2.4 ശ്രീശുകന്റെ സ്തുതി
ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം അധ്യായം - 4
സൂതന്‍ പറഞു: മുനിമാരേ!, ശുകദേവന്റെ വാക്കുകള്‍ കേട്ട് ആത്മജ്ഞാനം നേടിയ ഉത്തരേയനായ പരീക്ഷിത്ത് ഭഗവാനില്‍ പൂര്‍ണ്ണമായും മനസ്സുറപ്പിച്ചു. അതോടെ അദ്ദേഹത്തിന് തന്റെ പുത്രരിലും, പത്നിയിലും, കൊട്ടാരത്തിലും, കുടുംബത്തിലും, കുതിരകളും ആനകളുമടക്കമുള്ള തന്റെ പ്രീയമൃഗങ്ങളിലും, എന്തിനുപറയാന്‍ സ്വന്തം ശരീരത്തില്‍ പോലുമുള്ള അത്യന്തമായ ആസക്തി ഇല്ലാതായി. അങ്ങനെ മഹാനായ പരീക്ഷിത്ത് കൃഷ്ണാനുവര്‍ത്തിയായി സകലഭൗതികധര്‍മ്മങളും ഉപേക്ഷിച്ച് ഭഗവാന്‍ വാസുദേവനില്‍ അഭയം പ്രാപിച്ചു. ഇപ്പോള്‍ നിങ്ങളെന്നോട് ചോദിച്ചറിയുന്നതുപോലെ അദ്ദേഹം ശ്രീശുകനോട് വീണ്ടും വീണ്ടും ആ അദ്ധ്യാത്മവിദ്യയെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി.
രാജാവ് പറഞു: "ഹേ ബ്രാഹ്മണാ!, അങ്ങ് സര്‍വ്വജ്ഞനും അനഘനുമായ ദിവ്യപുരുഷനാണ്. അവിടുന്നരുളിചെയ്ത ഹരിയുടെ മഹിമകള്‍ കേട്ട് എന്നിലെ അന്തകാരം പതുക്കെ പതുക്കെ അപ്രത്യക്ഷമാകുന്നു. ദേവന്‍മാര്‍ക്കുപോലും ഗ്രാഹ്യമല്ലാത്ത തരത്തില്‍ ഭഗവാന്‍ തന്റെ മായയാല്‍ ഈ അത്ഭുതജഗത്തിനെ എങ്ങനെ സൃഷ്ടിച്ചുവെന്നറിയാന്‍ ആഗ്രഹമുണ്ട്. കൂടാതെ ഭഗവാന്‍ തന്റെ ശക്തിയാല്‍ ഈ പ്രപഞ്ചത്തെ ഏതുവിധം പരിപാലിക്കുന്നുവെന്നും, ഒടുവില്‍ എങ്ങനെ സംഹരിക്കുന്നുവെന്നുമുള്ള അവന്റെ സകലകേളികളും അങ് എനിക്ക് പറഞുതരണം. അല്ലയോ മഹാജ്ഞാനിയായ ബ്രാഹ്മണശ്രേഷ്ഠാ!, അവന്റെ ദുര്‍വിഭാവ്യമായ ഈ അദ്ധ്യാത്മലീലകള്‍ പരമമായ അത്ഭുതം തന്നെ. ജ്ഞാനികള്‍പോലും ഇതിനുനേരേ വിസ്മയഭരിതരായി നില്‍ക്കുകയാണ്. യുഗങള്‍ തോറും നിരവധി അവതാരങ്ങളെടുത്ത് പ്രവര്‍ത്തിക്കുന്നതോരോന്നും അവന്‍ തന്നെയാണ്. ഇനി പ്രകൃതിയുടെ ഗുണങ്ങള്‍ക്കൊത്ത് വര്‍ത്തിക്കുമ്പോഴും അവിടേയും മായാശക്തിയായി നിലകൊള്ളുന്നതും ആ പരമാത്മാവ് തന്നെ. അതുകൊണ്ട് ഭാഗവതോത്തമനും മഹാപണ്ഡിതനുമായ അങ്ങ് എനിക്കുണ്ടായ ഈ സംശയങളെല്ലാം തീര്‍ത്ത് അനുഗ്രഹിക്കുമാറാകണം."
