Thursday, 19 June 2014

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം അധ്യായം - 2

2.2 ഭഗവാന്‍ ഹൃദ്പത്മത്തില്‍

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം അധ്യായം - 2
 
ശ്രീശുകന്‍ പറഞു: "സൃഷ്ടിക്കുമുമ്പ്, വിധാതാവ് ഭഗവാന്റെ വിരാട് രൂപത്തെ ധ്യാനിച്ച് തനിക്ക് മുമ്പെങോ നഷ്ടമായ സ്മൃതിയെ പുനരാര്‍ജ്ജിച്ചു. വേദമന്ത്രങള്‍ ഒരുവന്റെ ബുദ്ധിയെ ആത്മീയമെന്നതുപോലെ, സ്വര്‍ഗ്ഗീയസുഖങള്‍ക്ക് പിന്നാലെ പായിക്കുവാനും വളരെ സമര്‍ത്ഥമാണ്. കോവിദരായ ജീവന്‍‌മാര്‍ പോലും ആ അല്പസൗഭാഗ്യം തേടിയലഞുതിരിയുന്നു. പക്ഷേ വാസ്തവികമായ യാതൊരു സുഖവും അവര്‍ക്കതുകൊണ്ട് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സത്ഗുണസമ്പന്നരായുള്ളവര്‍ നാമരൂപങളായുള്ള ഈ പ്രപഞ്ചത്തില്‍ അവശ്യം വേണ്ട കാര്യങള്‍ക്കൊഴിച്ച് മറ്റൊന്നിനും വേണ്ടി പ്രയത്നിക്കേണ്ടതില്ല. അനാവശ്യമായുള്ളതിന്റെ പിന്നാലെയുള്ള ഓട്ടം തികച്ചും നിഷ്ഫലമായ കര്‍മ്മമാണെന്ന് ബുദ്ധികൊണ്ടറിഞ് ഈ നാമരൂപങളില്‍ നിന്ന് അവര്‍ അകന്ന് കഴിയണം.
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഭൂമിയുള്ളപ്പോള്‍ കിടക്കാന്‍ കട്ടിലെന്തിന്? സ്വന്തം കൈതണ്ടയുള്ളപ്പോള്‍ തലയിണയുടെ ആവശ്യമെന്ത്?. അവനവന്റെ ഉള്ളംകൈ വെറുതെയിരിക്കുമ്പോള്‍ മറ്റ് ഭോജനപാത്രം എന്ത് സുഖം തരാനാണ്!. ദിക്കുകളും മരവുരിയുമുള്ളപ്പോളിവിടെ വസ്ത്രത്തിന്റെ പ്രയോജനമെന്ത്?. വഴിയില്‍ കീറത്തുണികളൊന്നും കാണാനില്ലേ?. അന്യര്‍ക്കുവേണ്ടി നിലകൊള്ളുന്ന തരുക്കള്‍ ഭിക്ഷനല്‍കുന്ന വ്യവസ്ഥിതി ഇപ്പോള്‍ നിര്‍ത്തിയോ?. നദികളൊക്കെ വറ്റിവരണ്ടുപോയോ?. ഗുഹകളൊക്കെ അടച്ചുപൂട്ടിയോ?. അതോ, ഭഗവാന്‍ ഈയിടെയായി തന്റെ ആശ്രിതവത്സലരെ മറന്നുതുടങിയോ?. പിന്നെയെന്തിനാണ് ജ്ഞാനികള്‍ ഈ ധനദുര്‍മ്മതാന്ധന്‍‌മാരെ വാഴ്ത്തുന്നത്?.
ഈ സത്യത്തെ മനസ്സിലാക്കി ഏവരും സ്വന്തം ഹൃദയത്തിലിരിക്കുന്ന സര്‍‌വ്വശക്തനായ ഭഗവാനില്‍ ഭക്തി വയ്ക്കണം. കാരണം, അനന്തനായ അവനെയാണ് പൂജിക്കേണ്ടത്. മാത്രമല്ല, അവനെ ആരാധിക്കുന്നതുവഴി ഒരുവന്റെ സംസാരബന്ധനഹേതു ഉപരമിക്കപ്പെടുന്നു.
