1.3 സകലതിനും വീര്യവാനായ ഭഗവാന്റെ മഹിമകള്‍
--------------------------------------------------------------------------------------------
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം അധ്യായം 3
-------------------------------------------------------------------------------
സൂതന്‍ പറഞ്ഞു: ആദ്യം ഭഗവാന്‍ തന്റെ പരം പുരുഷാവതാരം കൈകൊണ്ടുണര്‍ന്ന്, ലോകസൃഷ്ടിക്കുവേണ്ടി മഹത് മുതലായവയാല്‍, മൂലപ്രകൃതിയുടെ പതിനാറ് തത്വങ്ങളെ സംഭൂതമ...ാക്കി. യോഗനിദ്രയില്‍ മുഴുകി ക്ഷീരസാഗരത്തില്‍ ശയിക്കുന്ന ആ നാരായണന്റെ നാഭിയില്‍ നിന്നും നദിപോലെയുതിര്‍ന്ന താമരയില്‍ വിശ്വസൃഷ്ടാക്കളുടെയെല്ലാം അധിപനായ ബ്രഹ്മാവ് ജനിച്ചു. ആരുടെ ശരീരത്തിലാണോ വ്യത്യസ്തങ്ങളായ ഈ പ്രപഞ്ചം മുഴുവനും കുടികൊള്ളുന്നുവെന്ന് കല്‍പ്പിച്ചിട്ടുള്ളത്, ഊര്‍ജ്ജിതവും, സത്വവും, വിശുദ്ധവുമായ അത് ആ ഭഗവാന്റെ വിരാട് രൂപമാണ്. ആയിരക്കണക്കിന് പാദങ്ങളും, തുടകളും, കൈകളും, മുഖങ്ങളുമുള്ള; അനേകായിരം ശിരസ്സുകളോടും, ചെവികളോടും, കണ്ണുകളോടും, മൂക്കുകളോടും കൂടിയ; ആയിരകണക്കിന് വനമാലകളും, ഉടുചേലകളും, കുണ്ഡലങ്ങളും തിളങ്ങുന്ന അത്ഭുതവും അനന്തവുമായ ഭഗവാന്റെ ആ ദിവ്യരൂപത്തെ ഭക്തന്മാര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ട് കാണുന്നു.
യാതൊരു ഈശ്വരന്റെ അംശങ്ങളുടെ അംശങ്ങള്‍ കൊണ്ടാണോ ദേവന്മാരും, മനുഷ്യരും, മൃഗജാതികള്‍ തുടങ്ങിയ മറ്റ് ജീവജാലങ്ങളും ജനിക്കുന്നത്, ആ ഭഗവാനാണ് ഇക്കണ്ട സകല അവതാരങ്ങള്‍ക്കും നിധാനവും, അനശ്വരമായ ബീജവും. സൃഷ്ടിയില്‍ ബ്രഹ്മാവിന്റെ പുത്രന്മാരായ സനകാദി കുമാരന്മാരാണ് അഖണ്ഡിതവും, അതീവദുഃഷ്കരവുമായ ബ്രഹ്മചര്യം അനുഷ്ഠിച്ച ആദ്യദേവന്മാര്‍. രണ്ടാമതാകട്ടെ, രസാതലത്തിലേക്ക് താഴ്ന്നുപോയ ഭൂമിയുടെ ക്ഷേമാര്‍ത്ഥം അവളെ അവിടെനിന്നും ഉയര്‍ത്തി പുനഃസ്ഥാപിക്കാന്‍ വേണ്ടി ആ ഈശ്വരന്‍ സൂകരവേഷമോടെ അവതാരം ചെയ്തു. മൂന്നാമത്, ഋഷികളില്‍ പ്രമുഖനായ ദേവര്‍ഷി നാരദനായി ഭവിച്ചുകൊണ്ട് നിഷ്കാമകര്‍മ്മപ്രേരണയുളവാക്കുന്ന ഭക്തിപ്രാമുഖ്യമുള്ള വേദഭാഗങ്ങളുടെ വ്യാഖ്യാനങ്ങളെ സംഹിതയാക്കി. നാലാമതായി, ധര്‍മ്മരാജന് തന്റെ പത്നിയില്‍ ആ ഭഗവാന്‍ നരനാരായണനായി അവതാരം കൈകൊണ്ട്, ഇന്ദ്രിയസംയമനാര്‍ത്ഥം അത്യന്തം കഠിനമായ തപം അനുഷ്ഠിച്ചു. അഞ്ചാമത്, സിദ്ധേശ്വരനായ കപിലമുനിയുടെ നാമത്തില്‍ അവതരിച്ചുകൊണ്ട് ആ ഭഗവാന്‍, കാലപ്പഴക്കത്താല്‍ നഷ്ടം വന്നുപോയ സാംഖ്യതത്വങ്ങളുടെ വ്യാഖ്യാനം ആസുരി എന്ന ബ്രാഹ്മണന് പറഞ്ഞുകൊടുത്തു. ആറാമത്, ആ പരമപുരുഷന്‍ അനസൂയയില്‍ അത്രിമുനിയുടെ മകനായി, ദത്താതേയനെന്ന പേരില്‍ അവര്‍ക്ക് പ്രാര്‍ത്ഥനാലബ്ദമായി അവതരിച്ചുകൊണ്ട്, അലര്‍ക്കന്‍, പ്രഹ്ലാദന്‍ തുടങ്ങിയ സാധുക്കള്‍ക്ക് അദ്ധ്യാത്മതത്വത്തെ പറഞ്ഞുകൊടുത്തു.
