Tuesday 17 June 2014

BHAGAVATHAKEERTHANAM

BHAGAVATHAKEERTHANAM


http://www.youtube.com/watch?v=WdbyCyGfImM

കരളിൽ വിവേകം കൂടാതെ കണ്ടൊ-
രുനിമിഷം ബത! കളയരുതാരും;
മരണം വരുമെന്നു നിനച്ചിഹ

കരുതുക സതതം നാരായണ! ജയ

കാണുന്നൂ ചിലർ പലതുമുപായം;
കാണുന്നില്ല മരിക്കുമിതെന്നും;
കാൺകിലുമൊരുനൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ നാരായണജയ.

കിമപി! വിചാരിച്ചീടുകിൽ മാനുഷ-
ജന്മനി വേണം മുക്തിവരേണ്ടുകിൽ;
കൃമിജന്മത്തിലുമെളുതായ് വരുമീ-
വിഷയസുഖം ബത!നാരായണജയ.

കീഴിൽ ചെയ് ത ശുഭാ ശുഭകർമ്മം
മേലിൽ സുഖദുഃഖത്തിനുകാരണം;
സുഖമൊരു ദുഃഖം കൂടാതേ ക-
ണ്ടൊരുവനുമുണ്ടോ നാരായണ! ജയ.

കുന്നുകൾപോലേ ധനമുണ്ടാകിലു-
മിന്ദ്രനു സമമായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിട കിട്ടാ
വന്നാൽ യമഭടൻ; നാരായണ! ജയ.

കൂപേ വീണുഴലുന്നതുപോലെ
ഗേഹേ വീണുഴലുന്ന ജനാനാം
ആപദ്ഗണമകലേണ്ടുകിൽ മുനിജന-
വാക്കുകൾ പറയാം നാരായണ ജയ.

കെട്ടുകളായതു കർമ്മം; പുരുഷനു
കെട്ടുകളറ്റേ മുക്തി വരൂ ദൃഢം;
കെട്ടുകളോ ഫലഭുക്ത്യാ തീരും;
കെട്ടായിനിയും നാരായണ! ജയ

കേൾക്കണമെളുതായുണ്ടു രഹസ്യം;
ദുഷ് കൃതവും നിച സുകൃതവുമെല്ലാം
കാൽക്കൽ നമസ് കൃതി ചെയ്തു മുകുന്ദനി-
ലാക്കുക സതതം; നാരായണ ജയ.

കൈയിൽ വരുന്നതുകൊണ്ടു ദിനങ്ങൾ
കഴിക്ക; ഫലം പുനരിച്ഛിക്കൊല്ലാ;
കൈവരുമാകിലുമിന്ദ്രന്റെ പദ-
മെന്തിനു? തുശ്ചം! നാരായണ ജയ.

കൊടിയ തപസ്സുകൾ ചെയ് തോരോ ഫല-
മിച്ഛിച്ചീടുകിൽ മുക്തി വരാ ദൃഢം;
അടിമലർ തൊഴുകിലൊരിച്ഛാഹീനം
മുക്തന്മാരവർ നാരായണ! ജയ.

കോപം കൊണ്ടു ശപിക്കരുതാരും
ഭഗവന്മയമെന്നോർക്ക സമസ്തം;
സുഖവും ദുഃഖവുമനുഭവകാലം പോയാൽ 
സമമിഹ; നാരായണ ജയ.

കൗതുകമൊന്നിലുമില്ലിനി; മഹതാം-
ഭഗവത് ഭക്തന്മാരൊടു കൂടി
ഭഗവത് ഗുണകഥ ശ്രവണങ്ങ-
ളൊഴിഞ്ഞൊരുനേരം, നാരായണ! ജയ.

കരുണാകരനാം ശ്രീനാരായണ-
നരുളീടും നിജസായൂജ്യത്തെ;
ഒരു ഫലമുണ്ടോ പതിനായിരമുരു
ചത്തു പിറന്നാൽ, നാരായണ! ജയ.

ബഹു ജന്മാർജ്ജിത കർമ്മമശേഷം
തിരുമുൽ‍ക്കാഴ്ച്ച നിനക്കിഹ വച്ചേൻ;
ജനിമരണങ്ങളെനിക്കിനിവേണ്ടാ;
പരിപാലയമാം; നാരായണ! ജയ.

No comments:

Post a Comment