കര്‍മ്മബന്ധകാരകമായ വൈതരണിയില്‍ പെട്ടുഴലുന്ന ജനകോടികളുടെ ദുഃഖത്തെ കണ്ടിട്ടും, മൃഗതുല്യരായി ചിലര്‍ വിരക്തിയെക്കുറിച്ചും മുക്തിയെക്കുറിച്ചും ചിന്തിക്കാതെ നാമരൂപമായ ലൗകികവിഷയങളില്‍ മാത്രം തല്പ്പരരാകുന്നു. എന്നാല്‍ വിവേകികളാകട്ടെ!, നാലു തൃക്കൈകളില്‍ യഥാക്രമം ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ധരിച്ച ഭഗവാന്റെ സംക്ഷിപ്തരൂപത്തെ സ്വന്തം ഹൃദയത്തില്‍ വച്ചാരാധിച്ച് എപ്പോഴും ധ്യാനിക്കുന്നു. അവിടെ പ്രസന്നവദനനായി, താമരക്കണ്ണനായി, മഞപ്പട്ടുടുത്ത്, സ്ഫുരിക്കുന്ന മഹാരത്നങള്‍ ധരിച്ച്, സ്വര്‍ണ്ണാഭരണവിഭൂഷിതനായി, കിരീടകുണ്ഡലങളണിഞ്, അവന്‍ കുടികൊള്ളുന്നു. യോഗികള്‍ പോലും അവന്റെ പാദപല്ലവം ഹൃദ്പത്മകര്‍ണ്ണികാലയത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്നു. അവന്റെ വക്ഷസ്സില്‍ സദാ കൗസ്തുഭശ്രീ വിളങുന്നു. ആ തോളില്‍ മറ്റ് രത്നങളും തിളങുന്നു. കഴുത്തില്‍ വനമാലയും ചാര്‍ത്തി, അരകെട്ടില്‍ മുത്തരഞാണമണിഞ്, വിരലില്‍ രത്നമോതിരമിട്ട്, കാലില്‍ മുത്ത് നൂപുരം കിലുക്കി, കൈയ്യില്‍ കാഞ്ചനകങ്കണങളും ധരിച്ച്, നെറ്റിയിലൂടെ ഊര്‍ന്നിറങുന്ന നീലകുന്തളശോഭയോടും, മൃദുഹാസത്തോടും, അവന്‍ വദനമനോഹരനായി ഹൃദയത്തില്‍ നിറഞുനില്‍ക്കുന്നു.
അത്ഭുത മഹിമകളും, ചിത്തം മയക്കുന്ന ആ മന്ദഹാസവുമൊക്കെ നിരന്തരം അവന്റെ ഐശ്വര്യത്തെ വിളിച്ചുകൂകികൊണ്ടിരിക്കുന്നു. മനസ്സില്‍ മറ്റൊന്നും കടന്നുകൂടാതെ ആവുന്നത്രനേരം ഒരുവന്‍ അവനെ ധ്യാനിക്കണം. മനസ്സിനെ നിയന്ത്രിച്ച്, ആ കാലടികളില്‍ നിന്ന് തുടങി ക്രമേണ ഓരോരോ അംഗങളായി മുകളിലേക്കുയര്‍ന്ന്, കണങ്കാലും, തുടയും, അരക്കെട്ടും, വക്ഷസ്സും കടന്ന് തിരുമുഖത്തെത്തി ആ അധരത്തിലൂടെയൊഴുകുന്ന മന്ദസ്മിതാമൃതവും നുകര്‍ന്ന് ഒരുവന്‍ ആ ഭഗവാന്റെ പാദാദികേശത്തെ ധ്യാനിക്കണം. ഇഹത്തിന്റേയും പരത്തിന്റേയും ദൃഷ്ടാവായി മരുവുന്ന ഭഗവാനില്‍ അചലമായ ഭക്തിയുണ്ടാകുന്നതുവരെ വിഷയി തന്റെ സ്വധര്‍മ്മാനുഷ്ഠാനത്തിനുശേഷം ദിനാന്ത്യത്തില്‍ ഹരിയുടെ ഈ രൂപത്തെ ഭക്തിയോടെ സ്മരിക്കണം.