അതിനുശേഷം ഏഴാമത്, ആ ജഗദീശ്വരന്‍ ആകൂതിയുടെ ജഠരത്തില്‍ പ്രജാപതി രുചിയ്ക്ക് യജ്ഞന്‍ എന്ന മകനായി അവതരിച്ച്, യമന്‍ മുതലായ ദേവഗണങ്ങളോടൊപ്പം സ്വായംഭുവമനുവിന്റെ കാലാന്തരത്തില്‍ ഭരണം കൈകൊണ്ടു. എട്ടാമതാകട്ടെ, ആ സര്‍വ്വശക്തന്‍ മേരുദേവിയില്‍ നാഭിയുടെ മകനായ ഋഷഭദേവനായി അവതരിച്ചുകൊണ്ട്, ഉത്തമപുരുഷന്മാര്‍ക്ക് സര്‍വ്വാശ്രമങ്ങളും അംഗീകരിക്കുന്ന മുക്തിയുടെ വഴി കാട്ടികൊടുത്തു.
അല്ലയോ ബ്രഹ്മണശ്രേഷ്ഠന്മാരേ!, ഋഷികളുടെ പ്രാര്‍ത്ഥന കേട്ടറിഞ്ഞ്, ഒന്‍പതാമതായി ആ പരം പുരുഷന്‍ രാജാവിന്റെ വേഷം പൂണ്ട് പൃഥു എന്ന നാമത്തിലവതരിച്ച്, ഇക്കണ്ട ഭൂ ഔഷധികളെല്ലാം കറന്നെടുത്തുകൊണ്ട് ഭൂമിയെ കൂടുതല്‍ സമ്പുഷ്ടയാക്കി. ക്ഷുഷമനുവിനുശേഷം ഭൂമി വെള്ളത്തില്‍ മുങ്ങിപ്പോയ സമയം വിവസ്വതമനുവിനെ തോണിയിലേറ്റി രക്ഷിച്ചുകൊണ്ട് ആ ഭഗവാന്‍ മത്സ്യരൂപം സ്വീകരിച്ച് അവതാരം കൊണ്ടു. പതിനൊന്നാമതായി ആ വിഭു, കൂര്‍മ്മരൂപത്തില്‍ അവതരിച്ച്, ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും പാലാഴികടയുവാന്‍ വേണ്ടി മന്ദരാചലം തന്റെ മുതുകില്‍ ധരിച്ചുകൊണ്ടനുഗ്രഹിച്ചു. ആ നാരായണന്‍ പന്ത്രണ്ടാമത്, ധന്വന്തരിമൂര്‍ത്തിയായി; അതുപോലെ, പതിമൂന്നാമത്, സ്ത്രീവേഷം പൂണ്ട് അസുരന്മാരെ ഭ്രമിപ്പിച്ച്, ദേവന്മാരെ അമൃതപാനം ചെയ്യിപ്പിക്കുന്നതിനായി മോഹിനീരൂപത്തില്ലും അവതാരമെടുത്തു. പതിനാലാമത്, ഭഗവാന്‍ നരസിംഹമൂര്‍ത്തിയായവതരിച്ച്, ശക്തനായ ദൈത്യേന്ദ്രന്‍ ഹിരണ്യകശിപുവിനെ, മരപ്പണിക്കാരന്‍ തടിയെ എന്നപോലെ, കൈനഖങ്ങള്‍ ഉപയോഗിച്ച് തന്റെ മടിയില്‍ കിടത്തി കീറിമുറിച്ച്. പതിനഞ്ചാമത്, ഭഗവാന്‍ വടുബ്രാഹ്മണനായി, വാമനരൂപം കൈകൊണ്ട്, ലോകത്രയങ്ങളെ തിരിച്ചുപിടിയ്ക്കാന്‍ മനസ്സുവച്ചുകൊണ്ട് മൂവടി പ്രദേശം യാചിക്കുന്ന വ്യാചേന മഹാബലിയുടെ യാഗശാലയില്‍ ചെന്ന് ബലിയെ അനുഗ്രഹിച്ചരുളി. പതിനാറാം അവതാരത്തില്‍ ഭഗവാന്‍, പരശുരാമനായി അവതരിച്ച്, ബ്രാഹ്മണദ്രോഹികളായ നൃപന്മാരെ കുപിതനായി മൂവേഴ് ഇരുപത്തൊന്ന് പ്രാവശ്യം ഭൂമിയില്‍ ഇല്ലായ്മ ചെയ്തു.