സൂതന്‍ പറഞു: ഇങ്ങനെ പരീക്ഷിത്ത് ശുകദേവനോട് ഭഗവാന്റെ ലീലകളെക്കുറിച്ച് പറയാന്‍ അപേക്ഷിച്ചതുകാരണം, ശുകദേവന്‍ ഭഗവാനെ സ്മരിച്ചുകൊണ്ട് പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാല്‍ തുടങി.
ശ്രീശുകന്‍ പറഞു: "പരമപുരുഷന് എന്റെ നമസ്കാരം. പ്രകൃതിയുടെ ത്രിഗുണങളെ വഹിച്ചുകൊണ്ട് അവന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിച്ചുപോരുന്നു. അനുപലക്‌ഷ്യമായി അവന്‍ സര്‍വ്വഭൂതങളിലും സര്‍വ്വസ്വമായി കുടികൊള്ളുന്നു. ധാര്‍മ്മികരായ യഥുവശത്തിന്റെ ബന്ധുവും, കുയോഗികള്‍ക്ക് അപ്രാപ്യവുമായ ഭഗവാനെ ഞാന്‍ വീണ്ടും വീണ്ടും നമസ്കരിക്കുന്നു. അതുല്യനായി, അതിശയനായി, സര്‍വ്വൈശ്വര്യങ്ങളോടെ, സ്വധാമത്തില്‍ പ്രബ്രഹ്മമായി രമിക്കുന്ന ആ ഭഗവാന് എന്റെ നമോവാകം. ഏതൊരു ഭഗവാന്റെ കീര്‍ത്തനം കൊണ്ടും, സ്മരണം കൊണ്ടും, ദര്‍ശനം കൊണ്ടും, വന്ദനം കൊണ്ടും, ശ്രവണം കൊണ്ടും, അര്‍ഹണം കൊണ്ടും, ലോകത്തിന്റെ സകല കല്‍മഷങ്ങളുമകന്ന് പവിത്രമാകുമോ, ആ സുഭദ്രശ്രവസ്സായ ഭഗവാന് എന്റെ നമസ്ക്കാരം. ഏതൊരു ഭഗവാന്റെ ചരണോപാസനകൊണ്ട് ഭവത്തും, ഭവ്യവുമായ സകല ബന്ധനങ്ങളില്‍ നിന്നും മുക്തമാക്കി അന്തരാത്മാവിനെ ഒരു തടസ്സവും കൂടാതെ ബ്രഹ്മഗതിയിലേക്ക് നയിക്കുന്നുവോ, സുഭദ്രശ്രവസ്സായ ആ ഭഗവാന് പിന്നെയും പിന്നെയും എന്റെ പ്രണാമം. തപസ്സ്വികളായുള്ളവര്‍ക്കും, ദാനതല്പ്പരരായുള്ളവര്‍ക്കും, യശസ്സ്വിനികള്‍ക്കും, മനസ്സ്വിനികള്‍ക്കും, മന്ത്രവിദുക്കള്‍ക്കും, സുമംഗളന്‍മാര്‍ക്കും പോലും തങ്ങളുടെ ക്ഷേമം ഏതൊരു ഭഗവാനിലേക്കുള്ള അര്‍പ്പണം കൊണ്ടല്ലാതെ നേടാല്‍ സാധ്യമല്ലയോ, പുണ്യശ്രവസ്സായ ആ നാരായണന് വീണ്ടും വീണ്ടും എന്റെ വന്ദനം. കിരാതന്‍, ഹൂണന്‍, ആന്ധ്രന്‍, പുലിന്ദന്‍, പുല്‍ക്കശന്‍, ആഭീരന്‍, ശുംഭന്‍, യവനന്‍, തുടങ്ങിയ മഹാപാപികള്‍ക്കുപോലും ഭഗവത് ദാസന്‍മാരുടെ ചരണാശ്രിതരായി ജ്ഞാനം നേടി പരമഗതിയെ പ്രാപിച്ചിരിക്കുന്നു. അങ്ങനെയുള്ള മഹാവിഷ്ണുവിന് എന്റെ പ്രണാമം.