ഹേ രാജന്‍!, ശരീരമുപേക്ഷിക്കുന്ന വേളയില്‍ ഒരുവന്‍ കാലത്തേയോ, ദേശത്തേയോ പറ്റി ഉത്കണ്ഠയുണ്ടാകാതെ സുഖമായി ഒരിടത്തിരുന്ന് പ്രാണായാമം ചെയ്ത് ഇന്ദ്രിയങളെ മനസ്സുകൊണ്ട് നിയന്ത്രിക്കണം. പിന്നീട് യോഗി തന്റെ മനസ്സിനെ അമലമായ ബുദ്ധികൊണ്ട് ക്ഷേത്രജ്ഞനിലുറപ്പിക്കണം. അതിനുശേഷം, ക്ഷേത്രജ്ഞനായ ഈ ജീവനെ പരമാത്മാവില്‍ ലയിപ്പിക്കണം. അങനെ ജീവന്‍ സകലകര്‍മ്മങളും ഉപേക്ഷിച്ച് പരമാനന്ദത്തിലലിഞുചേരുന്നു. 'ലബ്ദോപശാന്തി' എന്ന ഈ അദ്ധ്യാത്മനിര്‍‌വൃതി നേടിക്കഴിഞാല്‍ പിന്നെ അവിടെ ജഗത്പാലകരായ ദേവതകളെപ്പോലും നിയന്ത്രിക്കുന്ന കാലത്തിന് പ്രവേശനമില്ല. അവിടെ സത്വരജസ്സ്തമോഭേദങളില്ല. അഹങ്കാരമില്ല. മഹത്തുമില്ല. പ്രകൃതിയുമില്ല.
ജ്ഞാനികള്‍ വൈഷ്ണവസമ്പത്തിനെ അറിയുന്നവരാണ്. ആയതിനാല്‍ അവര്‍ക്ക് മറ്റുള്ളതിനോട് നിസംഗത പുലര്‍ത്താല്‍ കഴിയുന്നു. ആത്മാനന്ദിതരായ ഭാഗവതോത്തമന്‍‌മാര്‍ യാതൊന്നിലും ഉത്കണ്ഠയുള്ളവരല്ല. പകരം അവര്‍ സദാ ഭഗവത് പാദയുഗളത്തെ ഹൃദയത്തില്‍ വച്ചാരാധിക്കുന്നു. ജ്ഞാനം നേടി ജീവന്‍‌മുക്തരായ ഇവര്‍ക്ക് ഭൗതികകാമങളില്‍ നിന്ന് നിഷ്പ്രയാസം ഉപരമിക്കാന്‍ സാധിക്കുന്നു. ഇങനെയുള്ള യോഗികള്‍ പിന്നീട് ഗുദദ്വാരത്തെ ഉപ്പൂറ്റികൊണ്ടടച്ച് പ്രാണനെ ഒന്നില്‍ നിന്നും ആറ് സ്ഥാനങളിലൂടെ ചലിപ്പിച്ച് ഈ ശരീരത്തില്‍ നിന്നും വിമുക്തമാക്കുന്നു. യോഗി, യോഗാഭ്യാസത്തിലൂടെ, ജീവനെ നാഭിയില്‍ നിന്നും പതുക്കെ പതുക്കെ ഹൃദയത്തിലേക്ക് ഉയര്‍ത്തുന്നു. അവിടെനിന്നും നെഞ്ചിലേക്കും, പിന്നീട് താലുവിലേക്കും കുതിപ്പിക്കുന്നു. അനന്തരം താലുവില്‍ നിന്ന് ഭ്രൂമദ്ധ്യത്തിലെത്തി മറ്റുള്ള ഏഴ് നിര്‍ഗ്ഗമനമാര്‍ഗ്ഗങളില്‍ നിന്നും തടയപ്പെട്ട് ഈ ജീവന്‍ മൂര്‍ദ്ധാവില്‍ കുറച്ച് നിമിഷം അന്ത്യമായി വിശ്രമിക്കുന്നു. ഇത് സ്വധാമഗമനത്തിനുള്ള പുറപ്പാടാണ്. ലൗകികാസക്തി പൂര്‍ണ്ണമായും അകന്ന ജീവന്‍‌മാര്‍ ഈ ശരീരം വിട്ട് ആ പരമാത്മാവില്‍ ലയിക്കാന്‍ പക്വമാകുന്നു. ഹേ രാജന്‍!, മറിച്ച് ഒരു ജീവന്‍ ബ്രഹ്മലോകപ്രാപ്തിക്കായോ, അഷ്ടാംഗയോഗസിദ്ധികള്‍ക്കായോ മറ്റോ കാംക്ഷിച്ചുകൊണ്ടാണീ യോഗമാര്‍ഗ്ഗത്തെ അവലംബിക്കുന്നതെങ്കില്‍ ആ യോഗി തന്റെ ആഗ്രഹനിവര്‍ത്തിക്കായി മനസ്സും ഇന്ദ്രിയങളും ഈ യാത്രയില്‍ തന്റെയൊപ്പം കൂട്ടുന്നു. യോഗി താന്‍ ആര്‍ജ്ജിച്ച വിദ്യയുടേയും, തപസ്സിന്റേയും, യോഗത്തിന്റേയും ശക്തിയില്‍ വായുവിലൂടെ ത്രൈലോക്യങളിലകത്തും പുറത്തും ഒരുപോലെ സഞ്ചരിക്കുന്നു. എന്നാല്‍ ഭൗതികവാദികളുടെ ഗതി ഭൗതികലോകത്തിനപ്പുറത്തേക്ക് നിയന്ത്രിതമാണ്.
