Thursday, 19 June 2014

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം അധ്യായം - 10

1.10 കൃഷ്ണന്റെ ദ്വാരകാഗമനം
ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം അധ്യായം - 10

ശൗനകന്‍ ചോദിച്ചു: ആതതായികളായി വഴക്കടിച്ചുവന്ന തന്റെ ശത്രുക്കളെ നിഗ്രഹിച്ചതിനുശേഷം, തന്മൂലമുണ്ടായ മനോവ്യഥയില്‍ ധര്‍മ്മപാലകനായ യുധിഷ്ഠിരന്‍ തന്റെ സഹോദരങളോടൊപ്പം എങെനെയായിരുന്നു രാജ്യപരിപാലനം ചെയ്തിരുന്നതു?.
സൂതന്‍ പറഞു: കുരുവംശദവാഗ്നിയില്‍ നിന്നും പാണ്ഡവരെ രക്ഷിച്ചെടുത്ത് യുധിഷ്ഠിരനെ രാജാവാക്കി വാഴിച്ചതില്‍ ഭവഭാവനനായ ഭഗവാന് സന്...തോഷം തോന്നി.

ഭീഷ്മരുടേയും ഭഗവാന്റേയും ഉപദേശങള്‍ സ്വീകരിച്ച് സകല ഭ്രമങളും അകന്ന് യുധിഷ്ഠിരന്‍ തന്റെ കര്‍മ്മത്തില്‍ ശ്രദ്ധ പതിപ്പിച്ചു. അദ്ദേഹം തന്റെ സഹോദരങള്‍ക്കൊപ്പം ഭൂമിയെ ധര്‍മ്മാധിഷ്ഠിതം പരിപാലിച്ചു. വേണ്ടത്ര മഴയില്‍ ഭൂമി അത്യധികം സമ്പുഷ്ടയായി. ആനന്ദാതിരേകത്താല്‍ പശുക്കളുടെ പാല്‍ സ്തനം ചുരന്നൊഴുകി ഭൂമിയെ നനച്ചു. നദികളും, സമുദ്രങളും, മലകളും, കൊടുമുടികളും, വനങളും, ലതകളും, ഔഷധികളും, എക്കാലവും അങേയറ്റം ധര്‍മ്മപുത്രരുടെ രാജ്യത്തെ സമൃദ്ധമാക്കി. അജാതശത്രുവായ യുധിഷ്ഠിരന്റെ രാജ്യത്തില്‍ യാതൊരു ജീവിക്കും യാതൊരു കാലത്തും, ആദിഭൗതികമോ, ആദിദൈവികമോ, അദ്ധ്യാത്മികമോ ആയ യാതൊരുവിധ ആധികളും, വ്യാധികളും, ക്ലേശങളും അനുഭവപ്പെട്ടിരുന്നില്ല. തന്റെ സുഹൃത്തുക്കളെ സമാശ്വസിപ്പിക്കാനും, സഹോദരി സുഭദ്രയുടെ സന്തോഷത്തിനുമായി ഭഗവാന്‍ ഏതാനും മാസങള്‍ ഹസ്തിനപുരത്തില്‍ താമസിച്ചു.

ദ്വാരകയിലേക്ക് പുറപ്പെടാനായി ഭഗവാന്‍ ധര്‍മ്മപുത്രരോട് അനുമതിചോദിച്ചു. ധര്‍മ്മപുത്രന്‍ ഭഗവാനെ ബഹുമാനപൂര്‍‌വ്വം അശ്ലേഷിച്ചനുമതി നല്‍കി. മറ്റുള്ളവരെക്കൂടി ആലിംഗനം ചെയ്തനുഗ്രഹിച്ചതിനുശേഷം കൃഷ്ണന്‍ രഥത്തിലേറി. ആ സമയം, സുഭദ്ര, ദ്രൗപ്തി, കുന്തി, ഉത്തര, ഗാന്ധാരി, ധൃതരാഷ്ട്രര്‍, യുയുത്സു, കൃപാചാര്യര്‍, നകുലന്‍, സഹദേവന്‍, ഭീമന്‍, ധൗമ്യന്‍, സത്യവതി തുടങിയ ബന്ധുമിത്രാദികള്‍ക്ക് ശാര്‍ങധന്വനായ ഭഗവാന്റെ വേര്‍പിരിയല്‍ താങാനായില്ല. അവര്‍ മോഹിച്ച് തളര്‍ന്നിരുന്നു.

