Thursday, 19 June 2014

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം അധ്യായം - 3

2.3 അചലമായ ഭഗവത് ഭക്തി

ഓം
 
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം അധ്യായം - 3
 
ശുകദേവന്‍ പറഞു: "ഹേ രാജന്‍!, അവിടുന്ന് ചോദിച്ചതനുസരിച്ച്, ബുദ്ധിമാനായ മനുഷ്യര്‍ മരണാഗമസമയത്ത് എന്തൊക്കെ കര്‍മ്മങളാണ് അനുഷ്ഠിക്കേണ്ടതെന്ന് ഞാനിതാ പറഞുകഴിഞു. ഇനി വ്യത്യസ്ഥ കാമങള്‍ വച്ചുപുലര്‍ത്തുന്നവര്‍ ഏതൊക്കെ ദേവതകളെ യജിക്കണമെന്ന് പറയാം. ഉജ്ജ്വലമായ ബ്രഹ്മദീപതിയില്‍ ചേരാന്‍ കൊതിക്കുന്നവര്‍ വേദാധിപതിയായ ബ്രഹ്മാവിനേയോ ബൃഹസ്പതിയേയോ പൂജിക്കുന്നു. ഇന്ദ്രിയകാമികള്‍ ഇന്ദ്രനെ ആരാധിക്കുന്നു. പുത്രാര്‍ത്ഥികളാണെങ്കില്‍ പ്രജാപതിയെ ധ്യാനിക്കുന്നു. ഇനി ഐശ്വര്യത്തെ കൊതിക്കുന്നവരാണെങ്കില്‍ അവര്‍ പരാശക്തിയായ ദുര്‍ഗ്ഗാദേവിയെ പൂജിക്കുന്നു. ശക്തിയെ വേണ്ടുന്നവര്‍ അഗ്നിയേയും, ധനാര്‍ത്ഥികള്‍ വസുക്കളേയും പൂജിക്കുന്നു. വീരപുരുഷനാകാന്‍ ഇച്ഛിക്കുന്ന നൃപന്‍ രുദ്രനെ പൂജിക്കുമ്പോള്‍, അന്നത്തെ കൊതിക്കുന്നവര്‍ അദിതിയേയും, സ്വര്‍ഗ്ഗകാമികള്‍ അവളുടെ പുത്രന്‍‌മാരേയും യജിക്കുന്നു. രാജ്യലാഭത്തെ ആഗ്രഹിക്കുന്ന പുമാന്‍ വിശ്വദേവനെ ആരാധിക്കുന്നു. മറ്റുചിലര്‍ ദീര്‍ഘായുസ്സിനായി അശ്വിനിദേവകളെ പൂജിക്കുന്നു. ചിലര്‍ പുഷ്ടിയൊത്ത ശരീരത്തിനായിക്കൊണ്ട് ഭൂമീപൂജനം ചെയ്യുന്നു. ഇനി ചിലര്‍ സ്ഥാനപ്രതിഷ്ഠയെ കൊതിച്ചുകൊണ്ട് ദിഗ്മണ്ഡലത്തേയും ലോകമാതാവായ ഭൂമീദേവിയേയും ഒന്നിച്ചാരാധിക്കുന്നു. തനുകാന്തിയെ അഭിലഷിക്കുന്നവര്‍ ഗന്ധര്‍‌വ്വനെ ആരാധിക്കുന്നു. എന്നാല്‍ സ്ത്രീകളെ ധര്‍മ്മപത്നിയായി കിട്ടാനായി ചിലര്‍ ഉര്‍‌വ്വശി തുടങിയ അപ്സരസ്സുകളോട് പ്രാത്ഥിക്കുന്നു. ചിലര്‍ ബ്രഹ്മാവിനെ ധ്യാനിച്ച് ആധിപത്യം അലങ്കരിക്കുന്നു. യശ്ശസ്സാഗ്രഹിക്കുന്നവരാകട്ടെ, യജ്ഞനായ ഭഗവാനെ നമിക്കുന്നു. സമ്പാദനാര്‍ത്ഥം മനുഷ്യര്‍ പ്രചേതസ്സുകളെ പൂജിക്കുന്നു. വിദ്ധ്യാര്‍ത്ഥികള്‍ ഗിരീശനേയും, സുഖദാമ്പത്യകാമികള്‍ പാര്‍‌വ്വതീദേവിയേയും പൂജിക്കുന്നു.