അല്ലയോ രാജന്‍!, സുഷുംനയില്‍ നിന്ന് പുറപ്പെടുന്ന ഈ ജീവന്‍ ബ്രഹ്മലോകം പ്രാപിക്കുന്നതിനായി വിഹായസ്സിലൂടെ ആദ്യം അഗ്നിദേവസ്ഥാനമായ വൈശാനരയില്‍ എത്തുന്നു. അവിടെ അഗ്നിയില്‍ പൂര്‍ണ്ണമായും ശുദ്ധമായി വീണ്ടും മുകളിലേക്ക് കുതിച്ച് ഹരിയെ പ്രാപിക്കാനായി ശിശുമാരമണ്ഡലത്തിലെത്തുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ നാഭിപ്രദേശമായ ഈ ശിശുമാരലോകവും കടന്ന് വീണ്ടും മുകളിലേക്കുയരുന്ന യോഗി മാത്രമാണ് മഹര്‍ലോകത്തെത്തുന്നത്. ഋഷിവന്ദ്യമായ അവിടെ വിബുധന്‍‌മാരായുള്ള യോഗികള്‍ ഒരു കല്പം മുഴുവന്‍ ആനന്ദിച്ചരുളുന്നു. കല്പ്പാന്തത്തില്‍ അനന്തമുഖത്തുനിന്നും നിര്‍ഗ്ഗമിക്കുന്ന അഗ്നിയില്‍ സകലലോകങളും ചുട്ടെരിഞ് ചാമ്പലാകുന്ന ദൃശ്യം ഈ യോഗികള്‍ കണ്ടാനന്ദിക്കുന്നു. പിന്നീടവിടെനിന്നും അവര്‍ സിദ്ധേശ്വര്‍ന്‍‌മാര്‍ മാത്രം സഞ്ചരിക്കുന്ന ദിവ്യമായ വ്യോമയാനത്തില്‍ സത്യലോകത്തെ പ്രാപിക്കുന്നു. അവിടെ അവര്‍ അത്യന്തം ദീര്‍ഘമായ ദ്വൈപരാര്‍ത്ഥ്യകാലത്തോളം അഖണ്ടാനന്ദത്തിലാറാടുന്നു. അവിടെ, സത്യലോകത്ത് ശോകവുമില്ല, ജരയുമില്ല, മരണവുമില്ല. അവിടെ വേദനകളില്ല, ഉത്കണ്ഠയുമില്ല. ആകെയുള്ളത് സംസാരസാഗരത്തില്‍ കിടന്ന് ജന്മജന്മാന്തരങളായി ഉഴറുന്ന ജീവന്‍‌മാരെ പ്രതി ചിലപ്പോള്‍ തോന്നുന്ന കൃപയും, കാരുണ്യവും മാത്രം.