അതിന് ശേഷം, പതിനേഴാമതായി ഭഗവാന്‍ നാരായണന്‍ സത്യവതിയില്‍ പരാശരപുത്രനായ വ്യാസഭാഗവാനായി അവതാരം കൈക്കൊണ്ട് അല്പബുദ്ധികളായ മനുഷ്യര്‍ക്കുവേന്ടി വേദമാകുന്ന വൃക്ഷത്തിന് ശാഖകളുണ്ടാക്കിചമച്ചു. (വേദത്തെ പലതായി ഭാഗിച്ചു. തുടര്‍ന്ന്, ദേവതാപ്രീതിക്കുവേണ്ടി, മാനുഷവേഷം ധരിച്ച് ആ ഭഗവാന്‍ പുരുഷോത്തമനായ ശ്രീരാമനായി പതിനെട്ടാം വട്ടം അവതാരമെടുത്ത് സമുദ്രത്തെ തന്റെ അധീനതയിലാക്കി കര്‍മ്മത്തെ അനുഷ്ഠിച്ചു. വീണ്ടും പത്തൊന്പതാമതും ഇരുപതാമതും ഭഗവാന്‍ വൃഷ്ണിവംശത്തില്‍ ബലരാമനായും ശ്രീകൃഷ്ണനായും അവതാരങള്‍ എടുത്തു ഇവിടെ ഭൂഭാരം തീര്ത്തു. പിന്നീട്, കലികാലം തുടര്‍ന്നുവരുമ്പോഴേക്കും, ഈശ്വരവിശ്വാസികളെ ദ്രോഹിക്കുന്നവരെ ഭ്രമിപ്പിക്കുന്നതിനായി അഞ്ജനാതനയനായ ശ്രീബുദ്ധനായി കീകഠദേശത്ത് (ഗയ) അവതരിക്കും. അതില്‍ പരം, ജഗത്പതിയായ ആ നാരായണന്‍ തന്നെ കലിയുഗത്തിന്റേയും, സത്യയുഗത്തിന്റേയും, സംഗമവേളയില്‍, ഭരണാധികാരികളെല്ലാം ഹര്‍ത്താക്കളായിരിക്കവേ വിഷ്ണുയശന്റെ പുത്രനായ കല്ക്കിവേഷത്തില്‍ അവതാരം സ്വീകരിക്കും.
അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്‍മാരേ!, സത്ഗുണനിധിയായ ആ ഹരിയുടെ അവതാരങള്‍ അക്ഷയമായി ഒഴുകുന്ന ആയിരമായിരം നദികള്‍ കണക്ക് എണ്ണമറ്റതാണ്. ശക്തിമാന്‍മാരായ സകല ഋഷികളും, മനുക്കളും, മനുപുത്രന്‍മാരും, ദേവന്‍മാരും, പ്രജാപതികളടക്കം ആ ഭഗവാന്‍ ഹരിയുടെ അവതാരങളത്രേ!. ഈ പറഞവയെല്ലാം തന്നെ ജഗദീശ്വരന്റെ അംശാവതാരങളാണ്. എന്നാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനാകട്ടെ, ഇന്ദ്രശത്രുക്കളാല്‍ വ്യാകുലമായ (സാത്വികദ്വേഷികളാല്‍ പീഡിതമായ) ഈ ലോകത്തെ രക്ഷിച്ച് പാലിച്ചുപോരുന്ന ആ പരമാത്മാവ് തന്നെയാണ്. ഭഗവാന്റെ അത്യത്ഭുതകരമായ ഈ അവതാരങളെ നിത്യവും, സന്ധ്യയിലും, പ്രഭാതത്തിലും, ശ്രദ്ധയോടും, ഭക്തിയോടും കൂടി ജപിക്കുന്നവന്‍ (പഠിക്കുന്നവന്‍) സകല ദുഃഖങളില്‍ നിന്നും മുക്തനാകുന്നു.