ഒരിക്കലെങ്കിലും സത്സംഗത്താല്‍ ഭഗവത് മഹിമകള്‍ കേട്ട്, ദുഃസ്സംഗമകന്ന ഒരു ഭക്തന്‍ ആ ഭഗവാനെ ഉപേക്ഷിക്കാന്‍ ശക്തരാകുകയില്ല. അങനെയിരിക്കെ, കൂടെ ഉണ്ടും, ഉറങിയും, മുഖത്തോട് മുഖം നോക്കി സംസാരിച്ചും, സ്പര്‍ശിച്ചും, ഇരുന്നും കഴിഞിരുന്ന പാണ്ഡവര്‍ അവന്റെ വിരഹം എങനെ സഹിക്കും!. മിഴി ചിമ്മാതെ ഉരുകുന്ന ഹൃദയത്തോടെ സ്നേഹബദ്ധരായി അവര്‍ ഭഗവാനെ തന്നെ നോക്കിനിന്നു. വിവശരായി അവര്‍ അങോട്ടുമിങോട്ടും നടന്നു. ഭഗവാന്റെ വിരഹത്താല്‍ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ പുറത്തുവന്നു. എങ്കിലും ഭഗവാന് എന്തെങ്കിലും അഭദ്രമായി സംഭവിക്കുമോ എന്ന ഭയത്താല്‍ അവര്‍ തങളുടെ കണ്ണുകള്‍ തുടച്ചു.

ഭഗവാന്‍ ഹസ്തിനപുരത്തുനിന്നും യാത്ര പുറപ്പെടാനാരംഭിക്കവേ ദുന്ദുഭി, ഭേരി മുതലായ വാദ്യവൃന്ദങളും, ശംഖുകളും, വീണയും, ഓടക്കുഴലും വിളിച്ച് സ്നേഹിതര്‍ ഭഗവാനെ ആദരിച്ചു. ഭഗവത്പ്രേമത്താല്‍ അന്തപുരസ്ത്രീകളെല്ലാം കൊട്ടാരത്തിന്റെ ശിഖരത്തില്‍ കയറിനിന്നുകൊണ്ട് പുഞ്ചിരിതൂകി ഭഗവാന്റെ മേല്‍ പുഷ്പവൃഷ്ടി ചെയ്തു. ഗുഡാകേശനായ അര്‍ജ്ജുനന്‍ തന്റെ പ്രീയമിത്രമായ ഭഗവാന് ചൂടാന്‍ രത്നം പതിപ്പിച്ച ദണ്ഡമുള്ളതും, മുത്തും ചരടുമൊക്കെകൊണ്ടലങ്കരിച്ചതുമായ ഒരു വര്‍ണ്ണക്കുട എടുത്തുപിടിച്ചു. പുഷ്പം വിരിച്ച ഇരിപ്പിടത്തില്‍ ഇരിക്കുന്ന ഭഗവാനെ ഉദ്ധവരും, സാത്യകിയും ചേര്‍ന്ന് വെഞ്ചാമരത്താല്‍ വീശി ഉഷ്ണമകറ്റി.

നിര്‍ഗ്ഗുണസ്വരൂപനായ പരം‌പൊരുള്‍ മാനുഷവേഷം കൈകൊണ്ട് കൃഷ്ണനായി അവതരിച്ച് നില്‍ക്കുമ്പോള്‍, അവനോട് കാട്ടുന്ന ആശിസ്സുകളെല്ലം അനിര്‍വചനീയമെന്ന് ബുധജനം ഘോഷിക്കുന്നു. ഹൃദയത്തില്‍ ഉത്തമശ്ലോകനോടുള്ള പ്രേമവായ്പ്പില്‍ ഹസ്തിനപുരത്തിലെ ഗൃഹങള്‍ തോറും സ്ത്രീകള്‍ ഭഗവാന്റെ മഹിമയെ വേദമന്ത്രങളെപ്പൊലെ മനോഹരമായി വര്‍ണ്ണിക്കാന്‍ തുടങി.