ഈ യോഗി സത്യലോകത്തെത്തിയതിനുശേഷം വീണ്ടും തന്റെ പ്രയാണം തുടരുന്നു. വിശേഷിച്ച് ജലവും, അഗ്നിയും, ഭൂമിയും മറികടന്ന്, ജാജ്വല്യമാനമായ വായൂമണ്ഡലത്തിലെത്തി, അവിടെ നിന്നും കാലാന്തരത്തില്‍ ബ്രഹ്മപ്രാപ്ത്തിക്ക് കൂടുതല്‍ യോഗ്യമാകുന്നു. അതിനുമുന്‍പ്, യോഗി, വിവിധ ഇന്ദ്രിയങളുടെ വ്യത്യസ്ഥ വിഷങളെ മറികടക്കുന്നു. മണത്തുകൊണ്ട് ഗന്ധവും, രുചിച്ചുകൊണ്ട് രസവും, കണ്ടുകൊണ്ട് ദൃശ്യങളും, തൊട്ടുകൊണ്ട് സ്പര്‍ശനവും, കേട്ടുകൊണ്ട് ശബ്ദവും, കര്‍മ്മം ചെയ്തുകൊണ്ട് ഇന്ദ്രിയങളേയും പരിത്യജിച്ച് ഈ ഭക്തന്‍ വൈകുണ്ഠപ്രാപ്തിയുടെ അടുത്തപടിയിലെത്തിച്ചേരുന്നു. അവിടെ നിന്ന് യോഗി സ്ഥൂലവും സൂക്ഷ്മവുമായ ആവരണങളെ പൊട്ടിച്ചെറിഞുകൊണ്ട് അഹങ്കാരതത്വത്തിലേക്ക് കടക്കുന്നു. അവിടെ വച്ച് പ്രകൃതിജങളായ തമോഗുണവും രജോഗുണവും സമതുലിതമായ അവസ്ഥയില്‍ ചേര്‍ത്ത്, ഈ ഭക്തന്‍ സാത്വികാഹങ്കാരത്തിലേക്ക് വരുന്നു. തുടര്‍ന്ന്, ഈ സാത്വികാഹങ്കാരം മഹത് തത്വത്തില്‍ ചേരുന്നു. അങനെ യോഗി ആത്മസാക്ഷാത്കാരത്തില്‍ന്റെ അവസാനപടിയിലെത്തിച്ചേരുന്നു. തീര്‍ത്തും പരിശുദ്ധമായ ഒരു ജീവനുമാത്രമേ അനന്താനന്ദമയമായ ആ പരമാത്മബിന്ദുവിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ഹേ രാജന്‍!, അവിടെയെത്തപ്പെടുന്ന ആരും പിന്നീട് ഭൗതികലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല. അവര്‍ വൈകുണ്ഡത്തില്‍ ബ്രഹ്മഭൂതനായി, നിത്യാനന്ദം നുകര്‍ന്നുകൊണ്ട് നിലകൊള്ളുന്നു.
ഹേ മഹാരാജാവേ!, അങയുടെ ഉചിതമായ ചോദ്യങള്‍ക്ക് ഞാന്‍ തന്ന ഈ മറുപടികളെല്ലാം വേദോക്തങളാണ്. ഇത് വിധാതാവില്‍ സന്തുഷ്ടനായി പണ്ട് ഭഗവാന്‍ വാസുദേവന്‍ ആ സൃഷ്ടികര്‍ത്താവിനരുളിചെയ്ത ബ്രഹ്മവിദ്യയാണ്. ഭഗവാന്‍ വാസുദേവനിലുള്ള അചഞ്ചലമായ ഭക്തിയൊന്നാല്ലാതെ, തീരാത്ത സംസൃതിയില്‍ അലഞുതിരിയുന്ന ജീവന്‍‌മാര്‍ക്ക് മുക്തിലഭിക്കുവാന്‍ ഇതില്‍പരം യാതൊന്നും തന്നെ ഇവിടെയില്ല. ഭഗവാന്‍ ശ്രീകൃഷ്ണനോളം നൈപുണ്യമായി ഇവിടെ യാതൊന്നും തന്നെയില്ല എന്നുള്ള നിഗമനം, സാക്ഷാല്‍ ബ്രഹ്മാവ് വേദങളെ മൂന്ന് പ്രാവശ്യം പഠിച്ച്, അതിവ്യാപ്തമായി നിരൂപണം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ധ്യാനഗമ്യമായി ഉടലെടുത്ത പരമസത്യമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സകലഭൂതങളിലും സ്വാത്മനാ കുടികൊള്ളുന്നുണ്ട്. ഈ മഹാസത്യത്തെ ബുദ്ധികൊണ്ട് പരികല്പനചെയ്ത് മനസ്സിലാക്കികൊള്ളുക.
അതുകൊണ്ട്, അല്ലയോ രാജന്‍!, ഓരോ മനുഷ്യരും എവിടെയും, എപ്പോഴും, ആ ഹരിയെക്കുറിച്ച് കേള്‍ക്കുകയും, കീര്‍ത്തിക്കുകയും, അവനെ സ്മരിക്കുകയും വേണം. ശ്രവണപുടം കൊണ്ട് അവന്റെ കഥാമൃതത്തെ നിറയെ കുടിക്കുന്ന പരമഭാഗവതന് തന്റെ വഴിപിഴച്ച ജീവിതത്തെ ശുദ്ധീകരിച്ച് ഹരിയുടെ ചരണസരോരുഹാന്തികത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നു.
അങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം രണ്ടാമധ്യായം സമാപിച്ചു.

No comments:

Post a Comment