അരൂപനായ, പരമാത്മാവായ ആ ഭഗവാന്റെ ഈ കണ്ട രൂപങളെല്ലാം തീര്‍ച്ചയായും മഹത് തുടങിയ മായാഗുണങളാല്‍ ആത്മാവില്‍ വിരചിതമാണ്. എങനെയാണോ ആകാശത്തില്‍ മേഘങളും, വായുവില്‍ ചേറും പൊടികളും ദ്രഷ്ടാവ് കാണുന്നത്, അതേവിധം അല്പബുദ്ധികള്‍ ബ്രഹ്മത്തില്‍ ആരോപിതമായ പ്രപഞ്ചത്തെ അറിയുന്നു. പ്രകടമായിക്കാണുന്ന ഇക്കണ്ടതിനൊക്കെയും പരമമായി ഒന്നുണ്ട്. വാസ്തവത്തില്‍ അത് അവ്യക്തവും, രൂപമില്ലാത്തതും, ത്രിഗുണരഹിതവും, അദൃഷ്ടവും, കാതിന്നഗോചരവുമാണ്. ആ ജീവന്‍ വീണ്ടും വീണ്ടും ഭവിക്കുന്നു. (ശരീരം സ്വീകരിക്കുന്നു). എപ്പോഴാണോ ഒരുവന്‍ സത്തും അസത്തുമായ ഈ പ്രപഞ്ചം അജ്ഞാനത്താല്‍ ബ്രഹ്മത്തില്‍ ആരോപിതമാണെന്ന് ആത്മജ്ഞാനത്താല്‍ നിശ്ചയിച്ചുറപ്പിക്കുന്നത്, അപ്പോള്‍ അവന് ബ്രഹ്മദര്‍ശനമുണ്ടാകുന്നു. മൂലപ്രകൃതിയുടെ മായാശക്തിയില്‍ നിന്നും സ്വതന്ത്രനായി സമ്പൂര്‍ണ്ണജ്ഞാനം കൊണ്ട് യാതൊരാള്‍ സമ്പന്നനാകുകയാണെങ്കില്‍, അവന്‍ പരമമായ നിത്യാനന്ദഗതിയിലിരുന്നുകൊണ്ടുതന്നെ ഭഗവത് മാഹാത്മ്യത്തെ അറിയുന്നു. ഇങനെ വേദങള്‍ക്ക് പോലും കണ്ടറിയാന്‍ കഴിയാത്ത, അജനും, നിഷ്ക്കര്‍മ്മിയുമായ ആ ഹൃദയേശ്വരന്റെ അവതാരങളും ലീലകളും ജ്ഞാനസ്ഥര്‍ പുരാണങളിലൂടെ വര്‍ണ്ണിക്കുന്നു.