വേദരൂപനും, ധര്‍മ്മരൂപനും, തപോമയനുമായ ഭഗവാന്‍ ഹരി ആത്മജ്ഞാനികളുടെ അന്തരാത്മാവും ഈശ്വരനുമാണ്. ചതുര്‍മുഖനും ചന്ദ്രശേഖരനും പോലും ഭയഭക്തിബഹുമാനത്തോടെ ആരാധിക്കുന്ന ആ പരമാത്മാവ് എന്നില്‍ കനിയുമാറാകണം. സാത്വതാപതിയും, ശ്രീപതിയും, യജ്ഞപതിയും, ധരാപതിയും, പരമഗതിയെ പ്രാദാനം ചെയ്യുന്നവനും, അന്ധകന്‍ വൃഷ്ണി മുതലായവരുടെ പരിരക്ഷകനുമായ ഭഗവാന്‍ എന്നില്‍ പ്രസാദിക്കുമാറാകണം. മഹാത്മാക്കളുടെ പാതയെ പിന്‍തുടരുന്ന് മുകുന്ദനെ ധ്യാനിക്കുന്നതോടെ അവന്‍ നമുക്ക് പ്രാപ്തമാകുന്നു. ജ്ഞാനികള്‍ അവരവരുടെ അറിവിനൊത്ത് വാഴ്ത്തുന്ന ആ ഭഗവാന്‍ എന്നില്‍ കനിയുമാറകട്ടെ!.
പണ്ട്, സൃഷ്ടിക്കുമുന്‍പ്, തന്നെക്കുറിച്ചും, സര്‍ഗ്ഗത്തെക്കുറിച്ചും തന്റെ ഹൃദയത്തില്‍ മറഞുകിടന്ന സ്മൃതികളെ തട്ടിയുണര്‍ത്തി ബ്രഹ്മദേവന് ഭഗവാന്‍ അനുഗ്രഹം ചൊരിഞു. ബ്രഹ്മമുഖത്തുനിന്നും ഉത്ഭവിച്ച സരസ്വതീദേവിക്കും പ്രചോദനമായ; അഖിലഋഷിവൃന്ദങള്‍ക്കും ഗുരുവുമായ ആ ഭഗവാന്‍ എന്നില്‍ പ്രസാദിക്കുമാറാകണം. പ്രപഞ്ചത്തില്‍ പഞ്ചഭൂതാത്മകമായ സകലതിലും കുടികൊള്ളുന്നവനും, പരമപുരുഷനായിരിക്കെ സകലതിനേയും പ്രകൃതിയുടെ ഗുണങ്ങള്‍ക്കടിപ്പെടുത്തുന്നവനുമായ ആ ഭഗവാന് എന്റെ വാക്കുകള്‍ക്ക് അലങ്കാരമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആരുടെ തിരുമുഖത്തുനിന്നൊഴുകുന്ന അമൃതമാണോ തന്റെ ശിഷ്യഗണങള്‍ സദാ സേവിച്ചുകൊണ്ടിരിക്കുന്നത്, വാസുദേവാംശമായ ആ വ്യാസദേവന് എന്റെ നമസ്ക്കാരം.
ഹേ രാജന്‍!, ഏതുവിധം ഭഗവാന്‍ നാരായണന്‍ ബ്രഹ്മാവിന്റെ ഹൃദയത്തിലേക്ക് ഈ അദ്ധ്യാത്മദീപം കൊളുത്തിയോ, അതേവിധം തന്നെ വിധാതാവ് തന്റെ മാനസപുത്രനായ ശ്രീനാരദന്റെ ആവശ്യപ്രകാരം, ആ മഹാഋഷിയുടെ ഹൃദയത്തിലും ഈ ദീപം തുടര്‍ന്ന് തെളിയിച്ചു.
ഇങ്ങനെ, ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം നാലമധ്യായം
No comments:
Post a Comment