അവര്‍ പറഞു: "ഇവനാണ് ആ പരമാത്മാവ്. സൃഷ്ടിക്ക് മുന്നേ ഇവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉറക്കത്തില്‍ സകലശക്തികളും ഉള്‍‌വലിയുന്നതുപോലെ, ജഗദീശ്വരനായ ഇവനിലേക്ക് തന്നെ സര്‍‌വ്വഭൂതങളും ലയിക്കുകയും ചെയ്യുന്നു. ആ ഭഗവാന്‍ തന്നെ വീണ്ടും ആത്മമായയാല്‍ ഭൂതങളെ സൃഷ്ടിച്ച് അവയ്ക്ക് നാമരൂപങള്‍ നല്‍കി, അവയെ തന്റെ മൂലപ്രകൃതിയുടെ അധീനതയിലാക്കുന്നു. ഭക്തിയോടെ ജിതേന്ദ്രിയരായി ജീവിതത്തെ നയിക്കുന്ന ബുധജനങള്‍ക്ക് ഇങനെയുള്ള ആ പരമാത്മാവിനെ അനുഭവിക്കാന്‍ കഴിയുന്നു. ഇങനെയുള്ള ഉത്തമഭക്തന്‍മാര്‍ക്ക് മാത്രമേ ഈ വിധം ആനന്ദം അനുഭവയോഗ്യമായ് വരൂ. ഹേ സഖികളെ, നിസ്പൃഹനായി നിന്നുകൊണ്ട് സകലതിനേയും സൃഷ്ടിച്ച് പാലിച്ച് സംഹരിക്കുന്ന ആ ഭഗവാന്റെ മഹിമയാണ് അത്യന്തം രഹസ്യമായി ശ്രുതികള്‍ പോലും ഘോഷിക്കുന്നത്. അധര്‍മ്മികളായ മനുഷ്യരും രാജക്കന്മാരും പെരുകുമ്പോള്‍, ഈ ഭഗവാന്‍ തന്റെ മായയാല്‍ പരമസത്യമായി പല ഭാവത്തിലും രൂപത്തിലും ഇവിടെ അവതരിച്ച് യുഗങള്‍ തോറും കാരുണ്യത്തോടെ ശിഷ്ടരെ പാലിക്കുന്നു.

എത്ര ധന്യമാണീ യഥുവംശം!..... എത്ര പാവനമാണീ മഥുര!... സകലഭൂതങള്‍ക്കും ഈശ്വരനായ ഭഗവാന്‍ ശ്രീപതി വന്ന് പിറന്നു അവിടെമാകെ കേളികളാടി അവിടം പവിത്രമാക്കിയിരിക്കുന്നു. അത്ഭുതം തന്നെ!... ദ്വാരക സ്വര്‍ഗ്ഗത്തേക്കാള്‍ മനോഹരവും, യശസ്സാര്‍ന്നതുമാണ്. അവിടുത്തെ ജനങള്‍ തങളുടെ ജീവേശ്വരെനെ നിത്യവും കണ്മുന്നില്‍ കണ്ട് ആനന്ദിക്കും. അവന്റെ അനുഗ്രഹവര്‍ഷങള്‍ അവര്‍ക്കെന്നെന്നും ഇനി സുലഭം!.... എത്ര വ്രതവും, തീര്‍ത്ഥവും, യാഗങളും ചെയ്തതിനാലാകണം ഇവന്റെ ഭാര്യമാര്‍ ഇവനാല്‍ പാണിഗ്രഹണം ചെയ്യപ്പെട്ട് അധരാമൃതം നുകര്‍ന്ന് ഇവന്റെ സ്നേഹലാളനങള്‍ക്ക് പാത്രമായിരിക്കുന്നത്!. വ്രജത്തിലെ സുന്ദരിമാര്‍ ഇങനെയൊരു ഭാഗ്യവും സ്വപ്നം കണ്ട് മോഹാലസ്യപ്പെട്ട് ജീവിക്കുന്നു. രുക്മിണി, സത്യഭാമ, ജാംബവതി തുടങിയ തന്റെ ഭാര്യമാരെ കൃഷ്ണന്‍ ബലപ്രയോഗത്തിലൂടെ ശിശുപാലന്‍ മുതലായ ശക്തിമാന്മാരെ വധിച്ചതിനുശേഷമാണ് വിവാഹം കഴിച്ചത്. ദ്വാരകയില്‍ ഇവരെ കൂതാതെ ഇനിയും ഭഗവാന് കുറെയധികം പത്നികളുണ്ട്. അവരേയും അവന്‍ പാണിഗ്രഹണം ചെയ്തത് ആയിരക്കണക്കിന് എതിരാളികളെ തകര്‍ത്തുകൊണ്ടായിരുന്നു. അവര്‍ക്ക് മക്കളായി പ്രത്യുംനന്‍, സാംബന്‍, അംബ തുടങിയവരുമുണ്ട്. സ്ത്രീത്വത്തിന്റെ അത്യുന്നതങളില്‍ വര്‍ത്തിക്കുന്ന ഈ സ്ത്രീകളുടെ വ്യക്തിത്വമോ, പരിശുദ്ധിയോ ഒന്നും നോക്കാന്റെ ഭഗവാന്‍ ഇവരെ തന്റെ ഹൃദയകമലത്തില്‍ വച്ച് സ്നേഹിച്ചുലാളിച്ചു."