ആറു ഇന്ദ്രിയങളുടെ അധിപനും, ഷട്ഗുണങളാല്‍ സര്‍വ്വശക്തനുമായ ആ ഭഗവാന്റെ ലീലകള്‍ തികച്ചും കറയറ്റതാണ്. സര്‍വ്വഭൂതങളിലും സര്‍വ്വസ്വതന്ത്രനായി കുടികൊണ്ട് യാതൊന്നിനോടും സംഗമില്ലാതെ അവന്‍ ഈ ജഗത്തിനെ സൃഷ്ടിച്ച് പരിപാലിച്ച് സംഹരിച്ചുപോരുന്നു. അപക്വമതികളായ അജ്ഞന്മാര്‍, ഒരു നാടകനടനെപ്പോലെ വര്‍ത്തിക്കുന്ന ആ ജഗദീശ്വരന്റെ നാമങളുടേയും, രൂപങളുടേയും, ലീലകളുടേയും ആദ്ധ്യാത്മികതയെപറ്റി മനസാവാചാ അറിയുന്നില്ല. രഥാംഗപാണിയായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ തൃപ്പാദ കമലത്തില്‍ ഭക്തിയോടും, നിത്യനിരന്തരമായും, തുറന്ന ഹൃദയത്തോടും പൂജ ചെയ്യുന്ന ഭക്തനുമാത്രമേ ആ സൃഷ്ടാവിന്റെ മഹിമയേയും, അദ്ധ്യാത്മികതയേയും കുറിച്ചറിയാനാകൂ. ഇങനെ ഈ ലോകത്തില്‍ ആ പരമാത്മാവിനെ അന്വേഷിച്ച്, അവനെ ഉള്ളവണ്ണം അറിയുന്നവനു മാത്രമേ സത്ഗതിയുന്ടാവൂ. എന്തെന്നാല്‍, സര്‍വ്വലോകനാഥനായ ആ ഭഗവാനില്‍ അദ്ധ്യാത്മികനിര്‍വൃതിയുളവാക്കുകയും തുടര്‍ന്ന് ജനനമരണമാകുന്ന ഭീകരമായ സംസാരചക്രത്തില്‍ നിന്ന് മുക്തനാവുകയും ചെയ്യുന്നു. ലോകത്തിന്റെ പരമമായ ശ്രേയസ്സിനുവേണ്ടി ശ്രീ വേദവ്യാസഭഗവാന്‍ രചിച്ച ഉത്തമശ്ളോകന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചരിതമായ ഈ ശ്രീമദ് ഭാഗവതം എന്ന മഹാപുരാണം ധന്യവും, പരമഗതിപ്രദായകവും, മഹത്തരവുമാണ്. കാരണം, ഇത് ബ്രഹ്മസമമാണ്. അതുകൊണ്ട്, സകലവേദങളുടേയും, ഇതിഹാസങളുടേയും, സാരമായ ഈ ശ്രീമദ്ഭാഗവതം കടഞെടുത്ത്, മുക്തന്മാരില്‍ പ്രമുഖനായ തന്റെ മകന്‍ ശ്രീശുകബ്രഹ്മ മഹര്‍ഷിയെ പഠിപ്പിച്ചു. പിന്നീട് ഈ ശ്രീമദ് ഭാഗവതം, ശ്രീശുകബ്രഹ്മമഹര്‍ഷി ഗംഗാതീരത്തുവച്ച് മഹാഋഷികളാല്‍ ചുറ്റപ്പെട്ട് പ്രായോപവിഷ്ടനായിരിക്കുന്ന (മരണം വരെ നിരാഹാരിയായിരിക്കുന്ന) പരീക്ഷിത്ത് മഹാരാജാവിനെ കേള്‍പ്പിച്ചു.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ സ്വധാമത്തിലേക്ക് തിരിച്ച ഉടന്‍ തന്നെ ധര്മ്മവും, ജ്ഞാനവും ഒന്നോടെ ഇവിടെ അപ്രത്യക്ഷമായി. എന്നാല്‍ ഇപ്പോഴിതാ കലിയുഗത്തില്‍ കലിയുടെ ആദിക്യത്തില്‍ സത്കാഴ്ച നഷ്ടപ്പെട്ട് അജ്ഞാനാന്ധകാരത്തില്‍ ഉഴറുന്നവര്‍ക്കായി ശ്രീമദ് ഭാഗവതമഹാപുരാണമാകുന്ന ആ ഉജ്ജ്വലിത സൂര്യന്‍ ഉദിച്ചിരിക്കുന്നു. അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, അന്ന് പരീക്ഷിത്ത് രാജാനായിക്കൊണ്ട്, മഹാതേജസ്വിയായ ശ്രീശുകബ്രഹ്മ മഹര്‍ഷി ശ്രീമദ് ഭാഗവതം കീര്‍ത്തിച്ചിപ്പോള്‍ നിഷ്ഠയോടെയിരുന്ന് ആ മഹാത്മാവിന്റെ അനുഗ്രഹത്താല്‍ അത് എനിക്കും മനസ്സിലാക്കാന്‍ കഴിഞു. മഹാത്തായ അത് എത്രകന്ട് ഞാന്‍ മനസ്സിലാക്കിയോ, അത്രകന്ട് ഞാന്‍ നിങളേയും കേള്‍പ്പിക്കാം.
ഇങനെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദത്തിലെ മൂന്നാം അധ്യായം സമാപിച്ചു.
No comments:
Post a Comment