ധാര്‍മ്മികവും അദ്ധ്യാത്മികവുമായ നേട്ടങള്‍ക്ക് ഒരുവന്‍ ഉത്തമശ്ലോകനെ ആരാധിക്കുന്നു. എന്നാല്‍ സന്തതിപരമ്പരകളെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി പിതൃക്കളേയും, രക്ഷയ്ക്കും, ഓജസ്സിനും, മറ്റുഗുണഗണങള്‍ക്കും വേണ്ടി മനുഷ്യര്‍ ഇതര ദേവതകളേയും പൂജിക്കുന്നു. രാജ്യകാമികള്‍ മനുവിനെ പൂജിക്കുന്നു. ശത്രുവിനെ സംഹരിക്കാന്‍ ചിലര്‍ രാക്ഷസവര്‍ഗ്ഗത്തെ ആരാധിക്കുന്നു. വിഷയികള്‍ ചന്ദ്രനെ യജിക്കുമ്പോള്‍, വിഷയാസക്തിയകന്നവരാകട്ടെ!, ആ പരമപുരുഷനെ മാത്രം സേവിക്കുന്നു.
അകാമികളായാലും, സര്‍‌വ്വകാമികളായാലും, മോക്ഷകാമികളായാലും, ഉദാരമതികളായുള്ള സത്ജനങള്‍ തീവ്രമായ ഭക്തിയോടെ ആ പരമപുരുഷനെ യജിക്കുന്നു.
അല്പമാത്രമായ ഇതരകാമങള്‍ക്കുവേണ്ടി വിവിധ ദേവതകളെ പൂജിക്കുമ്പോള്‍, മറിച്ച് പരമമായ ശ്രേയസ്സിനുവേണ്ടി ഒരുവന്‍ ഹൃദയത്തില്‍ അചലമായ ഭക്തിനിറച്ച് ഭഗവാന്‍ നാരായണനേയും അവന്റെ ഭക്തോത്തമന്‍‌മാരേയും നിശ്ചയമായും ആശ്രയിക്കണം. ഹരികഥാമൃതമാകുന്ന ആ കൈവല്യജ്ഞാനം കൊണ്ട് മനുഷ്യന്‍ ത്രിഗുണങളുടെ അലകളില്‍ നിന്നും ചുഴിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തനാകുന്നു. കാരണം ഈ ജ്ഞാനം ഭൗതികനിസ്സംഗതയെ കുറിക്കുന്നു. ഇത് ജ്ഞാനികളാല്‍ സമ്മതവുമാണ്."
അപ്പോള്‍ ശൗനകന്‍ പറഞു: ഹേ സൂതാ!, ഇതെല്ലാം കേട്ടുകഴിഞ് പരീക്ഷിത്ത് രാജന്‍ മഹാജ്ഞാനിയായ ശ്രീശുകനോട് പിന്നീടെന്തെല്ലാമാണ് ചോദിച്ചത്?. ഭഗവാന്‍ ഹരിയെക്കുറിച്ച് ആ നിറഞസദസ്സില്‍ മറ്റെത്രയോ കാര്യങള്‍ ചര്‍ച്ചചെയ്തിട്ടുണ്ടാകണം!. ഭഗവത് കഥാമൃതതല്പ്പരരായ ഞങള്‍ക്ക് അത് കേള്‍ക്കാന്‍ അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ട് അതെല്ലാം ഒന്നൊഴിയാതെ ഞങള്‍ക്ക് പറഞുതന്നാലും. പാണ്ഡവേയനും, മഹാരഥിയും, പരമഭക്തനുമായ പരീക്ഷിത്ത് രാജാവ് കുട്ടിക്കാലത്തില്‍ പാവകളുമായി കളിക്കുമ്പോള്‍ അദ്ദേഹം ഭഗവാന്‍ ശ്രീകൃഷ്ണനെ അനുകരിച്ചതായി കേട്ടിട്ടുണ്ട്. അതുമാത്രമാണോ, ബ്രഹ്മജ്ഞനായ ശ്രീശുകന്‍ വാസുദേവപരായണനാണ്. അദ്ദേഹം അവിടെയുണ്ടായിരുന്ന മഹാപണ്ഡിതന്‍‌മാരുമായി അവന്റെ എന്തൊക്കൊ മഹിമകളായിരിക്കണം പറഞിട്ടുണ്ടാവുക!.