സൂതന്‍ പറഞു: ഇത്തരത്തില്‍ ഹസ്തിനപുരത്തെ സ്ത്രീകള്‍ ഭഗവാനെ പ്രശംസിച്ച് വണങിയപ്പോള്‍ ഭഗവാന്‍ അവരില്‍ കാരുണ്യവാനായി ചിരിച്ചുകൊണ്ട് അവിടെന്നിന്ന് യാത്ര പുറപ്പെട്ടു. ശത്രുക്കളില്ലാത്ത ധര്‍മ്മപുത്രര്‍ മധുസൂദനനായ ഭഗവാന്റെ രക്ഷയ്ക്കുവേണ്ടി, ഭഗവാനോടുള്ള സ്നേഹം കൊണ്ട് ചതുരംഗപ്പടയേയും ഒപ്പം കൂട്ടി. പാണ്ഡവര്‍ കുറെ ദൂരം ഭഗവാനോടൊപ്പം യാത്രചെയ്തു. ഭഗവാന്റെ വിരഹത്തില്‍ അവര്‍ അത്യധികം ദുഃഖിച്ചു. ഒടുവില്‍ കൃഷ്ണന്‍ അവരെ തിരികെ പോകാന്‍ അനുവദിച്ച് കുറെ സ്നേഹിതരുമായി തന്റെ സ്വന്തം നഗരത്തിലേക്ക് യാത്രയായി. ഹേ ശൗനകാ!, കുരുജാംഗളയും, പാഞ്ചാലദേശവും, ശൂരസേനവും, ബ്രഹ്മവര്‍ത്തവും, യമുനയുടെ തീരദേശങളും, കുരുക്ഷേത്രവും, മത്സ്യവും, സാരസ്വതാസ്ഥലവും, മരുഭൂമിയും, ധന്വവും, സൗവീരവും, ആഭീരവും കടന്നു ശ്രീകൃഷ്ണന്‍ ഒടുവില്‍ ദ്വാരകയിലെത്തി. ഈ സ്ഥലങളിലെല്ലാം ഭഗവാന്‍ അതാത് ദേശവാസികളില്‍ നിന്നും ഭക്തിപുരസ്സരം സ്വീകരണങള്‍ ഏറ്റുവാങി. വൈകുന്നേരങളില്‍ സൂര്യാസ്തമയത്തിനുശേഷം ഭഗവാന്‍ യാത്ര നിറുത്തി സന്ധ്യാവന്ദനവും ചെയ്തു.

ഇങനെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം പത്താം അധ്യായം സമാപിച്ചു.

No comments:

Post a Comment