്‍ ഇവിടെ വിവിധ സൃഷ്ടികള്‍ ചെയ്യാനൊരുങ്ങുകയാണ്. ഞാന്‍ തളര്‍ന്നുപോകാതെ, എന്നില്‍ അഹങ്കാരമുദിക്കാതെ എന്നെ കാത്തുകൊള്ളുവാന്‍ ഞാന്‍ അവിടത്തോട് പ്രാര്‍ത്ഥിക്കുകയാണ്."

ശ്രീ ഭഗവാന്‍ പറഞ്ഞു: "എന്നെക്കുറിച്ചുള്ള ശാസ്ത്രോക്തങ്ങളായ ജ്ഞാനം അതീവരഹസ്യമാണ്. അതിനെ ഭക്തിയോടുകൂടി വിവിധ അംഗസമന്വിതം മനസ്സിലാക്കേണ്ടതാണ്. അതെല്ലാം ഞാന്‍ അങ്ങേയ്ക്കു പറഞ്ഞുതന്നുകഴിഞ്ഞു. യഥാവിധി അതിനെ സ്വീകരിച്ചുകൊണ്ട് അങ്ങ് കര്‍മ്മനിരതനാകുക. നമ്മുടെ അനശ്വരമായ മായാരൂപവും, അദ്ധ്യാത്മികമായ ഉണ്മയും, നിറവും, ഗുണവും, കര്‍മ്മങ്ങളുമെല്ലാം നമ്മുടെ അനുഗ്രഹവര്‍ഷമായി അങ്ങയില്‍ നിറയുമാറാകട്ടെ!. ഹേ ബ്രഹ്മദേവാ!, നാം സൃഷ്ടിക്കുമുന്‍പേയുള്ളവനാണ്. ഇവിടെ എനിക്കുമുന്‍പ് മറ്റൊന്നും ഉണ്ടായിരുന്നില്ല. ജഗത്ക്കാരണമായ പ്രകൃതിയും ഇവിടെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അങ്ങ് കാണുന്നതും എന്നെ മാത്രം. മഹാപ്രളയത്തിനുശേഷവും ഇവിടെ നാം മാത്രമേ അവശേഷിക്കുകയുള്ളൂ. എന്നില്‍ അധിഷ്ഠിതമല്ലാത്ത യാതൊന്നും ഇവിടെ യാഥാര്‍ത്ഥ്യമല്ല. അവയെല്ലം ഇരുട്ടില്‍ കാണുന്ന പ്രതിച്ഛായപോലെ നമ്മുടെ മായമാത്രമാണെന്നറിഞ്ഞുകൊള്ളുക. സൃഷ്ടമായ സകലതിലും പഞ്ചഭൂതങ്ങള്‍ അടങിയിരിക്കുന്നു. അതേസമയം, ഈ ഭൂതങള്‍ സര്‍‌വ്വസ്വതന്ത്രമായും നിലകൊള്ളുന്നു. അതുപോലെ, സൂക്ഷ്മവും സ്ഥൂലവുമായ സകല ഭൂതങ്ങളിലും നാം നിറഞ്ഞിരിക്കുന്നു. എന്നാല്‍ നാം സകലവസ്തുക്കളില്‍ നിന്നും സ്വതന്ത്രമായി നിലകൊള്ളുകയും ചെയ്യുന്നു. നമ്മെ അറിയുവാന്‍ ഇച്ഛിക്കുന്ന ഏതൊരു ജിജ്ഞാസുവും എപ്പോഴും കാലദേശാദികള്‍ക്കതീതനായി അദ്ധ്യാത്മികമായും ശാസ്ത്രീയമായും നമ്മെ തേടിക്കൊണ്ടേയിരിക്കുന്നു. ഹേ ബ്രഹ്മദേവാ!, നമ്മുടെ ഈ തത്വത്തില്‍ അധിഷ്ഠിതനായി അങ്ങ് കര്‍മ്മം ചെയ്തുകൊള്ളുക. കല്പ്പത്തിലായലും, വികല്പ്പത്തിലായാലും അങ്ങയെ യതൊന്നും മോഹിപ്പിക്കുന്നതല്ല."

ശുകദേവന്‍ പരീക്ഷിത്തിനോട് പറഞ്ഞു.: ഹേ മഹാരാജന്‍!, ഇങ്ങനെപറഞ് ബ്രഹ്മദേവന്‌ ശ്രീമദ് ഭാഗവതതത്വം പ്രദാനം ചെയ്ത് ഭഗവാന്‍ അപ്രത്യക്ഷനായി. ഭഗവാന്‍ ഹരി
അന്തര്‍ഹിതനായ സമയം ബ്രഹ്മദേവന്‍ തൊഴുകൈയ്യോടെ ഭഗവത് സ്മരണയോടെ സര്‍വ്വജീവജാലസമന്വിതം ഈ ജഗത്തിനെ മുന്നേതെന്നപോലെ സൃഷ്ടിച്ചു.

പിന്നീടൊരിക്കല്‍ ബ്രഹ്മദേവന്‍ സകലചരാചരത്തിന്റേയും ക്ഷേമം കാംക്ഷിച്ചുക്കൊണ്ട് സ്വേഛയാല്‍ ജഗത്തിന്റെ പരിപാലനത്തിനുതിര്‍ന്നു. വിധാതാവിന്‌ വളരെ പ്രീയമുള്ളവനും, സേവാതല്പ്പരനും, അനുകാരിയും, സത്ഗുണസമ്പന്നനും, ശാന്തനും, ആത്മനിയന്താവുമായിരുന്ന സത്പുത്രനായിരുന്നു ദേവര്‍ഷി നാരദന്‍. ഹേ രാജന്‍, മായേശ്വരനായ ഭഗവാന്റെ ഭക്തോത്തമനായ ശ്രീനാരദന്‍ ആ പരമപുരുഷനെക്കുറിച്ച് കൂടുതലറിയാനുള്ള ഇച്ഛയോടെ തന്റെ പിതാവിനെ അത്യന്തം പ്രീതിപെടുത്തി. തന്നില്‍ അതീവസംപ്രീതനായ പിതാവിനോട് നാരദന്‍ ഭഗവാന്‍ ഹരിയെക്കുറിച്ച് കൂടുതല്‍ ചോദിച്ചു. അങ്ങനെ മകനില്‍ സന്തുഷ്ടനായ പിതാവ് ദശലക്ഷണമടങ്ങുന്ന ശ്രീമദ് ഭാഗവതപുരാണം തന്റെ പുത്രന്‌ പറഞ്ഞുകൊടുത്തു. തുടര്‍ന്ന് നാരദമുനി ഈ മഹാപുരാണത്തെ സരസ്വതീനദിയുടെ തീരത്ത് ബ്രഹ്മധ്യാനം ചെയ്തിരുന്ന മഹാനായ ശ്രീ വേദവ്യാസഭഗവാന് ഉപദേശിച്ചുകൊടുത്തു.

അല്ലയോ മഹാരാജന്‍!, അതിബൃഹത്തായ ഭഗവതംഗത്തില്‍ നിന്നും ഈ പ്രപഞ്ചം ഏതുവിധമുണ്ടായെന്ന അങ്ങയുടെ സംശയത്തിനും, അങ്ങ് ചോദിച്ച അന്യചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഞാന്‍ വിശദമായി അങ്ങേയ്ക്ക് പറഞ്ഞുതരുന്നുണ്ട്

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം ഒന്‍പതാമധ്യായം സമാപിച്ചു

No comments:

Post a Comment