ഓരോദിവസവും, സൂര്യഭഗവാന്‍ ഉദിക്കുന്തോറും അസ്തമിക്കുന്തോറും ഒരുവന്റെ ആയുസ്സ് കുറഞുകുറഞ് വരുന്നു. എന്നാലാകട്ടെ ജ്ഞാനികള്‍ മാത്രം തങളുടെ ജീവിതകാലത്തെ ഭഗവത് മഹിമകള്‍ വാഴ്ത്തി വിനിയോഗിക്കുന്നു. തരുക്കളും ജീവിക്കുന്നില്ലേ?... കൊല്ലന്റെ ആലയും ശ്വസ്സിക്കുന്നുണ്ട്. മനുഷ്യരെപ്പോലെ അന്യജീവികളും ഭക്ഷിക്കുകയും പ്രത്യുല്പ്പാദനം നടത്തുകയും ചെയ്യുന്നുണ്ടല്ലോ!... ചിലമനുഷ്യരാകട്ടെ! നായ്ക്കളെപ്പോലെയും, ഒട്ടകത്തെപ്പോലെയും, പന്നിയെപ്പോലെയും, കഴുതകളെപ്പോലെയുമൊക്കെ അധഃപതിച്ച് ഭഗവത് ദ്വേഷികളായ മനുഷ്യരെ സ്തുതിച്ച് അവരുടെ ഗുണഗാനം ചെയ്യുന്നു.
ഹേ സൂതാ!, അങേയ്ക്കറിയാവുന്ന ഒരു സത്യം ഞാന്‍ പറയാം. ഉരുക്രമനായ ഭഗവാന്റെ മഹിമകളെ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത മനുഷ്യരുടെ കര്‍ണ്ണപുടം പാമ്പിന്‍‌പുറ്റിന് തുല്യമാണ്. ഒരിക്കെലെങ്കിലും വിക്രമനായ അവന്റെ കഥകളെ പാടിയിട്ടില്ലാത്തവന്റെ ജിഹ്വ തവളയുടെ നാക്കുപോലെയാകുന്നു. പട്ടുകിരീടമണിഞതാണെങ്കില്‍ കൂടി ഒരുവന്റെ ശിരസ്സ് മുകുന്ദനുമുന്നില്‍ കുനിയാത്തതാണെങ്കില്‍ അത് ആ കഴുത്തിനുമുകളില്‍ ഒരു ഭാരം തന്നെയാണ്. അതുപോലെതന്നെ ഹരിയെ പൂജിക്കാത്ത കരങളുണ്ടെല്ലോ, അത് കാഞ്ചന കങ്കണങള്‍ ധരിച്ചതഅണെങ്കിലും ശവത്തിനുതുല്യം തന്നെ. ഹരിയുടെ അംഗങളെ കാണാത്ത കണ്ണുകള്‍ മയിലിന്റെ അലങ്കാരത്തൂവലിനുസമമത്രേ!. പുണ്യഭൂമിയില്‍ പതിക്കാത്ത പാദങളോ, മരത്തിനുതുല്യവും.
ഹേ സൂതാ!, ഭാഗവതാംഘ്രിരേണുക്കളെ ശിരസ്സില്‍ ധരിക്കാത്തവനും, ആ പാദത്തിലര്‍ച്ചിക്കപ്പെട്ട തുളസിക്കതിരിന്റെ ഗന്ധത്തെയറിയാത്തവനും കേവലം ജീവച്ചവങളായി ജീവിതം പോക്കുന്നു. ഹരിനാമകീര്‍ത്തനം കേട്ടിട്ടും ഒരിളക്കവും ഹൃദയത്തിനുണ്ടാകാതെ, ഹര്‍ഷപുളകിതനാകാതെ, കണ്ണില്‍ ഒരിറ്റ് ജലം നിറയാതെ, രോമാഞ്ചനിര്‍‌വൃതനാകാതെ ചിലരുണ്ട്. അവരുടെ ഹൃദയം ഉരുക്കുകൊണ്ടുണ്ടാക്കിയതാണ്.
അല്ലയോ സൂതമഹര്‍ഷേ!, തീര്‍ത്തും മനസ്സിനിണങുന്ന വാക്കുകളാണ് അങ് സംസാരിക്കുന്നത്. പരീക്ഷിത്തിന്റെ പിന്നീടുണ്ടായ ചോദ്യങള്‍ക്ക് ആത്മജ്ഞാനവിശാരദനായ ശ്രീശുകന്റെ മറുപടി അങയില്‍ നിന്നു കേള്‍ക്കാന്‍ ഞങളാഗ്രഹിക്കുന്നു. ദയവായി അവകള്‍ ഒന്നൊഴിയാതെ ഞങള്‍ക്ക് പറഞുതന്നാലും.
ഇങനെ, ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം മൂന്നാമധ്യായം സമാപിച്ചു.

No comments:

Post a Comment